You are Here : Home / കാണാപ്പുറങ്ങള്‍

തകരുന്ന ഹൈക്കമാന്‍ഡ് , അകലുന്ന കോണ്‍ഗ്രസ് നേതാക്കള്‍

Text Size  

Story Dated: Tuesday, June 14, 2016 07:08 hrs UTC

കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രമുഖരായ ഏതാനും കോണ്‍ഗ്രസ് നേതാക്കള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ ധിക്കരിച്ചു തുടങ്ങിയിരിക്കുന്നു. സോണിയയെയും രാഹുലിനെയും ധിക്കരിക്കാനുള്ള ശക്തി ഈ നേതാക്കള്‍ക്ക് എങ്ങനെ ലഭിച്ചു എന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വരാനിരിക്കുന്ന പല സമവാക്യങ്ങളുടെയും ചൂണ്ടുപലകയാണ്. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ബിജെപിയുടെ പിന്തുണയോടെ ഹരിയാനയില്‍ നിന്നും മത്സരിച്ച മാധ്യമമുതലാളി സുബാഷ് ചന്ദ്രയുടെ അപ്രതീക്ഷിത വിജയം.
ആകെയുള്ള 17 കോണ്‍ഗ്രസ് എം.എല്‍.എ മാരില്‍ 14 പേരും സുബാഷ് ചന്ദ്രയെ വിജയിപ്പിക്കാന്‍ വേണ്ടി തങ്ങളുടെ വോട്ട് അസാധുവാക്കി. റിട്ടേണിങ് ഓഫീസര്‍ നല്‍കിയ പേന ഉപയോഗിക്കാതെ തങ്ങളുടെ സ്വന്തം പേന ഉപയോഗിച്ച് കോണ്‍ഗ്രസ് പിന്തുണച്ച സ്ഥാനാര്‍ത്ഥിക്ക് വോട്ട് മനപൂര്‍വ്വം രേഖപ്പെടുത്തി തങ്ങളുടെ വോട്ട് അസാധുവാക്കിയ ഈ കോണ്‍ഗ്രസ് എം.എല്‍.എ മാര്‍ രാഷ്ട്രീയത്തില്‍ പുതിയ അടവുകളാണ് പയറ്റിയത്. ഈ നടപടി മൂലം കൂറുമാറ്റനിരോധനത്തില്‍ നിന്ന് അവര്‍ രക്ഷപ്പെടുകയും ചെയ്തു.
ഇക്കൂട്ടത്തില്‍  പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗവുമായ ഭൂപീന്ദര്‍ ഹൂഡയും എഐസിസി മുഖ്യവക്താവായ ആര്‍.എസ്.സുര്‍ജേവാലയും ഉള്‍പ്പെട്ടു എന്നത് സംഗതിയുടെ ഗൗരവം വ്യക്തമാക്കുന്നു. സോണിയയക്കും രാഹുലിനും ഇപ്പോള്‍ ഇഷ്ടമല്ലാത്ത സുബാഷ്ചന്ദ്രയെ വിജയിപ്പിക്കാന്‍ ആണ് മുതിര്‍ന്ന നേതാക്കള്‍ ഈ കുതന്ത്രം പയറ്റിയത് എന്നോര്‍ക്കണം.
ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ആസാമിലെ നമ്പര്‍ ടു ആയ ഹിമന്ത ബിശ്വശര്‍മ ബിജെപിയില്‍ ചേര്‍ന്നതോടെയാണ് കോണ്‍ഗ്രസിലലെ പല നേതാക്കളും നേതൃത്വത്തെ ധിക്കരിക്കാന്‍ ധൈര്യം കാട്ടിത്തുടങ്ങിയത്. രാഹുലിനെ കാണാന്‍ ചെന്ന ഹിമന്ത പറയുന്നത് താന്‍ പറഞ്ഞതൊന്നും രാഹുല്‍ ശ്രദ്ധിച്ചില്ല, താന്‍ താന്‍ കാര്യങ്ങള്‍ പറയുമ്പോള്‍ മുഴുവന്‍ രാഹുലിന്റെ ശ്രദ്ധ വളര്‍ത്തുനായയില്‍ ആയിരുന്നു. ഒടുവില്‍ വളര്‍ത്തുനായ ഹിമന്ദക്ക് കൊടുത്ത ബിസ്‌കറ്റും തിന്നുതീര്‍ത്തു. അങ്ങനെ അപമാനിതനായ താന്‍ ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചു എന്നാണ് ഹിമന്ദയുടെ പക്ഷം. ഹിമന്ദയെ ഒതുക്കി കൂട്ടുകാരനും അന്നത്തെ മുഖ്യമന്ത്രിയായ തരുണ്‍ ഗോഗോയിയുടെ മകനുമായ ഗൗരവിനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ രാഹുല്‍ നടത്തിയ ബുദ്ധിശൂന്യമായ നടപടികള്‍ ആണ് ആസാമിലെ മുഴുവന്‍ കുഴപ്പങ്ങള്‍ക്കു കാണം എന്നതാണ് യാഥാര്‍ത്ഥ്യം.
പല സ്ഥലത്തും പ്രാദേശിക നേതാക്കളെ ഒഴിവാക്കി ആജ്ഞാനുവര്‍ത്തികളെ കെട്ടിയിറക്കുന്ന പഴയ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സ്വഭാവം ആണ് കാതലായ പ്രശ്‌നം. ഏറ്റവും ഒടുവിലത്തെ ഉദാഹരണം ആണ് എം.എല്‍.എ അല്ലാത്ത നാരായണസ്വാമിയെ പോണ്ടിച്ചേരിയില്‍ മുഖ്യമന്ത്രി ആക്കിയത്. ഇദ്ദേഹത്തിന് എം.എല്‍.എ ആയി മത്സരിക്കാന്‍ നിലവിലെ ഒരു തോണ്‍ഗ്രസ് എം.എല്‍.എയും സ്ഥാനം നല്‍കാന്‍ തയ്യാറായിട്ടില്ല. പൈസ നല്‍കിയാല്‍ കരുണാനിധി ചിലപ്പോള്‍ രണ്ടിലേതെങ്കിലും ഒരു ഡി.എം.കെ എംഎല്‍യെ രാജിവെപ്പിച്ചേക്കും എന്ന് കേള്‍ക്കുന്നു.
ഛത്തിസ്ഗഡ് മുഖ്യമന്ത്രിയായ അജിത് ജോഗി പാര്‍ട്ടി വിട്ടുകഴിഞ്ഞു. ഒറീസയിലെ കോണ്‍ഗ്രസ് നേതാക്കളായ ഗിരിധര്‍ ഗോമാംഗും കെ.പി.സിംഗ്‌ദേവും ബിജെപിയില്‍ അഭയം തേടിക്കഴിഞ്ഞു. മഹാരാഷ്ട്രയില്‍ സീറ്റ് ചിദംബരത്തിന് നല്‍കിയതില്‍ പ്രതിഷേധിച്ച് വര്‍ക്കിംഗ് കമ്മിറ്റിയംഗം ഗുരുദാസ് കമ്മത്ത് രാഷ്ട്രീയത്തില്‍ നിന്ന് വിടവാങ്ങല്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.
ഒട്ടുമിക്ക കോണ്‍ഗ്രസ് നേതാരക്കളുടെയും പരാതി ആര്‍ക്കും പിടിതരാതെ രഹസ്യാത്മകത കാത്തുസൂക്ഷിക്കുന്ന രാഹുല്‍ ഗാനധിയെക്കുറിച്ചാണ്. രാഹുലിന്റെ പ്രവര്‍ത്തനശൈലി ഇന്നു കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പിടികിട്ടാത്ത ഒരു സമസ്യ ആണ്. ഇത്തരം രീതികളുമായി എത്രകാലം രാഹുല്‍ഗാന്ധി മുന്നോട്ടുപോകും എന്നത് പല കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഉത്തരം കിട്ടാത്ത ചോദ്യമാണ്.
രാജീവ് ഗാന്ധിയുടെ കാലത്ത് സംഭവിച്ചത് പോലെ വി.പി സിംഗിനെപ്പോലൊരു നേതവ് ഇപ്പോള്‍ കോണ്‍ഗ്രസില്‍ ഇല്ലാത്തത് മാത്രമാണ് ഹൈക്കമാന്‍ഡിന്റെ ഏകആശ്വാസം.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.