You are Here : Home / കാണാപ്പുറങ്ങള്‍

പണക്കൊഴുപ്പിനു മുന്നില്‍ അടിമപ്പെടുന്ന ഇന്ത്യന്‍ മാധ്യമസംസ്കാരം

Text Size  

Story Dated: Thursday, March 17, 2016 04:28 hrs UTC

കോര്‍പറേറ്റുകളുടെ നീരാളി പിടിത്തവും പണം വാരിയെരിയുന്നവര്‍ക്കും മുന്നില്‍ അടിമപ്പെടുകയാണ് ഇന്ത്യന്‍  മാധ്യമസംസ്കാരം. ഇന്ത്യയിലെ ഏതു മാധ്യമ കമ്പനിയുടെ ചരിത്രം പരിശോധിച്ചാലും ഇതുതന്നെയാണ്സ്ഥിതി. പരസ്യം നല്‍കുന്നവര്‍ക്ക് മുന്‍ഗണന നല്‍കുന്ന സ്വഭാവം തുടക്കം മുതല്‍ മാധ്യമരംഗത്ത് ഉണ്ടായിരുന്നെങ്കിലും 1990കള്‍ക്ക് ശേഷമാണ് പൂര്‍ണമായും അടിമപ്പെടുന്ന സ്വഭാവം കണ്ടുതുടങ്ങിയത്

മാധ്യമങ്ങള്‍ക്ക് എന്നും കാലാകാലങ്ങളില്‍ രാഷ്ട്രീയ നിലപാടുകള്‍ ഉണ്ടായിരുന്നു. സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കണം എന്നൊക്കെ പറയുന്നത് വെറും പരസ്യ വാചകം
മാത്രമാണ്. രാഷ്ട്രീയ നിലപാടുകള്‍ എടുക്കുന്നതും രാഷ്ട്രീയ പരമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിലും ഭീകരമാണ് പണം വാങ്ങിച്ചു വാര്‍ത്തകള്‍ പടച്ചുവിടുന്നതും
തെറ്റായ വാര്‍ത്തകള്‍ കൊടുക്കുന്നതും കൃത്യമായി പറഞ്ഞാല്‍ ഇന്ത്യന്‍ മാധ്യമരംഗത്ത് പണം വാരിയെറിഞ്ഞു വരുതിയിലാക്കുന്ന ശ്രമം തുടങ്ങിയത് കോര്‍പറേറ്റ് രംഗത്ത് സത്യസന്ധത തൊട്ടുതീണ്ടിയിട്ടില്ലാത്ത അംബാനിമാരാണ്. ഇന്ന് ഇന്ത്യയിലെ ഒട്ടുമിക്ക സ്ഥാപനങ്ങളിലും അംബാനിമാരുടെ രഹസ്യ നിക്ഷേപങ്ങള്‍ കാണാവുന്നതാണ്. ഇന്ത്യലെ പ്രമുഖ ചാനലായ സിഎന്‍എന്‍ ഐബിഎന്‍ മുകേഷ് അംബാനി നേരിട്ട് മേടിച്ചുകഴിഞ്ഞു. സിഎന്‍എന്‍ ഐബിഎന്‍ ഏറ്റെടുത്ത തന്‍റെ കമ്പനിയുടെ കീഴിലുള്ള ട്രസ്റ്റിനു മുകേഷ് അംബാനി നല്ലൊരു പേരും നല്‍കി. അതിസുന്ദരമായ പേര് - ഇന്‍ഡിപ്പെന്‍ഡന്റ് മീഡിയാ ട്രസ്റ്റ്. ഏറ്റെടുത്ത് മണിക്കൂറുകള്‍ക്കുള്ളില്‍ നാനൂറോളം ജീവനക്കാരെ ദേഹപരിശോധന നടത്തി പുറത്താക്കുകയും ചെയ്തു. അന്ന് വാതുറക്കാതിരുന്ന എഡിറ്റര്‍ രാജ് ദീപ് സര്‍ദേശായിയെ മാസങ്ങള്‍ക്ക് ശേഷം നല്ലൊരു തുക കൊടുത്ത് പറഞ്ഞയക്കുകയും ചെയ്തു.മറ്റൊരു പ്രമുഖ ചാനലായ എന്‍ഡിടിവിയില്‍ 2009 മുതല്‍ രഹസ്യകമ്പനി വഴി മുകേഷ് അംബാനിക്ക് 450 കോടിയില്‍ രൂപയില്‍ പരം നിക്ഷേപം ഉള്ള കാര്യം ഇപ്പോള്‍ നാട്ടില്‍ പാട്ടാണ്.

മറ്റൊരു ചാനലായ ന്യൂസ് എക്സില്‍ മുകേഷ് അംബാനി ഉള്ള നിക്ഷേപത്തിന്റെ കണക്ക് നീരാ റാഡിയ ടെപ്പുകളിലൂടെ പുറത്തായതാണ്. കൂടുതല്‍ കണക്കുകള്‍ കൊലക്കുറ്റത്തിനു പീറ്റര്‍ മുഖര്‍ജിയും ഇന്ദ്രാണിയും പിടിയിലായപ്പോള്‍ വെളിയില്‍ വന്നുകഴിഞ്ഞു. രാംനാഥ് ഗോയങ്കെയില്‍ നിന്നും അരുണ്‍ ഷൂരിയില്‍നിന്നും കനത്ത അടികിട്ടിയപ്പോള്‍ ആണ് അംബാനിമാര്‍ക്ക് മാധ്യമങ്ങളുടെ ശക്തി മനസിലായത്. 1980കളില്‍ ഇന്ത്യന്‍ എക്സ്പ്രസില്‍ വന്ന അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ അംബാനിമാരെ വിറപ്പിച്ചു. പക്ഷെ അവസാനം രാംനാഥ് ഗോയങ്കെയുടെ കാലശേഷം  അംബാനിമാര്‍ എങ്ങിനെയോ ഇന്ത്യന്‍ എക്സ്പ്രസിലും പിടിമുറുക്കി.

ഇന്ത്യയില്‍ പെയ്ഡ് ന്യൂസ് സംവിധാനത്തിന് തുടക്കം കുറിച്ചത് ടൈംസ് ഓഫ് ഇന്ത്യയുടെ അധിപനായി സമീര്‍ ജയിന്‍ കടന്നുവന്നതോടെയാണ്.  വ്യവസായ സ്ഥാപനങ്ങളില്‍ പത്രമുതലാളി ഓഹരി എടുക്കുകയും കള്ളവാര്‍ത്തകള്‍ എഴുതി താന്‍ മേടിച്ച ഓഹരിയുടെ വിലകുത്തനെ ഉയര്‍ത്തിക്കൊണ്ടാണ് ഈ പകല്‍കൊള്ളയ്ക്ക് ടൈംസ് ഓഫ് ഇന്ത്യ തുടക്കം കുറിച്ചത്. ഇതിനെതിരെ ശബ്ദിച്ച എല്ലാ പത്രാധിപന്‍മാരെയും പതുക്കെ ഓരോ കാരണം പറഞ്ഞുവിട്ടു. അവസാനം 1992ല്‍ പത്രാധിപര്‍ എന്ന തസ്തിക ടൈംസ് ഓഫ് ഇന്ത്യയില്‍ ഇല്ലാതായി. പേരിനു ഓരോ പേജിനും നടത്തിപ്പുകാരായി പത്രാധിപസ്ഥാനത്ത് അമുല്‍ ബേബിമാരെ കുടിയിരുത്തി. പത്രസ്ഥാപനത്തില്‍ പത്രപ്രവര്‍ത്തകരുടെ മുകളില്‍ മാര്‍ക്കറ്റിംഗ്കാരെ കൊണ്ടിരുത്തി പത്രപ്രവര്‍ത്തനത്തെ വ്യഭിചരിച്ചുകൊണ്ടിരിക്കുകയാണ് ടൈംസ് ഓഫ് ഇന്ത്യ ഇപ്പോള്‍. ഈ ബിസിനസ് മോഡല്‍ 2000ത്തോടെ മിക്ക സ്ഥാപനങ്ങളിലും നടപ്പാക്കിത്തുടങ്ങി.

ഇതെല്ലാം കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുകയാണ്  നടപടികള്‍ എടുക്കാന്‍ ബാധ്യസ്ഥമായ സര്‍ക്കാര്‍ സംവിധാനങ്ങള്‍. പത്രാധിപരെ വിരട്ടുന്നതിലും എളുപ്പമാണ് മുതലാളിയെയും മാര്‍ക്കറ്റിംഗ്കാരെയും വരുതിയിലാക്കാന്‍ എന്നതാണ് മുഖ്യകാരണം.

വ്യവസായികളെപ്പോലെ മാധ്യമങ്ങളുടെ നിലനില്‍പ്പിനു ആവശ്യമായ പരസ്യവരുമാനം നല്‍കുന്നതില്‍ മുഖ്യസ്രോതസ്സാണ് സര്‍ക്കാരുകള്‍. വലിയ വാചകം അടിച്ചുനടക്കുന്ന അരവിന്ദ് കേജരിവാളിന്റെ ഡല്‍ഹി സര്‍ക്കാരിന്റെ പരസ്യ ബജറ്റ് 526 കോടി രൂപയാണ്. ഇതിനുമുന്പ് ഡല്‍ഹി സര്‍ക്കാരിന്റെ പരസ്യ ബജറ്റ് 35 കോടി രൂപമാത്രം. 35കോടിയില്‍നിന്ന് 526 കോടി ആയി പരസ്യബജറ്റ് ഉയര്‍ത്തിയ കേജരിവാളിനനെ മാധ്യമങ്ങള്‍ പുണ്യാളനായി ചിത്രീകരിക്കുന്നത് ഇതുകൊണ്ടു മാത്രമാണ്.

പണംകൊടുത്താല്‍ ആരെകുറിച്ചും നല്ലത് പറയും മാധ്യമങ്ങള്‍. ഇന്ത്യയിലെ എല്ലാ മുഖ്യധാരാ മാധ്യമങ്ങള്‍ക്കും നോയിഡയില്‍ ഭൂമി തോന്നിയതു പോലെ ദാനം കൊടുക്കുന്നത് കൊണ്ടുമാത്രമാണ് ഉത്തര്‍പ്രദേശ്‌ സംസ്ഥാനത്തിന്‍റെ ഭരണത്തില്‍ മാറിമാറി വരുന്ന മായാവതിയേയും മുലായംസിംഗിനെയും വാഴ്ത്തിപാടുന്നത്.
മുതലാളിമാര്‍ക്ക് മാത്രമല്ല പത്രപ്രവര്‍ത്തകര്‍ക്കും ഭൂമിയും പണവും ഇഷ്ടദാനംനല്‍കുന്നതില്‍ ഈ രണ്ട് പേരും മത്സരിക്കാറുണ്ട്. അതുകൊണ്ടു തന്നെയാണ് ഇവരുടെ വീരാപദാനങ്ങള്‍ ദേശീയ മാധ്യമങ്ങളില്‍ നിറയുന്നത്.

ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം എന്നത് കുഞ്ചന്‍ നമ്പ്യാര്‍ പറഞ്ഞത് ഇവിടെ തീര്‍ത്തും അന്വര്‍ത്ഥമാകുകയാണ്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.