You are Here : Home / കാണാപ്പുറങ്ങള്‍

നേതാജി രഹസ്യ ഫയല്‍: ഗോളടിച്ചു മുന്നേറുന്ന മമതയും പാളുന്ന മോദിയും

Text Size  

Story Dated: Thursday, October 08, 2015 07:42 hrs UTC

വിദേശകാര്യ രംഗത്ത് കൊട്ടും കുരവയുമായി നേട്ടങ്ങള്‍ ഉണ്ടാക്കുന്ന നരേന്ദ്ര മോദി ആഭ്യന്തര രംഗത്ത് പല കാര്യങ്ങളിലും തീരുമാനം എടുക്കുന്നതില്‍ ന്യായീകരിക്കാനാവാത്ത വിധം കാലതാമസം വരുത്തുകയാണ്. ഇത്തരം കാലതാമാസത്ത്തിന്റെ അവസാനത്തെ രണ്ടു ഉദാഹരണമാണ് വിമുക്ത ഭടന്‍മാരുടെ ഒരു റാങ്ക്- ഒരു പെന്‍ഷന്‍ താമസിപ്പിച്ചു പ്രതിഷേധ സമരങ്ങളില്‍ കലാശിച്ചതും നേതാജി സുഭാഷ് ചന്ദ്രബോസിന്റെ  ദുരൂഹതകളുമായി ബന്ധപ്പെട്ട ഫയലുകള്‍ പ്രസിദ്ധീകരിക്കാന്‍ കാലതാമസം വരുത്തിയതും.

ബിജെപിക്ക് ഒറ്റയ്ക്ക് അടിച്ചെടുക്കേണ്ട ക്രഡിറ്റ് ആയിരുന്നു ഒരു റാങ്ക് -ഒരു പെന്‍ഷന്‍ പദ്ധതി. ഏഴെട്ട് മാസം ധനകാര്യ മന്ത്രാലയത്തില്‍ ഫയല്‍ കെട്ടിക്കിടന്നു അവസാനം വിമുക്ത ഭടന്‍മാരുടെ സമരം നടന്ന് എല്ലാം അലങ്കോലമാക്കിയതിനു ശേഷം ആണ് സര്‍ക്കാര്‍ തീരുമാനം നടപ്പാക്കിയത്. ഈ പദ്ധതിക്ക് എല്ലാ പാരയും പണിത കോണ്‍ഗ്രസ് പാര്‍ട്ടി വരെ വിമുക്ത ഭടന്മാര്‍ക്ക് ഒപ്പം സമരനാടകം നടത്തുന്ന
സ്ഥിതിവരെ എത്തി. ചെങ്കോട്ടയില്‍ ആഗസ്റ്റ്‌ 15 ന് ഉറപ്പു നല്‍കുമ്പോഴും പ്രധാനമന്ത്രിക്ക് പദ്ധതി നടപ്പാക്കുന്ന തിയതി പറയാന്‍ സാധിക്കാത്ത വിധം ധനകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം സംഗതി കുളമാക്കി.അവസാനം ബീഹാര്‍ ഇലക്ഷന്‍ പ്രഖ്യാപിക്കുന്നതിനു മുന്പ് നടത്തണം എന്ന് ആര്‍എസ്എസ് നേതൃത്വം കല്ലിനെപിളര്‍ക്കുന്ന കല്‍പ്പന നടത്തിയപ്പോള്‍ ആണ് ഒരു റാങ്ക്- ഒരുപെന്‍ഷന്‍ പദ്ധതി നടപ്പില്‍വന്നത്.  രാഷ്ട്രീയ നേതൃത്വം ഡല്‍ഹിയിലെ ഉദ്യോഗസ്ഥ മേധാവിത്വത്തിന് മുന്നില്‍ തകരുന്നതിന്റെ ഉത്തമോദാഹരണമാണ് ഈ സംഭവം. പദ്ധതിയുമായി യാതൊരു ബന്ധവുമില്ലാത്ത ആംആദ്മി വരെ സമരകൊലാഹലങ്ങളില്‍ കൈയിടുന്ന അവസ്ഥയുടെ ഉത്തരവാദിത്വം ആത്യന്തികമായി മോദിക്ക് തന്നെയാണ്.

ഈ സംഭാവത്തെക്കള്‍ മോശമാണ് നേതാജിയുടെ മരണ ദുരൂഹതയുമായി ബന്ധപ്പെട്ട ഫയലുകളുടെ പ്രസിദ്ധീകരണത്തിലെ കാലതാമസം വരുത്തിവച്ചത് . കോണ്‍ഗ്രസ് പാര്‍ട്ടിയെയും ജവഹര്‍ലാല്‍ നെഹ്‌റുവിനെയും ചരിത്രം ചോദ്യം ചെയ്യാന്‍ ഉതകുന്ന സുവര്‍ണ്ണ അവസരം ബിജെപി ഗവണ്മെന്റ് പാഴാക്കിയത്. 1945ല്‍ നടന്നിട്ടില്ലാത്ത വിമാനാപകടത്ത്തില്‍ നേതാജി കൊല്ലപ്പെട്ടു എന്ന പച്ചക്കള്ളം പ്രചരിപ്പിച്ചതിന്റെ  മുഴുവന്‍ പാപവും കോണ്‍ഗ്രസിന് ഏല്‍ക്കേണ്ടി വരും രേഖകള്‍ പുറത്തുവന്നാല്‍. നെഹ്‌റുവിന്റെ എല്ലാ ഇമേജും തകരും എന്ന കാര്യത്തില്‍ സംശയം ഇല്ല. നേതാജിയുടെ ജന്മദിനമായ ജനുവരി 23 നോ മരിച്ചു എന്ന് പറയുന്ന ആഗസ്റ്റ്‌ 18നോ രേഖകള്‍ പ്രസിദ്ധീകരിച്ചു ഗോളടിക്കാനുള്ള ബിജെപിയുടെ അഭിപ്രായങ്ങള്‍ക്ക് വിഘാതമായത് മേല്‍ പറഞ്ഞ ദല്‍ഹിയിലെ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്‍റെ രാവണന്‍ കോട്ടകളില്‍ ഇരിക്കുന്നവരും ആരെയും പിണക്കാതെ കാര്യങ്ങള്‍ നടത്തിക്കൊണ്ടു പോകുന്ന സുഖിമാന്മാരായ ചില ബിജെപി നേതാക്കന്മാരും ആണ്.
രാഷ്ട്രീയ പരമായി എടുക്കേണ്ട ഈ തീരുമാനത്തെ ഇക്കൂട്ടര്‍ പാരവച്ചത് എന്തൊക്കെ ഫയലുകള്‍ രാജ്യസുരക്ഷ - വിദേശ കാര്യ ബന്ധങ്ങള്‍ മുന്‍ നിര്‍ത്തി പ്രസിദ്ധീകരിക്കാം എന്ന് പഠിക്കാനായി ക്യാബിനറ്റ് സെക്രട്ടറി അധ്യക്ഷനായ ഒരു തട്ടിപ്പ് കമ്മിറ്റി രൂപീകരിച്ചു കൊണ്ടാണ്. ഈ വര്‍ഷം ആദ്യം ആഭ്യന്തര സെക്രട്ടറി , റോ- ഇന്റലിജന്‍സ് ബ്യൂറോ, വിദേശകാര്യ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട് രൂപീകരിച്ച ഈ തരികിട കമ്മിറ്റി ഇതുവരെ കൂടിയോ എന്ന് അറിയില്ല.
2016 മേയ് മാസത്തില്‍ നടക്കാനിരുന്ന ബംഗാള്‍ തെരഞ്ഞെടുപ്പുകാലത്ത് നേതാജി രേഖകള്‍ പ്രസിദ്ധീകരിച്ചു ഗോളടിക്കാം എന്നായിരുന്നു ബിജെപി നേതൃത്വം അവസാനം കണക്കുകൂട്ടിയിരുന്നത്. പക്ഷെ ബിജെപിയുടെ സര്‍വസ്വപ്നവും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തകര്‍ത്തു.

സെപ്തംബര്‍  18ന് സംസ്ഥാന സര്‍ക്കാര്‍ അവരുടെ കൈയിലുള്ള എല്ലാ രേഖകളും പ്രസിദ്ധീകരിക്കും എന്ന പ്രഖ്യാപനവും നടത്തി മോദിയുടെ എല്ലാ പദ്ധതികളും മമതാ ബാനര്‍ജി ഇല്ലാതാക്കി.
ഇപ്പോള്‍ എല്ലാ ഉത്തരവാദിത്വവും മോദിയുടെ തലയിലാക്കി മമത കൃത്യമായ രാഷ്ട്രീയ ഗോള്‍ അടിച്ചുകഴിഞ്ഞു. രണ്ടു ദിവസത്തിനകം നടത്തിയ മോദിയുടെ റേഡിയോ പ്രഭാഷണത്തിലെ സൂചനകള്‍ അനുസരിച്ച് ഒക്ടോബര്‍ 14 ന് നേതാജിയുടെ അന്‍പതോളം ബന്ധുക്കളെ വിളിച്ചുവരുത്തി കേന്ദ്രസര്‍ക്കാര്‍ രഹസ്യ രേഖകള്‍ പ്രസിദ്ധീകരിക്കും എന്നാണ്. കേന്ദ്രം എന്തൊക്കെ ആഘോഷങ്ങള്‍ നടത്തിയാലും ഈ വിഷയത്തില്‍ മമതാ ബാനര്‍ജി ചുളുവില്‍ക്രെഡിറ്റ് അടിച്ചെടുത്ത് കഴിഞ്ഞു. ഇന്ത്യയൊട്ടാകെ കോണ്‍ഗ്രസ് വിരുദ്ധതരംഗം സൃഷ്ടിക്കാനുള്ള സുവര്‍ണാവസരം ആണ് തീരുമാനങ്ങള്‍ എടുക്കുന്നതിലെ കാലതാമസം വഴി നരേന്ദ്ര മോദി നഷ്ടപ്പെടുത്തിയത്.





 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.