You are Here : Home / കാണാപ്പുറങ്ങള്‍

ഗാന്ധി കുടുംബത്തിന് പുലിവാലായി നാഷണല്‍ ഹെറാള്‍ഡ് കേസ്

Text Size  

Story Dated: Monday, December 14, 2015 07:58 hrs UTC

കഴിഞ്ഞ മൂന്ന് വര്‍ഷമായി സുബ്രഹ്മണ്യന്‍ സ്വാമി ഉടുമ്പ് പിടിച്ചതു പോലെ കൊണ്ടു നടന്ന നാഷണല്‍ ഹെറാള്‍ഡ് കേസ് അവസാനം കൊള്ളേണ്ടിടത്ത് കൊണ്ടു. ജീവിതത്തില്‍ ആദ്യമായി സോണിയാ ഗാന്ധിയെ കോടതിമുറിയില്‍ എത്തിച്ച ഈ കേസ് ഇനി വരുംനാളുകളില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിക്കും എന്ന കാര്യത്തില്‍ സംശയമില്ല. 2010 അവസാന മാസങ്ങളില്‍ യാഗ് ഇന്ത്യന്‍ എന്ന കമ്പനി രൂപീകരിക്കാന്‍ തോന്നിയ നിമിഷത്തെ ഓര്‍ത്ത് അല്ലെങ്കില്‍ ഉപദേശം നല്‍കിയവരെ പ്രാകുകയാവും കോണ്‍ഗ്രസ് നേതൃത്വം.
2012 ഒക്‌ടോബര്‍ 9 നാണ് പയനിയര്‍ പത്രത്തില്‍ ഈ ലേഖകന്‍ ആദ്യമായി സോണിയയും രാഹുലും യാഗ് ഇന്ത്യന്‍ എന്ന സ്വകാര്യ കമ്പനി രൂപീകരിച്ച് നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമയായ അസോസിയേറ്റഡ് ജേര്‍ണല്‍ എന്ന പബ്ലിക് ലിമിറ്റഡ് കമ്പനിയെ ഏറ്റെടുത്ത കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അന്നത്തെ റിപ്പോര്‍ട്ടില്‍ 2008 ല്‍ മുടങ്ങിയ  നാഷണല്‍ ഹെറാള്‍ഡ് പത്രത്തെ പുനരുജ്ജീവിപ്പിക്കാന്‍ വേണ്ടിയാണ് ഈ നടപടി എന്നെഴുതിയിരുന്നു.
പക്ഷേ സംഗതികള്‍ കുളമായത് ഈ വാര്‍ത്ത വന്ന ശേഷം ക്ഷുഭിതനായി രാഹുല്‍ഗാന്ധി ഞങ്ങള്‍ക്കയച്ച ഇ മെയില്‍ സന്ദേശത്തിലൂടെയാണ്. പത്രം തുടങ്ങാന്‍ ഒരു പരിപാടിയും ഇല്ലെന്ന് അദ്ദേഹം ഞങ്ങളെ അറിയിച്ചു. പത്രസ്ഥാപനം ഏറ്റെടുത്ത ശേഷം പത്രം തുടങ്ങില്ല എന്നു പറയുന്നത് സംശയങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഈ അസാധാരണ മറുപടിയാണ് സുബ്രഹ്മണ്യന്‍ സ്വാമിയെ ഈ കേസില്‍ ചാടി വീഴാന്‍ പ്രേരിപ്പിച്ചത്. പിന്നീട് കമ്പനി കണക്കുകള്‍ പരിശോധിച്ചപ്പോഴാണ് സംഗതിയുടെ ഗൗരവം വെളിച്ചത്തായത്. ഒക്‌ടോബര്‍ 29 ന് നീതി സെന്‍ട്രല്‍ എന്ന വെബ്‌സൈറ്റില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക സന്ധ്യ ജെയിന്‍ കമ്പനികണക്കുകളിലെയും ഓഹരിഘടനയിലെയും കള്ളത്തരങ്ങള്‍ വെളിയില്‍ കൊണ്ടു വന്നു.
2012 നവംബര്‍ 1ന് സുബ്രഹ്മണ്യന്‍ സ്വാമി പത്രസമ്മേളനം നടത്തി മുഴുവന്‍ രേഖകളും വെളിയില്‍ കൊണ്ടുവന്നു. വെറും 5 ലക്ഷം രൂപ മുതല്‍മുടക്കുള്ള യംഗ് ഇന്ത്യന്‍ എന്ന സ്വകാര്യ കമ്പനി എങ്ങനെ 2000 കോടിയില്‍ പരം വിലയുള്ള ഭൂമിയുടെയും കെട്ടിടങ്ങളുടെയും ആസ്തിയുള്ള അസോസിയേറ്റഡ് ജേര്‍ണല്‍ എന്ന പബ്ലിക് ലിമിറ്റഡ് കമ്പനി കയ്യടക്കി എന്ന കാര്യം ഇതോടെ വെളിയില്‍ വന്നു.
രാഹുല്‍ ഗാന്ധിയുടെ ഇമെയില്‍ സന്ദേശം ലഭിച്ചയാള്‍ എന്ന നിലക്ക് കോടതിയില്‍ ഈ ലേഖകനും സാക്ഷിയായി. 18 മാസം ന്യൂഡല്‍ഹി മജിസ്‌ട്രേറ്റ് കോടതിയില്‍ സ്വാമി വാദം നടത്തി. നാഷണല്‍ ഹെറാള്‍ഡ് പത്രം നടത്താന്‍ വേണ്ടി കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് ഡല്‍ഹി, മുംബൈ, ലക്‌നൗ, അലഹാബാദ്, ഭോപ്പാല്‍, ഇന്‍ഡോര്‍, പഞ്ച്കുള, കാണ്‍പൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കിട്ടിയ ഭൂമി എങ്ങനെ സോണിയയും രാഹുലും തുടങ്ങിയ പുതിയ സ്വകാര്യ കമ്പനി കയ്യടക്കി എന്ന് സ്വാമി തെളിവ് സഹിതം വാദം നടത്തി. അവസാനം 2014 ജൂണ്‍ 26 ന് മജിസ്‌ടേറ്റ് ഗോമതി മനോച്ച കോണ്‍ഗ്രസ് നേതാക്കളോട് ഹാജരാകാന്‍ ഉത്തരവിട്ടു.


പിന്നീട് ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ ഉത്തരവ് നേടി 16 മാസത്തോളം വാദം കോണ്‍ഗ്രസ് നേതൃത്വം നടത്തി. പുലിവാല് പിടിച്ച കേസില്‍ നിന്ന് മൂന്നു തവണ ജഡ്ജിമാര്‍ മാറി. ആദ്യം ജസ്റ്റിസ് വിപി വൈഷ് , പിന്നീട് ജസ്റ്റിസ് സുനില്‍ ഗൗഡ്, പിന്നീട് ജസ്റ്റിസ് പിഎസ് തേജി, കേസ് ജസ്റ്റിസ് തേജി വാദം കേള്‍ക്കാന്‍ തുടങ്ങിയപ്പോള്‍ ജസ്റ്റിസ് സുനില്‍ ഗൗഡ് തന്നെ കേള്‍ക്കണം എന്ന് പറഞ്ഞ് സോണിയാ ഗാന്ധി പെറ്റീഷന്‍ നല്‍കിയതിനെ തുടര്‍ന്ന് വീണ്ടും കേസ് അദ്ദേഹത്തിന്റെ അടുക്കലെത്തി. തങ്ങളാവശ്യപ്പെട്ട ജഡ്ജിയായ സുനില്‍ ഗൗഡില്‍ നിന്നും പ്രതികൂലവിധിയും വന്നു. വിധി വന്ന് ഒരുമണിക്കൂറിനുള്ളില്‍ സ്വാമി ബുദ്ധിപൂര്‍വ്വം സുപ്രീം കോടതിയില്‍ കാവിയറ്റ് ഹര്‍ജി ഫയല്‍ ചെയ്തതോടെ കോണ്‍ഗ്രസ് നേതൃത്വത്തിന് പ്രതീക്ഷയറ്റു. അവസാനം ഈ വരുന്ന ഡിസംബര്‍ 19 ന് വിചാരണ കോടതിയില്‍ മൂന്ന് മണിക്ക് ഇപ്പോഴത്തെ മജിസ്‌ട്രേറ്റ് ലവ്‌ലീനിനു മുന്നില്‍ ഹാജരാകാന്‍ കോണ്‍ഗ്രസ് നേതൃത്വം നിര്‍ബന്ധിതമായി. അന്ന് സാധാരണ ഗതിയില്‍ ജാമ്യാപേക്ഷയും എല്ലാ ദിവസവും ഹാജരാകുന്നതില്‍ നിന്ന് അപേക്ഷയും നല്‍കും. ഈ മാന്യമായ രണ്ടു കാര്യങ്ങളും കോടതി അനുവദിക്കുകയും ചെയ്യും. പിന്നീട് വര്‍ഷങ്ങളോളം നീണ്ടു നില്‍ക്കുന്ന വിചാരണ തുടങ്ങും.ഇത് കൂടാതെ ഭാവിയില്‍ വരാനിരിക്കുന്ന സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ ഏജന്‍സികളുടെ വേറെ കേസുകളും. ഇന്‍കംടാക്‌സ് വുപ്പ് അന്വേഷണം തുടങ്ങിക്കഴിഞ്ഞു.
ഇതിനിടയില്‍ ജാമ്യമെടുക്കാതെ ജയിലില്‍ പോയാലോ എന്ന് രാഹുല്‍ ഗാന്ധി  ചിന്തിക്കുന്നതായി വാര്‍ത്തകള്‍ വരുന്നു. കൂച്ചുവിലങ്ങുന്ന ഡല്‍ഹിയിലെ തണുപ്പില്‍ വെറുതെ തിഹാര്‍ ജയിലില്‍ കിടക്കാന്‍ ഭൂലോകമണ്ടന്‍മാരേ കരുതുകയുള്ളൂ. പണ്ടൊരിക്കല്‍ ജാഡ കാണിച്ച് അരവിന്ദ് കെജ്രിവാള്‍ കിടന്ന് വിവരം അറിഞ്ഞതാണ്. ഒരാഴ്ചക്കകത്ത് മജിസ്‌ട്രേറ്റിന് മാപ്പപേക്ഷ നല്‍കി പുറത്തിറങ്ങി. ചൂടും തണുപ്പും കൊണ്ട് ശീലിച്ച കെജ്രിവാളിനെപ്പോലെയല്ല രാഹുല്‍ഗാന്ധി. ഈയിടെ തമിഴ്‌നാട്ടിലെ വെള്ളപ്പൊക്കം കാണാനെത്തി വെള്ളത്തില്‍ നടക്കാന്‍ പെടാപ്പാട് പെട്ട് ചെരിപ്പ് വയോധികനായ നാരായണസ്വാമി എടുത്തു നടന്ന കാഴ്ച നാം കണ്ടതാണ്. കപില്‍ സിബലിനെപ്പോലെയുള്ള നേതാക്കള്‍ അവസാനനിമിഷം രാഹുലിന് ബുദ്ധി ഉപദേശിക്കുമെന്ന് കരുതാം.
എന്തായാലും നാഷണല്‍ ഹെറാള്‍ഡ് കേസ് ഡല്‍ഹിയിലെ ബിജെപി- കോണ്‍ഗ്രസ് സൗഹൃദക്കൂട്ടായ്മ അവസാനിപ്പിച്ചു കഴിഞ്ഞു. ഇനിയുള്ള കാലം ഡല്‍ഹിയില്‍ ഏറ്റുമുട്ടലുകളുടെ സമയമാണ് എന്ന കാര്യം തീര്‍ച്ചയായിരിക്കുകയാണ്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.