You are Here : Home / കാണാപ്പുറങ്ങള്‍

ഏറ്റുമുട്ടലുകളുടെ ഇനിയുള്ള മൂന്നുവര്‍ഷം

Text Size  

Story Dated: Tuesday, May 03, 2016 06:30 hrs UTC

നരേന്ദ്ര മോദി സര്‍ക്കാര്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ഇനിയുള്ള മൂന്ന് വര്‍ഷങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായകമാണ്. കാര്യങ്ങളുടെ കിടപ്പനുസരിച്ച് ഇനിയുള്ള നാളുകള്‍ സംഘര്‍ഷഭരിതമായിരിക്കും.

നാഷണല്‍ ഹെറാള്‍ഡ് കേസിന്റെ ഗതിവിഗതികളും രാഹുല്‍ ഗാന്ധിയുടെ വിദേശ പൗരത്വവും ലണ്ടന്‍ ബാങ്ക് അക്കൗണ്ടുകളും അന്വേഷണവും തുടങ്ങിക്കഴിഞ്ഞ സ്ഥിതിക്ക് മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസുമായുള്ള ഏറ്റുമുട്ടലിന്റെ പാത തുറന്നുകഴിഞ്ഞു.

ഇക്കഴിഞ്ഞ രണ്ടുവര്‍ഷമായി അരുണ്‍ ജയ്റ്റ്‌ലിയുടെ നേതൃത്വത്തിലുള്ള ബിജെപിയിലെ മൃദുസമീപന വാദികളുടെ ഇടപെടല്‍ മൂലം മോദിക്ക് പാര്‍ട്ടി അണികളുടെ പിന്തുണയും ആവേശവും കുറഞ്ഞുവരികയായിരുന്നു.

നാഷണല്‍ ഹെറാള്‍ഡ്, ചിദംബരം ഉള്‍പ്പെട്ട എയര്‍സെല്‍ -മാക്‌സിസ് കേസ് തുടങ്ങിയ അഴിമതി കേസുകളില്‍ സര്‍ക്കാര്‍ മൃദുസമീപനം കാണിക്കുകയായിരുന്നു.

രാജ്യസഭയില്‍ ഭൂരിപക്ഷം കുറവായതിനാല്‍ കോണ്‍ഗ്രസിനേയും സോണിയാ കുടുംബത്തിനേയും പിണക്കേണ്ട എന്ന ഡല്‍ഹിയിലെ കച്ചവട മനസ്ഥിതിക്കാരായ ബിജെപി നേതാക്കളുടെ ഉപദേശത്തിന് മോദി വഴങ്ങുകയായിരുന്നു ഇത്രയും കാലം. പക്ഷേ വിചാരിച്ച രീതിയില്‍ കാര്യങ്ങള്‍ നടക്കാതായപ്പോള്‍ മാത്രമാണ് ഡല്‍ഹി രാഷ്ട്രീയത്തിന്റെ അണിയറ നാടകങ്ങള്‍ മോദിക്ക് മനസിലായത്. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍നിന്ന് പാഠം ഉള്‍ക്കൊള്ളാതെ നടന്ന മോദി ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലത്തോടെ പാഠം പഠിക്കാന്‍ തുടങ്ങി.

ലോക്‌സഭയിലെ ഭൂരിപക്ഷം തകര്‍ക്കാന്‍ രാജ്യസഭയിലെ ഒരുകൂട്ടം പ്രതിപക്ഷ നേതാക്കള്‍ക്ക് കഴിയും എന്ന ഡല്‍ഹി രാഷ്ട്രീയത്തിലെ പ്രാഥമിക പാഠം ഗുജറാത്തില്‍നിന്നു വന്ന പ്രധാനമന്ത്രിക്ക് മനസിലാക്കാന്‍ താമസിച്ചുപോയി.

തീവ്ര ഹിന്ദുത്വ അജണ്ടയും അഴിമതിക്കാരായ കോണ്‍ഗ്രസുകാരെ ജയിലില്‍ അടക്കും എന്നീ ഉറപ്പുകളാണ് തന്നെ അധികാരത്തില്‍ എത്തിച്ചത് എന്ന പ്രാഥമിക ബോധം എവിടയോ വച്ച് പ്രധാനമന്ത്രിക്ക് കൈമോശം വന്നു. ജിഡിപി, വികാസം, ഉലകംചുറ്റല്‍ തുടങ്ങിയവ ഇന്ത്യയില്‍ ഒരു തിരഞ്ഞെടുപ്പ് ജയിപ്പിക്കാന്‍ സാധിക്കില്ല. ജിഡിപിയും വികസനവും അനുസരിച്ച് ജനം മാര്‍ക്കിട്ടിരുന്നുവെങ്കില്‍ നരസിംഹറാവു ചുരുങ്ങിയത് രണ്ടു തവണകൂടി ഇന്ത്യയില്‍ പ്രധാനമന്ത്രി ആകുമായിരുന്നു.

2016 അവസാനത്തോടെ അയോധ്യയില്‍ രാമജന്മഭൂമി പ്രശ്‌നം ചൂടുപിടിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഈ വിഷയത്തില്‍ നരേന്ദ്ര മോദി തീരുമാനിക്കുന്ന ഓരോ നിലപാടും അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി തീരുമാനിക്കും.

2017 മധ്യത്തില്‍ നടക്കുന്ന ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് ബിജെപിയെ സംബന്ധിച്ച് നിലനില്‍പിന്റെ പ്രശ്‌നമാണ്. രാമജന്‍മഭൂമി പ്രശ്‌നത്തില്‍ കൃത്യമായ നിലപാട് എടുത്തേ പറ്റു. ഈ പ്രശ്‌നത്തില്‍ എന്തെങ്കിലും പാളിച്ച പറ്റിയാല്‍ അണികളില്‍നിന്നു തിരിച്ചടി നേരിടേണ്ടി വരും.

ജൂലൈ മുതല്‍ കേസ് ത്വരിതഗതിയില്‍ നടത്താനായി സംഘപരിവാര്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു. ഒന്നുകില്‍ സമവായം അല്ലെങ്കില്‍ ഏറ്റുമുട്ടല്‍ എന്നരീതിയില്‍ കാര്യങ്ങള്‍ പോകുകയാണ്. തര്‍ക്കസ്ഥലത്ത് അമ്പലവും സരയൂ നദിയുടെ അപ്പുറത്ത് പള്ളിയും സ്ഥാപിക്കാന്‍ ചര്‍ച്ചകള്‍ ഹിന്ദു-മുസ്ലിം നേതാക്കള്‍ തുടങ്ങിക്കഴിഞ്ഞു.

ചര്‍ച്ചകള്‍ വിജയിപ്പിക്കാനും പരാജയപ്പെടുത്താനും കൃത്യമായ നിലപാടുകള്‍ എടുത്ത് മിക്ക രാഷ്ട്രീയ പാര്‍ട്ടികളും അണിയറയില്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു. ചര്‍ച്ചകള്‍ വിജയിച്ചാലും പരാജയപ്പെട്ടാലും ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാകും എന്ന് ഉറപ്പാണ്. എല്ലാവര്‍ക്കും നല്ല ബുദ്ധിതോന്നണമേ എന്ന് പ്രാര്‍ഥിക്കാനേ ഈ അവസരത്തില്‍ കഴിയൂ...
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.