You are Here : Home / കാണാപ്പുറങ്ങള്‍

നന്മനിറഞ്ഞവന്‍ ആന്റണി

Text Size  

Story Dated: Tuesday, December 10, 2013 04:36 hrs UTC

എ കെ ആന്റണി ഒരു പുലിയാണ്‌ എന്നുപറഞ്ഞാല്‍ മലയാളികള്‍ അല്ലാത്തവര്‍ ചിരിക്കും. തൊട്ടതിനും പിടിച്ചതിനും നോക്ക്‌ കൂലി കിട്ടുന്ന പ്രതിരോധ മന്ത്രാലയത്തില്‍ ഈ മനുഷ്യന്‍ എട്ടുവര്‍ഷം എങ്ങനെ പിടിച്ചുനിന്നു എന്നുള്ളത്‌ ആരേയും അതിശയിപ്പിക്കുന്ന കാര്യമാണ്‌. അഴിമതിയില്‍ മുങ്ങിക്കുളിച്ചുനില്‍ക്കുന്ന കോണ്‍ഗ്രസ്‌ പാര്‍ടിക്ക്‌ ഇന്ന്‌ ഡല്‍ഹിയില്‍ ചൂണ്ടിക്കാണിക്കാനായി ഒരു ആന്റണി മാത്രം. 2ജി, കെജി ബേസിന്‍, സിഡബ്ല്യുജി, കല്‍ക്കരി എന്നീ എണ്ണിയാലൊതുങ്ങാത്ത അഴിമതികളുടെ മലവെള്ളപാച്ചിലില്‍ ആന്റണിമാത്രം കേന്ദ്രസര്‍ക്കാരില്‍ പിടിച്ചുനിന്നു.


കഷ്ടിച്ച്‌ നാലുമാസം മാത്രം ബാക്കി നില്‍ക്കുന്ന കേന്ദ്ര ഭരണത്തില്‍ ഓരോ മന്ത്രിയും അവസാനത്തെ പിരിവിനായി ആഞ്ഞ്‌ പരിശ്രമിക്കുമ്പോള്‍ എ കെ ആന്റണി ലോകത്തിലെ ഏറ്റവും വലിയ ടെന്‍ഡര്‍ നടപ്പാക്കുന്നതില്‍ ഒട്ടും ധൃതികാണിക്കാതെ എല്ലാ നൂലാമാലകളും പരിശോധിച്ചുകൊണ്ടിരിക്കുന്നത്‌.16 ബില്യണ്‍ ഡോളര്‍ (ഏകദേശം 70000 കോടി രൂപ) വരുന്ന ഈ ലോകത്തിലെ ഏറ്റവും വലിയ ടെന്‍ഡര്‍ വായുസേനക്ക്‌ 126 യുദ്ധവിമാനങ്ങള്‍ വാങ്ങുവാനുള്ളതാണ്‌. റാഫേല്‍ എന്ന ഫ്രഞ്ച്‌ കമ്പനി ആന്റണിയെ കൊണ്ട്‌ ഒപ്പിടിപ്പിക്കാന്‍ എന്തിനും തയ്യാറായി നടക്കുകയാണ്‌. റാഫേലിന്റെ ഇന്ത്യന്‍ പങ്കാളി മുകേഷ്‌ അംബാനിയാണ്‌ എന്നറിയുമ്പോള്‍ ആണ്‌ ഈ ബൃഹത്ത്‌ ടെന്‍ഡറിന്റെ സമ്മര്‍ദ്ദം ശരിക്കും മനസിലാവുക. പോരാത്തതിന്‌ റാഫേലിനെ ചവിട്ടി പുറത്താക്കാന്‍ യൂറോപ്പിലെ യൂറോ കോപ്‌ടറും ഈ 16 ബില്യണ്‍ ഡോളര്‍ കച്ചവടത്തില്‍ ആരയും തലയും മുറുക്കി നടപ്പുണ്ട്‌. റാഫേലിനെയും യൂറോ കോപ്‌ടറിനും പാരപണിയാനായി റഷ്യന്‍ കമ്പനികളും രംഗത്തുണ്ട്‌. വീണിടം വിദ്യയാക്കാന്‍ അമേരിക്കന്‍ കമ്പനികളും കറങ്ങി നടപ്പുണ്ട്‌. പട്ടിയാണെങ്കില്‍ പുല്ല്‌ തിന്നില്ല, പശുവിനെ തിന്നാന്‍ സമ്മതിക്കുന്നുമില്ല എന്നുപറഞ്ഞ്‌ ആന്റണിയെ ശപിച്ചുകൊണ്ട്‌ നടക്കുകയാണ്‌ ലോകം മുഴുവനുമുള്ള ആയുധ കച്ചവടക്കാര്‍.

 

 

 

 

 


മുകേഷ്‌ അംബാനിക്കെതിരെ നടപടി എടുത്തതിന്‌ (ഒരു ബില്യന്‍ ഡോളര്‍ നഷ്ടപരിഹാര നോട്ടീസ്‌ നല്‍കിയതിന്‌) ജയ്‌പാല്‍ റെഡ്ഡിയെ പെട്രോളിയം മന്ത്രാലയത്തില്‍നിന്ന്‌ രായ്‌ക്കുരാമാനം മാറ്റി എന്തിനും വഴങ്ങുന്ന വീരപ്പ മൊയ്‌ലിയെ പ്രതിഷ്ടിച്ച ആളാണ്‌ സോണിയാ ഗാന്ധി. എന്തായാലും ആന്റണിയെ പ്രതിരോധ മന്ത്രാലയത്തില്‍നിന്നും മാറ്റാന്‍ ആര്‍ക്കും ധൈര്യം വന്നില്ല. ആന്റണിയോടുള്ള ദേഷ്യം പട്ടാള മേധാവിയായിരുന്ന ജനറല്‍ വി കെ സിങ്ങിനോട്‌ തീര്‍ത്തു. അഴിമതിക്കെതിരെയുള്ള ആന്റണിയുടെ പോരാട്ടത്തില്‍ കൂട്ടാളി ആയിരുന്നു വി കെ സിങ്ങ്‌. ആന്റണിക്ക്‌ പറ്റിയ ജോഡി. ഒരു ചെറിയ വ്യത്യാസം പട്ടാളക്കാരനായതിനാല്‍ തിരിച്ചടിക്കുന്നതില്‍ വി കെ സിങ്ങിന്‌ മുന്‍പിന്‍ നോട്ടമില്ല. ആന്റണിയുടെ അകമഴിഞ്ഞ പിന്തുണയുള്ളതിനാല്‍ വി കെ സിങ്ങ്‌ ബ്ലാക്ക്‌ ലിസ്‌റ്റില്‍ ഉള്‍പ്പെടുത്തേ കൈക്കൂലിക്കാരായ ആയുധ ഇടപാട്‌ നടത്തുന്ന കമ്പനികളുടെ ലിസ്‌റ്റ്‌ തയ്യാറാക്കുന്നു. മിനിറ്റുകള്‍ക്കകം ആന്റണി കരിമ്പട്ടിക ലിസ്‌റ്റ്‌ അംഗീകരിച്ചു.

 

 

 


ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കച്ചവടം നടത്തുന്ന റെയില്‍മെറ്റല്‍ എന്ന മള്‍ട്ടി നാഷണല്‍ ആയുധ കമ്പനിയും ഈ ലിസ്‌റ്റില്‍ ഉണ്ടായിരുന്നു. സോണിയാ ഗാന്ധിയുടെ കൂട്ടുകാരി മുന്‍ മിസ്‌ ഇന്ത്യ നഫീസ അലിയുടെ ഭര്‍ത്താവ്‌ ബില്ലി സോധിയെന്ന ആളാണ്‌ റെയില്‍ മെറ്റലന്റെ ഇന്ത്യയിലെ ഏജന്റ്‌. അതോടെ വി കെ സിങ്ങ്‌ എല്ലാവരുടെയും കണ്ണിലെ കരടായി. അവസാനം അനാവശ്യമായ പ്രായ വിവാദം സൃഷ്ടിച്ച്‌ സിങ്ങിനെ പടിയിറക്കിയപ്പോള്‍ ആന്റണിക്ക്‌ ഒന്നും ചെയ്യാനില്ല. കേന്ദ്രസര്‍ക്കാരിലും കോണ്‍ഗ്രസ്‌ പാര്‍ടിയിലും ആന്റണിക്ക്‌ മുകളില്‍ രണ്ടുപേരെയുള്ളു. ഒന്ന്‌ സോണിയാ ഗാന്ധി, രണ്ട്‌ മന്‍മോഹന്‍ സിങ്ങ്‌.

 

 

 

 

 

 


മന്‍മോഹന്‍സിങ്ങ്‌ ഒന്നിലും ഇടപെടാറില്ലാ എങ്കിലും അദ്ദേഹത്തിന്റെ ഭാര്യക്ക്‌ വി കെ സിങ്ങിനെ കണ്ണെടുത്താല്‍ കണ്ടുകൂട എന്നുള്ളത്‌ ഡല്‍ഹിയില്‍ എല്ലാവര്‍ക്കും അറിയുന്ന തുറന്ന രഹസ്യമാണ്‌. ഈ രണ്ടുപേരല്ലാതെ വേറെ ആരെങ്കിലുമായിരുന്നെങ്കില്‍ ആന്റണി എതിര്‍ത്തേനെ. പുറത്തായ വി കെ സിങ്ങിനെ തുറുങ്കിലടക്കാന്‍ ഇന്ത്യന്‍ എക്‌സ്‌പ്രസ്‌ കള്ളവാര്‍ത്തകള്‍ പടച്ചുവിട്ടപ്പോള്‍ ആന്റണി ചങ്കൂറ്റം കാണിച്ചു. അതിരാവിലെതന്നെ സൈന്യം ഇന്ത്യ പിടിച്ചടക്കാന്‍ ശ്രമിച്ചു എന്ന വാര്‍ത്ത പച്ചക്കള്ളം ആണെന്ന്‌ പറയാന്‍ ആന്റണി ധൈര്യം കാണിച്ചു. ആന്റണി രാജിവയ്‌ക്കുമെന്നായിരുന്നു വാര്‍ത്ത പടച്ചുവിട്ട ചിദംബരം ഉള്‍പ്പെടെയുള്ളവര്‍ കരതിയത്‌. ആന്റണിപോയാല്‍ പ്രതിരോധ മന്ത്രാലയത്തില്‍ കയറാം എന്ന്‌ ചിദംബരം സ്വപ്‌നം കാണുന്ന കാലമായിരുന്നു അത്‌. സ്വപ്‌നത്തിന്‌ കാരണം മേല്‍പ്പറഞ്ഞ 16 ബില്യണ്‍ ഡോളര്‍ വരുന്ന യുദ്ധവിമാനക്കരാര്‍ ഒപ്പിടാന്‍ തന്നെ. ഈയ്യിടെ പുറത്തിറങ്ങിയ തന്റെ ആത്മകഥയില്‍ (കറേജ്‌ ആന്‍ഡ്‌ കണ്‍വിക്‌ഷന്‍) എല്ലാവര്‍ക്കുമിട്ട്‌ ഡോസ്‌ കൊടുത്ത വി കെ സിങ്ങ്‌ ആന്റണിയെ വാനോളം പുകഴ്‌ത്തുന്നു.
ഇവിടെയാണ്‌ എ കെ ആന്റണി എന്ന രാഷ്ട്രീയ പ്രതിഭാസത്തിന്റെ മഹത്വം മനസിലാക്കപ്പെടുന്നത്‌. ആന്റണിയെ പോലുള്ള പത്ത്‌ നേതാക്കള്‍ എല്ലാ മുഖ്യധാര പാര്‍ടികളിലും ഉണ്ടായാലേ ഈ രാജ്യം നന്നാകു.

    Comments

    Anil February 15, 2014 06:30

    എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുള്ള ഒരു വിഷയമാണിത്. ശ്രീമാന്‍ ആന്റണിക്ക്  എത്ര സുഗമമായി ഭരിക്കാന്‍ കഴിയുന്നു. വിഷയത്തിലുള്ള പ്രവീണ്യം ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഒരു വിഷയമേ അല്ല. .........ഇത് പറഞ്ഞാല്‍ എന്നെ കമ്മ്യൂണിസ്റ്റ്‌ അല്ലെങ്കില്‍ സംഘ പരിവാര്‍ എന്ന് മുദ്ര കുത്തുമോ എന്നറിയില്ല. പ്രതിരോധ മന്ത്രാലയം എത്ര കൂള്‍ ആയി ഇദ്ദേഹം കൈകാര്യം ചെയ്യുന്നു........ അത്യല്‍ഭ്യുതം തന്നെ. 


    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.