You are Here : Home / കാണാപ്പുറങ്ങള്‍

ക്രിക്കറ്റ് വിവാദച്ചുഴിയില്‍ പെട്ട് അരുണ്‍ ജെയ്റ്റ്‌ലി

Text Size  

Story Dated: Thursday, December 31, 2015 05:37 hrs UTC

ക്രിക്കറ്റ് വിവാദച്ചുഴിയില്‍ പെട്ട് നാളിതു വരെ കെട്ടിപ്പൊക്കിയ ക്ലീന്‍ ഇമേജുമായി നടന്നിരുന്ന ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കുടുങ്ങിയിരിക്കുകയാണ്. ഡല്‍ഹി രാഷ്ട്രീയത്തിലെ എല്ലാവിധ സൗഹൃദങ്ങള്‍ക്കും പിന്നില്‍ ചരട് വലിക്കുന്ന ജെയ്റ്റ്‌ലി ഒരിക്കലും വിചാരിച്ചിരിക്കില്ല അരവിന്ദ് കെജ്രിവാള്‍ ഇങ്ങനെ തിരിച്ചടിക്കുമെന്ന്. കഴിഞ്ഞ 7-8 മാസമായി കെജ്രിവാളും ജെയ്റ്റ്‌ലിയും തമ്മില്‍ ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ നടത്തിപ്പിലെ അഴിമതിയെ കുറിച്ചുള്ള അന്വേഷണകാര്യത്തില്‍ ഉരസലുകള്‍ തുടങ്ങിയതാണ്. ഈ രണ്ടുപേരും പണ്ട് വലിയ സുഹൃത്തുക്കളുമായിരുന്നു. ഡല്‍ഹിക്ക് പുറത്തുള്ള ബിജെപി പ്രസിഡണ്ട് നിതിന്‍ ഗഡ്കരിയെ കെജ്രളിവാള്‍ താറടിച്ചപ്പോള്‍ ആരൊക്കെയാണ് സന്തോഷിച്ചത് എന്ന് നാട്ടില്‍ പാട്ടാണ്. കെജ്രിവാള്‍ ലക്കും ലഗാനുമില്ലാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുലഭ്യം പറയുമ്പോള്‍ ഡല്‍ഹിക്കാര്‍ കുലുങ്ങിച്ചിരിക്കും. ഡല്‍ഹിയുടെ ചരിത്രം അതാണ്. പുറത്തു നിന്നും വരുന്നവരെ ഒതുക്കുന്ന രീതി ഇന്നും ഇന്നലെയും തുടങ്ങിയതല്ല.
ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്റെ അധിപതിയായി 1999 മുതല്‍ 2013 വരെ വിരാജിച്ചയാളാണ് ജെയ്റ്റ്‌ലി. ഇപ്പോള്‍ ഏതോ സാമന്തനെ ആ സ്ഥാനത്തിരുത്തി റിമോട്ട് കണ്‍ട്രോള്‍ ഭരണം നടത്തുകയാണ് എന്നത് നഗ്നസത്യം.
2009 മുതല്‍ ക്രിക്കറ്റ് അസോസിയേഷനിലെ തീവെട്ടിക്കൊള്ളയെക്കുറിച്ച് എല്ലാവര്‍ക്കും പരാതി നല്‍കിക്കൊണ്ട് മുന്‍ക്രിക്കറ്റ് താരവും ബിജെപി എം.പിയുമായ കീര്‍ത്തി ആസാദ് നടക്കുകയാണ്. പല തവണ ക്രിക്കറ്റ് ആസ്ഥാനമായ ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തിനു മുന്നില്‍ സത്യാഗ്രഹവും നടത്തിയിട്ടുണ്ട്. ബിഷന്‍സിംഗ് ബേദി ഉള്‍പ്പടെയുള്ള പല സൂപ്പര്‍ ക്രിക്കറ്റര്‍മാരും ഇതില്‍ പങ്കാളികള്‍ ആയിട്ടുമുണ്ട്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ മുഴുവന്‍ മാധ്യമങ്ങളും കണ്ണടച്ചുകളഞ്ഞു. ഇന്ത്യന്‍ മാധ്യമങ്ങളുമായുള്ള ജെയ്റ്റ്‌ലിയുടെ ചങ്ങാത്തം ആണ് ഇതിനു പിന്നില്‍. കീര്‍ത്തി ആസാദിന് തലക്ക് വട്ടാണ് എന്നെഴുതിയ മാധ്യമ തൊഴിലാളികള്‍ വരെയുണ്ട് ഈ രാജ്യത്ത്.
യുപിഎ ഭരണകാലത്ത് കീര്‍ത്തി ആസാദ് നല്‍കിയ തെളിവുകള്‍ പ്രകാരം എസ്എഫ്‌ഐഒ അന്വേഷണം നടത്തി ഒരുപാട് തട്ടിപ്പുകള്‍ കണ്ടെത്തിയതാണ്. പക്ഷേ ഡല്‍ഹിയിലെ സൗഹൃദരാഷ്ട്രീയം ഇതിന് തടയിട്ടു. ജെയ്റ്റ്‌ലിയെ കൂടാതെ കോണ്‍ഗ്രസ് നേതാക്കളായ രാജീവ് ശുക്ലയും നവീന്‍ ജിന്‍ഡാലും ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്റെ നടത്തിപ്പുകാരാണ്. ഇന്ത്യയിലെ ക്രിക്കറ്റ് നിയന്ത്രിക്കുന്ന ബിജെപി-കോണ്‍ഗ്രസ്-എന്‍സിപി രാഷ്ട്രീയക്കാരാണ്.
കീര്‍ത്തി ആസാദ് ഏപ്രില്‍ മാസത്തില്‍ സകെജ്രിവാളിന് പരാതി നല്‍കിയെങ്കിലും വലിയ അനക്കം ഒന്നുമുണ്ടായില്ല. ഡല്‍ഹി രാഷ്ട്രീയത്തില്‍ അന്നുമിന്നും ഇത്തരം ബ്ലാക്‌മെയില്‍ ഇടപാടുകള്‍ നടക്കും. നവംബര്‍ 17 ന് അന്വേഷണം എങ്ങനെ നടത്തുമെന്നും കെജ്രിവാള്‍ പ്രഖ്യാപിച്ചതാണ്. പക്ഷേ സംഭവങ്ങള്‍ പൊട്ടിത്തെറിയില്‍ എത്തിയത് കെജ്രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ സിബിഐ റെയ്ഡ് ചെയ്തപ്പോള്‍ ആണ്. കെജ്രിവാളിനെ വിരട്ടി ഒതുക്കാം എന്ന കണക്കുകൂട്ടലില്‍ ജെയ്റ്റ്‌ലിക്ക് ചാട്ടം പിഴച്ചു. ഇതിനിടയില്‍ ജെയ്റ്റ്‌ലിയുടെ വൈരികളായ രാംജേത്മലാനിയും സുബ്രഹ്മണ്യന്‍ സ്വാമിയും കെജ്രിവാളിനും കീര്‍ത്തി ആസാദിനും പിന്നില്‍ അണി നിരന്നു.
സ്വാമിയുടെ പിന്തുണ കിട്ടിയതോടെ കീര്‍ത്തി ആസാദിന് ആര്‍എസ്എസ് പിന്തുണ കിട്ടി എന്ന വ്യക്തം. അതായത് കീര്‍ത്തി ആസാദിനെ പുറത്താക്കാനുള്ള ഡല്‍ഹിയിലെ ബിജെപിക്കാരുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി നേരിട്ടു.
കെജ്രിവാളിനെതിരെ മാനനഷ്ടക്കേസ് നല്‍കിയത് ജെയ്റ്റ്‌ലി കാണിച്ച ഏറ്റവും വലിയ മണ്ടത്തരമാണ്. ജെയ്റ്റ്‌ലിയെ കോടതി കൂട്ടില്‍ നിര്‍ത്തി വിസ്തരിക്കാനുള്ള അവസരം ജേത്മലാനി പാഴാക്കില്ല.  ജേത്മലാനി എന്തൊക്കെ ചോദ്യങ്ങള്‍ ചോദിക്കും എന്നത് ഇനി വരും നാളുകളില്‍ അരുണ്‍ ജെയ്റ്റ്‌ലിയെ അലട്ടും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. വിനാശകാലേ വിപരീതബുദ്ധി എന്നല്ലാതെ എന്തു പറയാന്‍…
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.