You are Here : Home / കാണാപ്പുറങ്ങള്‍

രഹസ്യങ്ങളുടെ കലവറ തുറക്കുന്ന നേതാജി ഫയലുകള്‍

Text Size  

Story Dated: Thursday, February 04, 2016 06:23 hrs UTC

ജനുവരി 23 ന് കേന്ദ്രസര്‍ക്കാര്‍ 100 രഹസ്യ നേതാജി സുഭാഷ് ചന്ദ്രബോസ് ഫയലുകള്‍ പരസ്യമാക്കി കഴിഞ്ഞതോടെ ആദ്യ അടി പ്രതീക്ഷിച്ചതു പോലെ ജവഹര്‍ലാല്‍ നെഹ്‌റുവിന് തന്നെ കൊണ്ടു. ഇനി വരുംനാളുകളില്‍ മാസം 25 ഫയലുകള്‍ വെച്ച് പരസ്യമാക്കുന്നതോടെ ചരിത്രത്തിലെ മറച്ചുവെച്ച ഓരോ രഹസ്യവും തലയുയര്‍ത്തിത്തുടങ്ങും. അതുകൊണ്ടു തന്നെയാണ് ഫയലുകള്‍ ഡീക്ലാസിഫൈ ചെയ്ത് മിനുട്ടുകള്‍ക്കുള്ളില്‍ കോണ്‍ഗ്രസ് വിറളി പിടിച്ച് പത്രസമ്മേളനം നടത്തിയത്.
1973 ല്‍ ജസ്റ്റിസ് ഖോസ്‌ല കമ്മീഷന്‍ മുമ്പാകെ നെഹ്‌റുവിന്റെ സ്റ്റെനോ ആയിരുന്ന ശ്യാംലാല്‍ ജെയിന്‍ നല്‍കിയ മൊഴി ഇത്രയും കാലം ഒളിപ്പിച്ചു വെച്ചു എന്ന ചോദ്യത്തിന് ആരും ഉത്തരം പറയുന്നില്ല. ശ്യാംലാല്‍ ജെയിന്റെ മൊഴി അനുസരിച്ച് 1945 ഡിസംബര്‍ 26 നോ 27 നോ നെഹ്‌റുവിന്റെ നിര്‍ദ്ദേശാനുസരണം അദ്ദേഹം  ആസിഫ് അലിയുടെ വീട്ടില്‍ വന്നു. നെഹ്‌റു തന്നോട് അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലമന്റ് ആറ്റ്‌ലിക്ക് എഴുതാനുള്ള കത്ത് ടൈപ്പ് ചെയ്യാന്‍ ആവശ്യപ്പെട്ടു. ആ കത്തില്‍ സോവിയറ്റ് ഏകാധിപതിയായ സ്റ്റാലിന്‍ നേതാജിക്ക് റഷ്യയില്‍ അഭയം നല്‍കിയ കാര്യം താന്‍ അറിഞ്ഞെന്നും സ്റ്റാലിന്റെ ഈ നടപടി ശരിയായില്ലെന്നും നെഹ്‌റു പറയുന്നു. 'നിങ്ങളുടെ യുദ്ധകുറ്റവാളിയായ' സുഭാഷ്ചന്ദ്രബോസിന് അഭയം നല്‍കിയ സ്റ്റാലിന്റെ നടപടിയില്‍ ബ്രിട്ടീഷ് - അമേരിക്കന്‍ സര്‍ക്കാര്‍ തങ്ങളുടെ സഖ്യകക്ഷിയായ റഷ്യയോട് പ്രതിഷേധം അറിയിക്കണം എന്നാണ് കത്തിന്റെ രത്‌നച്ചുരുക്കം.
ഇക്കാര്യം 1973 ല്‍ ഖോസ്‌ല കമ്മീഷന് മുന്നില്‍ ഓര്‍മയില്‍ നിന്ന് ശ്യാംലാല്‍ ജെയിന്‍ ടൈപ്പ് ചെയ്ത് നല്‍കി. എന്തുകൊണ്ട് ഇക്കാര്യങ്ങള്‍ വെളിയില്‍ വന്നില്ല എന്നതും ഖോസ്‌ല കമ്മീഷന്‍ റിപ്പോര്‍ട്ട് പരസ്യമാക്കാതെ വെച്ചതും ഈ സംഭവത്തിന്റെ ദുരൂഹതകള്‍ വര്‍ദ്ധിപ്പിക്കുന്നു.
ഇപ്പോള്‍ രാംചന്ദ്രഗുഹ ഉള്‍പ്പടെയുള്ള ചരിത്രകാരന്‍മാര്‍ ശ്യാംലാല്‍ ജെയിനിനെ വരെ ചീത്ത പറഞ്ഞു കൊണ്ട് രംഗത്തു വന്നിരിക്കുകയാണ്. ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പല ചരിത്രകാരന്‍മാരും കഴിഞ്ഞ 60 വര്‍ഷമായി നെഹ്‌റു കുടുംബത്തിന്റെ മഹിമകള്‍ വാഴ്ത്തി ജീവിതം തള്ളി നീക്കിയവരാണ്.
ശ്യാംലാല്‍ ജെയിന്‍ പറഞ്ഞ കാര്യങ്ങള്‍ ശരിവെക്കുന്നതാണ് ബ്രിട്ടീഷ് ഇന്റലിജന്‍സിന്റെ ചില രേഖകള്‍. 1945 ആഗസ്ത് മാസം 18 ന് നടന്നു എന്നു പറയപ്പെടുന്ന വിമാന അപകടം നടന്നില്ല എന്ന് ഈ രേഖകള്‍ വെളിവാക്കുന്നു. 2005 ല്‍ സമര്‍പ്പിച്ച മുഖര്‍ജി കമ്മീഷന്‍ ഒരിക്കലും ഈ കാലയളവില്‍ ഈ സ്ഥലത്ത് വിമാന അപകടം നടന്നിട്ടില്ലെന്ന് തെളിവ് സമര്‍പ്പിക്കുന്നു.
ബ്രിട്ടീഷ് കാബിനറ്റ് രേഖകള്‍ എങ്ങനെ നേതാജിയെയും അദ്ദേഹത്തിന്റെ ഐഎന്‍എ പ്രവര്‍ത്തകരെയും കൈകാര്യം ചെയ്യണമെന്ന് ചര്‍ച്ച ചെയ്ത കാര്യം വെളിവാക്കുന്നു.
ഇന്ന് കോണ്‍ഗ്രസ്- ഇടതുപക്ഷ ചരിത്രകാരന്‍മാര്‍ സ്വാതന്ത്ര്യസമരസേനാനികള്‍ എല്ലാം നല്ല സുഹൃത്തുക്കളായിരുന്നു എന്ന് സമര്‍ത്ഥിക്കാന്‍ ശ്രമിക്കുകയാണ്. ഇത് പച്ചക്കളമാണ്. ഗാന്ധിജി ഉള്‍പ്പടെയുള്ളവര്‍ 1938 മുതല്‍ സുഭാഷ്ചന്ദ്രബോസിനെ ഒഴിവാക്കാന്‍ ശ്രമിച്ചു എന്നതാണ് സത്യം. 1939 ല്‍ കോണ്‍ഗ്രസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പില്‍ വിജയിച്ച നേതാജിയെ പിടിവാശി കാണിച്ച് രാജി വെപ്പിച്ചയാളാണ് ഗാന്ധിജി.
1946 ല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് 16 പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികളില്‍ 12 ഉം തിരഞ്ഞെടുത്തത് സര്‍ദാര്‍ പട്ടേലിനെയാണ്. 3 പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികള്‍ ആരെയും തിരഞ്ഞെടുത്തില്ല. ഏറ്റവും ചെറിയ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ആയ ഡല്‍ഹി കമ്മിറ്റി നാടകം കളിച്ചു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടത്തരുതെന്ന് എല്ലാവരും ഗാന്ധിജി പറയുന്നത് കേള്‍ക്കണമെന്നും പ്രമേയം പാസാക്കി. അവസാനം ഗാന്ധിജി ഒരു പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയും തിരഞ്ഞെടുക്കാത്ത നെഹ്‌റുവിനെ പ്രധാനമന്ത്രിയാക്കി. ഇക്കാര്യം വെളിപ്പെടുത്തിയത് മറ്റാരുമല്ല. അന്നത്തെ എഐസിസി പ്രസിഡണ്ടായിരുന്ന, ഡല്‍ഹി കമ്മിറ്റിയെക്കൊണ്ട് നാടകം കളിപ്പിച്ച മൗലാന അബ്ദുള്‍ കലാം ആസാദ് ഇക്കാര്യങ്ങള്‍ വിശദമായി തന്റെ ഇന്ത്യ വിന്‍സ് ഫ്രീഡം എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. കെ.എം.മുന്‍ഷിയുടെ പില്‍ഗ്രിമേജ് ടു ഫ്രീഡം എന്ന പുസ്തകത്തിലും ഇക്കാര്യങ്ങള്‍ വിശദമായി പറയുന്നുണ്ട്.
ഇതൊന്നും നമ്മുടെ ടെക്സ്റ്റ് ബുക്ക് ചരിത്രകാരന്‍മാരും മാധ്യമങ്ങളും പറയില്ല. കാരണം 50 വര്‍ഷത്തോളം ഇന്ത്യ ഭരിച്ചത് നെഹ്‌റു കുടുംബമാണ്. ഇതൊക്കെ പറഞ്ഞാല്‍ വിവരം അറിയും എന്നത് തന്നെ മുഖ്യ കാരണം. പക്ഷേ സത്യം കുറെക്കാലം മൂടിവെക്കാന്‍ മാത്രമേ പറ്റൂ. അവസാനം അത് വെളിയില്‍ തന്നെ വരും.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.