കുവൈത്തില്‍ സ്വദേശിവത്കരണം ശക്തിപ്പെടുത്തണമെന്ന ആവശ്യവുമായി പാര്‍ലമെന്‍റംഗം
Story Dated: Friday, January 31, 2014 12:07 hrs EST  
PrintE-mailകുവൈത്ത്: സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി പഞ്ചവത്സര പദ്ധതിയുമായി പാര്‍ലമെന്‍റംഗം അബ്ദുള്ള അല്‍-തമീമി. പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച കരടുബില്ലിലാണ് ഇതുസംബന്ധിച്ച സൂചനകള്‍ ഉള്ളത്. വര്‍ധിച്ച വിദേശ ജനസംഖ്യ സ്വദേശികള്‍ക്ക് തൊഴിലില്ലായ്മ സൃഷ്ടിക്കുന്നതിനോടൊപ്പം ഗുരുതര സുരക്ഷാഭീഷണിയും സൃഷ്ടിക്കുന്നതായും വിലയിരുത്തുന്നുണ്ട്. കുറ്റങ്ങള്‍ വര്‍ധിക്കുക, ഗതാഗതക്കുരുക്ക് വര്‍ധിക്കുക, കെട്ടിടവാടക ഉയരുക എന്നീ പ്രശ്‌നങ്ങളോടൊപ്പം ആരോഗ്യപ്രശ്‌നങ്ങളും വര്‍ധിക്കുന്നുണ്ട്.

വിദേശ ജനസംഖ്യ ഗണ്യമായി കുറയ്ക്കണമെന്നാണ് ബില്ലില്‍ പ്രധാനമായും ഉന്നയിക്കുന്നത്. ആര്‍ട്ടിക്കിള്‍ രണ്ടില്‍ വിദേശ തൊഴിലാളികളില്‍ കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയും സാമാന്യ തൊഴില്‍പരിചയമുള്ളവരുടെയും വിസ കാലാവധി അഞ്ചുവര്‍ഷമായി പരിമിതപ്പെടുത്തണമെന്ന് നിര്‍ദേശിക്കുന്നു. ആര്‍ട്ടിക്കിള്‍ മൂന്നില്‍ രാജ്യത്തെ മൊത്തം സ്വദേശി ജനസംഖ്യയുടെ 10 ശതമാനമായി എല്ലാ വിദേശസമൂഹങ്ങളെയും നിയന്ത്രിക്കാനും നിര്‍ദേശമുണ്ട്. അതായത് 124,000-ത്തില്‍ കൂടുതല്‍ ഒരു വിദേശരാജ്യക്കാരെയും അനുവദിക്കരുത് എന്നാണ് മറ്റൊരു അഭിപ്രായം.

അതേസമയം പഞ്ചവത്സര പദ്ധതി ജി.സി.സി. അംഗരാഷ്ട്രങ്ങള്‍, അമേരിക്ക, യൂറോപ്യന്‍ രാജ്യക്കാരെയും ബാധിക്കുന്നതല്ല. കരടുബില്ല് പ്രാബല്യത്തിലാകുന്നതോടെ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ തൊഴിലാളികളുടെ വിസകള്‍ മൂന്നുമാസത്തിനകം റദ്ദുചെയ്യുമെന്നും ഇതില്‍ പറയുന്നു.

വിസ റദ്ദ്‌ചെയ്ത തൊഴിലാളികളെ ജോലിയില്‍ തുടരാന്‍ അനുവദിക്കുന്ന സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. വ്യക്തികളോ സ്ഥാപനങ്ങളോ ഇവരെ തൊഴില്‍ ചെയ്യാന്‍ അനുവദിക്കുന്നതായി കണ്ടെത്തിയാല്‍ ആര്‍ട്ടിക്കിള്‍ 15 പ്രകാരം രണ്ടുവര്‍ഷത്തെ ജയില്‍ശിക്ഷയും 10,000 ദിനാര്‍ പിഴയും കൂടാതെ വിദേശ തൊഴിലാളിയെ നാടുകടത്തുന്നതിനുള്ള സാമ്പത്തികച്ചെലവും വഹിക്കേണ്ടിവരുമെന്നും ബില്ലില്‍ പറയുന്നു.

രാജ്യത്ത് അനധികൃതമായി നിയമം ലംഘിച്ച് താമസിക്കുന്ന ഒരുലക്ഷത്തോളം വരുന്ന വിദേശ കുടിയേറ്റക്കാരെയും ഒഴിപ്പിക്കുന്നതിനുള്ള മാര്‍ഗം കണ്ടെത്തുന്നതിന് ഭരണകര്‍ത്താക്കള്‍ നിര്‍ബന്ധിതരാകുന്നതായും അല്‍-തമീമി വ്യക്തമാക്കി


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.