പായിപ്പാട് വിഷയത്തില്‍ ദൃശ്യങ്ങള്‍ കാണിക്കില്ലെന്ന് നിലപാട് എടുത്ത ചാനലിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ട്വന്റിഫോര്‍ ചാനലിനെ പരാമര്‍ശിച്ചാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം പറഞ്ഞത്. പായിപ്പാട്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ തെരുവിലിറങ്ങിയ ദൃശ്യങ്ങള്‍ ആവര്‍ത്തിച്ച് കാണിക്കുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ ഒഴിഞ്ഞു നിന്നിരുന്നു. ഒരു ചാനല്‍ തുടക്കത്തില്‍ തന്നെ അത്തരം ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യില്ല എന്ന് പരസ്യമായി പ്രഖ്യാപിച്ചു. ആ ചാനലിനെതിരെ വളരെ മോശമായ സോഷ്യല്‍മീഡിയ ആക്രമണം ഉണ്ടായതായി പരാതി ലഭിച്ചിട്ടുണ്ട്. തങ്ങളുടെ വഴിയില്‍ വന്നില്ലെങ്കില്‍ ആക്രമിച്ച് കീഴ്‌പ്പെടുത്തിക്കളയാം എന്ന രീതി അംഗീകരിക്കാനാവില്ല. അത് അനുവദിക്കുകയുമില്ല. പരാതികള്‍ അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പായിപ്പാട്ടെ ദൃശ്യങ്ങള്‍ ആവര്‍ത്തിച്ച് കാണിക്കില്ലെന്ന് ട്വന്റിഫോര്‍ ചാനല്‍ തീരുമാനം എടുത്തിരുന്നു. ഇത് അറിയിച്ചതോടെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമായിരുന്നു ചാനലിന് നേരെയുണ്ടായത്. ഡല്‍ഹിയിലും പായിപ്പാട്ടും കണ്ട ദൃശ്യങ്ങള്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ്. അതിലേക്ക് നയിച്ച കാരണങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തന്നെ കണ്ടെത്തണം. പക്ഷേ നാളെ ഇത് മറ്റിടങ്ങളിലേക്ക് പടരരുതെന്ന് ട്വന്റിഫോറിന് നിര്‍ബന്ധമുണ്ട്. അതിഥി തൊഴിലാളികള്‍ ഏറെയുള്ള കേരളത്തില്‍ പായിപ്പാട്ടെ സംഭവങ്ങള്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് ഇടവരുത്താന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നതില്‍ നിന്ന് ട്വന്റിഫോര്‍ പിന്മാറുകയായിരുന്നു. ഇതു സംബന്ധിച്ച് നല്‍കിയ ദൃശ്യങ്ങള്‍ ടെലിവിഷന്‍ / ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും പിന്‍വലിച്ചിരുന്നു. അതേ സമയം അതിഥി തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്നത് തുടരുമെന്ന് ഉറപ്പ് നല്‍കുന്നതായും ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ അറിയിച്ചിരുന്നു.
Comments