You are Here : Home / Editorial

അച്ചന്മാരുറങ്ങാത്ത അരമനകള്‍

Text Size  

Raju Mylapra ( Chief Editor ,Aswamedham)

rajumylapra@msn.com

Story Dated: Friday, February 23, 2018 01:12 hrs UTC

 

 
 
വാതിലില്‍ ഒരു കിരുകിരെ ശബ്ദം! ഞാന്‍ കര്‍ട്ടനിലിടയിലൂടെ ഒരു ഒളിഞ്ഞുനോട്ടം നടത്തി. മൂലേക്കോണിലെ പത്രോസാണ്. വിറയ്ക്കുന്ന കൈകള്‍കൊണ്ട് അടച്ചിട്ടിരിക്കുന്ന ഗ്രില്‍ ഡോറിന്റെ കുറ്റി മാറ്റാനുള്ള ശ്രമമാണ്. അതനിടുത്തു തന്നെയുള്ള 'ഡോര്‍ ബെല്ലൊന്നും' പത്രോസിനു ഒരു പ്രശ്‌നമല്ല. ഡോറു തുറന്നു- അകത്തു കയറി- സോഫയില്‍ ആസനം ഉറപ്പിച്ചു. മുണ്ട് മടക്കിത്തന്നെയാണിരുപ്പ്. 

"ങ്ഹാ- പത്രോസോ? എന്തുണ്ട് വിശേഷം?' എനിക്ക് പ്രത്യക്ഷപ്പെടാതിരിക്കാന്‍ നിവൃത്തിയില്ല. 
"ഓ- എന്നാ പറയാനാ?' മറുപടിയുടെ കൂട്ടത്തില്‍ ഒരു നെടുവീര്‍പ്പിന്റെ അകമ്പടി. 
"മോനെന്നാ പോകുന്നത്?' ഡയലോഗ് തുടങ്ങുകയാണ്. ഇടിയ്ക്കിടെ നാട്ടില്‍ വരുമ്പോള്‍, ഒന്നുകില്‍ "മോന്‍', അല്ലെങ്കില്‍ "അച്ചായന്‍' എന്നുള്ള സംബോധനകള്‍ സുലഭം. അവരുടെ മനസ്സില്‍ ഒരുപക്ഷെ അതിന്റെ മുന്നില്‍ വല്ല വിശേഷണങ്ങളും ചേര്‍ത്തിട്ടുണ്ടാകും.

"ചെറുക്കന്‍ പേര്‍ഷ്യാന്നു വന്നെപ്പിന്നെ പോയില്ല'= ഞാനെന്നുപോയാല്‍ എന്തു കുന്തമാണെന്നു കരിതിയിട്ടാകാം പത്രോസ് അടുത്ത വിഷയത്തിലേക്ക് എടുത്തു ചാടി-

"അതെന്താ പത്രോസേ?'
"ആര്‍ക്കറിയാം-പോയാല്‍ അവനു കൊള്ളാം'.
അനുവാദമില്ലാതെ ഒരു നിശബ്ദത അവിടേക്ക് കടന്നുവന്നു. 

"ഇത്തവണ വന്നപ്പം ചെറുക്കന്‍ ഞങ്ങള്‍ താമസിക്കുന്ന വസ്തു അവന്റെ പേര്‍ക്ക് എഴുതിക്കൊടുക്കണമെന്നു പറഞ്ഞു. എന്റെ അപ്പന്‍ എനിക്ക് അളന്നു തിരിച്ചുതന്ന വസ്തുവാണ്. അവന് പുതിയ വീടു വെയ്ക്കാനാണ്. ഞാന്‍ കൊടുക്കുമോ? ഇങ്ങനെ എഴുതിക്കൊടുക്കുന്ന പല തന്ത, തള്ളമാരേയും വഴിയില്‍ ഇറക്കിവിടുന്ന വാര്‍ത്തയൊക്കെ നമ്മള്‍ എന്നും കേള്‍ക്കുന്നില്ലേ?'

"അതു ശരിയാ- മാതാപിതാക്കളെയൊക്കെ ഗുരുവായൂരില്‍ കൊണ്ടു നടതള്ളുന്നതൊക്കെ പത്രത്തില്‍ വായിക്കാറുണ്ട്-' ഞാന്‍ ചെറിയൊരു സപ്പോര്‍ട്ട് കൊടുത്തു. 

"ചെറുക്കന്‍ ആളു പാവമാ- അവന്റെ പെണ്ണുംപിള്ള ഇച്ചിരെ കേമിയാ- അവളുടെ കുത്തിത്തിരുപ്പാ എന്നാണെന്റെ പെമ്പിള പറേന്നത്'

"എന്റെ രാജുമോനെ, വീട്ടില്‍ എന്നും കലപിലയാ- അവസാനം ശല്യം സഹിക്കവയ്യാതെ ഞാന്‍ അവന്റെ വീതം കൊടുത്തു. അതു വിറ്റിട്ട് അവന്‍ കുമ്പഴയെങ്ങാണ്ട് ഒരു വീട് വെച്ചന്നോ, വാങ്ങിച്ചെന്നോ മറ്റോ ആള്‍ക്കാര്‍ പറേന്നതു കേട്ടു. പാലുകാച്ചിനു പോലും ഞങ്ങളെ വിളിച്ചില്ല.

അവനെ കഷ്ടപ്പെട്ട് പഠിപ്പിച്ച് വലുതാക്കി പേര്‍ഷ്യയ്ക്കു വിട്ടത് നമ്മള്‍ക്ക് വയസ്സുകാലത്ത് വല്ലോം കിട്ടുമെന്നു വിചാരിച്ചാ. ഇപ്പോള്‍ എങ്ങുനിന്നോ കയറിവന്ന ഒരു പെണ്ണ് പറേന്നതും കേട്ട് അവന് തന്തേം തള്ളേം വേണ്ടാതായി. എന്നാലും ഞങ്ങള്‍ക്കിപ്പോള്‍ സമാധാനമുണ്ട്. പത്രോസിന്റെ ശബ്ദം പതറി. അയാള്‍ കരച്ചിലിന്റെ വക്കോളമെത്തി. അയാള്‍ കരഞ്ഞാല്‍ ലോലഹൃദയനായ ഞാനും കരഞ്ഞുപോകും. അതിനു മുമ്പേ ഞങ്ങളു തമ്മിലുള്ള "ഇടപാട്' തീര്‍ത്ത് ഞാന്‍ അയാളെ യാത്രയാക്കി. 

കേരളത്തിലെ ഒരു സഭയുടെ പിതാക്കന്മാര്‍ തമ്മില്‍ "എടാ, പോടാ' കളി തുടങ്ങിയിട്ട് നാളേറെയായി. സുപ്രീംകോടതി വിധി സര്‍ക്കാര്‍ നടപ്പിലാക്കിത്തരണമെന്നു ഒരു തലവന്‍. തലപോയാലും ഞങ്ങളുടെ മക്കള്‍ കഷ്ടപ്പെട്ട് പണിതുയര്‍ത്തിയ പള്ളികള്‍ വിട്ടുകൊടുക്കില്ലെന്നു മറ്റേ തലവന്‍. സംഗതി സമാധാനത്തിലായാല്‍ ഒരു തലവന്റെ തലയിലെ കിരീടത്തിന്റെ ഘനം കുറയും. - വേല വേലപ്പനോടാ?

"താന്‍ തെണ്ടിത്തരം പറഞ്ഞാല്‍ ഞാന്‍ പോക്രിത്തരം പറയും' എന്നതാണ് ലൈന്‍. 

പോപ്പിന്റെ തോളില്‍ കൈയ്യിട്ട് നടക്കുന്ന മറ്റൊരു പിതാവ് ഈയിടെ കുറച്ച് ഭൂമിയങ്ങ് വിറ്റു. പിടിക്കപ്പെട്ടപ്പോള്‍ "ഞഞ്ഞാ...കുഞ്ഞാ' പറഞ്ഞു. കോടികളാണ് പിതാവിന്റേയും പുത്രന്മാരുടേയും പോക്കറ്റിലായത്. ഇപ്പോള്‍ പരിശുദ്ധ പിതാവ് ഇടയലേഖനം ഇറക്കിയിരിക്കുന്നു. സഭയുടെ സ്വത്തുക്കള്‍ക്ക് സഭാംഗങ്ങള്‍ക്ക് യാതൊരു അവകാശവുമില്ലെന്ന്. എന്താ, പോരേ പൂരം? കളിച്ച് കളിച്ച് സംഗതി കോടതിയിലെത്തിയിരിക്കുന്നു. 

ഇവരുമായി തട്ടിച്ചുനോക്കുമ്പോള്‍ മൂലേക്കോണില്‍ പത്രോസാണ് ഭേദം. ഒന്നുമില്ലെങ്കിലും സമാധാനമുണ്ടല്ലോ.

ഇന്ന് അരമനകളും മേടകളും, മഠങ്ങളും മറ്റും "അച്ചന്മാര്‍ ഉറങ്ങാത്ത വീടുകളായി' മാറിയിരിക്കുകയാണ്. 

**** **** **** **** ****

ആരധാനാ സമയത്ത് വിശ്വാസികള്‍ക്ക് പാടാനായി ഒരു ഗാനം രചിച്ചിട്ടാണ് നമ്മുടെ അനശ്വര കവി വിടവാങ്ങിയത്. 

"ഈശ്വരന്‍ മറ്റൊരു ലോകത്തുണ്ടെന്നു 
വിശ്വസിക്കുന്നവരേ...വെറുതെ വിശ്വസിക്കുന്നവരേ....
സ്വര്‍ഗ്ഗവും -നരകവുമിവിടെത്തന്നെ
രണ്ടും കണ്ടിട്ടുള്ളവരല്ലോ 
തെണ്ടികള്‍ ഞങ്ങള്‍'.

"അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം. ഭൂമിയില്‍ ഇങ്കിലാബ്, ഇങ്കിലാബ്, ഇങ്കിലാബ് സിന്ദാബാദ്.

**** **** **** **** ****

വൈകിക്കിട്ടിയ വാര്‍ത്ത:
ഈ പരിശുദ്ധ പിതാക്കന്മാരുടെ ബിനാമികള്‍ അമേരിക്കയിലുണ്ടത്രേ! അതുകൊണ്ടാണ് കൂടെക്കൂടെ ഇവര്‍ അമേരിക്കയിലേക്ക് എഴുന്നെള്ളി സ്വീകരണം ഏറ്റുവാങ്ങുന്നതെന്ന്. കവറിനു ഘനമുണ്ടെങ്കില്‍ ഇവര്‍, വിവാഹം, മാമ്മോദീസാ തുടങ്ങിയ ചടങ്ങുകള്‍ പറന്നുവന്നു നടത്തിക്കൊടുക്കും.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.