You are Here : Home / Editorial

കര്‍ത്താവേ, കാത്തുകൊള്ളണമേ!'

Text Size  

Raju Mylapra ( Chief Editor ,Aswamedham)

rajumylapra@msn.com

Story Dated: Monday, October 29, 2018 10:14 hrs UTC

എന്റെ സുഹൃത്ത് സണ്ണി കോന്നിയൂരിന്റെ കൊച്ചുമകന്റെ മാമ്മോദീസാ ചടങ്ങില്‍ പങ്കെടുക്കുവാന്‍ ഞങ്ങള്‍ ജോര്‍ജ് കോശി അച്ചന്റെ പള്ളിയില്‍ പോയിരുന്നു. (പല ദേവാലയങ്ങളും അവിടുത്തെ വികാരിമാരുടെ പേരിലാണ് അറിയപ്പെടുന്നത്. ആ പള്ളികളുടെ വളര്‍ച്ചക്കു വേണ്ടി, അവര്‍ ആത്മാര്‍ത്ഥമായി നിരന്തരം പ്രവര്‍ത്തിക്കുന്നതു കൊണ്ടായിരിക്കും അത്) മനോഹരമായ ഈ ദേവാലയം ന്യൂയോര്‍ക്കിലെ പോര്‍ട്ട് ചെസ്റ്ററിലാണു നിലകൊള്ളുന്നത്. മാമ്മോദീസാ കൂദാശക്കു ശേഷം സുഹൃത്തുകളോടൊപ്പം വിഭവ സമൃദ്ധമായ ലഞ്ചു കഴിച്ചുകൊണ്ടിരുന്നപ്പോള്‍, 'ജോര്‍്ജ് കോശി അച്ചനെ കണ്ടിട്ടേ പോകാവൂ എന്നു അച്ചന്‍ നിര്‍ബന്ധിച്ചു പറഞ്ഞു' എന്ന് പ്രിയതമ പുഷ്പ എന്നെ അറിയിച്ചു. അച്ചന് എന്നെ കാണേണ്ട ഒരു കാര്യവുമില്ല. കുര്‍ബാനയുടെ തുടക്കം മുതല്‍ മാമ്മോദീസ തീരുന്നതുവരെ, ഞാന്‍ പള്ളിയില്‍ ഭയത്തോടും വിറയലോടും കൂടിയാണ് പങ്കെടുത്തത്. പിന്നെ എന്തിനായിരിക്കും എന്നെ കാണണമെന്ന് അച്ചന്‍ പറഞ്ഞത്. പുരോഹിതന്മാരേയും പോലീസുകാരേയും കാണുമ്പോള്‍ കാര്യമൊന്നുമില്ലെങ്കില്‍ത്തന്നെയും, എന്റെ മുഖത്ത് ഒരു കള്ളലക്ഷണം കയറി വരാറുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ ഞാന്‍ തന്ത്രപൂര്‍വ്വം ഒഴിഞ്ഞുമാറുകയാണ് ചെയ്യുന്നത്. ഭാര്യ വീണ്ടും നിര്‍ബന്ധിച്ചതുകൊണ്ട്, രണ്ടും കല്പിച്ചു അച്ചനെ കാണുവാന്‍ ഞാന്‍ തീരുമാനിച്ചു. അച്ചനു ചുറ്റും ധാരാളം ആളുകള്‍ ഉണ്ട്. സ്വയം പരിചയപ്പെടുത്തുന്നതിനു മുമ്പു തന്നെ, രാജു കുറെ നാളായി ഞാന്‍ കാണണമെന്ന് വിചാരിച്ചിരിക്കുയായിരുന്നു. കണ്ടതില്‍ സന്തോഷം-' അച്ചന്റെ വാക്കുകള്‍ കേട്ട്‌പ്പോള്‍ എനിക്കു ചെറിയൊരു ചിന്താക്കുഴപ്പം- എന്തിനാണോ അച്ചന്റെ പുറപ്പാട്. 'രാജു എഴുതുന്നതൊക്കെ ഞാന്‍ പതിവായി വായിക്കാറുണ്ട്. ഞാനൊന്നു പരുങ്ങി. വേദപുസ്തകവും, സഭാ ചരിത്രവും, കനമുള്ള ലേഖനങ്ങളും അല്ലാതെ എന്നെപ്പോലെയുള്ളവരുടെ എഴുത്തൊന്നും അച്ചന്‍മാര്‍ വായിക്കുകയില്ല എന്നാണു ഞാന്‍ കരുതിയത്. രാജുവിന്റെ എഴുത്തിന്റെ ശൈലി എനിക്കു വളരെ ഇഷ്ടമാണ്- അല്പം നര്‍മ്മമൊക്കെ കലര്‍ത്തുന്നതു കൊണ്ട് വായിക്കുവാന്‍ രസമുണ്ട്.' അയ്യോ-അച്ചോ-അതു ഞാന്‍ മറ്റൊന്നും ഉദേശിച്ചല്ല'- എന്റെ സ്വരത്തിനു ദയനീയത. ഞാന്‍ കുറ്റപ്പെടുത്തി പറഞ്ഞതല്ല- ഇടയ്ക്കിടെ അതു വേണം. അപ്പോള്‍ ചില കാര്യങ്ങളിലൊക്കെ ഞങ്ങള്‍ക്കും ശ്രദ്ധിക്കാമല്ലോ- അതിലൊന്നും അച്ചന്‍മാര്‍ക്കൊന്നും വിരോധമുണ്ടെന്ന് എനിക്കു തോന്നുന്നില്ല- കൂടെക്കൂടെ എഴുതണം-' എന്റെ സുഹൃത്തുക്കളായ ഫോമാ മുന്‍ ജനറല്‍ സെക്രട്ടറി സലീമിന്റേയും, പല സംഘടനകളുടെയും സാരഥിയായ തോമസ് കോശിയുടെയും സാന്നിദ്ധ്യത്തില്‍, അച്ചതിതു പറഞ്ഞപ്പോള്‍ എനിക്കൊരു വലിയ അവാര്‍ഡ് ലഭിച്ചതു പോലെ തോന്നി.

 

 

ചില പ്രത്യേക ആവശ്യങ്ങളനുസരിച്ച്, വിവിധ സ്ഥലങ്ങളില്‍ ഞാന്‍ താമസിച്ചിട്ടുണ്ട്. ഈ അടുത്ത കാലത്ത് ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിന്നും, ന്യൂജേഴ്‌സിയിലെ ടീനെക്കിലേക്കു താമസം മാറ്റി. സാധാരണയായി ഞാന്‍ സിനിമ, തിയേറ്ററില്‍ പോയി കാണാറില്ല. മൂ്ന്നു മണിക്കൂറോളമുള്ള ആ ഇരിപ്പില്‍ എനിക്കു താല്‍പര്യമില്ല. എന്നാല്‍ ഈയിടെ, ഭാര്യയുടെ താല്പര്യപ്രകാരം(അവരുടെ താല്പര്യമാണല്ലോ, നമ്മുടെ താല്പര്യം) ഇവിടെയുള്ള ബിഗ് സിനിമാസില്‍ 'കായംകുളം കൊച്ചുണ്ണി' എന്ന സിനിമ കണ്ടു. ലാലേട്ടന്റെ ഇത്തിക്കരപക്കി വേഷം ഗംഭീരമായിട്ടുണ്ട്. അതിലൊരു സൂപ്പര്‍ ഡയലോഗുണ്ട്. 'സ്വര്‍ഗ്ഗവുമില്ല-നരകവുമില്ല- ഒരൊറ്റ ജീവിതം- അത് എവിടെ എങ്ങനെ വേണമെന്ന് അവനവന്‍ തീരുമാനിക്കണം.' കുഞ്ഞച്ചന്‍ എന്നൊരു മനുഷ്യന്‍, മൈലപ്രായില്‍ സ്വന്തം പുരയിടത്തില്‍ അയാള്‍ക്കുവേണ്ടി തരക്കേടില്ലാത്ത ഒരു കല്ലറ കെട്ടിയിട്ടുണ്ട്. ആ കല്ലറയുടെ മുന്നില്‍ അയാള്‍ എന്നും മെഴുകുതിരി കത്തിച്ചു മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന ഉരുവിടും. കല്ലറ കുഞ്ഞച്ചന്‍ എന്നാണ് ഇപ്പോള്‍ അയാള്‍ അറിയപ്പെടുന്നത്. അയാളുടെ മക്കള്‍ക്ക് ഇതൊരു നാണക്കേടാണ്. കല്ലറപൊളിച്ചുകളയുവാന്‍ അവര്‍ പല തവണ ആവശ്യപ്പെട്ടെങ്കിലും അയാള്‍ അതിനു ഇതുവരെ വഴങ്ങിയിട്ടില്ല. 'ഞാന്‍ ചന്തു കഴിഞ്ഞാല്‍, ഒരൊറ്റ നായിന്റെ മക്കളും എനിക്കു നല്ലൊരു കല്ലറ പണിയുകയോ, അവിടെ തിരി കത്തിച്ച് പ്രാര്‍ത്ഥിക്കുകയോ ചെയ്യുകയില്ല എന്ന് എനിക്കു നല്ലതുപോലെ അറിയാം. ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഒരൊറ്റയെണ്ണം എന്റെ കാര്യം നോക്കുന്നില്ല. പിന്നാ ചത്തു കഴിഞ്ഞ്. പോയി പണി നോക്കിനെടാ-' കുഞ്ഞച്ചന്റെ കല്ലറ മക്കളെ കൊഞ്ഞനം കുത്തിക്കൊണ്ട് ആ വീടിനു മുന്നില്‍ത്തന്നെ ഇപ്പോഴുമുണ്ട്. കഴിഞ്ഞ സമ്മറില്‍ ഞാന്‍ സ്റ്റാറ്റന്‍ ഐലഡിലെ ക്ലോവ് ലേക്ക് പാര്‍ക്കില്‍കൂടെ നടക്കുകയായിരുന്നു. എന്റെ സുഹൃത്ത് ക്യാപ്റ്റന്‍ രാജു ഫിലിപ്പ് പൂച്ചക്കുഞ്ഞിന്റെ വലിപ്പമുള്ള ഒരു പട്ടിയേയും കൊണ്ട് എതിരേ വരുന്നു- എന്നെ രാജു, പട്ടിയ്ക്കു പരിചയപ്പെടുത്തി- 'മോനേ, ഇതാണു രാജു അങ്കിള്‍-' ഞാന്‍ അങ്കിളാണെന്നും പട്ടിയെ ധരിപ്പിച്ചാല്‍, ഞാനും ആവര്‍ഗ്ഗത്തില്‍പ്പെട്ടതാണെന്ന് പട്ടി തെറ്റിധരിക്കുമെന്നും, അതിനാല്‍ ദയവായി ഇതു ആവര്‍ത്തിക്കരുതെന്നും, ഞാന്‍ രാജുവിനോട് അപേക്ഷിച്ചു. 'അതൊക്കെ പോട്ടെ സഹോദരാ! ഞാന്‍ മറ്റൊരു കാര്യം ആലോചിക്കുകയായിരുന്നു-രാജു(എന്നെ ഉദ്ദേശിച്ച്) മരിക്കുമ്പോള്‍, എന്നെ മാസ്റ്റര്‍ ഓഫ് സെറിമമണീസ് ആക്കണമെന്നു പുഷ്പയോടു പ്രത്യേകം പറയണം- ആ സണ്ണി കോന്നിയൂരിനേയും, വളഞ്ഞവട്ടതിനെയൊന്നും ആക്കരുത്-എനിക്കാകുമ്പോള്‍ നേതാക്കന്മാരുമായി നല്ല പരിചയമാണ്- അവരാരെങ്കിലും വന്നാല്‍, ഞാനവരെക്കൊണ്ടു മട്ടത്തിനു അനുശോചനം പറയിക്കാം- ഞാനും ഒരു പ്രസംഗം കത്തിച്ചേക്കാം.' ക്യാപ്റ്റന്റെ ആ ആത്മാര്‍ത്ഥത കണ്ടപ്പോള്‍ ഞാന്‍ കരച്ചിലിന്റെ വക്കോളമെത്തി. പോകുന്ന പോക്കില്‍, 'ഞാനീ പറഞ്ഞ കാര്യം മറക്കല്ലേ പെങ്ങളെ' എന്നു പുഷ്പയോടു പറഞ്ഞിട്ട് രാജു നടന്നു നീങ്ങി. എന്റെ മരണം കാത്തിരിക്കുന്ന ക്യാപ്റ്റന്‍ ഇത്തവണ ഫോമ പ്രസിഡന്റായി മത്സരിക്കുന്നുണ്ട്. ക്യാപ്റ്റന്‍ രാജു എന്നെങ്കിലും ഫോമാ പ്രസിഡന്റായി ജയിക്കുന്നതു വരെ ജീവിച്ചിരിക്കണമെന്നൊരു ആഗ്രഹം എനിക്കുണ്ട്.

 

 

റിട്ടയര്‍മെന്റ് ലൈഫില്‍ സ്ഥിരം എവിടെ വേണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല-ഞാനും ഭാര്യയുമായുള്ള ഡിസ്‌ക്കഷനില്‍ ഫ്‌ളോറിഡായാണ് ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്നത്. അപ്പോ, ഇങ്ങേരു ഫ്‌ളോറിഡായില്‍ കിടന്നു മരിക്കുകയാണെങ്കില്‍, അവിടെത്തന്നെ അടക്കണമോ, അതോ ബോഡി ന്യൂയോര്‍ക്കിനു കൊണ്ടുവരണമോ?'- തീരെ പ്രതീക്ഷിക്കാതിരുന്ന ഈ ചോദ്യം കേട്ടപ്പോള്‍ ഞാനൊന്നു ഞെട്ടി. സംസാരശക്തി വീണ്ടെടുത്തപ്പോള്‍, നീയെന്താ അങ്ങിനെ ചോദിക്കുന്നത്'? എന്നു ഞാന്‍ തിരക്കി. അല്ല- നമ്മുടെ പരിചക്കാരു കൂടുതലും ന്യൂയോര്‍ക്കിലല്ലേ? അവിടെയാകുമ്പോള്‍ കൂടുതല്‍ ആളുകള്‍ വരുമല്ലോ? നമുക്കൊരു അന്തസ്സ്?'- അവള്‍ മനസ്സിലിരുപ്പു പറഞ്ഞു. ഇവളുടെ കൂടെയാണല്ലോ ഞാന്‍ രാത്രി പങ്കിടുന്നതെന്ന് ഓര്‍ത്തപ്പോള്‍ ഞാന്‍ വീണ്ടും ഞെട്ടി. 'കര്‍ത്താവേ- കാത്തു കൊള്ളണമേ' എന്നു മുട്ടിപ്പായി പ്രാര്‍ത്ഥിച്ചിട്ടാണ് ഞാന്‍ ഇപ്പോള്‍ ഉറങ്ങുവാന്‍ പോകുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.