You are Here : Home / Editorial

വേദനിയ്ക്കുന്ന കോടീശ്വരന്‍

Text Size  

Raju Mylapra ( Chief Editor ,Aswamedham)

rajumylapra@msn.com

Story Dated: Monday, August 21, 2017 11:14 hrs UTC

നമ്മുടെ ബഹുമാനപ്പെട്ട ഗതാഗത വകുപ്പു മന്ത്രി തോമസ് ചാണ്ടിയും, രാജ്യസഭ ഉപാദ്ധ്യക്ഷന്‍ ബഹുമാനപ്പെട്ട പി.ജെ.കുര്യന്‍സാറും ഉച്ചയൂണു കഴിഞ്ഞ്, തോമസ്ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് 'പാലസ് റിസോര്‍ട്ടി'ന്റെ വരാന്തയിലിരുന്നു സൊറ പറയുകയായിരുന്നു. തിരക്കുകളില്‍ നിന്നെല്ലാം ഒഴിഞ്ഞ് വല്ലപ്പോഴും ഒന്നു റിലാക്‌സ് ചെയ്യുന്നത് കാര്യന്‍ സാറിനു ഇഷ്ടമുള്ള വിനോദമാണ്. അപ്പോഴാതാ ദൂരെ നിന്നും ഒരു സാധുസ്ത്രീ ഒരു പിഞ്ചുകുഞ്ഞിനേയും എടുത്തു കരഞ്ഞുകൊണ്ട് ഓടുന്നു- കുഞ്ഞിന് ഏതോ അസുഖമാണ്. അവരുടെ വീട്ടില്‍ ഒരു ഓട്ടോ റിക്ഷാ പോലും എത്തുവാന്‍ വഴിയില്ല. കുഞ്ഞിനേയും എടുത്തു കൊണ്ട് ഓടുന്ന ആ സാധു സ്ത്രീയുടെ നൊമ്പരമോര്‍ത്തപ്പോള്‍ കോടീശ്വരനായ തോമസ് ചാണ്ടിയുടെ മനസു വേദനിച്ചു. ചാണ്ടി സാറിന്റെ വേദന കണ്ടപ്പോള്‍ കുര്യന്‍ സാറിനും വേദനിച്ചു. ദരിദ്രവാസികളായ വോട്ടര്‍മാര്‍ താമസിക്കുന്ന സ്ഥലത്തേക്ക് ഒരു റോഡു അത്യാവശ്യമാണെന്നുള്ള കാര്യത്തില്‍ ഇരുവര്‍ക്കും ഒരേ അഭിപ്രായമായിരുന്നു. ഉടന്‍ തന്നെ ചിന്ത എം.എല്‍.എ. ഫണ്ടും പെരുത്ത എം.പി. ഫണ്ടും റോഡു പണിക്കായി അനുവദിച്ചു.

 

 

യുദ്ധകാലടിസ്ഥാനത്തില്‍ പണി തുടങ്ങി. വിശാലമായ രാജവീഥി. സാധുക്കളുടെ കഷ്ടകാലം അല്ലാതെന്തു പറയുവാന്‍- 'ലേക്ക് പാലസ് റിസോര്‍ട്ടി'ന്റെ അങ്കണത്തിലെത്തയപ്പോഴേക്കും ഫണ്ടു തീര്‍ന്നു.('ഓണം പിറന്നാലും, ഉണ്ണി പിറന്നാലും ഓരോ കുമ്പിളില്‍ കണ്ണീര്'- എന്ന ഗാനം പശ്ചാത്തലത്തില്‍). തോമസ് ചാണ്ടി ഒരു നല്ല മനുഷ്യസ്‌നേഹിയാണെന്നുള്ള കാര്യത്തില്‍ ആര്‍ക്കും, പ്രത്യേകിച്ച് കുട്ടനാട്ടുകാര്‍ക്ക് യാതൊരു സംശയവുമില്ല. അതുകൊണ്ടാണല്ലോ അവര്‍ അദ്ദേഹത്തിനെ തുടര്‍ച്ചയായി തിരഞ്ഞെടുക്കുന്നത്. യോഗമുള്ളവനു തേടിവെയ്ക്കണ്ടാ എന്നു പറഞ്ഞതുപോലെ, ഏതോ കുരുത്തക്കേടു കാണിച്ചതിന്റെ പേരില്‍ ശശീന്ദ്രന്‍ സാറിന്റെ മന്ത്രിസ്ഥാനം തെറിച്ചപ്പോള്‍, പകരം വെയ്ക്കാന്‍ തോമസ് ചാണ്ടിയല്ലാതെ മറ്റൊരു എം.എല്‍.എ- എന്‍സിപി എന്ന പാര്‍ട്ടിയില്‍ ഉണ്ടായിരുന്നില്ല. അതുവരെ തമാശ പറഞ്ഞ് പാട്ടും പാടി നടന്നിരുന്ന ഉഴവൂര്‍ വിജയന്‍ പാര്‍ട്ടിയില്‍ ഒന്നുമല്ലാതായി. പാടിപ്പാടി ഉഴവൂര്‍ വിജയന്‍ ചങ്കു പൊട്ടിമരിച്ചു.

 

 

 

കുവൈറ്റിലെ വലിയ ബിസിനസ് സാമ്രാജ്യം ബന്ധുക്കളെ ഏല്‍പിച്ചിട്ടാണ്, ബഹു. തോമസ്ചാണ്ടി കേരള ജനതയെ ഉദ്ധരിക്കാനായി ഇങ്ങോട്ടു വെച്ചു പിടിച്ചത്. കേരള ടൂറിസം, പ്രത്യേകിച്ച് ആലപ്പുഴയിലെ ടൂറിസ വികസനത്തിനാണ്, അദ്ദേഹം കഴിഞ്ഞ പത്തു നാല്‍പതു കൊല്ലം മരുഭൂമിയില്‍ കിടന്നു കഷ്ടപ്പെട്ടു സമ്പാദിച്ച 150 കോടി ലേക്ക് പാലസ് റിസോര്‍ട്ടിനു വേണ്ടി മുടക്കിയത്. അതു താന്‍ കാണിച്ച ഒരു മണ്ടത്തരമാണെന്നാണ് അദ്ദേഹം നിയമസഭയില്‍ പ്രസ്താവിച്ചത്. ദോഷം പറയരുതല്ലോ, 'ലേക്ക് പാലസ് റിസോര്‍ട്ട്' ആലപ്പുഴക്കു മാത്രമല്ല, കേരളത്തിനു മൊത്തം അഭിമാനിക്കാവുന്ന ഒരു സ്ഥാപനമാണ്. പല അമേരിക്കന്‍ ദേശീയ സംഘടനകളുടേയും സമ്മേളനങ്ങള്‍ അവിടെ നടന്നിട്ടുണ്ട്. ചാണ്ടിസാറു കൂടെക്കൂടെ പല കാര്യങ്ങള്‍ക്കായി, പ്രത്യേകിച്ച് മെഡിക്കല്‍ ട്രീറ്റുമെന്റിനായി അമേരിക്ക സന്ദര്‍ശിക്കാറുണ്ട്.

 

 

 

 

അവസരമൊത്തു വരുമ്പോഴൊക്കെ അദ്ദേഹം ഫോമാ, ഫൊക്കാനാ, പ്രസ്‌ക്ലബ് തുടങ്ങിയവര്‍ സംഘടിപ്പിക്കുന്ന സദസ്സുകളില്‍ പ്രസംഗിക്കാറുമുണ്ട്. കേള്‍വിക്കാരില്‍ ഒരു ബോറടിയും ഉണ്ടാക്കാത്ത നല്ല പ്രസംഗം. പിന്നെ പ്രസംഗ വേദിയിലും, അസംബ്ലിയിലും മറ്റുമിരുന്നു ഉറങ്ങുന്നത് ക്ഷീണം കൊണ്ടായിരിക്കാം. പക്ഷേ ഇതിനിടയ്ക്കു ചില കുബുദ്ധികള്‍ വിവരാവകാശ നിയമമനുസരിച്ച് അദ്ദേഹത്തിനെതിരായ ചില രേഖകള്‍ സമ്പാദിച്ചു. അനധികൃത സ്വത്തു സമ്പാദനം, ഭൂമി കൈയേറ്റം- കായല്‍ നികത്തല്‍- കായല്‍ മാന്തിയെടുത്ത ചെളിമണ്ണു തന്റെ പാടശേഖരത്തില്‍ ഇടുവാന്‍ അനുവദിച്ചതാണു അദ്ദേഹം ചെയ്ത വലിയ തെറ്റ്. ചെളിയവിടെ കിടന്നുറച്ച് കരയായി. അതിന് ആരാണുത്തരവാദി?

 

 

 

അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചപ്പോള്‍ ചെറിയൊരു മിസ്‌റ്റേക്കുണ്ടായി. റിസോര്‍ട്ടിന്റെ കാര്യം രേഖപ്പെടുത്തിയിട്ടില്ല. അതു കൂടാതെ മറ്റു പതിമൂന്നു കെട്ടിടങ്ങളുടെ കാര്യവും. അതിത്ര വലിയ ആനക്കാര്യമാക്കണമോ? മുഖ്യമന്ത്രി പിണറായി വിജയനും, മന്ത്രി സുധാകരനുമെല്ലാം അദ്ദേഹത്തിനു സപ്പോര്‍ട്ടായി രംഗത്തുണ്ട്. എന്‍സിപി പാര്‍ട്ടി നേതാവ് ശരത് യാദവ് ഇപ്പോള്‍ ചാണ്ടിച്ചായന്റെ വലിയ കീശയിലാണു അന്തിയുറങ്ങുന്നത്. അദ്ദേഹത്തിനെതിരെ ശബ്ദമുയര്‍ത്തിയ ബി.കെ.വിനോദിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. എന്‍സിപി യുടെ കേരളഘടകം പിരിച്ചു വിട്ടു പുനഃസംഘടിപ്പിക്കുവാനൊരുങ്ങുകയാണ് വേദനിയ്ക്കുന്ന ആ കോടീശ്വരനേ ഇനിയും വേദനിപ്പിക്കരുതേ!

 

 

ചിന്താവിഷയം: ധനവാന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കുന്നതിലും എളുപ്പം ഒട്ടകം സൂചികുഴയിലൂടെ കടക്കുന്നതാണ്(ബൈബിള്‍)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From Featured News
View More
More From Trending
View More