You are Here : Home / Editorial

എന്തിനാണ് ഈ കോലാഹലം?

Text Size  

Raju Mylapra ( Chief Editor ,Aswamedham)

rajumylapra@msn.com

Story Dated: Thursday, July 06, 2017 10:21 hrs UTC

ഞാന്‍ ജനിച്ചത് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് വിശ്വാസത്തിലാണെന്നാണെന്റെ വിശ്വാസം. ഞങ്ങളുടെ അല്പം അകന്ന ബന്ധത്തില്‍പ്പെട്ട 'നാരങ്ങ വല്യപ്പന്‍' എന്നൊരാളാണ് എന്റെ 'തല തൊട്ടപ്പന്‍' എന്നു ആരോ പറഞ്ഞ് ഞാന്‍ കേട്ടിട്ടുണ്ട്. സഭയുടെ വിശ്വാസത്തില്‍ എന്നെ വളര്‍ത്തിക്കൊള്ളാമെന്നു പ്രതിജ്ഞയെടുത്ത 'നാരങ്ങായപ്പച്ചന്‍' ഞാന്‍ മുട്ടിലിഴയുന്നതിനു മുന്‍പുതന്നെ വടിയായി കാലപുരിയിലേക്കു കാലും നീട്ടിയിരിക്കുന്ന വല്യപ്പച്ചന്‍ന്മാരേയും അമ്മച്ചിമാരേയും കൊണ്ട് സഭയുടെ വിശ്വാസത്തില്‍ വളര്‍ത്തിക്കൊള്ളാമെന്നു പ്രതിജ്ഞയെടുപ്പിക്കുന്നതിന്റെ യുക്തി എനിക്കതുവരെ മനസ്സിലായിട്ടില്ല. എന്റെ ചെറുപ്പകാലത്ത് യാക്കോബായ, റീത്ത്, മാര്‍ത്തോമ്മ- എന്നീ മൂന്നു പള്ളികളേ മൈലപ്രായില്‍ നിലവിലുണ്ടായിരുന്നുള്ളൂ- എല്ലാവരും തമ്മില്‍ വളരെ സൗഹൃദം-അന്നും-ഇന്നും. ്അമേരിക്കയില്‍ വന്നതിനു ശേഷമാണു യാക്കോബായ, ഓര്‍ത്തഡോക്‌സ് എന്നീ രണ്ടു വിഭാഗങ്ങള്‍ ഒരേ സഭയിലുണ്ടെന്ന് എനിക്കു മനസ്സിലായത്.

 

 

ഓര്‍ത്തഡോക്‌സ് സഭയുടെ പ്രത്യേക മഹത്വം കൊണ്ടൊന്നുമല്ല-ജനിച്ചത് അവിടെയായതു കൊണ്ട് അതു നിലനിര്‍ത്തിപ്പോരുന്നു. വിശ്വാസത്തിന്റെ പേരില്‍ അങ്ങോട്ടോ ഇങ്ങോട്ടോ മാറേണ്ട ഒരു പ്രത്യേകതയും ഞാന്‍ ഒരു സഭയിലും കാണുന്നില്ല. സഭയുടെ പല ആചാരങ്ങളോടും എനിക്കു യോജിക്കുവാന്‍ പ്രയാസമുണ്ട്. ഉദാഹരണത്തിന് തിരുമേനിമാരുടെ കല്പന വായിക്കുമ്പോള്‍ എഴുന്നേറ്റു നില്‍ക്കണമെന്നും, ഇടവും വലവും രണ്ടു കുട്ടികുപ്പായക്കാര്‍ മെഴുകുതിരി പിടിച്ചു നില്‍ക്കണമെന്നും മറ്റുമുള്ള ആചാരങ്ങള്‍ എത്ര പ്രാകൃതമാണ്. എങ്കിലും ഞാന്‍ എഴുന്നേറ്റു നില്‍ക്കുകയും കുരിശു വരയ്ക്കുകയും മറ്റും ചെയ്യും. അതൊക്കെ സഭയുടെ നിയമങ്ങളാണ്. സഭയുടെ ഒരു അംഗമായിരിക്കുന്നിടത്തോളം കാലം ഞാന്‍ അത് അനുസരിക്കുവാന്‍ ബാദ്ധ്യസ്ഥനാണ്. ഇഷ്ടമല്ലെങ്കില്‍  പുറത്തു പോകാം. അതിനെതിരെ നടപടികളൊന്നുമുണ്ടാകില്ല. ഈയടുത്ത കാലത്ത് ഇപ്പോഴത്തെ പരിശുദ്ധ കാതോലിക്കാബാവയുടെ ഒരു അഭ്യര്‍ത്ഥന യൂട്യൂബില്‍ കാണുവാനിടയായി. കുര്‍ബാനയ്ക്കു മുമ്പായി അദ്ദേഹം 'ക്വൊയര്‍' കാരോടു ഒരു അഭ്യര്‍ത്ഥന നടത്തി.

 

 

 

"ഒരിക്കലും കാര്‍മ്മീകന്റെ ശബ്ദത്തേക്കാള്‍ ഗായകശബ്ദത്തിന്റെ സ്വരം ഉയര്‍ന്നു നില്‍ക്കരുത്. തോന്നുമ്പോള്‍ തോന്നുന്നതുപോലെ ആരാധനാ ഗീതങ്ങളുടെ ഈണം മാറ്റരുത്. ദൈവം തമ്പുരാന്‍ പലര്‍ക്കും പല ശബ്ദമാണു കൊടുത്തിരിക്കുന്നത്. ഈ ശബ്ദങ്ങളെല്ലാം കൂടി ചേര്‍ന്നാലെ ആരാധന പൂര്‍ണ്ണാകൂ ഇതൊരു ഗാനമേളയല്ല. ദയവു ചെയ്ത് ഞാന്‍ കുര്‍ബാന അര്‍പ്പിക്കുന്ന സമയത്തെങ്കിലും ഇത് ഒഴിവാക്കണം.' തിരുമേനിയുടെ ഈ അഭ്യര്‍ത്ഥ കേട്ടപ്പോള്‍, പഴയകാലത്ത് അപ്പച്ചന്മാരും അമ്മച്ചിമാരും ആത്മാര്‍ത്ഥമായി പാടിയിരുന്ന ഗാനങ്ങള്‍ സ്വര്‍ഗ്ഗവാതില്‍ തുറക്കുന്നതിനു പര്യാപ്തമായിരുന്നു എന്നോര്‍ത്തു പോകുന്നു. അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ മാര്‍ നിക്കോളാവസ് തിരുമേനിയും ഇതേ അഭിപ്രായം പറയുന്നത് കേള്‍ക്കുവാന്‍ ഇടവന്നിട്ടുണ്ട്. സംഗീതം മധുരതരമാണ്. ആരാധനയുടെ ഭാഗമായി അതൊരു ശബ്ദകോലാഹലമായി മാറരുത് എന്നാണെന്റെ അഭിപ്രായം. നമ്മുടെ പഴയഗീതങ്ങളും അതിന്റെ സംഗീതവുമൊക്കെ എത്ര മനോഹരമായിരുന്നു. ആര്‍ക്കറിയാം? ഒരു പക്ഷേ സ്വര്‍ഗ്ഗത്തിലെ മാലാഖമാരും അവരുടെ സ്തുതിഗീതങ്ങളുടെ ശ്രുതി മാറ്റിക്കാണുമായിരിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.