You are Here : Home / Editorial

കോണ്‍ഗ്രസുകാര്‍ക്ക് തലയില്‍ ആള്‍ താമസമൊന്നുമില്ലേ...?

Text Size  

Raju Mylapra ( Chief Editor ,Aswamedham)

rajumylapra@msn.com

Story Dated: Wednesday, March 15, 2017 12:40 hrs UTC

മഹാനായ മഹാത്മാ ഗാന്ധിജിയും, രാഹുല്‍ ഗാന്ധിയുമായി യാതൊരു ബന്ധവുമില്ല. എങ്കിലും ഒരു മുന്‍ജന്മ ബന്ധം പോലെ, ഒരു നിയോഗം പോലെ ഗാന്ധിജിയുടെ ഒരാഗ്രഹം നിറവേറുവാന്‍ ജന്മമെടുത്തവനാണ് രാഹുല്‍ മോന്‍. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ കോണ്‍ഗ്രസ് എന്ന സംഘടന പിരിച്ചു വിടണമെന്ന ആഗ്രഹം ഗാന്ധിജി പ്രകടിപ്പിച്ചു. ആ ആത്മാവിന് ശാന്തി കിട്ടട്ടെ എന്നു കരുതിയാവാം 'പിരിച്ചു വിടുകയല്ല-ഞാന്‍ കുഴിച്ചു മൂടിയേക്കാം...' എന്ന ശപഥവുമായി ഇളയ രാജാവ് ഇപ്പോള്‍ കോണ്‍ഗ്രസ് പടയെ നയിക്കുന്നത്. അഞ്ചുസംസ്ഥാനങ്ങളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പോടു കൂടി കോണ്‍ഗ്രസിന്റെ ശവപ്പെട്ടിയുടെ അവസാന ആണിയും അടിച്ചു കഴിഞ്ഞു ഈ കൊച്ചു കൊല്ലന്‍. ഇനി കുഴി വെട്ടി മൂടുക എന്നൊരു കര്‍മ്മം കൂടി മാത്രമേ ബാക്കിയുള്ളു. 'മായാവി' എന്ന മലയാള സിനിമയില്‍ സലിം കുമാര്‍ അവതരിപ്പിക്കുന്ന സ്രാങ്ക് എന്നൊരു ഉജ്ജ്വല കഥാപാത്രം സംശയത്തോടെ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. 'ഇതെന്തൊരു മറിമായം...? എനിക്കു ഭ്രാന്തായിപ്പോയതാണോ, അതോ ഈ നാട്ടുകാര്‍ക്കു മൊത്തം ഭ്രാന്തായിപ്പോയതാണോ...?' എന്ന്.

 

സത്യത്തില്‍ ഈ കോണ്‍ഗ്രസുകാര്‍ക്ക് തലയില്‍ ആള്‍ താമസമൊന്നുമില്ലേ...? ഈ രാഹുല്‍ മോനെ മുന്നില്‍ നിര്‍ത്തി മോദിക്കെതിരെ പടനയിച്ചാല്‍ ഒരു ഗതിയും പരഗതിയും കിട്ടാതെ പോകുമല്ലോ എന്ന തിരിച്ചറിവ് അവര്‍ക്കില്ലാതെ പോയല്ലോ...? രാഹുല്‍ മോന്‍ ആയ കാലത്തു വിവാഹം കഴിച്ചിരുന്നെങ്കില്‍, വോട്ടവകാശമുള്ള രണ്ടു മൂന്നു കുട്ടികളുടെ പിതാജി സ്ഥാനം അലങ്കരിക്കുവാനുള്ള പ്രായമുണ്ട് ഈ മഹാന്. കോണ്‍ഗ്രസിന്റെ യുവനേതാവാണു പോലും...! എന്തിനു വിവാഹം കഴിക്കണം...? ഇടയ്ക്കിടെ നില്‍ക്കുന്ന നില്‍പ്പില്‍ മുങ്ങുന്നില്ലേ...? ഇറ്റലിയിലാണോ, കോവളത്താണോ, ഹരിദ്വാറിലാണോ എന്നു മാതാജിക്കു പോലും ഒരു ഹിന്റു കൊടുക്കുകയില്ല. എവിടെ ദ്വാരമുണ്ടോ അവിടെ മോന്‍ജിയുണ്ട്. ഒന്നു രണ്ടു മാസങ്ങള്‍ക്കു മുമ്പ് നമ്മുടെ പ്രിയങ്കരനായ മോന്‍ജി ഒരു കാച്ചു കാച്ചി. അതും പാര്‍ലമെന്റില്‍ മോദിക്കെതിരെ ഒരു കലിപ്പന്‍ ബോംബു തന്റെ കൈയിലുണ്ടെന്നും, അതു ഉടന്‍ തന്നെ പൊട്ടിക്കുമെന്നും പൊട്ടിച്ചാല്‍ കസേരയുള്‍പ്പെടെ മോദി തെറിച്ചു പോകുമെന്നുമുള്ള ഒരു ഒന്നൊന്നര കാച്ച്.

 

പ്രതിപക്ഷം ഒന്നടങ്കം ആശാന്റെ ഈ വീശില്‍ വീണു പോയി. പാര്‍ലമെന്റ് പത്തു പതിനഞ്ചു ദിവസം കൂടിയിട്ടും ടിന്റു മോന്‍ ബോംബെറിഞ്ഞു കളിച്ചില്ല. ഒരു ഓലപ്പടക്കം പോലും പൊട്ടിക്കുവാന്‍ പയ്യന്‍സിനു കഴിഞ്ഞില്ല. നെഹ്‌റു കുടുംബത്തിലെ ഝാന്‍സി റാണി ആയ, ഉണ്ണിയാര്‍ച്ചയായ സാക്ഷാല്‍ പ്രിയങ്കയെ അങ്കത്തിനിറക്കി എല്ലാം വെട്ടിപ്പിടിക്കും എന്നും ഇടയ്ക്കിടെ കോണ്‍ഗ്രസുകാര്‍ വീമ്പിളക്കും. കളങ്ക രഹിതനായ തന്റെ ഭര്‍ത്താവ് തിഹാര്‍ ജയിലില്‍ പോയി സുഖവാസം അനുഭവിക്കേണ്ടി വരുമെന്നുള്ള തിരിച്ചറിവുള്ളതുകൊണ്ട്, കൊച്ച് അടുക്കളയിലേക്കു തന്നെ ഒതുങ്ങിക്കൂടും. കോണ്‍ഗ്രസിന്റെ കാര്യത്തില്‍ കേരളത്തിലും ഏതാണ്ടൊരു തീരുമാനമായി. ആദര്‍ശ ധിരനായ വി.എം സുധീരനെ ചാണ്ടിജിയും രമേശ്ജിയും കൂടി പുകച്ചു പുറത്തു ചാടിച്ചു.

 

ഇനിയിപ്പോള്‍ ആര് എന്ന ചോദ്യം വട്ടം കറങ്ങുന്നു. വേണമെന്നു ചിലര്‍, വേണ്ടായെന്നു ചിലര്‍. പിണറായിയേയും, കോടിയേരിയേയും നേരിടണമെങ്കില്‍ താന്‍ തന്നെ വേണമെന്നു സുധാകര്‍ജി. തെരഞ്ഞെടുപ്പില്‍ തറ പറ്റിയ ഈ നേതാവായിരിക്കും കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കുവാന്‍ പറ്റിയ നേതാവ്. ഇനി എല്ലാം അമ്മയും മോനും മാത്രം അടങ്ങുന്ന ഹൈക്കമാന്‍ഡിന്റെ കരങ്ങളില്‍. അവരുടെ അടുക്കളക്കാരനായ ആന്റണി എന്ന യുവ നേതാവിന്റേതാവും അവസാന തീരുമാനം. ഈ കോണ്‍ഗ്രസിന്റെ ഒരു കാര്യമേ...!

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.