You are Here : Home / വെളളിത്തിര

മൈ സ്റ്റോറിയുടെ റിലീസ് 15ന്?

Text Size  

Story Dated: Sunday, June 03, 2018 04:28 hrs UTC

നോമ്ബ് കാലത്തിന്‍റെ ആലസ്യത്തിന് ശേഷം തീയേറ്ററുകള്‍ ഉണരുന്ന പെരുന്നാള്‍ കാലം മലയാളസിനിമയുടെ വര്‍ഷത്തിലെ ഏറ്റവും വലിയ സീസണുകളിലൊന്നാണ്. മോഹന്‍ലാല്‍, മമ്മൂട്ടി, ജയസൂര്യ ചിത്രങ്ങള്‍ക്കൊപ്പം പൃഥ്വിരാജ് ചിത്രവും പെരുന്നാള്‍ റിലീസായാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ഇതില്‍ മോഹന്‍ലാലിന്‍റെ നീരാളി, മമ്മൂട്ടി നായകനാവുന്ന അബ്രഹാമിന്‍റെ സന്തതികള്‍, ജയസൂര്യ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഞാന്‍ മേരിക്കുട്ടി എന്നീ ചിത്രങ്ങളൊക്കെ ഇതിനകം റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. പൃഥ്വിയുടെ റോഷ്നി ദിനകര്‍ ചിത്രം മൈ സ്റ്റോറിയുടെ റിലീസ് ഡേറ്റ് ഈ മാസം 15നെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നെങ്കിലും ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജിലും പൃഥ്വിരാജിന്‍റെ പേജിലുമൊക്കെ 'ഉടന്‍ വരുന്നു' എന്നാണുള്ളത്. ചിത്രം 15ന് തന്നെ തീയേറ്ററുകളില്‍ എത്തില്ലേ? സംവിധായിക റോഷ്നി ദിനകര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് മറുപടി പറയുന്നു.

"ജൂണ്‍ 15 എന്ന റിലീസ് തീയ്യതിയാണ് ഇപ്പോള്‍ വരെ ഞങ്ങളുടെയും മനസ്സില്‍. ഇതുവരെയുള്ള തീരുമാനം അതാണ്. ഒരു കാര്യം കൊണ്ടുമാത്രമേ ആ തീയ്യതി മാറാന്‍ സാധ്യതയുള്ളൂ. അത് നിപയാണ്. മലയാള സിനിമയുടെ ഏറ്റവും വലിയ സീസണുകളിലൊന്നാണ് പെരുന്നാള്‍. മലപ്പുറം, കോഴിക്കോട് മേഖലകളിലൊക്കെ വലിയ കളക്ഷന്‍ ലഭിക്കുന്ന കാലം. അതിനെക്കുറിച്ച്‌ ഞങ്ങള്‍ക്ക് ബോധ്യമുണ്ട്. അതേസമയം ഇക്കുറി നിപ കളക്ഷനെ ബാധിക്കുമോ എന്നും സംശയമുണ്ട്. മൂന്നോ നാലോ കോടി രൂപയുടെ ചിത്രമായിരുന്നെങ്കില്‍ റിസ്ക് എടുക്കാന്‍ ബുദ്ധിമുട്ടില്ലായിരുന്നു. ഇത് പക്ഷേ അല്‍പം വലിയ ചിത്രമാണ്. 18 കോടിയാണ് ബജറ്റ്. ഞാനിപ്പോള്‍ കൊല്‍ക്കത്തയിലാണ് ഉള്ളത്. അതിനാല്‍ നാട്ടില്‍ നിപ സൃഷ്ടിച്ച ഭീതിയെപ്പറ്റി അത്ര ബോധ്യമില്ലായിരുന്നു. അവിടെയുള്ള സഹപ്രവര്‍ത്തകരില്‍ നിന്നാണ് അതേക്കുറിച്ച്‌ അറിയുന്നത്. ഇതുവരെ റിലീസ് തീയ്യതിയില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. പക്ഷേ നിപ സൃഷ്ടിക്കുന്ന കണ്‍ഫ്യൂഷന്‍ വരുംദിവസങ്ങളില്‍ വിലയിരുത്തിയതിന് ശേഷം അടുത്തയാഴ്ചയോടെ റിലീസ് തീയ്യതിയുടെ കാര്യത്തില്‍ ഒരു അന്തിമ തീരുമാനത്തിലെത്തും. 15ന് സിനിമ എത്തുമോ ഇല്ലയോ എന്ന കാര്യം അടുത്ത ആഴ്ച തീരുമാനിക്കാനാവും.."

സിനിമ താന്‍ കരുതിയതുപോലെ പൂര്‍ത്തീകരിക്കാനായെന്നും രണ്ട് മണിക്കൂര്‍ 17 മിനിറ്റാണ് ഫൈനല്‍ കട്ട് എന്നും റോഷ്നി പറഞ്ഞു. "കേരളത്തില്‍ നൂറിലധികം തീയേറ്ററുകളില്‍ റിലീസ് ചെയ്യും. അതേദിവസമാവും കേരളത്തിന് പുറത്തുള്ള സെന്‍ററുകളിലും", മൈ സ്റ്റോറി സംവിധായിക പറഞ്ഞവസാനിപ്പിക്കുന്നു.

എന്ന് നിന്‍റെ മോയ്തീന് ശേഷം പൃഥ്വിയും പാര്‍വതിയും ഒരുമിച്ച്‌ സ്ക്രീനിലെത്തുന്ന ചിത്രം കൂടിയാണ് മൈ സ്റ്റോറി. ജയ് എന്ന കഥാപാത്രമായി പൃഥ്വിയും താരയായി പാര്‍വതിയും എത്തുന്നു. ശങ്കര്‍ രാമകൃഷ്ണന്‍റേതാണ് തിരക്കഥ. നിര്‍മ്മാണവും റോഷ്നി ദിനകര്‍ തന്നെയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.