You are Here : Home / വെളളിത്തിര

ജഗന്നാഥവര്‍മ്മ ഇടതുകണ്ണ് നഷ്ടപ്പെടുത്തിയത് ആര്‍ക്കുവേണ്ടി?

Text Size  

Story Dated: Wednesday, April 30, 2014 09:48 hrs UTC

സിനിമയില്‍ അഭിനയിച്ചതിന് പോലീസിലെ മേലുദ്യോഗസ്ഥരില്‍ നിന്ന് ഒരുപാട് പീഡനങ്ങളേല്‍ക്കേണ്ടിവന്നിട്ടുണ്ട്, നടന്‍ ജഗന്നാഥവര്‍മ്മയ്ക്ക്. പീഡനം അസഹ്യമായപ്പോഴാണ് അദ്ദേഹം അഞ്ചുവര്‍ഷത്തേക്ക് സര്‍വീസില്‍ നിന്ന് ലീവെടുത്തത്. അക്കാലത്ത് ഒരുപാട് ഹിറ്റ് സിനിമകളില്‍ അഭിനയിച്ചു.
ലീവ് കഴിഞ്ഞ് ഡിപ്പാര്‍ട്ട്‌മെന്റില്‍ തിരിച്ചെത്തിയപ്പോഴേക്കും പഴയ മേലുദ്യോഗസ്ഥരൊക്കെ വിമരിച്ചിരുന്നു. പിന്നീട് 1994 ഏപ്രിലിലാണ് പോലീസ് അക്കാദമിയില്‍ നിന്നും എസ്.പി ആയി അദ്ദേഹം റിട്ടയര്‍ ചെയ്യുന്നത്. ജീവിതം കലയ്ക്കുവേണ്ടിയാണ് ജഗന്നാഥവര്‍മ്മ സമര്‍പ്പിച്ചത്. സിനിമയ്‌ക്കൊപ്പം കഥകളിയോടും പ്രിയമായിരുന്നു. കഥാപാത്രത്തിനുവേണ്ടി എന്തും ചെയ്യാന്‍ തയ്യാറുള്ള അദ്ദേഹത്തിന് ഒരു സിനിമാഷൂട്ടിംഗിനിടെയാണ് തന്റെ ഇടതുകണ്ണ് നഷ്ടപ്പെട്ടത്.
ആ സംഭവം വേദനയോടെയോ അദ്ദേഹത്തിന് ഓര്‍ക്കാന്‍ കഴിയൂ.  
'ബോക്‌സര്‍' എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുകയാണ്. ഡി.ജി.പിയുടെ വേഷത്തിലാണ് ഞാന്‍. എന്നെക്കൊല്ലാന്‍ വേണ്ടി നെഞ്ചത്തും കണ്ണിനു മുകളിലും  ബോംബ് കെട്ടിവച്ചിട്ടുണ്ട്. ബോംബ് എന്നുവച്ചാല്‍ യഥാര്‍ഥ ബോംബല്ല. വെടിമരുന്ന് നിറച്ച ഒരു ബോള്‍. അതിനു വയര്‍ കണക്ട് ചെയ്ത് ദൂരെ നിന്ന് റിമോട്ടിലൂടെ ഒരാള്‍ നിയന്ത്രിക്കും. വണ്‍, ടു, ത്രീ, ഫോര്‍ എന്നു പറയുമ്പോഴേക്കും അതു പൊട്ടും. സാധാരണഗതിയില്‍ ശരീരത്തിനു പോറലേല്‍ക്കില്ല. ഇതുപോലെ ഒരുപാടു തവണ വലിയ വലിയ ബോംബുകള്‍ നെഞ്ചത്തുവച്ച് പൊട്ടിച്ചിട്ടുണ്ട്. വില്ലനാവുമ്പോള്‍ ഇതൊക്കെ അനുഭവിക്കണം. പക്ഷേ ഇത്തവണ വണ്‍, ടു എന്നു പറഞ്ഞപ്പോഴേക്കും ബോംബ് പൊട്ടി. ആകെ പുകമയം. കണ്ണു തുറന്നുനേക്കിയപ്പോള്‍ കുഴപ്പമൊന്നുമില്ല. നിയന്ത്രിച്ചയാള്‍ക്ക് പ്രാക്ടീസ് കുറഞ്ഞതാണ് പ്രശ്‌നമായത്. ഷൂട്ടിംഗ് പായ്ക്കപ്പായശേഷം നേരെ പോയത് മകളുടെ വീട്ടിലേക്കായിരുന്നു.

''അച്ഛന്റെ മുഖമെന്താ കരുവാളിച്ചിരിക്കുന്നത്?''
മരുമകനും സംവിധായകനുമായ വിജി തമ്പിയുടെ ചോദ്യം കേട്ടപ്പോള്‍ ഞാനൊന്നു ഞെട്ടി. കണ്ണാടിയില്‍ നോക്കിയപ്പോള്‍ ശരിയാണ്. തലേ ദിവസമുണ്ടായ സ്‌ഫോടനത്തെക്കുറിച്ച് അവനോട് പറഞ്ഞു.
''എന്തിനാ ഇതിനൊക്കെ അച്ഛന്‍ സമ്മതിച്ചുകൊടുത്തത്?''
അവന്റെ ചോദ്യത്തിന് എനിക്കുത്തരമുണ്ടായില്ല. ഈശ്വരന്‍ സഹായിച്ച് മുഖത്തൊന്നും വന്നില്ലല്ലോ എന്ന ആശ്വാസമായിരുന്നു എനിക്ക്. ഒരാഴ്ച കഴിഞ്ഞ് പറമ്പില്‍ തേങ്ങയിടാന്‍ പോയി തിരിച്ചുവരുമ്പോഴാണ് ഇടത്തേ കണ്ണില്‍ നിന്ന് പുകയുയരുന്നത് ശ്രദ്ധയില്‍പെട്ടത്. ഒപ്പം വല്ലാത്ത വേദനയും. മിനുട്ടുകള്‍ കഴിഞ്ഞപ്പോഴേക്കും ഒന്നും കാണാന്‍ പറ്റാതായി.  ഉടന്‍ തന്നെ ഡോ.മാത്യൂസിനെ കാണിച്ചു. മൂന്നു മണിക്കൂര്‍ നേരമാണ് ഡോക്ടര്‍ പരിശോധിച്ചത്. എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ടെന്ന് എനിക്കു തോന്നി.  
''സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ കണ്ണിന്റെ റെറ്റിന ചിതറിപ്പോയിരിക്കുന്നു. അതു ശരിയാക്കാനുള്ള ചികിത്സ കേരളത്തിലില്ല. മധുരയില്‍ പോയാല്‍ ഒരു പക്ഷേ...''
ഡോക്ടര്‍ക്കും ഉറപ്പില്ല. എങ്കിലും പിറ്റേ ദിവസം തന്നെ മധുര കണ്ണാശുപത്രിയിലേക്കു പോയി. അണ്ണാ പെരുമാള്‍ എന്ന പ്രശസ്തനായ ഡോക്ടറുടെ മുമ്പിലേക്ക്. വിശദമായ പരിശോധനയ്ക്കുശേഷം ഡോക്ടര്‍ കാര്യം പറഞ്ഞു.
''കുറച്ച് കോംപ്ലിക്കേറ്റഡാണ്. ഓപ്പറേഷന്‍ നടത്തിയാല്‍ ചിലപ്പോള്‍ ശരിയാവും. ഉറപ്പുതരാന്‍ കഴിയില്ല.''
സമ്മതിച്ചു. പക്ഷേ ഓപ്പറേഷന്‍ നടത്തിയിട്ടും ഗുണം കിട്ടിയില്ല. ഒരു ഓപ്പറേഷന്‍ കൂടി ചെയ്താലോ എന്നു ചോദിച്ചപ്പോഴും എതിര്‍പ്പ് പ്രകടിപ്പിച്ചില്ല. കണ്ണിനു മുകളില്‍ അനസ്‌തേഷ്യ ഇന്‍ജക്ഷന്‍ നടത്തി മരവിപ്പിച്ചാണ് ഓപ്പറേഷന്‍. അതു കഴിഞ്ഞ് ബോധം വരുമ്പോള്‍ കഠിനമായ വേദനയാണ്. സഹിക്കാന്‍ പറ്റാത്തതിലുമധികം വേദനയില്‍ പിടഞ്ഞുപോയിട്ടും അനുസരണയുള്ള കുട്ടിയെപ്പോലെ കിടന്നു. അടുത്ത ദിവസം രാവിലെ ഡോക്ടര്‍ അടുത്തുവന്നിരുന്നു.
''സോറി, മിസ്റ്റര്‍ വര്‍മ്മ. ഞങ്ങള്‍ മാക്‌സിമം ട്രൈ ചെയ്തു. പക്ഷേ...''
സഹനത്തിനും ഫലമുണ്ടായില്ല. എന്നന്നേക്കുമായി ആ കണ്ണിന്റെ പ്രവര്‍ത്തനം നിലച്ചു. അതോടെ വലത്തേകണ്ണിന് സ്‌ട്രെയിന്‍ കൂടി. ആ ഒറ്റക്കണ്ണു കൊണ്ടാണ് പിന്നീടുള്ള സിനിമകളിലൊക്കെ അഭിനയിച്ചത്.
ഒരു കണ്ണിന്റെ കാഴ്ച പോയതോടെ ഒരു ദിവസം സ്‌റ്റെപ്പില്‍ നിന്നു വീണു. അതോടെയാണ് ശാരീരികമായ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. മിക്കപ്പോഴും പുറംവേദനയാണ്.  അധികനേരം നില്‍ക്കാന്‍ പോലും കഴിയില്ല.

  Comments

  നിങ്ങളുടെ അഭിപ്രായങ്ങൾ


  PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.  Related Articles

 • ജന പീഡന പ്രക്രീയ, രാഷ്ട്രീയത്തിലെ ഒത്തുകളി-3
  ഈ ലേഖനപരമ്പരയില്‍ മുന്‍ലക്കത്തില്‍ സൂചിപ്പിച്ച കഥാപാത്രം വര്‍ക്കിച്ചന്റെ ഈ നിലപാടൊക്കെ തന്നെയാണ് കേരളത്തിലെ എന്നല്ല...

 • ബാര്‍ ലൈസന്‍സ്‌ പ്രശ്‌ന പരിഹാരത്തിനുള്ള സാധ്യതകള്‍ മെച്ചപ്പെട്ട അവസ്‌ഥയില്‍: വി.എം സുധീരന്‍
  തിരുവനന്തപുരം :മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയും കെപിസിസി പ്രസിഡന്റ്‌ വി.എം സുധീരനും ബാര്‍...