You are Here : Home / വെളളിത്തിര

ഗിരീഷ്, എന്റെ പ്രിയപ്പെട്ട സഹോദരന്‍

Text Size  

Story Dated: Tuesday, February 10, 2015 09:12 hrs UTC

കവിയും ഗാനരചയിതാവുമായ ഗിരീഷ് പുത്തഞ്ചേരി മരിച്ചിട്ട് ഇന്നേക്ക് അഞ്ചുവര്‍ഷം പൂര്‍ത്തിയാവുകയാണ്. പുത്തഞ്ചേരിയുടെ സമകാലികനും അടുത്ത സുഹൃത്തും ഗാനരചയിതാവുമായ വയലാര്‍ ശരത്ചന്ദ്രവര്‍മ്മ അദ്ദേഹത്തെ ഓര്‍ത്തെടുക്കുന്നു.

 

 

രഞ്ജിത് സംവിധാനം ചെയ്യുന്ന 'മിഴി രണ്ടിലും' എന്ന സിനിമയ്ക്കുവേണ്ടി പാട്ടെഴുതാനാണ് കോഴിക്കോട്ടേക്കു പോയത്. കാലിക്കറ്റ് ടവര്‍ ഹോട്ടലിലിരുന്ന് ഗാനരചന നടത്തവെ പെട്ടെന്നാണ് രഞ്ജിത്ത് അങ്ങോട്ടേക്കു കടന്നുവന്നത്.
''ഗിരീഷ് പുത്തഞ്ചേരി വരുന്നുണ്ട്, ഒന്നു കൈകാര്യം ചെയ്‌തേക്കണം'' തൊട്ടുപിന്നാലെ പുത്തഞ്ചേരി മുറിയിലേക്കു കടന്നുവന്നു. കസേരയിലിരുന്ന ശേഷം എന്നെയൊന്നു സൂക്ഷിച്ചുനോക്കി.''എന്റെ തട്ടകത്തില്‍ കളിക്കാന്‍ വന്നതാണല്ലേ'' ഞാന്‍ ചിരിച്ചു. രഞ്ജിതും. ആരുമൊന്നും പറഞ്ഞില്ല. എന്നിട്ടും ഗിരീഷേട്ടന്‍ സംസാരിച്ചുകൊണ്ടേയിരുന്നു.
''പാട്ടെഴുത്ത് ഒരു തൊഴിലും പണം വാങ്ങുന്നത് ഒരു സര്‍ഗാത്മകപ്രക്രിയയായും കരുതണം. അല്ലെങ്കില്‍ അച്ഛനെപ്പോലെയായിപ്പോവും''
ഉപദേശം സ്വീകരിക്കുന്നുവെന്ന അര്‍ഥത്തില്‍ ഞാന്‍ തലകുലുക്കി. പിന്നെയും കുറച്ചുനേരം ഗിരീഷേട്ടന്‍ സംസാരിച്ചു. അതില്‍ മിക്കതും അച്ഛനെക്കുറിച്ചായിരുന്നു. വയലാര്‍ രാമവര്‍മ്മയുടെ വരികളെ ഹൃദയത്തില്‍ ചേര്‍ത്തുവച്ച ഒരു മനുഷ്യനെ ആദ്യമായി കാണുകയായിരുന്നു ഞാന്‍.
അച്ഛന്റെ ചരമവാര്‍ഷികദിനത്തില്‍ ഒരുക്കിയ കവിയരങ്ങിനായിരുന്നു ആദ്യമായി വീട്ടിലെത്തിയത്. ചടങ്ങ് തുടങ്ങുന്നതിനു മുമ്പ് വീട്ടില്‍ വന്ന് അമ്മയുടെ കാലുപിടിച്ചു വണങ്ങി.
''അമ്മയുടെ മൂത്ത മകനായി എന്നെ അംഗീകരിക്കണം''
അമ്മ ഗിരീഷേട്ടനെ പിടിച്ചെഴുന്നേല്‍പ്പിച്ചു. തലയില്‍ തലോടി. ''വയലാര്‍ രാമവര്‍മ എന്ന ക്ഷത്രിയന്റെ മകന്‍ നീയായിക്കൊള്ളൂ. എനിക്കു വിരോധമില്ല. പക്ഷേ വയലാര്‍ എന്ന കവിയുടെ മകന്‍ ഞാനാണ്.'' അച്ഛനോടുള്ള വാത്സല്യത്തില്‍ നിന്നുണ്ടായ ആ അധികാരസ്വരത്തില്‍ ഞാന്‍ ഒരേട്ടനെയാണ് കണ്ടത്. അതുകൊണ്ടാണ് എന്നേക്കാള്‍ നാലു വയസിന് ഇളയതായിട്ടും ഞാന്‍ ഗിരീഷേട്ടാ എന്നു വിളിച്ചത്. മരിക്കുന്നതിനും ഒരു മാസം മുമ്പ് ഒരിക്കല്‍ക്കൂടി ഗിരീഷേട്ടന്‍ വന്നു, എന്റെ വീട്ടിലേക്ക്. ഉച്ചയ്ക്ക് മൂന്നു മണിക്കു വന്നു കയറുമ്പോള്‍ തന്നെ പറഞ്ഞു. ''വേഗമിറങ്ങണം. വര്‍ക്കിന് പോകുന്ന വഴിയാണ്. ഒന്നു കയറിയെന്നേയുള്ളൂ''
പക്ഷേ അവിടെ നിന്ന് അന്നിറങ്ങിയത് രാത്രി ഏഴുമണി കഴിഞ്ഞാണ്. അച്ഛന്റെ പാട്ടും കവിതകളും സാഹിത്യവുമൊക്കെയായി മണിക്കുറുകള്‍ ഇഴയുന്നത് ഞങ്ങളറിഞ്ഞില്ല. അച്ഛനെ അടക്കംചെയ്ത പൂഴിമണ്ണിലിരുന്നായിരുന്നു സംസാരം. പിന്നീട് വീട്ടിനുള്ളിലേക്കു വന്നു. അച്ഛനു കിട്ടിയ പുരസ്‌കാരങ്ങളും ശില്‍പങ്ങളും കണ്ടതിനു ശേഷം പറഞ്ഞു.
''ഇതിലെന്തെങ്കിലും എനിക്കു കൊണ്ടുപോകണം. അതെന്റെ അവകാശമാണ്.'' എടുത്തോളൂ എന്ന അര്‍ഥത്തില്‍ ഞാന്‍ തലകുലുക്കിയപ്പോള്‍ ഗിരീഷേട്ടന്റെ കണ്ണുകളുടക്കിയത് അലമാരയില്‍ വച്ച അച്ഛന്റെ ഒറ്റ ചെരുപ്പിലേക്കായിരുന്നു. അച്ഛന്‍ മരിച്ച് വിലാപയാത്ര കഴിഞ്ഞശേഷം അവശേഷിച്ചത് ആ ഒരു ചെരുപ്പു മാത്രമായിരുന്നു. അതു കൈയിലെടുത്ത ശേഷം അടുക്കളയില്‍  പോയി കത്തിയെടുത്തു കൊണ്ടുവന്ന് ഹീലിന്റെ ഭാഗം മുറിച്ചെടുത്തു.
''ഇതു മതിയെനിക്ക്, ഈ ജന്മം സൂക്ഷിക്കാന്‍.''
പടിയിറങ്ങുമ്പോള്‍ വയലാര്‍ രാമവര്‍മ ഒപ്പമുണ്ടെന്ന തോന്നലായിരുന്നു ഗിരീഷേട്ടന്. അത്രയ്ക്ക് സന്തോഷമുണ്ടായിരുന്നു ആ മുഖത്ത്.
മരിക്കുന്നതിന്റെ രണ്ടാഴ്ച മുമ്പ് കോഴിക്കോട്ട് ഒരാവശ്യത്തിനു പോയതായിരുന്നു ഞാനും ഭാര്യയും മകളും. ഗിരീഷേട്ടനെ വിളിച്ചപ്പോള്‍ വീട്ടില്‍ കയറി പോയാല്‍ മതിയെന്നു നിര്‍ബന്ധം. ഞങ്ങള്‍ വരുന്ന വിവരമറിഞ്ഞ് ഭാര്യ പായസമൊക്കെ ഒരുക്കിയിരുന്നു. ചില്ലലമാരയില്‍ തനിക്ക് പ്രിയപ്പെട്ട പുസ്തകങ്ങള്‍ അടുക്കിവച്ചിരിക്കുന്നു. പക്ഷേ അതിലോരോന്നിലും ഞാന്‍ അച്ഛനെ തിരഞ്ഞു. കണ്ടില്ല. ''വയലാറിന്റെ സര്‍വകലാശാലയായ ആള്‍ അദ്ദേഹത്തിന്റെ ഒരു പുസ്തകം പോലും സൂക്ഷിച്ചില്ലല്ലോ, ഈ അലമാരയില്‍''
എന്റെ ചോദ്യത്തിന് അപ്പോള്‍ത്തന്നെ വന്നൂ, മറുപടി.''വയലാറിന്റെ പുസ്തകങ്ങള്‍ എന്തിനാണ് ചില്ലുകൂട്ടില്‍ സൂക്ഷിക്കുന്നത്. അത്
കൂടെക്കൊണ്ടു നടക്കുകയല്ലേ വേണ്ടത്.'' എനിക്ക് ഉത്തരമില്ലായിരുന്നു. അത്രയ്ക്കുണ്ടായിരുന്നു അച്ഛനോടുള്ള സ്‌നേഹം.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.