You are Here : Home / വെളളിത്തിര

ഒരു സന്യാസത്തിന്‍റെ ഓര്‍മ്മ

Text Size  

Story Dated: Sunday, May 25, 2014 10:17 hrs UTC


സിനിമയില്‍ എത്തുന്നതിനും മുമ്പുള്ള കഥയാണ്. ബോംബെയിലെ ശാന്തിലാല്‍ അഡ്വര്‍ടൈസിംഗ് കമ്പനിയില്‍ ജോലി ചെയ്യുന്നകാലം.  തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ ഒരുപാടുപേര്‍ സുഹൃത്തുക്കളായി ഉണ്ടായിരുന്നു. എവിടെപ്പോയാലും ആളുകളെ പരിചയപ്പെടുന്നത് എന്റെയൊരു ശീലമാണ്. അതുകൊണ്ടുതന്നെ അന്നും ഇന്നും എനിക്കുള്ള സമ്പാദ്യം സുഹൃത്തുക്കളാണ്.  
ഒരുമാസത്തെ ജീവിതത്തിനുപോലും ആ ശമ്പളം തികയില്ലെന്നു വന്നപ്പോള്‍ വല്ലാത്ത നിരാശ തോന്നി. ജീവിതത്തോടുതന്നെ ഒരുതരം മടുപ്പ്. എങ്കിലും ജോലി രാജിവയ്ക്കാതെ അവിടെത്തന്നെ തുടര്‍ന്നു. പരസ്യവിഭാഗത്തില്‍ ജോലി ആയതിനാല്‍ പത്രം കിട്ടിയാല്‍ ആദ്യം നോക്കുന്നത് പരസ്യത്തിന്റെ പേജാണ്. അതിനുശേഷമേ വാര്‍ത്ത വായിക്കുകയുള്ളൂ. ഒരു ദിവസം പത്രത്തില്‍ വ്യത്യസ്തതയുള്ള ഒരു പരസ്യം ശ്രദ്ധയില്‍പെട്ടു.
'മാന്‍ മേക്കിംഗ് എജുക്കേഷന്‍' എന്നായിരുന്നു തലക്കെട്ട്. ബോംബെ കലീനയിലെ ചിന്മയാനന്ദന്റെ ആശ്രമത്തില്‍ പുതിയ സന്യാസിബാച്ച് ആരംഭിക്കുന്നു. ആര്‍ക്കു വേണമെങ്കിലും വരാം. ആ പരസ്യം മനസിലെവിടെയോ ഉടക്കി. സന്ന്യാസം. ജോലി ചെയ്ത് നിരാശ സമ്പാദിക്കുന്നതിലും ഭേദം അതാണ്. അല്ലെങ്കില്‍ മരിക്കണം. മരിക്കാന്‍ എനിക്കു ഭയമാണ്. അതിനാല്‍ സന്ന്യസിക്കാന്‍ പോകാം. പക്ഷേ ആരുമറിയരുത്. സുഹൃത്തുക്കളറിഞ്ഞാല്‍ വീട്ടിലറിയും. അതോടെ എല്ലാം തീരൂം. അതിനാല്‍ പിറ്റേ ദിവസം ലീവെടുത്ത് മുറിയില്‍ നിന്നുമിറങ്ങി. നേരെ കലീനയിലെ ചിന്മയാനന്ദന്റെ ആശ്രമത്തിലേക്ക്.
ആശ്രമത്തിലേക്കുള്ള വഴിയിലൂടെ നടക്കുമ്പോള്‍ മനസിന് വല്ലാത്തൊരു ശാന്തത. ദൂരെ ഒരു കപ്പടാമീശക്കാരന്‍ ഇരിക്കുന്നു. അദ്ദേഹം സ്വാമിയുടെ ശിഷ്യനാണെന്ന് ഒറ്റനോട്ടത്തിലറിയാം. സ്‌നേഹത്തോടെ സ്വീകരിച്ച അദ്ദേഹം എന്നെ കൊണ്ടുപോയത് ചിന്മയാനന്ദ സ്വാമിയുടെ അരികിലേക്കായിരുന്നു. കണ്ടപ്പോള്‍ത്തന്നെ കാല്‍തൊട്ടു വന്ദിച്ചു. സ്വാമിയെക്കുറിച്ച് ഒരുപാടു കേട്ടിട്ടുണ്ട്. പക്ഷേ കാണുന്നത് ഇതാദ്യം.
സംസ്‌കൃതം പഠിച്ചിട്ടുണ്ടെന്നു പറഞ്ഞപ്പോള്‍ ആ മുഖത്ത് സന്തോഷം വിടര്‍ന്നു. ഞാന്‍ അമരകോശത്തിലെ ചില വരികള്‍ പറഞ്ഞുകൊടുത്തു. പേരും സ്ഥലവും വിദ്യാഭ്യാസയോഗ്യതയുമൊക്കെ ചോദിച്ചു.
''വീട്ടില്‍ പോയി അമ്മയുടെയും അച്ഛന്റെയും അനുവാദം വാങ്ങിക്കണം.''
അവര്‍ സമ്മതിക്കില്ലെന്ന് എനിക്കു നന്നായി അറിയാം. ഞാന്‍ അടുത്ത നമ്പറിട്ടു.
''സ്വാമിജീ, ഞാന്‍ ഇരുപത്തിനാലു വയസുള്ള യുവാവാണ്. കാര്യങ്ങള്‍ സ്വയം തീരുമാനിക്കാനുള്ള പ്രായമാണിത്.''
എന്റെ നിശ്ചയദാര്‍ഢ്യത്തിനു മുമ്പിലും മലയാളി എന്ന പരിഗണനയിലും സ്വാമിജി സമ്മതിച്ചു. രണ്ടുദിവസം കഴിഞ്ഞ് വരാന്‍ പറഞ്ഞു. കൃത്യം രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ വീണ്ടും ആശ്രമത്തിലേക്ക്. അന്നു മുതല്‍ സ്വാമി ചിന്മയാനന്ദന്റെ ആദ്യത്തെ സന്യാസി ബാച്ചിലെ മുപ്പതുപേരില്‍ ഒരാളായി. ഓരോരുത്തര്‍ക്കും പ്രത്യേക മുറികളുണ്ടായിരുന്നു. പ്രാര്‍ഥന, ധ്യാനം...തുടങ്ങിയ ചിട്ടകള്‍ ജീവിതത്തില്‍ ശീലിച്ചുതുടങ്ങിയപ്പോള്‍ മനസും ശരീരവും ശാന്തമായി. രമണമഹര്‍ഷിയെപ്പോലുള്ള സന്യാസി ശ്രേഷ്ഠന്‍മാരെ കാണാനുള്ള ഭാഗ്യമുണ്ടായതും ആശ്രമത്തില്‍ വച്ചാണ്.  ശങ്കരാചാര്യര്‍ എഴുതിയ 'ആശ്ചര്യചൂഢാമണി' ഹിന്ദുക്കളുടെ ബൈബിളാണെന്ന് പൊതുവെ പറയാറുണ്ട്. മുറിയിലെ മേശപ്പുറത്ത് അത് വെറുതെ കിടക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളേറെയായി. ഒരിക്കല്‍ അതെടുത്തു വായിച്ചു.
''പത്തുമാസം ഗര്‍ഭം ധരിച്ച് പ്രസവിച്ച് വളര്‍ത്തി വലുതാക്കിയ അമ്മയ്ക്ക് കണ്ണീരു നല്‍കുന്ന മക്കള്‍ക്ക് ഒരു ജന്മത്തിലും സമാധാനമുണ്ടാവില്ല. ഏഴുജന്മം ജനിച്ചാലും ആ ശാപത്തില്‍ നിന്നും മുക്തനാവില്ല.''
ഈ വരികളിലുടെ കടന്നുപോയപ്പോള്‍ വല്ലാത്ത അസ്വസ്ഥത തോന്നി. അമ്മയെക്കുറിച്ച് ഓര്‍ത്തുപോയത് അപ്പോഴാണ്. സ്വാമിജിയുടെ മുമ്പില്‍ പ്രസംഗം കേള്‍ക്കാനിരിക്കുമ്പോഴും മനസ് നിറയെ അമ്മയായിരുന്നു. പക്ഷേ ഞൊടിയിട കൊണ്ട് സ്വാമിജി എന്റെ ചിന്തകള്‍ തിരിച്ചറിഞ്ഞു.
''മാധവന്‍, ഇങ്ങോട്ടുവരൂ.''
പ്രസംഗത്തിനിടെ സ്വാമിജി എന്നെ വിളിച്ചു. ഞാന്‍ അടുത്തുപോയി ഇരുന്നു. പ്രസംഗമെല്ലാം കഴിഞ്ഞശേഷം എന്റെ മുഖത്തേക്കുനോക്കി അദ്ദേഹം വാത്സല്യത്തോടെ ചിരിച്ചു.
''ശ്രദ്ധ തീരെയില്ല. അല്ലേ?''
ശരിയാണെന്ന അര്‍ഥത്തില്‍ ഞാന്‍ തലകുലുക്കി.
''മാധവന്‍ വീട്ടില്‍ പോയി അമ്മയെ കണ്ടിട്ടു വരൂ.''
എനിക്ക് അദ്ഭുതം തോന്നി. എന്റെ മനസിലുള്ളത് സ്വാമിജി തിരിച്ചറിഞ്ഞിരിക്കുന്നു. അങ്ങനെയാണ് ഏഴാംദിവസം ഞാന്‍ ആശ്രമത്തില്‍ നിന്നും പുറത്തുകടക്കുന്നത്. വഴിയിലേക്കിറങ്ങിയപ്പോഴാണ് ഒരു സത്യം മനസിലായത്. കൈയില്‍ നയാപ്പൈസയില്ല. എങ്ങനെ തിരിച്ചുപോകും?
ആശ്രമത്തിലെ മീശക്കാരനായ കുക്കുമായി നല്ല പരിചയമുണ്ട്. അദ്ദേഹത്തെക്കണ്ട് സങ്കടം പറഞ്ഞു. ആ മനുഷ്യന്‍ പോക്കറ്റില്‍ നിന്ന് പത്തുരൂപ എനിക്കെടുത്തുതന്നു. കലീനയില്‍ നിന്ന് സാന്താക്രോസിലെത്തി ടിക്കറ്റെടുക്കാതെ ട്രെയിനില്‍ കയറി. ഒറ്റയുറക്കം കഴിഞ്ഞപ്പോഴേക്കും ബോംബെയിലെത്തി. നേരെ പോയത് കൊളാബയിലെ കസിന്റെ വീട്ടിലേക്കാണ്. ജി.വി.കെ.നായര്‍ എന്ന ഉണ്ണിച്ചേട്ടനെക്കണ്ട് സങ്കടം പറഞ്ഞു.  
''എനിക്കൊന്നു വീട്ടിലേക്കു പോകണമെന്നുണ്ട്. പക്ഷേ കാശില്ല.''
ഉണ്ണിച്ചേട്ടന്‍ എനിക്ക് മുപ്പതുരൂപ തന്നു. വീട്ടിലെത്തുമ്പോള്‍ അമ്മ കോലായിരിക്കുന്നു. കാലില്‍ വീണ് നമസ്‌കരിച്ച് എഴുന്നേറ്റപ്പോള്‍ എന്റെ മാത്രമല്ല, അമ്മയുടെ കണ്ണും നിറഞ്ഞിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.