You are Here : Home / USA News

വളരുന്ന തലമുറയുടെ ധാർമികസുരക്ഷ ഉറപ്പുവരുത്തണം: ഇസ്ലാമിക് സെമിനാർ

Text Size  

Story Dated: Thursday, February 27, 2014 08:57 hrs UTC

വളരുന്ന തലമുറയുടെ ധാർമികസുരക്ഷ ഉറപ്പുവരുത്താൻ സമൂഹത്തിനും മാധ്യമങ്ങൾക്കും ഭരണകൂടത്തിനും ബാധ്യതയുണ്ടെന്നും ബാല്യകൌമാരങ്ങളെ വഴിതെറ്റിക്കുന്ന സാമൂഹ്യ സാഹചര്യങ്ങൾ നിയന്ത്രിക്കപെടേണ്ടതുണ്ടെന്നും കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ സംഘടിപ്പിച്ചുവരുന്ന മൂന്നാമത് ഇസ്ലാമിക് സെമിനാറിലെ പാരന്റിംഗ് സമ്മേളനം ആവശ്യപെട്ടു.

ആധുനിക കുടുംബങ്ങളിലെ ഒറ്റപെടലും സൈബർ സൌകര്യങ്ങളുടെ അമിതവും അവിഹിതവുമായ ഉപയോഗവും ആധുനിക കലകളുടെയും മാധ്യമങ്ങളുടെയും ദുസ്വാധീനവും സാമൂഹ്യവിരുദ്ധലോബികളുടെ ഇടപെടലുകളും നല്കുന്ന സമ്മർദങ്ങൾ വളരുന്ന തലമുറയെ അരക്ഷിതമായ മാനസികാവസ്ഥകളിലേക്കും വ്യക്തിത്വ വൈകല്യങ്ങളിലേക്കും തള്ളിവിടുകയാണെന്നും രക്ഷിതാക്കളും സമൂഹവും ഇത് തിരിച്ചറിഞ്ഞ് പ്രതിരോധിക്കണമെന്നും 'പുതുതലമുറയിലെ വെല്ലുവിളികൾ' എന്ന വിഷയമവതരിപ്പിച്ചുകൊണ്ട്‌ ഐ.എസ് .എം പ്രസിഡണ്ട്‌ ടി.കെ. അഷ്‌റഫ്‌ ചൂണ്ടിക്കാട്ടി.

കുട്ടികളിൽ ധാർമികമൂല്യങ്ങളെക്കുറിച്ചുള്ള സ്വയംബോധ്യം വളർത്തിയും അവരുടെ പ്രശ്നങ്ങൾക്ക് സ്നേഹമസൃണമായ പരിഗണന നല്കിയും അവരിൽ ആത്മവിശ്വാസവും മൂല്യവിചാരവും വളർത്തുകയാണ് കൌമാരത്തിന്റെ വ്യക്തിത്വ പ്രശ്നങ്ങൾക്ക് പ്രതിവിധിയെന്ന്  'നമ്മുടെ മക്കൾ നമ്മുടെതാവാൻ' എന്ന വിഷയമവതരിപ്പിച്ചുകൊണ്ട്‌ ഹാരിസ്  ബിൻ സലീം ഉണർത്തി. കുട്ടികളുടെ പ്രശ്നങ്ങൾ അവർ സ്വയം പരിഹാരം കണ്ടെത്തുന്നതുവരെ നീട്ടിക്കൊണ്ടുപോകുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും അദ്ദേഹം അഭിപ്രായപെട്ടു. ദൈവിക ദാനമായ സന്താനങ്ങളുടെ കാര്യത്തിൽ ദൈവ വിചാരണ പ്രതീക്ഷിച്ചുകൊണ്ട് ചുമതലകൾ നിറവേറ്റാൻ ശ്രദ്ധിക്കണമെന്ന് മുജാഹിദ് ബാലുശ്ശേരി ഓർമ്മപെടുത്തി. അസ്ലം കാപ്പാട് അധ്യക്ഷത വഹിച്ചു. മുഹമ്മദ്‌ അൻവർ കാളികാവ് സ്വാഗതവും ഹാറൂൻ കാട്ടൂർ നന്ദിയും പറഞ്ഞു. പി.ടി. അഷ്‌റഫ്‌, സാലിഹ് ബാത്ത, ഷഫീഖ് പി.പി, അസ്ലം ഫർവാനിയ, സാലിഹ് മുണ്ടക്കൽ, ഫവാസ്  മൂസ, അബ്ദുറഹ്മാൻ ഹാരിസ് എന്നിവർ സംബന്ധിച്ചു.

കുട്ടികളെ ധർമചിന്തയിലേക്കും മൂല്യവിചാരങ്ങളിലേക്കും വഴികാട്ടാനും അവരുടെ സർഗശേഷികളെ നന്മയുടെ പാതയിലേക്ക് തിരിച്ചുവിടാനുമുതകുന്ന കളിച്ചങ്ങാടം, ബട്ടർഫ്ളൈസ് എന്നീ ലേണ്‍ ത്രൂ ഫണ്‍ ശില്പശാലകൾ ഫലപ്രദമായി. മഴവില്ല്, തേനരുവി, പൂന്തോട്ടം തുടങ്ങി വിവിധ സെഷനുകളിൽ താജുദ്ദീൻ സലാഹി, ടി.കെ. അഷ്‌റഫ്‌, അബ്ദുൽകബീർ സലാഹി, അബ്ദുസ്സലാം സലാഹി, ഷമീർ ഏകരൂൽ, അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ്, നിമിൽ ഇസ്മാഈൽ തുടങ്ങിയവർ കുട്ടികളുമായി സംവദിച്ചു.

ഉച്ചക്കുശേഷം നടന്ന തർബിയത്ത് സമ്മേളനത്തിൽ ഹാഫിദ് മുഹമ്മദ്‌ അസ്ലം (ഹലാവത്തുൽ ഖുർആൻ), അബ്ദുസ്സലാം സലാഹി (ഭക്തിനിർഭരമായ നമസ്കാരം), സ്വലാഹുദ്ദീൻ സലാഹി (നന്മയുടെ കവാടങ്ങൾ), അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് (സാമ്പത്തികരംഗത്തെ നിഷിദ്ധങ്ങൾ), മുജാഹിദ് ബാലുശ്ശേരി (ഖുർആൻ എന്റെ വഴികാട്ടി), താജുദ്ദീൻ സലാഹി (രഹസ്യങ്ങൾ വെളിപ്പെടുന്ന ദിവസം), ഫൈസൽ പുതുപ്പറമ്പ് (കാരുണ്യത്തിന്റെ ചിറകു താഴ്ത്തുക) എന്നിവര് വിവിധ  അവതരിപ്പിച്ചു. സി.പി. അബ്ദുൽ അസീസ്‌ അധ്യക്ഷത വഹിച്ചു. മെഹബൂബ് കാപ്പാട് സ്വാഗതവും പി.കെ. ഹബീബ് നന്ദിയും പറഞ്ഞു.

സെമിനാറിന്റെ മൂന്നാം ദിവസമായ ബുധനാഴ്ച രാവിലെ ഒമ്പത് മണിക്ക് ടീനേജ് മീറ്റും രണ്ടു മണിക്ക് ഗൾഫ്‌ ഇസ്ലാഹീ നേതൃസംഗമവും നടക്കും. ജാതിമതഭേദമന്യേ മലയാളികൾക്കായുള്ള സ്നേഹസംഗമം വൈകുന്നേരം ഏഴര മണിക്ക് ആരംഭിക്കും. കുവൈത്ത് യൂനിവെഴ്സിറ്റി പ്രൊഫസർ ഡോ. വലീദ് അൽ അലി ഉദ്ഘാടനം ചെയ്യും. മുജാഹിദ് ബാലുശ്ശേരി, ഫാദർ റെജി വർഗീസ്‌, തോമസ്‌ കടവിൽ, രാജൻ ഡാനിയൽ, പി.സി. ഹരീഷ് എന്നിവർ പങ്കെടുത്തു സംസാരിക്കും.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.