You are Here : Home / അഭിമുഖം

'നരസിംഹം' ഓടിയത് ഞാന്‍ മീശ പിരിച്ചതു കൊണ്ടല്ല

Text Size  

Story Dated: Tuesday, January 21, 2014 01:50 hrs UTC



'നരസിംഹ'വും 'ദേവാസുര'വും ഒടിയത് മീശ പിരിച്ചതുകൊണ്ടല്ലെന്ന് നടന്‍
മോഹന്‍ലാല്‍. പ്രമേയത്തിലെ പ്രത്യേകതയാണ് ആ സിനിമകളെ വിജയിപ്പിച്ചത്. എന്നാല്‍
അതാരും ശ്രദ്ധിക്കാതെ, മീശ പിരിച്ചതില്‍ മാത്രം പ്രശസ്തി ഒതുങ്ങിപ്പോയെന്നും
ലാല്‍ പറഞ്ഞു.ഒരു പ്രമുഖ ചാനലില് മനസ്സ്    തുറക്കുകയായിരുന്നു മലയാളത്തിന്റെ മഹാനടന്‍.

 



ഇന്ത്യയിലെ പ്രഗദ്ഭരായ ഒട്ടേറെ നടന്‍മാര്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതാണ്
ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം. മലയാളത്തില്‍ മധു, പ്രേംനസീര്‍, തമിഴില്‍
ശിവാജി ഗണേശന്‍, തെലുങ്കില്‍ നാഗേഷ്, കന്നഡയില്‍ രാജ്കുമാര്‍, ഹിന്ദിയില്‍
അമിതാഭ് ബച്ചന്‍ എന്നിവരുടെ അനുഗ്രഹം കിട്ടിയിട്ടുണ്ട്.
അഭിനയത്തിരക്കിനിടയ്ക്ക് വിവാഹവാര്‍ഷികം പോലും മറന്നുപോയ
സന്ദര്‍ഭമുണ്ടായിട്ടുണ്ട്. ഒരിക്കല്‍ ദുബായിലേക്ക് പോവാന്‍വേണ്ടി
എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്നു ഞാന്‍. യാത്രയയ്ക്കാന്‍ ഭാര്യ
സുചിത്രയുമുണ്ട്. എന്നെ എയര്‍പോര്‍ട്ടിലിറക്കിയപ്പോള്‍ സുചി തിരിച്ചുപോയി.
ലോഞ്ചിലിരിക്കുമ്പോള്‍ സുചിയുടെ ഫോണ്‍.
''ബാഗില്‍ ഒരു ഗിഫറ്റുണ്ട്. ഇപ്പോള്‍ത്തന്നെ തുറന്നുനോക്കണം.''
അവള്‍ പറഞ്ഞതുപോലെ അനുസരിച്ചു. ഗിഫ്റ്റ് തുറന്നുനോക്കിയപ്പോള്‍ ഒരു
സ്വര്‍ണ്ണമോതിരം. ഒപ്പം ഒരു കുറിപ്പും.
''ഇന്ന് നമ്മുടെ വിവാഹവാര്‍ഷികമാണ്. ഇൌ ദിവസമെങ്കിലും മറക്കാതിരിക്കുക.''
എനിക്ക് വല്ലാത്ത സങ്കടം തോന്നി. ഇത്തരം ചെറിയ ചെറിയ കാര്യങ്ങള്‍
മറക്കാതിരിക്കണമെന്ന പാഠം അന്ന് സുചി എന്നെ പഠിപ്പിച്ചു. പിന്നീടൊരിക്കലും
ഏപ്രില്‍ 28 ന്റെ പ്രത്യേകത മറന്നുപോയിട്ടില്ല.

 

 

ചെറിയ ചെറിയ കാര്യങ്ങള്‍
ചെയ്യാതിരിക്കുമ്പോഴാണ് വലിയ വലിയ പ്രശ്നങ്ങളുണ്ടാവുന്നത്.
ജീവിതത്തില്‍ പോസിറ്റീവായ കാര്യങ്ങള്‍ മാത്രമേ ചിന്തിക്കാറുള്ളൂ. പഴയ
കാര്യങ്ങള്‍ ഒാര്‍ക്കാറേയില്ല. എന്റെ ഇഷ്ടങ്ങളിലേക്ക് ഒരാളെയും കൊണ്ടുവരാന്‍
ശ്രമിക്കാറുമില്ല. 'ദൃശ്യം' എന്ന സിനിമയുടെ തിരക്കഥ ആദ്യം മമ്മുക്കയെ കാണിച്ചു
എന്ന കാര്യം എനിക്കറിയില്ല. കാണിച്ചെങ്കില്‍ത്തന്നെ സിനിമയില്‍ അത്
സാധാരണമാണ്. കഥ പറയുമ്പോള്‍ ഒരു സംവിധായകനും അക്കാര്യം പറയാറില്ല. ഷൂട്ടിംഗ്
നടക്കുന്ന സമയത്താണ് മമ്മുക്ക ഇക്കാര്യം എന്നോടുപറയുന്നത്. ഇതുപോലുള്ള
വേഷങ്ങള്‍ ചെയ്തതുകൊണ്ട് താന്‍ ഒഴിവാക്കിയതെന്നാണ് മമ്മുക്ക പറഞ്ഞത്. ഞങ്ങള്‍
തമ്മില്‍ പ്രഫഷണല്‍ ഇൌഗോയില്ല. 54 സിനിമകളാണ് ഒന്നിച്ചുചെയ്തത്. ഒരേ സമയം
ഫീല്‍ഡില്‍ നില്‍ക്കുന്നവര്‍ ഒന്നിച്ച് ഇത്രയും സിനിമകള്‍ ചെയ്യുന്നത്
ഇന്ത്യയില്‍ത്തന്നെ ആദ്യമാണ്. ഇപ്പോഴും നല്ല സൌഹൃദം സൂക്ഷിക്കാന്‍ ഞങ്ങള്‍ക്ക്
കഴിയുന്നുണ്ട്.'

 

 

 

 


സിനിമാഷൂട്ടിംഗ് എനിക്ക് പിക്നിക്ക് പോലെയാണ്. ആക്ഷനും കട്ടിനുമിടയില്‍
മാത്രമാണ് അഭിനയം. അല്ലാത്ത സമയം ആഹ്ളാദിച്ചും തമാശകള്‍ പറഞ്ഞും നടക്കും.
അഭിനയം ധ്യാനത്തിന്റെ മൂര്‍ധന്യഭാവമാണ്. കഥാപാത്രത്തെക്കുറിച്ച് പഠിക്കാറില്ല.
'ദൃശ്യം' ഇവിടെ വന്‍ വിജയമാണ്. ഇതുപോലൊരു സിനിമ വീണ്ടുമെടുത്താല്‍
വിജയിക്കണമെന്നില്ല. മറ്റുഭാഷകളിലേക്ക് ഇൌ സിനിമ റീമേക്ക് ചെയ്യുന്നുണ്ട്.
അതും വിജയമാവുമെന്ന് പ്രവചിക്കാന്‍ കഴിയില്ല. കൂടെ അഭിനയിക്കുന്നവരുടെ
ഉൌര്‍ജമാണ് എനിക്കും അഭിനയത്തിനുള്ള കരുത്ത് പകരുന്നത്.

 

 

 

 

 


ജീവിതത്തില്‍ മാതാ അമൃതാനന്ദമയീദേവിയുടെ സ്വധീനം വലുതാണ്. നമ്മള്‍
ചിന്തിക്കുന്നത് പോലും മനസിലാക്കാന്‍ 'അമ്മ'യ്ക്ക് കഴിയും. ഒരിക്കല്‍
അമ്മയെക്കാണാന്‍ അമൃതപുരിയില്‍ പോയി. സംസാരിക്കുമ്പോള്‍ എന്റെ മനസ് നിറയെ
അമ്മയുടെ കൈയിലെ ബ്രേസ്ലെറ്റാണ്. ഒരുപാടുപേര്‍ക്ക് സ്നേഹവും സന്തോഷവും
നല്‍കുന്ന കൈയിലെ ബ്രേസ്ലെറ്റ് കിട്ടിയിരുന്നെങ്കില്‍ എന്ന് ഞാനാശിച്ചൂപോയി.
പക്ഷെ പറഞ്ഞില്ല.  പിരിയാന്‍ നേരം അമ്മ എന്നെ ചുംബിച്ച് അനുഗ്രഹിച്ചു.സാധാരണ
സംസാരിച്ചുകഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ ആപ്പിളോ ഉമ്മയോ ആണ് അമ്മ തരുന്നത്.
തിരിച്ചുനടന്നപ്പോള്‍ പിന്നില്‍ നിന്ന് 'മുത്തേ' എന്നുള്ള വിളി. അമ്മ
അടുത്തേക്കുവിളിച്ച് കൈയിലെ ബ്രേസ്ലെറ്റ് ഉൌരിത്തന്നു.  ശരിക്കും
ഞെട്ടിപ്പോയി. മനസില്‍ കണ്ടത് അമ്മ അറിഞ്ഞിരിക്കുന്നു. ഇതിനെ ദിവ്യത്വമെന്ന്
വിളിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. കലര്‍പ്പില്ലാത്ത സ്നേഹത്തിന്റെ സാക്ഷ്യമാണത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.