You are Here : Home / അഭിമുഖം

രക്ഷകന്‍ പിറന്ന രാത്രി

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Sunday, December 29, 2013 04:43 hrs UTC

സംവിധായകന്‍ ബ്ലസിയുടെ ക്രിസ്മസ് ഓര്‍മ്മ

മഞ്ഞുവീഴുന്ന, കുളിരു നിറഞ്ഞ ധനുമാസത്തിലെ ആ പ്രഭാതങ്ങള്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല. ക്രിസ്മസിന്റെ മനോഹരമായ നാളുകള്‍ ആസ്വദിച്ചത് കുട്ടിക്കാലത്തായിരുന്നു. ക്രിസ്മസ് അവധിക്കാലത്താണ് ക്രിയേറ്റീവായി എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നത്. മറ്റ് അവധിക്കാലങ്ങളില്‍ പഠിക്കാനുള്ള തിരക്കാണെങ്കില്‍ ക്രിസ്മസിന് ആഘോഷത്തിന്റെ മൂഡാണ്. പടം വരച്ച്, വര്‍ണങ്ങള്‍ ചാലിച്ച് ക്രിസ്മസ് കാര്‍ഡുകളുണ്ടാക്കുന്നതാണ് അതില്‍ പ്രധാനയിനം. മുട്ടത്തോടില്‍ പഞ്ഞി നിറച്ചാണ് ക്രിസ്മസ് ഫാദറെ സൃഷ്ടിച്ചെടുക്കുന്നത്. വെക്കേഷന്‍ തുടങ്ങുന്ന ദിവസം തന്നെ ചൂളമരം തേടിപ്പോകും. അതിന്റെ ചില്ലകള്‍ വെട്ടിക്കൊണ്ടുവന്ന് പുല്‍ക്കൂടു പണിയുകയാണ് അന്നു മുതലുള്ള പ്രധാന ജോലി. ഇപ്പോള്‍ ഏതുതരം കൂടുകള്‍ വേണമെങ്കിലും വിപണിയിലുണ്ട്. ക്രിസ്മസ് കേക്ക് വരെ ഇന്ന് ഫാഷന്റെ ഭാഗമാണ്. അക്കാലത്ത് കേക്ക് കാണണമെങ്കില്‍ ക്രിസ്മസ് കാലം വരെ കാത്തിരിക്കണം.
എല്ലാ ക്രിസ്ത്യന്‍ കുടുംബങ്ങളിലും കേക്ക് വാങ്ങും. അവധിക്കാലത്താണ് ബന്ധുമിത്രാദികള്‍ വീട്ടിലേക്കു വരുന്നത്. പ്രത്യേകിച്ച്, മധ്യതിരുവിതാംകൂര്‍ ഭാഗങ്ങളില്‍. പള്ളിയില്‍ പോയി കരോള്‍ സംഘങ്ങളില്‍ പാട്ടുകള്‍ പാടുന്നത് മറ്റൊരു ശീലം.

ശാന്തമായ രാത്രിയില്‍ രക്ഷകന്‍ പിറന്നു എന്ന ഇമേജാണ് അന്നൊക്കെ മനസിലുണ്ടായിരുന്നത്. പിന്നീട് തനിയെ ചിന്തിക്കാന്‍ തുടങ്ങിയതോടെയാണ് അങ്ങനെയല്ലെന്നു മനസിലായത്. അത്ര ശാന്തമായ സാഹചര്യത്തിലായിരുന്നില്ല, ക്രിസ്തുവിന്റെ പിറവി. ആ ഒരു ദിവസത്തേക്ക് വിഷ്വലൈസ് ചെയ്താല്‍ നമുക്കു കാണാനാവുന്നത് മനസിനെ നീറ്റുന്ന അനുഭവങ്ങള്‍ കൂടിയാണ്. പുര്‍ണഗര്‍ഭിണിയായ ഭാര്യ മറിയവുമായി ഒൌസേപ്പ് മരംകോച്ചുന്ന തണുപ്പത്ത് ഒാരോ വീട്ടിലും മുട്ടിവിളിച്ചു, പ്രസവിക്കാനൊരിടം തേടി. ആരും വാതില്‍ തുറന്നുകൊടുത്തില്ല.

മറിയത്തിന്റെ പ്രസവവേദന അധികരിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ കാലികള്‍ മേയുന്ന കേവലമൊരു പുല്‍ത്തൊഴുത്തില്‍, പിള്ളക്കച്ചയിലാണ് ലോകത്തിന്റെ രക്ഷകന്‍ പിറക്കാനിടം കണ്ടെത്തിയത്.
ഗര്‍ഭിണിയായ സ്ത്രീയുടെ സഞ്ചാരം അന്നും ഇന്നും ഒഴിവാക്കപ്പെടേണ്ടതുതന്നെയാണ്. ക്രിസ്തു എന്ന രക്ഷിതാവിന്റെ തിരുപ്പിറവി എന്നത് സാധാരണ മനുഷ്യന് സംഭവിക്കുന്നതിനേക്കാളും താഴേക്കായിരിക്കണമെന്നത് ഒരുപക്ഷേ, ദൈവനിയോഗമായിരിക്കാം. കാലിത്തൊഴുത്തിന്റെ അഴുക്കുകള്‍ നിറഞ്ഞ പുല്‍ത്തൊട്ടിയാണ് അതിനായി ഒരുങ്ങിയത്. സാധാരണയിലും സാധാരണമായ ഒരു തിരുപ്പിറവി. ദൈവപുത്രനായ ക്രിസ്തുവിന് വേണമെങ്കില്‍ ആഘോഷങ്ങളോടെ ആര്‍ഭാടങ്ങളിലേക്കു പിറന്നുവീഴാമായിരുന്നു.

പക്ഷേ ദൈവത്തിന് തന്റെ പദ്ധതികള്‍ എങ്ങനെ നിറവേറ്റപ്പെടണമെന്ന് ഒരു നിശ്ചയമുണ്ടായിരുന്നു. അതുകൊണ്ടാണ് സാധാരണക്കാരില്‍ ഒരുവളായ മറിയം എന്ന കന്യകയുടെ ഉദരത്തില്‍ ദൈവപുത്രന്‍ മനുഷ്യാവതാരമെടുത്തതും യാതനകള്‍ അനുഭവിച്ച് പുല്‍ത്തൊഴുത്തില്‍ പിറന്നുവീണതും. ഉയരങ്ങളിലല്ല, മറിച്ച് താഴെക്കിടയിലാണ് യഥാര്‍ഥ സ്നേഹം കുടികൊള്ളുന്നതെന്ന യാഥാര്‍ഥ്യമാണ് ഓരോ ക്രിസ്മസും വിളിച്ചറിയിക്കുന്നത്. എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.