You are Here : Home / അഭിമുഖം

കലാശ്രീ അമേരിക്കയയുടെ നൃത്തശ്രീ

Text Size  

Story Dated: Wednesday, October 16, 2013 11:10 hrs UTC

ആത്മസമര്‍പ്പണത്തിന്‍റെ 21 വര്‍ഷങ്ങള്‍; കലാരംഗത്തെ ശ്രീ ആയി ബീനാ മേനോന്‍

 

അന്ന് വളരെ ചെറിയ രീതിയിലായിരുന്നു തുടക്കം. ഇരുപത്തിയൊന്നു വര്‍ഷം മുന്‍പ്‌.ഭാഗ്യം മാത്രമേ കൂട്ടിനുണ്ടായിരുന്നൊള്ളു.പഠിക്കാന്‍ രണ്ടോ മൂന്നോ കുട്ടികള്‍.ആത്മവിശ്വാസം കൈമുതലാക്കി മുന്നോട്ട്.ഇന്ന് ഓരോ വര്‍ഷവും 350ല്‍ അധികം പേര്‍ ഇവിടെ നൃത്തത്തിനു ഹരിശ്രീ കുറിക്കുന്നു- ബീനാ മേനോന്‍ ഇത് പറയുമ്പോള്‍ എന്തെന്നില്ലാത്ത ആവേശവും ആത്മ സംതൃപ്തിയും വാക്കുകളില്‍ പ്രകടമാകുന്നു. അമേരിക്കയിലെ ഏറ്റവും മികച്ച നൃത്തകേന്ദ്രമായ കലശ്രീയുടെ തലപ്പതിരിക്കുമ്പോള്‍ ഇവിടെക്കെത്തിയ വഴികളെ കുറിച്ചും നേട്ടങ്ങളെ കുറിച്ചും അവര്‍ അശ്വമേധത്തോടു പങ്കുവച്ചു.

 

മുപ്പതു വര്‍ഷം മുന്‍പാണ് ഞാന്‍ അമേരിക്കയില്‍ എത്തിയത്. അന്നോക്കെ വെറുതെ വീട്ടില്‍ ഇരിക്കുന്നത് ആലോചിക്കാനേ വയ്യ. സ്വന്തമായി ഒരു ജോലി ചെയ്യണമെന്ന മോഹം മനസിലുദിച്ചു.ആകെ അറിയാവുന്നത് നൃത്തം മാത്രം. അങ്ങിനെ ന്യുയോര്‍ക്കില്‍ ഡാന്‍സ്‌ സ്കൂള്‍ ആരംഭിക്കാന്‍ പദ്ധതിയിട്ടു. ആദ്യം വീട്ടില്‍ തന്നെയായിരുന്നു ക്ലാസ്‌. കുട്ടികള്‍ വീട്ടിലേക്കു വരും.ക്ലാസ്‌ കഴിഞ്ഞു പോകുമ്പോള്‍ രക്ഷിതാക്കള്‍ ചോദിക്കും. ഒരു സ്കൂള്‍ തുടങ്ങിക്കൂടെ എന്ന്.പക്ഷേ സ്ഥലം അന്വേഷിച്ചു ചെല്ലുമ്പോള്‍ താങ്ങാവുന്നതിലും അപ്പുറം വാടക. പറ്റിയ സ്ഥലം കിട്ടാനും ഇല്ല. പിന്നീടങ്ങോട്ട് കുട്ടികള്‍ കൂടി.കെട്ടിടമായി. ആദ്യമാദ്യം പഠിപ്പിക്കാന്‍ ഡാന്‍സ്‌ അധ്യാപകരെ വച്ചു. അത് വിജയിച്ചില്ല. പലരും വരുന്നത് ജോലി എന്നുള്ള രൂപത്തിലാണ്. കല അങ്ങിനെ ചെയ്യേണ്ടതല്ല. ആത്മസമര്‍പ്പണം വേണം. കല കലയ്ക്കു വേണ്ടിയാവണം. അതുകൊണ്ട് തന്നെ അവരെല്ലാം സ്വയം നിര്‍ത്തി.ഞാന്‍ തന്നെ ആ ജോലി ഏറ്റെടുത്തു പഠിപ്പിക്കാന്‍ തുടങ്ങി. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും തികഞ്ഞ സംതൃപ്തി. ഭര്‍ത്താവ്‌ ബിടി മേനോന്‍റെ അകമഴിഞ്ഞ പിന്തുണയായിരുന്നു ബീനയുടെ ബലം. അമേരിക്കയിലെ രാഷ്ട്രീയ-സാംസ്കാരിക രംഗത്ത്‌ ഏറെ സ്വാധീനമുള്ള വ്യക്തിയായിരുന്നു ബിടി മേനോന്‍. അദ്ദേഹത്തിന്‍റെ മരണശേഷം ബീന തന്നെ നേരിട്ട് കാര്യങ്ങള്‍ നോക്കിനടത്താന്‍ തുടങ്ങി. അദ്ദേഹത്തിന്‍റെ ഓര്‍മ്മയ്ക്കായി എല്ലാ വര്‍ഷവും വിദ്യാലയത്തിലെ മികച്ച വിദ്യാര്‍ഥികള്‍ക്ക്‌ ബിടി മേനോന്‍ സ്മാരക അവാര്‍ഡും നല്കിപ്പോരുന്നു.

 

 

 

വിജയദശമി നാളില്‍ , സ്കൂള്‍ വാര്‍ഷികത്തിലാണ് അവാര്‍ഡ്‌ ദാനം. വിദ്യാലയം തുടങ്ങി കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ കലാശ്രീ അമേരിക്കയയുടെ നൃത്തശ്രീ ആയി മാറി. മുന്‍ പ്രസിഡണ്ടായിരുന്ന ബില്‍ ക്ലിന്‍റണ്‍, ഭാര്യ ഹിലരി ക്ലിന്‍റണ്‍ എന്നിവരുടെ മുന്‍പില്‍ കലാശ്രീയിലെ കുട്ടികള്‍ നൃത്തം അവതരിപ്പിച്ചത് മറക്കാനാവാത്ത അനുഭവമാണ് ബീനയ്ക്ക്‌.2009ല്‍ ഓസ്കര്‍ അവാര്‍ഡ്‌ ദാന ചടങ്ങില്‍ ഇന്ത്യയുടെ അഭിമാനമായി എആര്‍ റഹ്മാനും റസൂല്‍ പൂക്കുട്ടിയും പുരസ്കാരം ഏറ്റുവാങ്ങുമ്പോള്‍ വേദിയില്‍ അവരുടെ പാട്ടിനൊത്ത് നൃത്തം ചെയ്തത് കലാശ്രീയിലെ കുട്ടികളാണ്. സ്പെയിനിലെ ബാഴ്സലോണയില്‍ നടന്ന വേള്‍ഡ്‌ ഡാന്‍സ്‌ കോംപറ്റീഷനില്‍ ഏറ്റവും മികച്ച അവതരണത്തിനും , ഏറ്റവും മികച്ച കൊസ്ട്യൂമിനും കലാശ്രീ അവാര്‍ഡ്‌ നേടി. മത്സരത്തില്‍ പങ്കെടുത്ത പത്തൊന്‍പത് രാഷ്ട്രങ്ങളിലെ നാല്പതില്‍ അധികം കലാകാരന്മാരെ പിന്തള്ളിയാണ് ഈ നേട്ടം എന്നത് കലാശ്രീക്ക് എന്നും അഭിമാനിക്കാവുന്ന നേട്ടമാണ്. 2000ല്‍ നടന്ന അമേരിക്കയിലെ ഏറ്റവും വലിയ സ്റ്റേജ് ഷോ ആയ മോഹന്‍ലാല്‍ ഷോയ്ക്ക് നേതൃത്വം കൊടുത്തതും കലാശ്രീ തന്നെ.കലയെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം അതിനെ വളര്‍ത്തിയെടുക്കുകയും വേരറ്റു പോകാതെ സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് കാലം കലാശ്രീയില്‍ ഏല്‍പ്പിക്കുന്ന ചുമതല.അത് ഭംഗിയായി കൊണ്ട്പോകുന്നു എന്നതിലുള്ള സാക്ഷ്യപത്രങ്ങളാണ് പുരസ്കാരങ്ങളും അഭിനന്ദനങ്ങളും.

 

 

അതുകൊണ്ട് തന്നെ കേരളത്തില്‍ നിന്നും ഏതെല്ലാം സംഘടനകള്‍ അമേരിക്കയില്‍ വന്നു പരിപാടി അവതരിപ്പിക്കുമ്പോഴും ആദ്യം അവര്‍ക്ക് വേണ്ടത് കലാശ്രീയിലെ കുട്ടികളെയാണ്.അത് കഴിഞ്ഞേ അവര്‍ മറ്റു നൃത്ത വിദ്യാലയങ്ങളില്‍ അന്വേഷിക്കു.. ഇന്ന് കലാശ്രീയില്‍ നൃത്തം പഠിക്കുന്ന മുന്നൂറ്റി അന്‍പതില്‍ അധികം കുട്ടികള്‍ ഉണ്ട്.ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം എന്നിവയാണ് പഠിപ്പിക്കുന്നത്‌. ഇവിടെ ഡാന്‍സ്‌ പഠനത്തോടൊപ്പം മത്സരങ്ങളില്‍ പങ്കെടുക്കാനും മികച്ച അവസരം ഉണ്ട്. ഭര്‍ത്താവ്‌ ബിടി മേനോന്‍റെ മരണശേഷവും കലാശ്രീക്ക് ഉന്നതങ്ങളില്‍ സ്ഥാനം ഉറപ്പിക്കാനുള്ള പിന്തുണ നല്‍കുന്നത് അമേരിക്കയിലെ നല്ലവരായ പ്രവാസി മലയാളികളാണ്. അവര്‍ക്കുള്ള നന്ദിയും കടപ്പാടും എന്നും ഓര്‍മ്മയില്‍ ഉണ്ടാകുമെന്നു ബീനാ മേനോന്‍ പറയുന്നു..

 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.