You are Here : Home / അഭിമുഖം

കലയുടെ വർണ്ണങ്ങളും സുഗന്ധവും വാരിവിതറിയ മിത്രാസ് ഉത്സവം

Text Size  

Vineetha Nair

klvineetha@yahoo.com

Story Dated: Thursday, August 17, 2017 09:17 hrs UTC

. പ്രൊഫ. എം. പി. ലളിത ബായ്

 

കഴിഞ്ഞ കുറെ കാലമായി ന്യൂജേഴ്‌സിയിൽ താമസിക്കുന്ന എന്റെ മകളുടെയൊപ്പം വിരുന്നുപാർക്കാൻ വരുമ്പോഴൊക്കെ ഇവിടെ നടന്നിരുന്ന പല പരിപാടികളും കണ്ടിരുന്നു. കലാസാംസ്കാരിക സംഘടനകൾ, ജാതി-മതസംഘടനകൾ, എന്നിങ്ങനെ പലരും മലയാളമണ്ണിന്റെ മണമുള്ള പരിപാടികൾ അരങ്ങത്തു അവതരിപ്പിച്ചു കണ്ടിട്ടുണ്ട്. എന്നാൽ ഇക്കഴിഞ്ഞ ഓഗസ്റ്റ് 12 നു നടന്ന മിത്രാസ് ഉത്സവം അതിൽനിന്നൊക്കെ വേറിട്ടൊരു അനുഭവമായി മാറി. തുടക്കംമുതൽ ഒടുക്കം വരെ സദസ്യരെ ഒന്നടങ്കം പിടിച്ചിരുത്തത്തക്ക വർണ്ണപകിട്ടു കൊണ്ട് ചേതോഹരമായിരുന്നു പരിപാടികൾ എല്ലാം തന്നെ. ഉദ്ഘാടനച്ചടങ്ങിൽ തന്നെ പുതുമയും എളിമയും ദൃശ്യമായിരുന്നു. കലാരൂപങ്ങൾ കാണാൻ കൊതിച്ചെത്തുന്നവർക്കു ഉത്ഘാടന ചടങ്ങു ഒരു പേടി സ്വപ്നമാണ്. പലപ്പോഴായി വൈകിമാത്രം തുടങ്ങുന്ന പരിപാടിയിൽ ഉദ്ഘാടകന്റെയും മറ്റു പ്രസംഗപ്പടയുടെയും വാചാടോപങ്ങളും ഉപദേശങ്ങളും, ഗീർവാണങ്ങളും കേട്ടിരിക്കാൻ കലാപ്രേമികളായ സദസ്യർ നിർബന്ധിതരാകുന്നു.

 

 

ഇവിടെ അത്തരത്തിലൊന്നുണ്ടായില്ല. ഹാളിൽ കയറിയവരുടെ പേരുകളിൽ നിന്നും ഒരാളെ നറക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നു, ആ വ്യക്തി ഒരു മെഴുകുതിരിയിലേക്കു വെളിച്ചം പകരുന്നു. ഒരു പൂവിരിയുംപോലെ അത്ര സ്വാഭാവികമായും അനായാസവുമായി മിത്രാസ് ഉത്സവത്തിന് തുടക്കം കുറിക്കുന്നു. ജാതി-മത-രാഷ്ട്രീയ ഭിന്നതകളൊന്നുമില്ലാതെ ഇന്നാട്ടിൽ എത്തപ്പെട്ട കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സ്നേഹംകൊണ്ട് ഊടുംപാവും നെയ്ത ഒരു അത്യപൂർവ കൂട്ടായ്മ. സ്നേഹിക്കുന്നവർക്കും, എല്ലാവരെയും സമഭാവനയോടെ കാണാൻ സാധിക്കുന്ന ആർക്കും ഒടുങ്ങാത്ത സൗഹൃദം കൊതിക്കുന്നവർക്കും ഇതിൽ പങ്കാളികളാവാം. അനുഗൃഹീത കലാകാരന്മാരിലെ പ്രതിഭയും, സിദ്ധിയും, പ്രാഗത്ഭ്യവും അന്യംനിന്നുപോകാതെ അവരിലെ സമസ്ത വൈഭവങ്ങളെയും ഊതി തിളക്കുന്ന ഒരു സംഘടന. അതാണ് മിത്രാസ്. അവതാരകയുടെ ചുരുങ്ങിയ വിവരണം ഇത്രയുമേയുള്ളൂ.

 

 

 

മിത്രാസിനൊപ്പം ഞാൻ എപ്പോഴും കേട്ടുകൊണ്ടിരിക്കുന്ന രണ്ടുപേരുകൾ, രാജൻ, ഷിറാസ്. കലകളോടുള്ള സ്നേഹവും, ആരാധനയും, അഭിനിവേശവുമാണ് അവരുടെ കൈമുതൽ. അമേരിക്കയെന്ന അതിവിസ്തൃത ഭൂവിഭാഗത്തിൽ പല സ്ഥലങ്ങളിലായി ചിതറിക്കിടക്കുന്ന മലയാളികളെയും അവരിൽനിന്നും കണ്ടെത്തിയ കലാകാരന്മാരെയും കലവറയില്ലാതെ സ്നേഹിക്കുകയും അവരെ സ്വന്തം ഹൃദയത്തിൽ ഏറ്റുവാങ്ങുകയും ചെയ്യുകയാണ് ഈ 'അപൂർവ സാഹോദരന്മാർ. തങ്ങളുടെ ജീവനും, ധനവും, ഭാഗ്യവും, മോഹവുമെല്ലാം കലയാണെന്ന് വിശ്വസിക്കുന്ന ഈ കൂടപ്പിറപ്പുകളുടെ പ്രയത്നങ്ങൾ അത്യുന്നതങ്ങളിലേക്കു എത്തപെടുമെന്നതിനു സംശയമില്ല. തൂവെള്ളവേഷമണിഞ്ഞു ആദ്യമെത്തിയ ഗായകരുടെ മധുരസ്വരത്തിലൂടെ ജാതിമതാതീതമായ അല്ലെങ്കിൽ നാനാജാതിമതങ്ങൾ ഒന്നാണെന്ന ദിവ്യമായ ഒരനുഭൂതി എല്ലാവരിലും നിറഞ്ഞു. സകലവിദ്യകളുടെയും സർവ കലകളുടെയും ദേവതയായ കുടജാദ്രിയിലെ മഹേശ്വരിയെ പാടിയുണർത്തി, സ്നേഹത്തിന്റെയും സഹനത്തിന്റെയും നാഥനായ ശ്രീ യേശുദേവനെയും, പരമ കാരുണീകനായ അള്ളാഹുവിനെയും, പുണ്യപാപചുമടുകളെ ഒരുപോലെ താങ്ങുന്ന ശബരീശനെയും പാടിയുണർത്തി ഉദാത്തമായൊരു അനുഭവത്തിലേക്ക് ഏവരെയും എത്തിക്കുകയുണ്ടായി ആദ്യഗാനം.

 

 

 

പിന്നീടങ്ങോട്ട് നൃത്യ, നൃത്ത, നാട്യ, ഗാനങ്ങളുടെ അരങ്ങേറ്റമായിരുന്നു. കണ്ടുമടുത്തതിൽനിന്നും വ്യത്യസ്തമായി പല നൃത്തരൂപങ്ങൾ കോർത്തിണക്കിയ ജുഗല്ബന്ധി, മോഹിനിയാട്ടം, ഭരതനാട്യം, ഒഡീസി , കഥക് എന്നിങ്ങനെയുള്ള ഉത്തര, മധ്യ, ദക്ഷിണേന്ത്യൻ നൃത്തരൂപങ്ങൾ ഭാരതത്തിന്റെ അഖണ്ഡതയ്ക് അടിവരയിടുന്നതായിരുന്നു. ഗാനാവതരണത്തിലും കാണാമായിരുന്നു ഈ പുതുമ. വിവിധ ഭാഷാഗാനങ്ങൾ പരസ്പരം അലിഞ്ഞു ചേരുന്നതുപോലെ ഗായകർ അവതരിപ്പിക്കുകയുണ്ടായി. മനോഹരമായ പാട്ടുകളുടെ ആത്മാവ് ചോർത്തിക്കളഞ്ഞു, തോന്നിയതുപോലെ നീട്ടിയും കുറുക്കിയും സംഗീതോപകരണങ്ങളുടെ അതിപ്രസരത്തിൽ നടക്കുന്ന കൊലവിളികൾ പോലെയുള്ള പാട്ടുകൾ ഫ്യൂഷൻ സോങ്‌സ് എന്നപേരിൽ കേട്ടിട്ടുണ്ട്. അതിൽ നിന്നൊക്കെ വ്യത്യസ്തമായി നാം കേൾക്കാൻ കൊതിചിരുന്ന പഴയപാട്ടുകളും പുതിയപാട്ടുകളും താളലയ സമന്വയത്തോടെ കോർത്തിണക്കിയ ഗാനങ്ങളുടെ അവതരണം ശ്രോതാക്കളെ ഗന്ധർവലോകത്തു എത്തിച്ചതുപോലെ തോന്നി.

 

 

 

 

സംഗീതോപകരണങ്ങളേതുമില്ലാതെ വായ്‌ത്താരികളെ ഉപകാരണസംഗീതമാക്കി ചിട്ടപ്പെടുത്തിയ 'അക്കാപ്പെല്ല' എന്ന സംഗീതരൂപവും കർണസുഖം പകരുന്നത് തന്നെയായിരുന്നു. അരങ്ങിലെത്തിയ എല്ലാപരിപാടികളും ഹൃദ്യമായിരുന്നു. ഓരോന്നിനെക്കുറിച്ചും വിശദമാക്കാൻ സാധ്യമല്ലാത്തതിനാൽ അതിനു മുതിരുന്നില്ല, എങ്കിലും അറ്റലാന്റയിൽനിന്നും വന്ന കലാകാരികൾ അവതരിപ്പിച്ച ഗാനവും നൃത്തവും ഏറെ ശ്രദ്ധേയമായി. ബാലകൗമാരയൗവ്വനങ്ങൾ അരങ്ങത്തു അണിനിരത്തിയാണ് മിത്രാസിന്റെ ആഘോഷപരിപാടികൾ മുന്നേറിയത്. അതിൽ പിഞ്ചോമനകൾ പാടിയ പാട്ടുകൾ ഏവരെയും അത്ഭുതപെടുത്തുക തന്നെ ചെയ്തു. നാലുമുതൽ പത്തുവയസുവരെയുള്ള കുട്ടികൾ ഒരേ സ്വരത്തിൽ താളഭംഗമോ, ശ്രുതിഭംഗമോ, അക്ഷരത്തെറ്റുകളോ കൂടാതെ അതിമനോഹരമായി പാടി. എന്നാൽ കുഞ്ഞു മുഖങ്ങളെ മറച്ചുകൊണ്ട് അവരെ ധരിപ്പിച്ചിരുന്നു കറുത്ത കണ്ണട അതീവഹൃദ്യമായി അവതരിപ്പിച്ച സംഗീതത്തിന് യോജിച്ചതായി തോന്നിയില്ല. മുഖം വിഴുങ്ങുന്ന കറുത്ത കണ്ണട അവരുടെ ഓമന മുഖങ്ങൾ കുറച്ചൊക്കെ മറച്ചുകളഞ്ഞു.

 

 

 

 

'സ്വർഗ്ഗത്തിലെ കൂട്ടുകുടുംബം' എന്ന ലഘുനാടകത്തിൽ കൃതഹസ്തരായ അഭിനേതാക്കൾ അരങ്ങു തകർത്തു എന്ന് തന്നെ പറയാം. മതമൈത്രിയും, മാനവസ്നേഹവും ഇതിന്റെ അന്തര്ധാരയായി പ്രവഹിക്കുന്നുണ്ടെങ്കിലും ഹാസ്യത്തിലൂടെയാണ് അത് ഇതൾ വിരിയുന്നത്. സ്വർഗത്തിൽ യേശുദേവനും, കൃഷ്ണനും മറ്റു എല്ലാ ദൈവങ്ങളും ഒരുമിച്ചിരുന്നു പാപികളെ, കൊള്ളക്കാരെ, സ്ത്രീപീഡകരെയെല്ലാം ശിക്ഷിക്കുന്ന രീതിയിലാണ് ഇതിവൃത്തം രൂപംകൊണ്ടിരിക്കുന്നതു. കാലികപ്രസക്തികൊണ്ടും, അഭിനയത്തികവുകൊണ്ടും, ആശയപ്പെരുമകൊണ്ടും നാടകം രസനീയമായിരുന്നു. നോർത്ത്അമേരിക്കയിലെ മലയാളികള്‍ അണിയിച്ചൊരുക്കിയ ഹ്രസ്വ ചിത്രങ്ങള്‍ക്ക് അവാര്‍ഡുകൾ നൽകി പ്രോത്സാഹിപ്പിച്ചതും ശ്‌ളാഘനീയം തന്നെ. ഈ പരിപാടികൾക്കെല്ലാം പരഭാഗശോഭ പരത്തികൊണ്ടു രണ്ടു മഹത്കാര്യങ്ങളും രംഗത്ത് നടന്നു. ഒന്ന്, ശാന്ത എന്ന പഴയകാല നാടകനടിയെ ആദരിക്കുന്ന ഗുരുപ്രണാമം. പതിറ്റാണ്ടുകളായി നീണ്ടുനിന്ന നാടകാഭിനയത്തിൽ കേരളത്തിലെ നൂറുകണക്കിന് വേദികൾ കീഴടക്കിയ ശാന്ത എന്ന അതുല്യനടി കാലത്തിന്റെ കളിത്തോണി തുഴഞ്ഞു തുഴഞ്ഞു അമേരിക്കയിൽ വന്നെത്തി ഇന്ന് മകന്റെയൊപ്പം താമസിക്കുന്നു. മറുപടിയായി അവർ പറഞ്ഞ വാക്കുകളും ഹൃദ്യവും ആത്മാര്ഥതയുമുള്ളതായിരുന്നു. മറ്റൊന്ന് ഒരു പരിചയക്കാരിക്കുവേണ്ടി സ്വന്തം കിഡ്നി പകുത്തുനൽകിയ രേഖ നായരെ വേദിയിലേക്ക് എത്തിച്ചാണ്. സദസ് ഒന്നടങ്കം എഴുനേറ്റു നിന്ന് രേഖയെ ആദരിച്ചു. കണ്ടവരുടെയെല്ലാം കണ്ണിനു രേഖ പുണ്യദർശനമായി. ഒരു പരിചയക്കാരിക്ക് വേണ്ടി ആര് ചെയ്യും ഈ ത്യാഗം?

 

 

അവയവം കൊടുത്തതുമാത്രമല്ല, എടുത്തതിനു ശേഷം അനുഭവിക്കുന്ന നീറി പുകയുന്ന വേദന, ശാരീരിക വ്യതിയാനങ്ങൾ, മാനസിക സമ്മർദ്ദങ്ങൾ എല്ലാം രേഖ അനുഭവിച്ചുകാണും. “അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ! വിവേകികൾ” കുമാരനാശാന്റെ ഈ വരികൾ പഠിക്കുകയും തലമുറകളെ പഠിപ്പിക്കുകയുംചെയ്ത ഞാൻ അന്യജീവനു വേണ്ടി സ്വന്തം ജീവിതത്തെ പകുത്തുനൽകിയ ഒരാളെ നേരിട്ട് കാണാൻ സാധിച്ചതിനാൽ എന്റെ ഇത്തവണത്തെ അമേരിക്കൻ യാത്ര ധന്യമായി എന്ന് ഞാൻ കരുതുന്നു. താൻ ചെയ്തത് വലിയ കാര്യമൊന്നുമല്ലെന്നു രേഖ സദസ്യരോട് പറഞ്ഞത് അവരുടെ മഹാമനസ്കതകൊണ്ടുമാത്രം. രേഖയുടെ മഹാപുണ്യത്തെപ്പറ്റി പറയാൻ, എഴുതാൻ വാക്കുകൾക്കു ക്ഷാമം അനുഭവിക്കുന്ന എനിക്ക് ഇത്രയേ പറയാനുള്ളൂ. രേഖ, പൊന്നുമകളെ! നിന്റെ മുൻപിൽ ഈ അമ്മയും തലകുനിക്കുന്നു!!

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.