You are Here : Home / അഭിമുഖം

അവസരം ലഭിക്കുകയാണെങ്കിൽ ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാനത്തേക്ക് വരണം

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Monday, February 19, 2018 06:23 hrs UTC

ചുരുങ്ങിയ കാലം കൊണ്ട് അമേരിക്കന്‍ മലയാളികളുടെ മനം ​കവര്‍ ന്ന വ്യക്തിത്വത്തിന്‌ ഉടമയാണ്‌ ഫോമയുടെ വുമന്‍സ്  ഫോറം സെക്രട്ടറി രേഖാ നായര്‍ . വാക്കും പ്രവര്‍ത്തിയും ഒന്നാകണമെന്ന നിര്‍ ബന്ധ ബുദ്ധി രേഖയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തയാക്കുന്നു. അശ്വമേധവുമായി ഫോമ എന്ന സംഘടനയിലെ പ്രവര്‍ത്തനങ്ങള്‍ രേഖ നായര്‍  പങ്ക് വയ്ക്കുന്നു

സീനിയറായ ആളുകൾ മാത്രം നേതൃസ്ഥാ.നത്തും  യുവാക്കളുടെ സാന്നിധ്യം കുറവായിരുന്നുകാലഘട്ടത്തിലാണ് രേഖയെ പോലുള്ളവർ ഫോമയിലേക്ക് വരുന്നത്. അത്തരമൊരു സാഹചര്യം നിലനിൽക്കെ എങ്ങനെയാണ് ഇവിടെ എത്തിപ്പെടുന്നത്?

 

വളരെ ചെറുപ്പം മുതൽ തന്നെ പ്രാദേശിക തലത്തിലുള്ള പല സംഘടനകളിലും പ്രവർത്തിച്ചിരുന്ന ഒരാളായിരുന്നു ഞാൻ. ഫോമ മാത്രമല്ല പല സംഘടനകളിലും നേതൃസ്ഥാനങ്ങൾ എല്ലായ്പ്പോഴും അലങ്കരിച്ചിരുന്നത് വളരെ മുതിർന്നവരായിരുന്നു.  ഇതിലേക്ക് കടന്നു വരുന്ന യുവാക്കൾക്ക് വളരെ നല്ല സ്വീകരണമായിരുന്നു ഈ സംഘടനകളിൽ നിന്നും ലഭിച്ചിരുന്നത്. അതുകൊണ്ടുതന്നെ അത്തരത്തിലൊരു വിവേചനം ഒരുകാലത്തും നേരിട്ടിട്ടില്ല. മാത്രമല്ല തികച്ചും യാദൃശ്ചികമായി ഫോമയിലേക്ക് കടന്നു വന്ന ഒരാൾ കൂടിയാണ് ഞാൻ. കേരള കൾച്ചറൽ അസോസിയേഷന്റെ സെക്രട്ടറിയായി പ്രവർത്തിക്കുന്ന സമയത്താണ് കഴിഞ്ഞ തവണ ഞാൻ ഫോമയിലേക്കു വരുന്നത്.

ഫോമ ഉൾപ്പടെയുള്ള സംഘടനകളിൽ  യുവാക്കളെ ആകർഷിക്കാൻ തക്ക വണ്ണം എന്തെങ്കിലും പ്രത്യേകതകൾ വേണമെന്ന് ആ സമയത്ത് തോന്നിയിരുന്നോ?


അതത്ര എളുപ്പമുള്ള കാര്യമല്ല എന്ന് പൂർണബോധ്യം ഉള്ള ഒരാളാണ് ഞാൻ. എന്നെ പോലെ ഇവിടെ ജനിച്ചു വളർന്ന കുട്ടികളെ ഫോമാ പോലെയുള്ള സംഘടനകളിലേക്ക് ആകർഷിക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. അതിലും പ്രയാസം ആണ് മധ്യവയസ്കരായ ആളുകളെ സംഘടനകളിലേക്കു കൊണ്ട് വരുക എന്നുള്ളത്. കാരണം കൂടി പറയാം. ചെറുപ്പക്കാരായ ആളുകൾക്ക് വേണ്ടി ഇത്തരം സംഘടനകൾ പലതും ചെയ്യുന്നുണ്ട്, ചെറുപ്പക്കാർ സ്വാഭാവികമായി ഇതിലേക്ക് വരും.  ചെറിയ കുട്ടികൾക്ക് വേണ്ടിയും പല പരിപാടികളും ചെയ്യുന്നുണ്ടതിനാൽ തങ്ങളുടെ കുട്ടികളുടെ കഴിവുകളെ പരിപോഷിപ്പിക്കാനാകും യുവജനതയും  കടന്നു വരും. അതുപോലെ  വളരെ മുതിര്‍ന്നയാളുകള്‍ ജോലിതിരക്കുകളൊക്കെ കഴിഞ്ഞതു കൊണ്ട്‌ ധാരാളം സമയം സംഘടന പ്രവര്‍ത്തനതിനു ലഭിക്കുന്നതു കൊണ്ട് സജീവവുമാണ്‌.. ഇതിനു മൂന്നിനും ഇടയിൽ  മധ്യവയസ്കരുടെ സമൂഹമാണ് സംഘടനകളിലേക്ക് ആകർഷിക്കപ്പെടാതെയിരിക്കുന്നത്.  കാരണം അവർ വളരെ തിരക്കിലാണ്. തിരക്കു പിടിച്ച ജീവിതത്തിനിടയിൽ ഇത്തരത്തിലൊരു സംഘടനയിലേക്ക് വന്നതുകൊണ്ട് വ്യക്തിപരമായി എന്ത് നേട്ടം എന്നെ അവർ ചിന്തിക്കു. അത് തെളിയിച്ചു കൊടുക്കേണ്ടത് സംഘടനകളാണ്. ഫോമക്ക് അതിന് ഒരു പരിധിവരെ സാധിച്ചിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം.

പലരും ഫോമയിലേക്ക് കടന്നുവരുന്നത് ഒരു ഗോഡ്ഫാദറിലൂടെയാണ്. രേഖക്ക് അത്തരത്തിൽ ഒരു ഗോഡ്ഫാദർ ഉണ്ടായിരുന്നോ? അതോ ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ ചെയ്ത് വിജയിച്ച് അതിലൂടെ അംഗീകാരം നേടി വന്നതാണോ?

തീർച്ചയായും എന്നെ ഫോമയിലേക്ക് കൊണ്ടു വന്നത് ഫോമയുടെ ജന്മം മുതല്‍ ഇതിന്‌ വേണ്ടി വിയര്‍പ്പൊഴുക്കിയ, ഇതിന്റെ വളര്‍ ച്ച സ്വപ്നം കാണുന്ന, താക്കോല്‍ സ്ഥാനങ്ങളിലിരുന്ന് പ്രവര്‍ത്തിച്ച ഒരാളാണ്‌. തത്കാലം അദ്ദേഹം ഞങ്ങളുടെയിടയിലെ ഒരു കുമ്പസാര രഹസ്യമായി ഇരിക്കട്ടെ.ഫോമയിലേക്ക് വരണം എന്നു പോലും ഞാൻ ചിന്തിക്കാതിരുന്ന ഒരു കാലത്താണ് നിനക്ക് കഴിവുണ്ട്, നീ വരണം എന്നു പറഞ്ഞ് എന്നെ കൈപിടിച്ച് അദ്ദേഹം ഇതിലേക്ക് കൂട്ടിക്കൊണ്ടുവരുന്നത്. ഫോമയിൽ എന്നെ പരിചയപ്പെടുത്തുന്നതും അദ്ദേഹമാണ്. വർഷങ്ങളായി അദ്ദേഹത്തിന് എന്നെ അറിയാം. എനിക്ക് എന്ത് ചെയ്യാൻ സാധിക്കും എന്നുള്ള അദ്ദേഹത്തിന്റെ ഒരു വിശ്വാസത്തിൽ നിന്നാണ് അദ്ദേഹം എന്നെ ഇതിലേക്ക് കൊണ്ടുവരുന്നത്. ഫോമയിൽ എത്തിയ ശേഷം പോഷക സംഘടനയായ  വിമൻസ് ഫോറം രൂപീകരിച്ചു. അതിന്റെ സെക്രട്ടറിയായി. അത്തരത്തിൽ പിന്നീട് നടന്ന കാര്യങ്ങൾ ഒക്കെയും സ്വപ്രയത്നം കൊണ്ട് നേടിയതാണ്.

വനിതാ ഫോറത്തിൽ ഡോ.സാറ ഈശോയെ പോലുള്ള മുതിർന്നവരും  രേഖയെപ്പോലുള്ള ചെറുപ്പക്കാരും ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്. ഈ പ്രായ വ്യത്യാസം സംഘടനാ പ്രവർത്തനങ്ങൾക്ക് തടസ്സമാകാതെ മറി കടക്കുന്നതെങ്ങനെയാണ്?

വളരെയധികം പക്വതയും കഴിവുമുള്ള ഒരു സ്ത്രീയാണ് ഡോക്ടർ സാറ ഈശോ. ഒരു ഡോക്ടർ എന്നതിൽ ഉപരി നല്ലൊരു എഴുത്തുകാരി, വാക്മി, നല്ല ഒരു വ്യക്തിത്വത്തെ ആണ് സാറ ചേച്ചിയിൽ കാണാൻ സാധിക്കുക. ചേച്ചി നമുക്കിങ്ങനെ ഒരു കാര്യം ചെയ്യാം എന്ന് ചേച്ചിയോട്  പറയുകയാണെങ്കിൽ  എന്നിൽ വിശ്വാസമർപ്പിക്കാൻ അവർ തയ്യാറാണ്. അതുകൊണ്ടുതന്നെ ഞങ്ങൾ ഒരുമിച്ചുള്ള പ്രവർത്തനശൈലി വളരെയധികം എളുപ്പവുമാണ്. ഒരിക്കലും ചെയർപേഴ്സൺ തീരുമാനിക്കുന്നത് പോലെയാണ് കാര്യങ്ങൾ എല്ലാം നടക്കുന്നത് എന്ന രീതിയിലുള്ള ഒരു പെരുമാറ്റവും ഒരുകാലത്തും ചേച്ചിയുടെ  ഭാഗത്തുനിന്നുണ്ടായിട്ടില്ല. അതുപോലെ എല്ലാത്തിനും അവസാനവാക്ക് ചെയർപേഴ്സൺ ആണെന്നുള്ള ബോധ്യം എനിക്കുമുണ്ട്. ഞങ്ങൾ പരസ്പരം ബഹുമാനിക്കുന്നു. ഓരോരുത്തരും ചെയ്യുന്ന ഓരോ കാര്യങ്ങളിലും എന്തെങ്കിലും കുറവുകൾ ഉണ്ടെങ്കിൽ പോലും പരസ്പരം പങ്കുവെച്ച് ആ കുറവുകൾ നികത്താൻ ശ്രമിക്കാറുണ്ട്. ഇതിനെല്ലാം പുറമെ ഏതൊരു കാര്യവും ധൈര്യമായി നേരിടാനുള്ള തന്റേടം ഉള്ള  ഒരു സ്ത്രീ കൂടിയാണവർ. ഞങ്ങളുടെ ഇടയിൽ  പ്രായം ഒരിക്കലും ഒരു വിഷയമായിട്ടില്ല. ചിന്താധാരകൾ മാത്രമാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നത്.

ദേശീയ എക്സിക്യൂട്ടീവിലേക്ക് ഒരാൾ വരുമ്പോൾ താഴെത്തട്ടിൽ നിന്നും പ്രവർത്തിച്ചു വരണം എന്നണ്ടോ?

ഒരു ദേശിയ സംഘടനയുടെ എക്സിക്യൂട്ടീവ് എന്നു പറയുമ്പോൾ കുറഞ്ഞ പക്ഷം ആ സംഘടന എന്താണെന്നറിയണം. മറ്റുള്ള സംഘടനകളിൽ പ്രവർത്തിച്ച് എത്ര അനുഭവം ഉണ്ടെങ്കിലും ഫോമയെക്കുറിച്ച് ചോദിച്ചാൽ പറഞ്ഞുകൊടുക്കാൻ സാധിക്കണം. വളരെ കഴിവുള്ള ആളുകൾ ആയിരിക്കാം. പക്ഷെ ഫോമ എന്താണെന്നോ ഫോമയുടെ ലക്ഷ്യമെന്താണെന്നോ എന്തിനാണ് പ്രവർത്തിക്കുന്നതെന്നോ അറിവില്ലെങ്കിൽ അവരുടെ പരിചയ സമ്പത്തിന്  ഫോമക്ക് പ്രയോജനമില്ല. അവിടെ പാരമ്പര്യത്തിന് പ്രസക്തിയില്ല. അതുകൊണ്ടുതന്നെ ഏതൊരു വ്യക്തിയായാലും കുറഞ്ഞത് നാഷണൽ കമ്മിറ്റി ലെവലിൽ നിന്ന് തുടങ്ങി എല്ലാം മനസ്സിലാക്കി പ്രവർത്തിച്ച് തുടങ്ങുന്നതാണ് ആരോഗ്യപരം എന്നുള്ളതാണ് എന്റെ വിശ്വാസം.

പ്രസിഡന്റ് സ്ഥാനാർത്ഥി വരുന്നിടത്തു  തന്നെയാവണം കൺവൻഷൻ നടത്തേണ്ടത് എന്നുള്ളത് ഫോമയുടെ ഒരു പരമ്പരാഗത രീതിയാണ്. ഈ ശൈലിയോട് വിയോജിപ്പുണ്ടോ?

 മുന്‍ പ്രസിഡന്റ് ജോണ്‍ ടൈറ്റസ് ലോക പ്രശസ്തമായ ലാസ് വേഗ്ഗസ്സിലാണ്‌ ഫോമ കണ്‍ വന്‍ഷന്‍ നടത്തിയത്. അതു പോലെ പിന്നീട്‌ വന്ന ബേബി ഊരാളിലും ഉത്സവ പ്രതീതിയുയര്‍ ത്തിയ ക്രൂസ് ഷിപ്പിലാണ്‌ കണ്‍വന്‍ഷന്‍ നടത്തിയത്. ഫോമയുടെ തെരഞ്ഞെടുക്കുന്ന കമ്മറ്റികളുടെ പ്രവര്‍ ത്തനം 2 വര്‍ ഷത്തേക്കാണ്‌ . അതിന്റെ കലാശകൊട്ടിന്‌ തീര്‍ച്ചയായും ഒരു ഉത്സവ പ്രതീതിയുണ്ടാകണം . അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നമ്മള്‍ ഒരു കൂട്ടു കുടുംബ സംസ്കാരത്തിന്റെ ഭാഗമായി ഫോമ കണ്‍ വന്‍ഷനില്‍ പങ്കെടുക്കുമ്പോള്‍ എല്ലാവരും സന്തോഷവരായിരിക്കണം . ആ സന്തോഷത്തിന്റെ അന്തരീകഷത്തില്‍ കുടം​ബങ്ങള്‍ തമ്മില്‍ സ്നേഹത്തിന്റെ നൂല്‍ പാലങ്ങള്‍ തീര്‍ക്കണം .  കുടുംബാംഗങ്ങളെ മുഴുവൻ  പങ്കെടുപ്പിച്ചുകൊണ്ട് കുടുംബസംഗമങ്ങൾ നടത്തുന്ന സമയത്ത് ഇത്തരത്തിൽ പ്രസിഡണ്ടിന്റെ സ്ഥലം എന്നുള്ളത് മാറ്റി വിനോദസഞ്ചാരകേന്ദ്രങ്ങൾ  തിരഞ്ഞെടുക്കുന്നതാണ് പലർക്കും താല്പര്യം. കാരണം നേതൃസ്ഥാനത്ത് ഇല്ലാത്തവരെ സംബന്ധിച്ച് വിനോദസഞ്ചാരം ആണ് അവർ ലക്ഷ്യം വെക്കുന്നത്. കണ്‍വന്‍ഷന്റെ സ്ഥലവും സമയവും കൂട്ടായ തീരുമാനങ്ങളിലൂടെയായിരിക്കണം ഉരുത്തിരിയേണ്ടത്. കണ്‍വന്‍ഷന്‍ നടക്കുന്ന സ്ഥലമാകരുത് ഒരു പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡം. നേതാക്കന്മാരെ തെരഞ്ഞെടുക്കേണ്ടത് അവരുടെ കഴിവിന്റെയും ക്രെഡിബിലിറ്റിയുടെയും സംഘടനയോടുള്ള പ്രതിബദ്ധതയുടെയും വെളിച്ചത്തിലാകണം . കാരണം അവരുടെ ഉത്തരവാദിത്വം കണ്‍ വന്‍ഷന്‍ മാത്രമല്ല. ഫോമക്ക് ക്ഷതമേല്ക്കാതെ ഏവരെയും ഏകോപിപ്പിച്ച് കൊണ്ട് പോകുവാന്‍ കഴിവുണ്ടായിരിക്കണം. കാലോചിതമായ മാറ്റങ്ങള്‍ ഉള്‍ കൊണ്ട് കണ്‍ വന്‍ഷനുകള്‍ അതിന്റെ ആവേശം കെടാത്ത സ്ഥലങ്ങളിലേക്കെത്തട്ടെ എന്നാണ് എൻ്റെ പ്രാർത്ഥന!

ഒന്നിൽ കൂടുതൽ സ്ത്രീകൾ നേതൃസ്ഥാനത്ത് വരുന്നതിനെക്കുറിച്ച്  അഭിപ്രായമെന്താണ്?

ഫോമാ കൺവെൻഷൻ കുടുംബ സംഗമം ആക്കണം എന്ന് പലർക്കും ആഗ്രഹം ഉണ്ട്. പക്ഷെ സ്ത്രീ സാന്നിധ്യം വളരെ കുറവായിട്ടാണ് കാണുന്നത്. പലരേയും വോട്ട് ചെയ്യിക്കാൻ വേണ്ടി മാത്രം കൊണ്ട് വരുന്ന പ്രവണത മാറ്റണം. അതിന് കൂടുതൽ സ്ത്രീകൾ നേതൃനിരയിലേക്ക് വരേണ്ടത് ആവിശ്യമാണ്. ഇതൊരു കൂട്ടായ്മയുടെ പ്രവർത്തനമാണ്.  എല്ലാവർക്കും ഒരുമിച്ച് എല്ലാ പ്രവൃത്തികളും കൂട്ടായ്മയിൽ ചെയ്തെടുക്കാവുന്നതാണ്. ഒന്നിലധികം സ്ത്രീകൾ നേതൃസ്ഥാനത്തേക്ക് വരുന്നതിന് നിരുൽസാഹപ്പെടുത്തേണ്ട കാര്യമില്ല.കുടുംബ സംഗമം എന്ന  ലക്ഷ്യത്തിലേക്ക് ഓടിയെത്തണമെങ്കില്‍ കൂടുതല്‍ സ്ത്രീകളുടെ സജീവ സന്നിദ്ധ്യമുണ്ടായിരിക്കണം

ഏതുകാര്യത്തിലും കണ്ടുവരുന്ന ഒരു പൊതുരീതി എന്നുള്ളത് തിരഞ്ഞെടുപ്പിനു മുൻപ് ആളുകൾ പല കാര്യങ്ങളും പ്രസംഗിക്കുകയും എന്നാൽ പ്രവൃത്തിയും പ്രസംഗവും രണ്ടാണെന്ന് തെളിയിക്കുകയും ചെയ്യുന്ന അനുഭവമാണ്. ഇതിൽനിന്ന് വ്യത്യസ്തമായി പ്രസംഗവും പ്രവൃത്തിയും ഒന്നാണെന്ന് തെളിയിച്ചയാളാണ് രേഖ. പറയുന്നത് പ്രവർത്തിക്കുന്ന ഈ തീരുമാനത്തിന് പിന്നിൽ എന്താണ്?

ഞാൻ അധികം സംസാരിക്കുന്ന ഗണത്തിൽപ്പെടുന്ന ഒരാളല്ല. സംസാരത്തിൽ അല്ല പ്രവൃത്തിയിലാണ് കാര്യം എന്ന് വിശ്വസിക്കുന്ന ഒരാൾ കൂടിയാണ് ഞാൻ. അതുകൊണ്ടുതന്നെ എന്നെ സംബന്ധിച്ച് ഞാൻ ഒരു വിഷയത്തിൽ തീരുമാനമെടുത്താൽ അത് നടത്തിയിരിക്കും. വുമന്‍സ് ഫോറം നിര്‍ദ്ധനരായ നേഴ്സിങ്ങ് വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ ഷിപ് പ്രഖ്യാപിച്ചപ്പൊള്‍ അതിന്റെ ഫലപ്രാപ്തിയെ പറ്റി സംശയിച്ചവര്‍ നിരവധിയായിരുന്നു. എന്നാല്‍ മുപ്പതു ദിവസത്തിനുള്ളില്‍ അതിനുള്ള പണം സമാഹരിക്കുവാനും തുടര്‍ന്ന് കേരളത്തിലെത്തി വിതരണം ചെയ്യുവാനും സാധിച്ചത് കൃത്യമായ ആസൂത്രണത്തിന്റെ വിജയമായി കാണുന്നു. പത്തു കുട്ടികൾക്ക് മുപ്പതിനായിരം വെച്ച് കൊടുക്കാൻ അഭിപ്രായം വന്നപ്പോൾ, 15 കുട്ടികൾക്ക് 50,000 വെച്ചും, 7 കുട്ടികൾക്ക് 25,000 വെച്ച് സ്കോളർഷിപ് കൊടുക്കുവാൻ ഞങ്ങൾക്ക് സാധിച്ചു. ഫോമയുടെ ചരിത്രത്തിൽ തന്നെ ആദ്യത്തെ സ്കോളർഷിപ്പ് പ്രോഗ്രാം ആയിരുന്നു ഇത്. അതിനെക്കുറിച്ചു സംസാരിക്കുന്നത് അത് ചെയ്തതിന് ശേഷം ആണ്. അതാണ് എൻ്റെ രീതി  

സകലമേഖലകളിലും വനിതാ പങ്കാളിത്തം വളരെയധികം ശക്തമായിരിക്കുന്ന ഒരു കാലമാണ്. അതുകൊണ്ടുതന്നെ ഫോമയുടെ ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാനത്തേക്ക് വരണം എന്ന് ആവശ്യപ്പെട്ടാൽ എന്തായിരിക്കും പ്രതികരണം?

ഫോമയിൽ പ്രവർത്തിക്കാൻ എനിക്ക് സന്തോഷമേ ഉള്ളൂ. എനിക്ക്  ചെയ്യാൻ പറ്റുന്ന ഒരു സ്ഥാനം ആണെങ്കിൽ തീർച്ചയായും അത് ഏറ്റെടുക്കുക തന്നെ ചെയ്യും. ഒറ്റക്ക് നിന്നുകൊണ്ട് പലകാര്യങ്ങളും ചെയ്യാവുന്നതാണ്. ഞാൻ ചെയ്തിട്ടുമുണ്ട്. പക്ഷേ എല്ലായ്പ്പോഴും ഒരുകൂട്ടം ആളുകളുടെ ഒപ്പംനിന്നു ചെയ്യുമ്പോഴാണ് അതിന് ശക്തി ഉണ്ടാവുക. നമ്മളെത്ര ആശയങ്ങൾ പങ്കു വച്ചാലും ഒരു സംഘടനയുടെ കീഴിൽ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന ഒരു ശക്തി മറ്റൊന്നും കിട്ടില്ല. അത്തരം ഒരു അവസരം ലഭിക്കുകയാണെങ്കിൽ എൻ്റെ കഴിവിന്റെ പരമാവധി സംഘടനക്ക് വേണ്ടി പ്രവർത്തിക്കും. അത് തന്നെയാണ് എന്റെ ആഗ്രഹം!

#############################################################################################

 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.