You are Here : Home / എഴുത്തുപുര

മലാലയുടെ ആഗ്രഹം ലോകത്തിന്‍റെ ആവശ്യമാണ്

Text Size  

Story Dated: Tuesday, October 22, 2013 03:43 hrs UTC

താലിബാനെക്കാളും തനിക്ക്‌ ഭയം ജിന്നുകളെയാണെന്ന്‌ കണ്ണുനിറച്ച്‌ കൗതുകത്തോടെ ഒരു പതിനാറുകാരി പറയുമ്പോള്‍ ലോകം എത്ര ശ്രദ്ധയോടെയാണ്‌ കേള്‍വിക്കാരാകുന്നത്‌. സ്‌നേഹിക്കുന്നവനും, വെറുക്കുന്നവനും ഒരു പോലെ പ്രാധാന്യമുള്ളതാണ്‌ ഈ പെണ്‍കുട്ടിയുടെ ഓരോ വാക്കും. മലാല യൂസഫ്‌ സായി എന്ന ഈ പെണ്‍കുട്ടി പാക്കിസ്ഥാന്റെ എല്ലാ അപക്വതകള്‍ക്കുമപ്പുറം ചിന്തിക്കാന്‍ തുടങ്ങിയത്‌ പതിനൊന്നാം വയസ്സിലാണ്‌. ബിബിസിയുടെ ഉറുദു ബ്ലോഗില്‍ കുറിച്ച തന്റെ സ്വകാര്യ ദു:ഖങ്ങള്‍ പിന്നീട്‌ ലോകം മുഴുവന്‍ ഏറ്റെടുക്കുകയായിരുന്നു. ചെറിയ ചെറിയ കുത്തിക്കുറിക്കലുകലുകളിലൂടെ വലിയ വലിയ കാര്യങ്ങളാണ്‌ മലാല ലോകത്തോടെ പറഞ്ഞത്‌. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പോരാടാനുറച്ച ഇവളെ, വെടിവെച്ച്‌ വീഴ്‌ത്തി മൗനിയാക്കാമെന്ന്‌ ധരിച്ച താലിബാനെന്ന തീവ്രവാദ ഭൂതത്തെ സ്‌നേഹത്തോടെ വെല്ലുവിളിച്ചായിരുന്നു മലാലയുടെ തിരിച്ചുവരവ്‌. ലോകത്തിന്റെ ഉന്നതപീഠത്തിലേക്കുള്ള തന്റെ പാതയില്‍ ഇരുട്ടുവീഴ്‌ത്തുന്ന താലിബാന്‍ തീവ്രവാദികളെ ഈ കുരുന്ന്‌ ഭയന്നില്ല. എന്തുകൊണ്ടാണ്‌ താലിബാന്‍ പെണ്‍ വിദ്യാഭ്യാസത്തെ എതിര്‍ക്കുന്നതെന്ന ചോദ്യത്തിനുമുണ്ട്‌ ഇവള്‍ക്ക്‌ കൃത്യമായ മറുപടി. സ്‌ത്രീകളെ അവര്‍ ഭയക്കുന്നു. കാരണം സ്‌ത്രീകള്‍ ശക്തിയുള്ളവരാണ്‌. വിദ്യാഭ്യാസം ഈ ശക്തിയെ കരുത്താര്‍ജ്ജിപ്പിക്കും. രാജ്യത്തിന്റെയോ സമൂഹത്തിന്റെയോ പുരോഗതിയില്‍ ഭാഗഭാക്കാകാന്‍ സ്‌ത്രീകളെ താലിബാന്‍ അനുവദിക്കില്ല. കുഞ്ഞുങ്ങളെ പെറ്റുവളര്‍ത്തി, ഉണ്ടും ഉറങ്ങിയും പുരുഷന്റെ ഭോഗവസ്‌തുവായി സ്‌ത്രീ ചുരുങ്ങണം. അതാണ്‌ താലിബാന്റെ ആഗ്രഹം. കേവലം 16 വര്‍ഷത്തെ ജീവിതത്തിനിടയില്‍ ഈ കാഴ്‌ചപ്പാട്‌ സ്വായത്തമാക്കിയ മലാല എങ്ങനെ ലോകത്തിന്റെ വീരവനിത അല്ലാതാകും? എന്നെങ്കിലും സ്വാത്ത്‌ താഴ്‌വാരത്തിലേക്ക്‌ തിരിച്ചുവരും എന്നും തന്നെയാണ്‌ മലാലയുടെ തീരുമാനം. പാക്കിസ്ഥാന്‍ എന്ന കുത്തഴിഞ്ഞ രാഷ്‌ട്രത്തെ നയിക്കാനാണ്‌ ഈ കൊച്ചു മിടുക്കിയുടെ ആഗ്രഹവും. നായികാ പദവി ലഭിക്കുന്നതോടെ വിദ്യാഭ്യാസത്തിലൂടെ രാജ്യത്തെ സ്‌ത്രീകളുടെയും കുട്ടികളുടെയും ഉന്നമനമാണ്‌ മലാലയുടെ ലക്ഷ്യം. ഇങ്ങനെയൊക്കെ വലിയ വലിയ കാര്യങ്ങുടെ ചിന്തയിലാണെങ്കിലും ചെറിയ തമ്പുരാട്ടിക്ക്‌ ലണ്ടന്‍ സ്‌കൂളിലെ കണക്കും ഫിസിക്‌സുമൊക്കെ കീറാമുട്ടി തന്നെയാണ്‌. ഏതു നിമിഷവും ഇനിയും തന്നിലേക്ക്‌ നീളാവുന്ന ഒരു തോക്കിന്‍ കുഴലുണ്ടെന്ന പൂര്‍ണ്ണ ബോധ്യമുണ്ടെങ്കിലും ഉറച്ച ആത്മവിശ്വാസത്തോടെ അവള്‍ മുന്നോട്ടുതന്നെ. മുന്നിലുള്ള ഇരുട്ടുവീണ ഇടനാളികളില്‍ ഇനിയെങ്കിലും അവളെ ഒരു ജിന്നുകളും ഭയപ്പെടുത്താതിരിക്കട്ടെ....

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.