You are Here : Home / എഴുത്തുപുര

"എന്‍റെ മകനെ പോലീസുകാര്‍ അടിച്ചുചതച്ചു": ഒരമ്മ കേരളത്തോട് വിതുമ്പുന്നു

Text Size  

Story Dated: Monday, October 07, 2013 04:48 hrs UTC

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് മര്‍ദനമേറ്റ സിപിഎം പ്രവര്‍ത്തകന്‍ ജയപ്രസാദിന്‍റെ അമ്മ അശ്വമേധം പ്രതിനിധി സുനിത ദേവദാസുമായി സംസാരിക്കുന്നു

ഇതാണ് ജയപ്രസാദിന്‍റെ വീട്. തലസ്ഥാനനഗരിയില്‍ ഭരണസിരാകേന്ദ്രത്തോട് ചേര്‍ന്ന് ഇപ്പോഴും ഇങ്ങനെയുള്ള സ്ഥലങ്ങളുണ്ടോ എന്ന് ആരും സംശയിക്കേണ്ട. തിരുവനന്തപുരത്തുള്ള മാധ്യമപ്രവര്‍ത്തകരോ മനുഷ്യവകാശപ്രവര്‍ത്തകരോ പോലും കാണാത്ത നിസ്സഹായതയുടെയും ദുരിതത്തിന്‍റെയും ദാരിദ്ര്യത്തിന്‍റെയും തുരുത്താണിത്. പോലീസ് മര്‍ദനത്തെ തുടര്‍ന്ന് അവശനായ ജയപ്രസാദ് ഇപ്പോഴും പൂജപ്പുര പഞ്ചകര്‍മ ആശുപത്രിയില്‍ ചികിത്സയിലാണ്. ജയപ്രസാദിന്‍റെ ജ്യേഷ്ടന്‍ ശിവപ്രസാദ് സി പി എമ്മിന്‍റെ താമര ഭാഗം ബ്രാഞ്ച് സെക്രെട്ടറിയാണ്‌. അതുകൊണ്ടാവാം ചികിത്സ പാര്‍ട്ടിയുടെ ചെലവിലാണ് നടക്കുന്നത്. യു കെ ജിയിലും മൂന്നിലും പഠിക്കുന്ന 2 ആണ്‍കുട്ടികളാണ് ജയപ്രസാദിന്. ഭാര്യ സരിത കുടുംബശ്രീയുടെയും ജനാധിപത്യ മഹിളാ അസോസിയേഷന്‍റെയും പ്രവര്‍ത്തകയാണ്. അമ്മ രാജേശ്വരി. അച്ഛന്‍ സി ഐ ടി യു പ്രവര്‍ത്തകനായിരുന്നു. രണ്ടര വര്‍ഷം മുന്‍പ് മരിച്ചു.ജയപ്രസാദിനെക്കുറിച്ചു ചോദിച്ചപ്പോള്‍ അമ്മ രാജേശ്വരി കണ്ണുനീരോടെ വിവരിച്ചു.

"ഞാനെന്‍റെ കുഞ്ഞിനെ ഇതുവരെ ഒന്നു നുള്ളിപ്പോലും നോവിച്ചിട്ടില്ല"
 
കടം കൊണ്ട് പൊറുതിമുട്ടിയാണ് ജീവിക്കുന്നത്. അതിനിടയിലാണ് ജയപ്രസാദിന് പണിക്കു പോകാന്‍ കൂടി വയ്യാതായത്. സ്വന്തമായി കിടക്കാന്‍ പോലും ഇടമില്ല. പുറമ്പോക്കിലാണ് ഈ വീട് നില്‍ക്കുന്നത്. എന്‍റെ മക്കളെ ഞാനൊന്നു നുള്ളി പോലും ഇതേവരെ നോവിച്ചിട്ടില്ല. അടിക്കാന്‍ ഇന്നേ വരെ തോന്നിയിട്ടില്ല. അവനെ പോലീസുകാര് അടിച്ചു ചതച്ചു കളഞ്ഞു. ദേഹം കണ്ടാല്‍ സഹിക്കില്ല. നല്ല വെളുത്ത ദേഹമാണവന്‍റെത്. പൂജപ്പുര ആശുപത്രിയില്‍ ഉഴിയാന്‍ വേണ്ടി വസ്ത്രമൂരിയപ്പോള്‍ വെളുത്ത ദേഹം നിറയെ നീലപ്പാടുകളായിരുന്നു. ഉഴിച്ചിലുകാര്‍ പറഞ്ഞത് ഗട്ടറുള്ള റോഡിലൂടെ വണ്ടിയോടിക്കുന്നത് പോലെയാണ് ഉഴിയുമ്പോള്‍ എന്നാണ്. അത്രക്കും ചതവും നീരും അവന്‍റെ ദേഹത്തുണ്ടായിരുന്നു. പാവം എന്‍റെ കുഞ്ഞ് എന്ത് മാത്രം വേദന സഹിച്ചു കാണും? എന്നിട്ടും ഞാന്‍ കാണാന്‍ ചെല്ലുമ്പോള്‍ അവന്‍ പറയും. കരയെണ്ടമ്മാ, എനിക്കൊന്നുമില്ല എന്ന്. എന്നിട്ട്‌ നിറഞ്ഞ കണ്ണുകള്‍ ഞാന്‍ കാണാതിരിക്കാന്‍ തിരിഞ്ഞു കിടക്കും. നല്ല സഹനശക്തിയുള്ള ആളാണവന്‍ . ചെറുപ്പത്തിലൊക്കെ എത്ര വേദനയായാലും കരയില്ല. എന്തസുഖം വന്നാലും ആശുപത്രിയില്‍ പോകില്ല. വയ്യെന്ന് ആരോടും പറയുകയുമില്ല. അങ്ങനെയുള്ള അവന്‍ പൊട്ടിക്കരയണമെങ്കില്‍ എത്രമാത്രം വേദന സഹിച്ചിട്ടായിരിക്കും?ഒരിക്കല്‍ കാലില്‍ ഉളി വീണു അവന്‍റെ കാലിന്‍റെ വിരല്‍ പകുതി അറ്റുപോയി. എന്നിട്ടും ആശുപത്രിയില്‍ അവന്‍ പോയില്ല. ആ മുറിവ് വച്ചുകൊണ്ട് അവന്‍ ജോലിക്കും പോകും. എന്‍റെ കുഞ്ഞിനെ എല്ലാവരും കൂടി അടിച്ചു ചതച്ചു കളഞ്ഞു. ഇനിയവന് ജോലിക്ക് പോകാന്‍ കഴിയുമോ? അവന്‍റെ അച്ഛനുണ്ടായിരുന്നെങ്കില്‍ ഇതൊന്നും സഹിക്കാന്‍ കഴിയില്ലായിരുന്നു. ഒരിക്കല്‍ മാത്രമേ എനിക്കും മക്കള്‍ക്കും അച്ഛന്‍റെ കയ്യില്‍ നിന്നും അടി കിട്ടിയിട്ടുള്ളൂ. അദ്ദേഹം സി ഐ ടി യു വിന്‍റെ രസീത്കുറ്റി ഇവിടെ കൊണ്ടുവന്നു വച്ചിരുന്നു.കുട്ടികള്‍ അതെടുത്തു കീറി കീറി എല്ലായിടത്തും എറിഞ്ഞു കളിച്ചു. ഞാന്‍ കണ്ടില്ല. വൈകുന്നേരം അദ്ദേഹം വന്നപ്പോഴാണ് ഞാനും കാര്യമറിയുന്നത്. ഒരു വലിയ വടിയും ഒരു ചെറിയ വടിയും വെട്ടിക്കൊണ്ടു വന്നു. വലിയ വടികൊണ്ട് എന്‍റെയും ചെറിയ വടികൊണ്ട് കുട്ടികളുടെയും തുടയില്‍ അടിച്ചു. ദേഷ്യം കൊണ്ട് കണ്ണുകാണുന്നില്ലെങ്കിലും തലങ്ങും വിലങ്ങുമൊന്നും അടിച്ചില്ല. തുടയില്‍ ഓരോ അടി. പിന്നീടൊരിക്കലും ഞങ്ങള്‍ക്ക് അടി കിട്ടിയിട്ടില്ല. അങ്ങനെ ഞങ്ങള്‍ പൊന്നുപോലെ നോക്കിയ കുട്ടിയാണ് ഇപ്പോള്‍ ദേഹം മുഴുവന്‍ ചതവുകളുമായി കിടക്കുന്നത്.
കണ്ണ് നിറഞ്ഞു മുണ്ടിന്‍റെ തല കൊണ്ട് വായപൊത്തിപ്പിടിച്ചു വിതുമ്പുന്ന ആ അമ്മയോട് എന്താണ് ചോദിക്കുക. മകന് മര്‍ദനമേറ്റിട്ടില്ലെന്നാണല്ലോ പോലീസുകാരും മെഡിക്കല്‍ ബോര്‍ഡും പറയുന്നത് എന്നോ? അതോ ശരിക്കും ജയപ്രസാദിനു അടി കിട്ടിയോ എന്നോ?

പോലീസുകാര്‍ രഹസ്യഭാഗങ്ങളില്‍ പിടിച്ചു തിരിച്ചതുകൊണ്ടുണ്ടായ വേദനയും മൂത്രമൊഴിക്കാനുള്ള പ്രയാസവും കുറെ ദിവസം കഴിഞ്ഞാണ് മാറിയത്: സരിത
ജയപ്രസാദിന്‍റെ അമ്മ രാജേശ്വരി വിതുമ്പിപൊട്ടിയപ്പോള്‍ ഭാര്യ സരിത ഇടപെട്ടു. അമ്മ കരച്ചില്‍ തന്നെയാണ്. ഒരമ്മക്കും സഹിക്കാന്‍ കഴിയില്ല ആ കിടപ്പ് കണ്ടാല്‍. അത്രക്കും അവശനായിരുന്നു. ഇപ്പോള്‍ ഒരുവിധം സുഖപ്പെട്ടു വരുന്നു. മെഡിക്കല്‍ കോളേജില്‍ നിന്നും ഓണത്തിന്‍റെ തലേ ദിവസം ഡിസ്ചാര്‍ജ് ചെയ്തു.തിരുവോണത്തിന് ഇവിടെ പിറ്റേദിവസം തന്നെ പൂജപ്പുര പഞ്ചകര്‍മആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്തു.ഉഴിച്ചിലും ഇലക്കിഴിയും മുട്ടക്കിഴിയും കഴിഞ്ഞു. ഇപ്പോള്‍ പിഴിചിലാണ് നടക്കുന്നത്. കുറച്ചു സുഖപ്പെട്ടിട്ടുണ്ട് ഇപ്പോള്‍. വേദന കുറെയൊക്കെ കുറഞ്ഞു.
ചേട്ടന്‍ ശിവപ്രസാദും ഞങ്ങളും ഒന്നിച്ചാണ് അന്ന് പോയത്. സമാധാനപരമായ സമരവും പ്രതിഷേധവുമാണ് തീരുമാനിച്ചിരുന്നത്. അവിടെ ചെന്നപ്പോള്‍ ആദ്യം കുപ്പികളെടുത്ത് എറിയാന്‍ തുടങ്ങിയത് യൂത്ത് കോണ്‍ഗ്രെസ്സുകാരാണ്. ജയപ്രസാദിന്‍റെ കയ്യില്‍ കുപ്പികൊണ്ട് മുറിയുകയും ചെയ്തു. അതേത്തുടര്‍ന്ന് മുഖ്യമന്ത്രി വന്നു. ചേട്ടന്‍ മുന്നോട്ടാഞ്ഞപ്പോള്‍ പുറകില്‍ നിന്നും മറ്റു പ്രവര്‍ത്തകര്‍ ഷര്‍ട്ടില്‍ പിടിച്ചു പുറകോട്ടു വലിച്ചു. അപ്പോഴാണ് ഷര്‍ട്ടിന്‍റെ ബട്ടണ്‍ മുഴുവന്‍ പൊട്ടിയത്. പോലീസുകാര്‍ ഓടി വന്നപ്പോള്‍ ഷര്‍ട്ട്‌ കൈയ്യില്‍ പിടിച്ചു നില്‍ക്കുന്ന ചേട്ടനെയാണ് കണ്ടത്. അവര്‍ ഉടന്‍ പിടിച്ചു കൊണ്ട് പോയി നന്നായി മര്‍ദിച്ചു. പിന്നീട് നിലത്തൂടെ വലിച്ചിഴച്ചു. കാലിനടിയില്‍ നിന്നും തൊലിയടര്‍ന്നിളകിയിരുന്നു. ആശുപത്രിയില്‍ വച്ചു ആദ്യദിവസം മുതല്‍ മൂത്രമൊഴിക്കാന്‍ വയ്യായിരുന്നു. ഒരു കാല്‍ മണിക്കൂരര്‍ ഇരിക്കുമ്പോള്‍ മൂന്നു നാലു തുള്ളി മൂത്രം പോകും. ദിവസങ്ങളോളം അങ്ങനെയായിരുന്നു. വേദന കൊണ്ട് പിടഞ്ഞു കരയുമായിരുന്നു. അമ്മയുള്ളപ്പോള്‍ കരച്ചിലൊതുക്കി നിന്നിട്ട്‌ രാത്രിയിലൊക്കെ പൊട്ടിക്കരയും. ജീവിതത്തില്‍ ആദ്യമായിട്ട് ചേട്ടന്‍ കരയുന്നത് ഞാന്‍ ഇപോഴാണ് കണ്ടത്. പോലീസുകാര്‍ രഹസ്യഭാഗങ്ങളില്‍ പിടിച്ചു തിരിച്ചതുകൊണ്ടുണ്ടായ വേദനയും മൂത്രമൊഴിക്കാനുള്ള പ്രയാസവും കുറെ ദിവസം കഴിഞ്ഞാണ് മാറിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.