You are Here : Home / എഴുത്തുപുര

വിഎസിന്‍റെ ആരോഗ്യവിശേഷങ്ങള്‍

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Saturday, November 09, 2013 06:36 hrs UTC

നവതിയിലെത്തി നില്‍ക്കുന്ന പ്രതിപക്ഷ നേതാവ്‌ വിഎസ് അച്യുതാനന്ദന്‍റെ ആരോഗ്യ രഹസ്യത്തെ പറ്റി അദ്ദേഹത്തിന്‍റെ പ്രിയപത്നി വസുമതി
സംസാരിക്കുന്നു. അശ്വമേധത്തിനു അനുവദിച്ച പ്രതേക അഭിമുഖത്തില്‍ വിഎസിന്‍റെ വീട്ടുവിശേഷങ്ങളും ആരോഗ്യക്രമവും ഭക്ഷണ ശീലങ്ങളും അവര്‍ പങ്കു വച്ചു. വിഎസിന്‍റെ വിശേഷങ്ങളിലേക്ക്നിറയൗവനത്തോടെ നവതി ആഘോഷിക്കുക എന്നത്‌ എല്ലാവര്‍ക്കും സാധിക്കുന്ന കാര്യമല്ല. പ്രത്യേകിച്ചും ഒരു രാഷ്‌ട്രീയ നേതാവിന്‌. അതിലും വിശേഷിച്ച്‌ 24 മണിക്കൂറും ജനങ്ങളുടെ ആവശ്യങ്ങള്‍ക്കായി നിരന്തരം ഓടി നടക്കുന്ന ഒരാള്‍ക്ക്‌. എന്നാല്‍ വി.എസ്‌ എന്ന രണ്ടക്ഷരങ്ങള്‍ക്കിടയിലുള്ളത്‌ വാര്‍ദ്ധക്യത്തിനും തളര്‍ത്താനാവാത്ത മനസും ശരീരവുമാണ്‌. ഒരു നേതാവ്‌ തന്റെ യൗവ്വനം പ്രസ്ഥാനത്തിനു വേണ്ടി ഹോമിക്കുക സാധാരണം. മധ്യവയസ്സിലും അത്‌ തുടരുക അസാധാരണം. എന്നാല്‍ വാര്‍ദ്ധക്യത്തിലും വിപ്ലവ വീര്യം കിനിയാതെ കാത്തു സൂക്ഷിക്കാനാവുക എന്നത്‌ അപൂര്‍വ്വം ആളുകള്‍ക്കു മാത്രം സാധിക്കുന്ന ഒന്നാണ്‌. ഇതിനു പിന്നില്‍ ഒരാളാണ്‌. ഒരേയൊരാള്‍. അത്‌ മറ്റാരുമല്ല. സഖാവിന്റെ 44ാം വയസു മുതല്‍ ആ മനസിന്റെ ഓരോ സ്‌പന്ദനങ്ങളും അറിയുന്ന ഒരേയൊരാള്‍. വി.എസിന്റെ പ്രിയ പത്‌നി വസുമതി. 'വസുമതീ' എന്നു വി.എസ്‌ വിളിക്കുന്ന, വി.എസിനെ തിരിച്ച്‌ ഒന്നും അഭിസംബോധന ചെയ്യാത്ത വി.എസിന്റെ സ്വന്തം വസുമതി.

വസുമതി അങ്ങനെയാണ്‌. മക്കളോട്‌ അച്ചനെന്നും സഖാക്കളോട്‌ സഖാവെന്നും മറ്റുള്ളവരോട്‌ സാറെന്നും പറയുമെങ്കിലും സ്വന്തമായി ഒന്നും
വിളിക്കാറില്ല. എന്നാല്‍ 90 ലെ ഈ നവയൗവനത്തിനു പിന്നില്‍ എന്നും വസുമതിയാണ്‌.

സഖാവിനൊപ്പം ജീവിക്കാന്‍ തുടങ്ങിയിട്ട്‌ 46 വര്‍ഷമായി. 1967 ല്‍ 44 വയസുള്ള വി.എസിന്‌ തന്നെക്കാള്‍ 15 വയസു കുറവുള്ള വസുമതി .ജീവിത സഖിയായ അന്നു മുതല്‍ സഖാവിന്റെ ചുറുചുറുക്കിനു പിന്നില്‍ ഈ കരങ്ങളാണ്‌. ആതുരസേവനമേഖലയില്‍ ഒരുപാട്‌ രോഗികളെ ജീവിതത്തിലേക്ക്‌ കൈപിടിച്ചുയര്‍ത്തിയ ഈ നഴ്‌സിന്റെ കരങ്ങള്‍. സഖാവിന്റെ ആരോഗ്യരഹസ്യം അദ്ദേഹത്തിന്റെ ദിനചര്യകള്‍ തന്നെയാണെന്നു ടീച്ചര്‍ പറയുന്നു.


എന്നും രാവിലെ 4 മണിക്ക്‌ എഴുന്നേല്‍ക്കും. പിന്നെ ഒരു ഗ്ലാസ്സ്‌ കരിക്കിന്‍വെള്ളം കഴിച്ച ശേഷം ഒരു മണിക്കൂര്‍ നടത്തം. പിന്നീട്‌ ദിനപത്രങ്ങളുടെ വരികളിലൂടെ ഒരു യാത്ര. അതിനു ശേഷം കുളി. ശേഷം അര മണിക്കൂര്‍ യോഗാഭ്യാസം. അതിനും ശേഷമാണ്‌ ബ്രേക്ക്‌ഫാസ്റ്റ്‌. 8.30 ന്‌
ബ്രേക്ക്‌ഫാസ്റ്റ്‌ കഴിഞ്ഞാല്‍ പിന്നെ പ്രതിപക്ഷനേതാവിന്റെ തിരക്കുകളിലേക്ക്‌..............


ഉച്ചഭക്ഷണം വീട്ടിലുള്ളപ്പോള്‍ 1 മണിക്കാണ്‌. രാവിലെ 11 നും വൈകുന്നേരം അഞ്ചിനും ഓരോ ഗ്ലാസ്‌ കരിക്കിന്‍ വെള്ളം. വൈകിട്ട്‌ രണ്ടു കഷണം പപ്പായ അല്ലെങ്കില്‍ നാടന്‍ പഴം. പിന്നെ ഒരു ഗ്ലാസ്സ്‌ ക്യാരറ്റ്‌ ജ്യൂസ്‌ അല്ലെങ്കില്‍ ബീറ്റ്‌റൂട്ട്‌ ജ്യൂസ്‌. ഇതാണു വി.എസ്‌. മെനു. എണ്ണയിലും
ഉപ്പിലുമെല്ലാം നിയന്ത്രണം പാലിക്കുന്ന വി.എസിന്‌ പച്ചക്കറി വിഭവങ്ങളാണ്‌ ഏറെയിഷ്‌ടം. ഒരുപാട്‌ നിര്‍ബന്ധിച്ചാല്‍ മാത്രം മീന്‍ തുടങ്ങിയവ കുറച്ചു കഴിക്കും. ഭക്ഷണക്രമം പാലിക്കുന്നതിലും സഖാവ്‌‌ ശ്രദ്ധിക്കാറുണ്ടെന്നു ടീച്ചര്‍ പറയുന്നു. രാവിലെ ഇഡ്ഡലിയോ ദോശയോ എന്തുമാകട്ടെ രണ്ടെണ്ണത്തില്‍ കൂടുതല്‍ കഴിക്കാറില്ല. 90 വയസിനിടക്ക്‌ ഉറക്കം ഒഴിവാക്കപ്പെടുന്ന സമയത്ത്‌ ബ്ലഡ്‌ പ്രഷര്‍ കൂടുമെന്നതൊഴിച്ചാല്‍ മറ്റ്‌ അസുഖങ്ങളൊന്നും തന്നെ ഈ 'യുവാവ്‌' ആയ പോരാളിയെ ബാധിച്ചിട്ടുമില്ല. തന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്ന ആളുകളുടെ ഇഷ്‌ടത്തിനു വഴങ്ങി ഇടക്കു പ്രകൃതി ചികിത്സയും സഖാവ്‌ പരീക്ഷിച്ചിരുന്നുവെന്ന്‌ ടീച്ചര്‍ പറയുന്നു. തനിക്കും സഖാവിനും ഒരുപോലെ ഒവിവാക്കാനാവാത്ത മറ്റൊരു കാര്യം ഓണത്തിന്‌ നാട്ടിലെത്തി അവിടെ നിന്നും ഓണസദ്യ കഴിക്കുക എന്നതാണ്‌. ആശുപത്രിയെ അധികം ആശ്രയിക്കാത്ത വി.എസ്‌ പക്ഷേ സ്ഥിരമായി ബ്ലഡ്‌ പ്രഷര്‍ നോക്കാറുണ്ട്‌. മകളുടെ ഭര്‍ത്താവ്‌ ഡോക്‌ടറായതിനാല്‍ അദ്ദേഹമാണ്‌ അക്കാര്യം നോക്കുക. ഡോക്‌ടര്‍
പറയുന്ന ദിവസങ്ങളില്‍ ചെക്കപ്പിനു പോവുക മാത്രമാണ്‌ വി. എസും ആശുപത്രിയും തമ്മിലുള്ള ബന്ധം.

പ്രമേഹവും വാതത്തിന്റെ അസ്‌കിതകളും അലട്ടുന്നുണ്ടെങ്കിലും വി.എസിന്റെ ആരോഗ്യകാര്യങ്ങളില്‍ ടീച്ചര്‍ വിട്ടുവീഴ്‌ചക്കില്ലെന്നു മനസിലായി. സഖാവിന്റെ ഭക്ഷണത്തിലെ വസുമതീസ്‌ സ്‌പെഷ്യല്‍ എന്താണ്‌?


രാവിലെ ബ്രേക്ക്‌ഫാസ്റ്റിനൊപ്പം വെണ്ടക്ക തോരന്‍, ഉച്ചക്ക്‌ സ്‌പെഷ്യല്‍ ചീര തോരന്‍, നെല്ലിക്ക ചമ്മന്തി, ഇവയൊക്കെയാണ്‌ സഖാവിനായുള്ള എന്റെ
സ്‌പെഷ്യല്‍. ഇതിനായി വെണ്ടക്ക, ചീര മുതലായവ കന്റോണ്‍മെന്റ്‌ ഹൗസില്‍ തന്നെ കൃഷി ചെയ്യുന്നുമുണ്ട്‌. സഖാവിനായുള്ള മറ്റൊരു സ്‌പെഷ്യല്‍ ഐറ്റം ആണ്‌ ഇഞ്ചിയും ഉള്ളിയും കറിവേപ്പിലയുമൊക്കെയിട്ട മോര്‌. ഇതിനായി ഇവിടെ ആടുകളെയും വളര്‍ത്തുന്നുണ്ട്‌.

ആരോഗ്യസംരക്ഷണത്തില്‍ ആയുര്‍വേദരീതി അനുശാസിക്കാറുണ്ടോ?

കോട്ടക്കല്‍ ആര്യവൈദ്യശാലയിലെ ഡോ. പി. കെ വാര്യരുടെ ചികിത്സക്കാരാണ്‌ സഖാവും ഞാനും. വര്‍ഷത്തില്‍ ഒരിക്കല്‍ ആയുര്‍വേദ ചികിത്സക്കായി അവിടെ പോകും. ഉഴിച്ചിലും പിഴിച്ചിലുമായി എനിക്ക്‌ ഒരു മാസത്തെ ചികിത്സയാണ്‌. എന്നാല്‍ സഖാവിന്‌ 10 ദിവസത്തിലധികം ചികിത്സക്കായി അവിടെ ചെലവഴിക്കാനാവില്ല. അപ്പോഴേക്കും എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വരും. പിന്നെ അതിനു പിന്നാലെ പോവുകയായി............


സഖാവിന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കാറുണ്ടോ?


നമ്മുടെ മനസു തന്നെയാണ്‌ പ്രാര്‍ത്ഥനയും. നമ്മള്‍ കൃത്യമായി ഒരാള്‍ക്കു വേണ്ടി അയാളുടെ കാര്യങ്ങള്‍ വീഴ്‌ച വരുത്താതെ ചെയ്യുന്നതല്ലേ യഥാര്‍ത്ഥ
പ്രാര്‍ത്ഥന. ഞാന്‍ അങ്ങനെയാണ്‌ വിശ്വസിക്കുന്നത്‌. പിന്നെ ജനങ്ങളുടെ പ്രാര്‍ത്ഥന എല്ലായ്‌പ്പോഴും സഖാവിന്റെ കൂടെയുണ്ട്‌. പിന്നെ എന്റെ
മക്കളും ബന്ധുക്കാരുമൊക്കെ ദൈവ വിശ്വാസികളാണ്‌. ഞങ്ങള്‍ പ്രാര്‍ത്ഥിച്ചില്ലെങ്കിലും പകരം ഒരുപാടാളുകള്‍ സഖാവിനു വേണ്ടി
പ്രാര്‍ത്ഥിക്കാനുണ്ട്‌.


അതെ, 90 വയസെത്തിയിട്ടും ചുളിവ്‌ വീഴാത്ത ആ ശരീരത്തിനും യൗവനം ആവേശിക്കുന്ന മനസിനും പിന്നില്‍ ഒരുപാടാളുകളുടെ പ്രാര്‍ത്ഥന തന്നെയാണ്‌. തങ്ങളുടെ വേദനകള്‍ കണ്ടറിഞ്ഞ്‌ ആശ്വാസവുമായെത്തുന്ന ആ ധീരസഖാവിന്റെ ദീര്‍ഘായുസ്സിനു വേണ്ടിയുള്ള പ്രാര്‍ത്ഥന.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.