You are Here : Home / എഴുത്തുപുര

പാട്ടിന്‍റെ പാലാഴിതീര്‍ത്ത ചന്ദ്രലേഖയ്ക്ക്.....

Text Size  

Raju Mylapra ( Chief Editor ,Aswamedham)

rajumylapra@msn.com

Story Dated: Wednesday, October 16, 2013 12:59 hrs UTC

റിയാലിറ്റി ഷോകളില്‍ പങ്കെടുത്ത് ലക്ഷങ്ങള്‍ പാഴാക്കികളഞ്ഞ പല കുടുംബങ്ങളുടെയും കഥ വാര്‍ത്തകളിലൂടെ നമ്മള്‍ അറിഞ്ഞു കഴിഞ്ഞു. തല്ലിപ്പഴുപ്പിച്ചു തങ്ങളുടെ മക്കളെ മികച്ച ഗായകരും നര്‍ത്തകിമാരും ആക്കുവാന്‍ പല മാതാപിതാക്കളും കുട്ടികളുടെ വിദ്യാഭ്യാസത്തിനു പോലും അവധി പ്രഖ്യാപിച്ചു കോടികള്‍ വില മതിക്കുന്ന ഫ്ലാറ്റ്‌ സ്വന്തമാക്കാം എന്നുള്ള വ്യാമോഹവുമായി ഇറങ്ങിത്തിരിച്ചു ഫ്ലാറ്റായിപ്പോയ സംഭവങ്ങളും നമുക്കറിയാം.

മിക്കവാറും ചാനലുകള്‍ അവരുടെ വ്യൂവര്‍ഷിപ്പ് വര്‍ദ്ധിപ്പിക്കാനും അതുമൂലം ഉയരുന്ന പരസ്യനിരക്കില്‍ നിന്നുണ്ടാകുന്ന ലാഭത്തിനും വേണ്ടിയാണ് റിയാലിറ്റി ഷോകള്‍ നടത്തുന്നത്. വികലാംഗരെയും അന്ധരെയും പ്രദര്‍ശന വസ്തുവാക്കി പ്രേക്ഷകരുടെ സഹ്യാനുഭൂതി പിടിച്ചു പറ്റി എസ് എം എസിലൂടെയും ഇവര്‍ ഉണ്ടാക്കുന്ന വരുമാനവും കോടികള്‍ കവിയുന്നു.റിയാലിറ്റി ഷോകളില്‍ ആത്മാര്‍ത്ഥയോ സത്യസന്ധതയോ ഇല്ലെന്ന് അതിന്റെ സംഘാടകരും വിധി കര്‍ത്താക്കളും വെളിപ്പെടുത്തിയിട്ടുണ്ട്. മത്സരാര്‍ഥികള്‍ എത്ര മികച്ച പ്രകടനം കാഴ്ചവെച്ചാലും അണിയറ പ്രവര്‍ത്തകര്‍ മുന്‍കൂട്ടി നിശ്ചയിച്ചവര്‍ക്ക് മാത്രമേ സമ്മാനം ലഭിക്കു. അതുകൊണ്ട് തന്നെ വിജയികളുടെ കൈകളില്‍ എത്തുവാന്‍ കൈക്കൂലി, ഇന്‍കംടാക്സ്, തുടങ്ങി നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ട്.

ഇത്രയും ആമുഖമായി എഴുതാന്‍ കാരണം കഴിഞ്ഞ ദിവസങ്ങളില്‍ ചന്ദ്രലേഖ എന്ന യുവതി പാടിയ " രാജഹംസമേ" എന്ന് തുടങ്ങുന്ന ഗാനം യുട്യൂബില്‍ കേട്ട് കഴിഞ്ഞപ്പോള്‍ ഉണ്ടായ ചിന്തകളാണ്. ആരാണീ ചന്ദ്രലേഖ എന്ന് അറിയേണ്ടേ? സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലാത്ത ചന്ദ്രലേഖ വടശ്ശേരിക്കര പനങ്ങംമൂട്ടില്‍ രഘുനാഥന്‍റെ ഭാര്യയാണ്. ഒരു കൊച്ചു വീടിന്‍റെ അകത്തളങ്ങളില്‍ മാത്രം അലയടിച്ചിരുന്ന ചന്ദ്രലേഖയുടെ ഗാനം യുട്യൂബിലൂടെ ലോകമെങ്ങും സംഗീതത്തിന്റെ അമൃതമഴ പോഴിച്ചപ്പോള്‍ അവരെത്തേടി  സുവര്‍ണ അവസരങ്ങള്‍ എത്തുകയാണ്.

ഒരു വര്‍ഷം  മുന്‍പ്‌ ചന്ദ്രലേഖ അടൂര്‍ പാറക്കൊട്ടുള്ള ബന്ധു വീട്ടില്‍ വച്ച് കുടുംബാംഗങ്ങള്‍ക്ക് വേണ്ടി 'രാജഹംസമേ' എന്ന ഗാനം ആലപിച്ചപ്പോള്‍ ഭര്‍ത്താവിന്റെ ബന്ധുവായ രഘു ആ ഗാനം മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു യുട്യൂബില്‍ അപ് ലോഡ്‌ ചെയ്യുകയായിരുന്നു. നാല് മിനിട്ടില്‍ താഴെ മാത്രമുള്ള ഈ പാട്ട് ഇതിനകം ലക്ഷക്കണക്കിന് ആള്‍ക്കാര്‍ കേട്ടുകഴിഞ്ഞു. (www.aswamedham.comല്‍ ഈ ഗാനം ചേര്‍ത്തിട്ടുണ്ട്). ചന്ദ്രലേഖയുടെ പാട്ട് കേട്ട് സംവിധായകന്‍ ബിജിലാല്‍ തന്റെ അടുത്ത ചിത്രത്തില്‍ പാടാനായി ഈ വീട്ടമ്മയെ ക്ഷണിച്ചു കഴിഞ്ഞു. ഈസ്റ്റ്‌ കോസ്റ്റ്‌ ഒരുക്കുന്ന പുതിയ ഹിന്ദു ഭക്തിഗാനങ്ങളില്‍ ചന്ദ്രലേഖയാണ് ആലപിക്കുന്നത്. കേരളത്തിന്റെ വാനമ്പാടി ചിത്രയും ചന്ദ്രലേഖയെ വിളിച്ചു അഭിനന്ദനം അറിയിച്ചവരുടെ കൂട്ടത്തില്‍ പെടുന്നു. സാമ്പത്തിക പരാധീനത മൂലം ഉപരിപഠനം ഇടയ്ക്ക് വച്ച് നിര്‍ത്തേണ്ടി വന്ന ചന്ദ്രലേഖയുടെ സ്വപ്‌നങ്ങള്‍ പൂവണിയട്ടെ എന്ന് ആശംസിക്കുന്നു.

അംഗീകാരത്തിന്റെ പിറകെ പായുന്നതിനേക്കാള്‍ എത്രയോ മാന്യതയും ബഹുമതിയുമാണ് അംഗീകാരങ്ങള്‍ അര്‍ഹിക്കുന്നവരെ തേടിയെത്തുന്നത്...

സ്നേഹത്തോടെ

രാജു മൈലപ്രാ


 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.