You are Here : Home / എഴുത്തുപുര

സംവിധായകന്‍ ഡ്രാക്കുളയായി; നായകന്‍ നക്ഷത്രമെണ്ണി

Text Size  

Story Dated: Thursday, November 07, 2013 05:19 hrs UTC

മലയാളത്തിലെ പ്രശസ്തനായ സംവിധായകനെക്കുറിച്ചാണ് പറയാന്‍ പോകുന്നത്. ഒരുപാടു പുതുമുഖങ്ങളെ മലയാളത്തിനു സമ്മാനിച്ചയാള്‍. ആ പുതുമുഖങ്ങള്‍ മിക്കവരും 'വലിയ' മുഖങ്ങളായപ്പോള്‍ സംവിധായകനെ കൈയൊഴിഞ്ഞു. പക്ഷേ അതിലൊന്നും മനംനൊന്തു കഴിയുന്ന ആളല്ല സംവിധായകന്‍. അയാള്‍ പിന്നെയും പിന്നെയും പുതുമുഖങ്ങളെ കൊണ്ടുവന്നു. സിനിമാസംഘടനകളെയും സൂപ്പര്‍സ്റ്റാറുകളുടെ മേധാവിത്വത്തെയും വെല്ലുവിളിച്ചു. മഹാനടനായ തിലകന് 'അമ്മ' വിലക്കേര്‍പ്പെടുത്തിയപ്പോഴും ഒപ്പം നിന്നു. തന്റെ സിനിമയില്‍ ധൈര്യപൂര്‍വം അഭിനയിപ്പിച്ചു. ഏറ്റവുമൊടുവിലിപ്പോള്‍ നിര്‍മ്മാതാക്കളുടെ സംഘടനയിലും മെമ്പര്‍ഷിപ്പെടുത്തിരിക്കുന്നു. അതൊക്കെയും ശരിയാണ്. സമ്മതിക്കുന്നു. പക്ഷേ സ്വന്തമായി നിര്‍മ്മിച്ച സിനിമകള്‍ കോടികള്‍ കൊയ്തപ്പോള്‍ അതില്‍ നായകനായി അഭിനയിച്ചയാളെ നിഷ്കരുണം ഉപേക്ഷിച്ചത് ശരിയാണോ? പോക്കറ്റ്മണി പോലും കിട്ടാതെ നിരാശനായി നടക്കുന്ന നായകനടനിപ്പോള്‍ സിനിമകളില്ല. ആ കഥയിലേക്ക്..

സംഭവം നടക്കുന്നത് രണ്ടു വര്‍ഷം മുമ്പാണ്. ചെറിയ ചെറിയ വില്ലന്‍വേഷങ്ങളില്‍ അഭിനയിച്ചുകൊണ്ടിരുന്ന ചെറുപ്പക്കാരന്‍ കുടുംബം നോക്കിയത് സിനിമയില്‍ നിന്നു കിട്ടുന്ന വരുമാനം കൊണ്ടായിരുന്നു. സുമുഖനായ ചെറുപ്പക്കാരന്‍ സൂപ്പര്‍സ്റ്റാര്‍ സിനിമകളില്‍ വരെ 'മിന്നിമറഞ്ഞു'പോയി. അതിനിടയ്ക്കാണ് ഈ സംവിധായകന്റെ സിനിമയിലും അഭിനയിച്ചത്. സുന്ദരനും ആജാനുബാഹുവുമായ ചെറുപ്പക്കാരനെ വച്ച് ഒരു ഭീകരസിനിമ പ്ളാന്‍ ചെയ്താലോ എന്ന് സംവിധായകന്‍ ആലോചിക്കുന്നു. നടനോട് കാര്യം പറഞ്ഞപ്പോള്‍ സമ്മതം. പക്ഷേ ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലുമെടുത്ത് ശരീരം മെച്ചപ്പെടുത്തണമെന്ന നിര്‍ദേശം സംവിധായകന്‍ വച്ചു. നടന് ഇതില്‍പ്പരം എന്തു സന്തോഷമുണ്ട്. ഇത്രയുംകാലം അടികൊള്ളാന്‍ മാത്രം വിധിച്ച താന്‍ നായകനാവുകയാണെന്ന യാഥാര്‍ഥ്യം അയാളെ സന്തോഷിപ്പിച്ചു. ആ സിനിമയ്ക്കു ശേഷം ചെറിയ വേഷങ്ങള്‍ക്ക് ഗുഡ്ബൈ പറഞ്ഞു. ഒരുവര്‍ഷം ഭീകരസിനിമയിലെ നായകനുവേണ്ടി സമ്പൂര്‍ണ സമര്‍പ്പണം.
പുലര്‍ച്ചെ അഞ്ചുമണി മുതല്‍ എട്ടു വരെ എറണാകുളത്തെ ജിമ്മില്‍ വര്‍ക്കൌട്ട്.
രാവിലെ പത്തു മണിക്ക് ഇരുപതു മുട്ടയുടെ വെള്ള. ഉച്ചയ്ക്ക് അരക്കുറ്റി ഗോതമ്പിന്റെ പുട്ട്. അല്ലെങ്കില്‍ ഒട്സ്. പിന്നെ രണ്ടു പീസ് ചിക്കണ്‍ ബ്രസ്റ്റ്. വൈകിട്ട് നാലിന് പച്ചക്കറി വേവിച്ചതും ഇരുപതു മുട്ടയുടെ വെള്ളയും. സന്ധ്യയ്ക്ക് ആറു മുതല്‍ ഒന്‍പതുമണി വരെ വീണ്ടും ജിമ്മില്‍. രാത്രി പത്തിന് പത്തു മുട്ടയുടെ വെള്ളയും രണ്ട് ചിക്കണ്‍ പീസും. ഒരുവര്‍ഷക്കാലം കൊണ്ട് പൊടിഞ്ഞ കാശിന് കണക്കില്ല. പക്ഷേ നല്ലൊരു വേഷം കിട്ടുന്ന സ്ഥിതിക്ക് ഇതൊന്നും ഒരു നഷ്ടമേയല്ല. ഒടുവില്‍ ഷൂട്ടിംഗ് നടന്നു. ഇന്ത്യയിലും പുറത്തുമായി കറങ്ങി. സംവിധായകന്‍ തന്നെയായിരുന്നു നിര്‍മ്മാതാവും. മലയാളത്തിനു പുറമെ മറ്റു ഭാഷകളിലേക്കും ചിത്രം വിറ്റുപോയി. ഷൂട്ടിംഗ് പായ്ക്കപ്പായ ദിവസം കാശുകിട്ടുമെന്നു വിചാരിച്ച് സംവിധായകനു മുമ്പിലെത്തിയ നടന്‍ ഞെട്ടിപ്പോയി.
''ഇതു നിനക്കു കിട്ടിയ മഹാഭാഗ്യമാണ്. നീ അറിയപ്പെടാന്‍ പോകുന്നത് കേരളത്തില്‍ മാത്രമല്ല, ഇന്ത്യ മുഴുവനുമാണ്. അതുകൊണ്ട് സിനിമ വിജയിക്കട്ടെ. അതിനനുസരിച്ചുള്ള ഗുണം തനിക്കുമുണ്ടാവും.''
സംവിധായകന്റെ വാക്കു മുഴുവന്‍ വിഴുങ്ങി നായകനടന്‍ കൊച്ചിയിലേക്കു വണ്ടി കയറി. പടം അമ്പതില്‍ നിന്ന് നൂറിലേക്ക് കുതിച്ചു. സംവിധായകന്‍ ഞൊടിയിടയില്‍ കോടികള്‍ വാരി. ഇടയ്ക്ക് വിളിച്ച് പ്രതിഫലത്തെക്കുറിച്ചു ചോദിച്ചെങ്കിലും സംവിധായകന്‍ ചിരിച്ചുതള്ളി. പ്രതിഫലമില്ലെങ്കിലും വേഷം ശ്രദ്ധിക്കപ്പെട്ടതിനാല്‍ മറ്റു സിനിമകളിലെങ്കിലും നല്ല കഥാപാത്രം കിട്ടുമെന്നു മോഹിച്ചു. പക്ഷേ സംഘടനാവിരുദ്ധനായ സംവിധായകന്റെ സിനിമയില്‍ അഭിനയിച്ചതിനാല്‍ ആരും വിളിച്ചില്ല. ഒടുവില്‍ മാസങ്ങള്‍ക്കുശേഷം ഒരു വേഷം ഒത്തുവന്നു. കേരളത്തെ ഞെട്ടിച്ച ഹൈടെക് കള്ളന്റെ കഥ സിനിമയാവുന്നു. ആ വേഷത്തില്‍ നടനെ കാസ്റ്റ് ചെയ്തു. എന്നാല്‍ ഷൂട്ടിംഗ് തുടങ്ങുന്നതിനു മുമ്പുതന്നെ ആ പേരും കൊണ്ട് വേറൊരു ടീം പോയി. അവര്‍ അതിവേഗത്തില്‍ സിനിമ ഷൂട്ട്ചെയ്ത് പുറത്തിറക്കുകയും ചെയ്തു.
അതിനിടയ്ക്ക് ഭീകരസിനിമയുടെ സി.ഡി ഇറക്കിയും സംവിധായകന്‍ ലാഭമുണ്ടാക്കി. കുട്ടികള്‍ക്കുവേണ്ടി പുതിയൊരു സിനിമയുടെ പണിപ്പുരയിലാണിപ്പോള്‍ സംവിധായകന്‍.പഴയ നായകനടന്‍ വിളിച്ചാല്‍ ഫോണ്‍ പോലുമെടുക്കാന്‍ സംവിധായകന് മടിയാണ്. പണം ചോദിച്ചാലോ എന്ന ഭയം. അവശേഷിച്ച പ്രതീക്ഷയും കൈവിട്ടുപോയതോടെ നായകനടനിപ്പോള്‍ കൊച്ചിയിലെ ഫ്ളാറ്റില്‍ നക്ഷത്രമെണ്ണുകയാണ്. പഴയതുപോലെ ചെറിയൊരു വില്ലന്‍വേഷമെങ്കിലും കിട്ടിയിരുന്നെങ്കില്‍ കുടുംബം പട്ടിണിയില്ലാതെ കഴിഞ്ഞുപോകുമായിരുന്നു എന്നാണ് നടന്‍ സുഹൃത്തുക്കളോടു പറയുന്നത്. പക്ഷേ ആരു കേള്‍ക്കാന്‍, ആരറിയാന്‍....?

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.