You are Here : Home / എഴുത്തുപുര

ജയപ്രസാദ്‌ ചോദിക്കുന്നു; ചതഞ്ഞരഞ്ഞ ഞാനോ ആരോഗ്യവാന്‍?

Text Size  

Story Dated: Monday, October 07, 2013 12:21 hrs UTC

മെഡിക്കല്‍ ബോര്‍ഡ്‌ ജനനേന്ദ്രിയത്തിന്‌ പരിക്കേറ്റിട്ടില്ലെന്നും പൂര്‍ണ്ണ ആരോഗ്യവാനാണെന്നും റിപ്പോര്‍ട്ട്‌ നല്‍കിയ ജയപ്രസാദ്‌ ഇന്നും ആശുപത്രിയില്‍ ചികിത്‌സയില്‍‌. പൂജപ്പുര പഞ്ചകര്‍മ്മ ആശുപത്രിയിലെ കിടക്കയിലിരുന്ന്‌ ജയപ്രസാദ്‌  അശ്വമേധത്തോട് സംസാരിച്ചു.

ജീവിതത്തില്‍ വേദന എന്താണെന്ന്‌ അറിഞ്ഞത്‌ പൊലീസിന്റെ ചവിട്ടുകൊണ്ടപ്പോഴാണ്‌. അച്‌ഛന്‍ ജീവിച്ചിരുന്നെങ്കില്‍ ഞാന്‍ വേദന അനുഭവിച്ചെങ്കിലും പാര്‍ട്ടിക്കുവേണ്ടിയാണല്ലോ അടികൊണ്ടത്‌ എന്ന്‌ സന്തോഷിക്കുമായിരുന്നു. മെഡിക്കല്‍കോളേജില്‍നിന്ന്‌ ഡിസ്‌ചാര്‍ജ്ജ്‌ ചെയ്‌തപ്പോള്‍ നടക്കണമെങ്കില്‍ രണ്ടാളുകള്‍ പിടിക്കണമായിരുന്നു. തിരുവോണത്തിന്‌ വീട്ടില്‍നിന്നു. പിറ്റേദിവസം ഇവിടെ അഡ്‌മിറ്റായി. കടുത്തനടുവുവേദന കാരണം ഇരിക്കാന്‍പോലും കഴിയാത്ത അവസ്‌ഥയായിരുന്നു. ദേഹമാസകലം നുറുങ്ങുന്ന വേദന. നിറയെ ചതവും നീരും കിടന്നാല്‍ ഉറക്കം വരാത്ത അസ്‌ഥ. മലമൂത്രവിസര്‍ജ്ജനം പോലും കഴിയാതെ കഷ്‌ടത അനുഭവിച്ച നാളുകള്‍. ഇപ്പോള്‍ ഒരുവിധം വേദനകളെല്ലാം ഒതുങ്ങി. എങ്കിലും ദീര്‍ഘകാലത്തെ ചികിത്‌സ വേണ്ടിവരുമെന്നാണ്‌ ഡോക്‌ടര്‍മാര്‍ പറയുന്നത്‌.


സമരത്തിന്റെ അന്ന്‌ രാവിലെ പാര്‍ട്ടി നേതാക്കളുടെ തീരുമാനം സമാധാനപരമായി പ്രതിഷേധിക്കാനായിരുന്നു. വാഹനപണിമുടക്ക്‌ ആയതുകൊണ്ട്‌ കുഞ്ഞുങ്ങളെ സ്‌കൂളിലയച്ച്‌ ചേട്ടനും ഞാനും ഭാര്യയും കൂടിയാണ്‌ മുഖ്യമന്ത്രിയെ തടയാന്‍ പോയത്‌. തടയുക എന്നതിലുപരി പ്രതിഷേധം അറിയിക്കാനായി കരിങ്കൊടി കാണിക്കുകയായിരുന്നു ലക്ഷ്യം. അവിടെയുണ്ടായിരുന്ന യൂത്ത്‌ കോണ്‍ഗ്രസുകാര്‍ ആദ്യം മുതലെ കുപ്പിയും മറ്റും വലിച്ചെറിഞ്ഞ്‌ ഞങ്ങളെ പ്രകോപിപ്പിച്ചുകൊണ്ടിരുന്നു. എന്നാല്‍ പാര്‍ട്ടി പറയുന്നതിനപ്പുറം ഒരു തീരുമാനം ഇല്ലാത്തതിനാല്‍ ഞങ്ങളാരും പ്രകോപിതരായില്ല. മുഖ്യമന്ത്രി വന്നപ്പോള്‍ ഞാന്‍ കുറച്ച്‌ മുന്നോട്ടാഞ്ഞതേയുള്ളു. അപ്പോള്‍ തന്നെ മറ്റ്‌ പ്രവര്‍ത്തകര്‍ എന്നെ പിറകിലോട്ട്‌ പിടിച്ചുവലിച്ചു. ആ വലിയില്‍ ഷര്‍ട്ടിന്റെ ബട്ടണ്‍മുഴുവന്‍ പൊട്ടിപ്പോയി. അപ്പോഴാണ്‌ പൊലീസുകാരുടെ സംഘം ഞങ്ങളുടെ നേരെ എത്തിയത്‌. ഷര്‍ട്ട്‌ അവരുടെ കൈയിലായി. ഞാന്‍ പൊലീസ്‌ വലയത്തിന്‌ അകത്താക്കപ്പെട്ടു. ഏകദേശം ഇരുപതോളം പൊലീസുകാര്‍ എന്നെ വളഞ്ഞിട്ട്‌ മര്‍ദ്ദിച്ചു. നിലത്തുകൂടി വലിച്ചിഴച്ചു.


ബൂട്ടിട്ട്‌ ചവിട്ടി. ലാത്തികൊണ്ട്‌ അടിയ്‌ക്കുകയും കുത്തുകയും ചെയ്‌തു. കാല്‍മുട്ടുകൊണ്ട്‌ മുതുകില്‍ തുടര്‍ച്ചയായി ഇടിച്ചു. ജനനേന്ദ്രയത്തില്‍ ചവിട്ടി. തളര്‍ന്നുവീണ എന്നെ നിലത്തിട്ടും ചവിട്ടി. ഒടുവില്‍ പ്രവര്‍ത്തകര്‍ ഇടപെട്ടപ്പോഴാണ്‌ പൊലീസ്‌ ശാന്തരായത്‌. മാധ്യമപ്രവര്‍ത്തകരുടെ വലിയ പട എല്ലാത്തിനും സാക്ഷിയായി ഉണ്ടായിരുന്നു. ഇത്രയും മാധ്യമപ്രവര്‍ത്തകര്‍ അവിടെ ഉണ്ടായിരുന്നില്ലെങ്കില്‍ അവരെന്നെ കൊന്നേനെ.
ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഡോക്‌ടര്‍മാരോട്‌ ഞാന്‍ എന്റെ എല്ലാവേദനകളും പറഞ്ഞു. ഞാന്‍ നേരിട്ട പീഡനങ്ങളും അതേത്തുടര്‍ന്നുള്ള വിഷമതകളും ഞാന്‍ തുറന്നുപറഞ്ഞിരുന്നു. എന്നാല്‍ കേസ്‌ ഷീറ്റില്‍ അതൊക്കെ രേഖപ്പെടുത്തിയിട്ടുണ്ടോ എന്നെനിന്ന്‌ സംശയമുണ്ട്‌.

ദിവസങ്ങളോളം മലമൂത്രവിസര്‍ജ്ജനം നടത്തുവാന്‍പോലും കഴിയില്ലായിരുന്നു. ജനനേന്ദ്രിയത്തില്‍ മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന്‌ മൂത്രമൊഴിക്കാന്‍പോലും കഴിയാതെ ഞാന്‍ വേദനകൊണ്ട്‌ പിടയുകയായിരുന്നു. ഡോക്‌ടര്‍മാരോട്‌ പറയുമ്പോള്‍ കുഴപ്പമില്ല, നല്ല ചതവുണ്ട്‌, കുറച്ചുദിവസമെടുക്കും എന്നാണ്‌ അവര്‍ പറഞ്ഞുകൊണ്ടിരുന്നത്‌. എന്നെ അഡ്‌മിറ്റ്‌ ചെയ്‌ത്‌ നാലാമത്തെ ദിവസമാണ്‌ യൂറോളജി വിഭാഗത്തില്‍നിന്നും ഒരു ഡോക്‌ടര്‍ എന്നെ പരിശോധിക്കാന്‍ എത്തിയതുതന്നെ. മെഡിക്കല്‍ സംഘം പരിശോധനയ്‌ക്കെത്തിയത്‌ ഏതാണ്ട്‌ ഒന്‍പത്‌ ദിവസം കഴിഞ്ഞാണ്‌. അപ്പോഴേക്കും എന്റെ വേദനകള്‍ ഒരുവിധം ശമിച്ചിരുന്നു. മൂത്രമൊഴിക്കാനുള്ള വലിയ ബുദ്ധിമുട്ട്‌ കുറച്ച്‌ കുറഞ്ഞിരുന്നു. എന്നോടവര്‍ ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം വളരെ സത്യസന്ധമായിട്ടാണ്‌ ഞാന്‍ മറുപടി പറഞ്ഞത്‌. മെഡിക്കല്‍ കോളേജില്‍ ലഭിച്ച ചികിത്‌സയില്‍ ഞാന്‍ സംതൃപ്‌തനാണോ എന്നവര്‍ ചോദിച്ചു. യഥാര്‍ത്ഥത്തില്‍ ഞാന്‍ സംതൃപ്‌തനായിരുന്നു. കാരണം ജീവന്‍ പിടയുന്ന വേദനയില്‍നിന്നും എനിക്ക്‌ മോചനം കിട്ടിയത്‌ അവിടുത്തെ ചികിത്‌സയില്‍നിന്നാണ്‌. അതുകൊണ്ട്‌ ചികിത്‌സയില്‍ എനിക്ക്‌ സംതൃപ്‌തിയുണ്ടെന്ന്‌ ഞാന്‍ പറഞ്ഞു. ജനനേന്ദ്രിയത്തിന്റെ പരിക്കിനെക്കുറിച്ചും അവര്‍ ചോദിച്ചു. അസ്വസ്‌ഥതകള്‍ക്ക്‌ നല്ല കുറവുണ്ടെന്ന്‌ ഞാന്‍ പറഞ്ഞു. എന്നെ പൂര്‍ണ്ണനഗ്‌നനാക്കി എല്ലാവിധ പരിശോധനകളും അവര്‍ നടത്തി. സ്‌കാനിംഗിനും എക്‌സറേയ്‌ക്കും വിധേയനാക്കി. എന്നാല്‍ എന്റെ ബന്‌ധുക്കളെ ആരേയും കൂട്ടാതെയാണ്‌ എല്ലാ പരിശോധനകളും നടത്തിയത്‌. അതുകൊണ്ടുതന്നെ അവരുടെ റിപ്പോര്‍ട്ടുകളില്‍ എന്തൊക്കെയാണ്‌ എഴുതിവച്ചിരിക്കുന്നത്‌ എന്നെനിക്ക്‌ അറിയില്ല.
എന്റെ കുട്ടികളുടെ ഭാഗ്യം കൊണ്ട്‌ മരിക്കാതെ രക്ഷപ്പെട്ടു എന്നാണ്‌ ഇപ്പോള്‍ തോന്നുന്നത്‌. സൗഹൃദത്തിന്റെ വിലയറിഞ്ഞത്‌ ഇവിടെ വന്നതിന്‌ ശേഷമാണ്‌. നിരവധി സുഹൃത്തുക്കളുള്ള വ്യക്തിയാണ്‌ ഞാന്‍. എന്നാല്‍ ആശുപത്രിയില്‍ ആയതിന്‌ ശേഷം അവരില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്‌ എന്നെ അന്വേഷിച്ചത്‌. എന്തുകൊണ്ടാണെന്ന്‌ അറിയില്ല. ആരും ഫോണ്‍പോലും ചെയ്യാറില്ല.

അന്നന്ന്‌ അധ്വാനിച്ച്‌ ജീവിക്കുന്നവരാണ്‌ ഞങ്ങള്‍. ആശാരിപ്പണിയാണ്‌ ഞാന്‍ ചെയ്യുന്നത്‌. ഇനി ഇരുന്ന്‌ ജോലിചെയ്യാന്‍ കഴിയുമോ എന്നുപോലും അറിയില്ല. കൂടുതല്‍ സമയം നില്‍ക്കാനോ ഇരിക്കാനോ ഇപ്പോഴും കഴിയുന്നില്ല. പാര്‍ട്ടിയുടെ സഹായം കൊണ്ട്‌ കുട്ടികള്‍ പട്ടിണികിടക്കുന്നില്ല. ചികിത്‌സയും അവര്‍തന്നെയാണ്‌ നടത്തുന്നത്‌. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നത്‌ ഇത്ര വലിയ കുറ്റമാണോ എന്നെനിക്ക്‌ അറിയില്ല. അടിയന്തിരാവസ്‌ഥക്കാലത്തുപോലും ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കാന്‍ അണിനിരന്നതിനെക്കുറിച്ച്‌ അച്‌ഛനും മറ്റും പറഞ്ഞുകേട്ടിട്ടുണ്ട്‌. അന്നുപോലും ഇത്രയും ക്രൂരമായൊരു മര്‍ദ്ദനം പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായതായി അറിവില്ല. എന്താണ്‌ ഞാന്‍ ചെയ്‌ത കുറ്റം?

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.