You are Here : Home / എഴുത്തുപുര

യുജവനോത്സവങ്ങളാണ് റിയാലിറ്റിഷോകള്‍: ജഗദീഷ്

Text Size  

Story Dated: Saturday, September 07, 2013 04:43 hrs UTC

അധ്യാപകനായും നടനായും മലയാളികളുടെ  ഹൃദയത്തില്‍ പതിഞ്ഞ നാമമാണ് ജഗദീഷിന്റേത് .  തന്‍റെ അഭിനയജീവിതത്തെക്കുറിച്ചും അധ്യാപകജീവിതത്തെക്കുറിച്ചും ജഗദീഷ് അശ്വമേധത്തോടു സംസാരിക്കുന്നു.


സിനിമയില്‍ സജീവസാന്നിദ്ധ്യമായ ജഗദീഷ്‌ ഇന്ന്‌ ടെലിവിഷന്റെ സ്വന്തം ആളായി മാറിയിരിക്കുന്നു. എന്താണ്‌ ഈ മാറ്റം
സിനിമയില്‍ സജീവമായി നായകവേഷങ്ങള്‍ ചെയ്‌തു കൊണ്ടിരുന്നപ്പോഴും ടെലിവിഷന്‌ തുല്യപ്രാധാന്യം നല്‍കിയിരുന്ന വ്യക്തിയാണ്‌ ഞാന്‍. മലയാള ടെലിവിഷന്‍ ചരിത്രത്തിലെ ആദ്യത്തെ സീരിയലായ കൈരളി വിലാസത്തിലെ നായകനാണ്‌ ഞാന്‍. നെടുമുടി വേണുവും വേണുനാഗവള്ളിയും എം.എസ്‌ തൃപ്പൂണിത്തുറയും കരമന ജനാര്‍ദ്ദനന്‍ നായരും സിതാരയും മണിയന്‍പിള്ള രാജുവും അതിന്റെ ഭാഗമായിരുന്നു. സിനിമയില്‍ വളരെ തിരക്കുള്ളപ്പോഴാണ്‌ ഏഷ്യാനെറ്റില്‍ `സരിഗമ' എന്ന ആദ്യ സംഗീത റിയാലിറ്റിഷോ ഞാന്‍ ചെയ്‌തു കൊണ്ടിരുന്നത്‌. ടെലിവിഷനും സിനിമയും എന്നും സമാന്തരമായി കൊണ്ടുപോകാന്‍ ശ്രമിക്കുന്ന വ്യക്തിതന്നെയാണ്‌ ഞാന്‍.
 എങ്ങനെയാണ്‌ സിനിമയും ടെലിവിഷന്‍ ഷോകളും ഒത്തൊരുമിപ്പിച്ച്‌ കൊണ്ടുപോകുന്നത്‌
എന്നെ സംബന്ധിച്ചിടത്തോളം ടി.വി പ്രേക്ഷകരോടും സിമിനാപ്രേക്ഷകരോടും തുല്യ ഉത്തരവാദിത്തമാണുള്ളത്‌. നൂറു ശതമാനം കഠിനാദ്ധ്വാനവും ആത്മാര്‍ത്ഥതയും നമ്മുടെ ഭാഗത്തു നിന്നും ഉണ്ടാവുകയാണെങ്കില്‍ പ്രേക്ഷകര്‍ അത്‌ തിരിച്ചറിയും എന്നാണെന്റെ അനുഭവം. ടെലിവിഷന്‍ ഷോകളുടെ എഗ്രിമെന്റ്‌ വച്ചു കഴിഞ്ഞാല്‍ ആ സമയത്ത്‌ വരുന്ന ചില സിനിമകള്‍ ചിലപ്പോഴൊക്കെ ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്‌. അത്‌ മറ്റാരും നിര്‍ബന്‌ധിച്ചിട്ടല്ല. എന്റെ കാര്യങ്ങളില്‍ ഞാന്‍ തന്നെ വയ്‌ക്കുന്ന ചില ചിട്ടയാണ്‌. അല്ലെങ്കില്‍ ഡേറ്റുകള്‍ തമ്മില്‍ ക്ലാഷ്‌ ഉണ്ടാകും. ഒരു ഉത്തരവാദിത്തം ഏറ്റെടത്തു കഴിഞ്ഞാല്‍ എന്റെ കഴിവിന്റെ പരമാവധി ഞാന്‍ അത്‌ നിറവേറ്റാന്‍ ശ്രമിക്കും.
ടെലിവിഷന്റെയും സിനിമയുടെയും പ്രേക്ഷകര്‍ തമ്മിലുള്ള വ്യത്യാസമെന്താണ്‌
സിനിമ തീയേറ്ററില്‍ പോയി കാണാനായി പ്രേക്ഷകര്‍ക്ക്‌ കൂടുതല്‍ പ്രയാസങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു. ടിക്കറ്റെടുക്കണം. ഓട്ടോയിലോ ബസ്സിലോ കാറിലോ കയറി പോകണം. കാത്തു നില്‍ക്കണം. വലിയ പ്രതീക്ഷയോടു കൂടി ബുദ്ധിമുട്ടി ചെല്ലുമ്പോള്‍, ചിലപ്പോള്‍ സിനിമ പ്രേക്ഷകന്റെ പ്രതീക്ഷയ്‌ക്കൊത്ത്‌ ഉയരണമെന്നില്ല. സിനിമയെക്കുറിച്ച്‌ പ്രേക്ഷകര്‍ക്ക്‌ പ്രതീക്ഷകള്‍ കൂടുതലാണ്‌. അതുകൊണ്ട്‌ പരാതികളും കൂടുതലാണ്‌. നല്ലസിനിമയാണെങ്കില്‍ മാത്രമേ പ്രേക്ഷകര്‍ നല്ലത്‌ എന്നു പറയൂ.
എന്നാല്‍ ടിവിയിലൂടെ സ്വീകരണമുറിയിലെത്തുന്ന പ്രോഗ്രാമുകളെയും കഥാപാത്രങ്ങളെയും അതിഥികളേയും സ്വന്തം വീട്ടിലെ കുട്ടിയായിട്ടാണ്‌ പ്രേക്ഷകന്‍ കാണുന്നത്‌. ചെറിയ തെറ്റുകളും കുറ്റങ്ങളുമൊക്കെ പൊറുക്കാനും തുടര്‍ന്നും പ്രോത്സാഹിപ്പിക്കുവാനും തയ്യാറാണ്‌. ടെലിവിഷന്‍ പ്രേക്ഷകരില്‍ വലിയൊരു വിഭാഗം ടെലിവിഷനില്‍ വരുന്ന സിനിമകളുടെ പ്രേക്ഷകരാണ്‌. വീട്ടുജോലി ചെയ്‌തുകൊണ്ടും ഫോണ്‍ ചെയ്‌തുകൊണ്ടും ആഹാരം കഴിച്ചുകൊണ്ടുമൊക്കെ അവര്‍ ടിവി കാണും. സ്വാതന്ത്ര്യം കൂടുതലായതുകൊണ്ടും കുറഞ്ഞ നിരക്കില്‍ ധാരാളം പ്രോഗ്രാമുകള്‍ സിനിമയുള്‍പ്പെടെ കാണാന്‍ കഴിയുന്നതുകൊണ്ടും പ്രേക്ഷകര്‍ പൊതുവേ സംതൃപ്‌തരാണ്‌. കൂടാതെ ആറുമുതല്‍ എട്ടുമണിക്കൂര്‍ വരെ ടി.വി കാണുന്ന പ്രേക്ഷകര്‍ക്ക്‌ വൈകാരികമായ ഒരു അടുപ്പം ടിവി താരങ്ങളോടുണ്ട്‌. ആത്മാര്‍ത്ഥമായും പരിശ്രമിച്ച്‌ ചെയ്യുന്ന പ്രോഗ്രാമുകള്‍ക്ക്‌ അംഗീകാരം ലഭിക്കുന്നുണ്ട്‌. സിനിമയില പുതുമുഖങ്ങളെ എളുപ്പം അംഗീകരിക്കാന്‍ മടി കാണിക്കുന്നവര്‍, ടിവിയിലെ റിയാലിറ്റീഷോകളാല്‍ പങ്കെടുക്കുന്നവരെ അകമഴിഞ്ഞ്‌ പിന്തുക്കാറുണ്ട്‌. തെറ്റു പറ്റിയാല്‍ അടുത്ത പ്രാവശ്യം തിരുത്തിക്കോളും എന്ന പരിഗണന നല്‍കാറുണ്ട്‌.
വലിയ തയ്യാറെടുപ്പുകളോടെയാണോ ടെലിവിഷന്‍ പ്രോഗ്രാം അവതരിപ്പിക്കുന്നത്‌ .വിജയിക്കുന്ന ടെലിവിഷന്‍ പ്രോഗ്രാമുകളുടെ പുറകില്‍ എത്രവലിയ അദ്ധ്വാനം ഉണ്ട്‌
വലിയ തയ്യാറെടുപ്പുകളും കഠിനാദ്ധ്വാനവും ഓരോ പ്രോഗ്രാമിന്റെയും പുറകിലുണ്ട്‌. പ്രേക്ഷകരുടെ താല്‍പര്യങ്ങളും പ്രതീക്ഷകളും അറിയണം. പ്രൊഡ്യൂസറുടെ ആഗഹങ്ങള അറിയണം. അവരുടെ സംഘാടനത്തിലെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കണം. പറ്റുന്നത്ര അവരെ പ്രചോദിപ്പിക്കുകയും സഹായിക്കുകയും വേണം. മാനേജ്‌മെന്റിന്റെ താല്‍പര്യങ്ങള്‍ അറിയണം. റേറ്റിംഗില്‍ പ്രോഗ്രാം എവിടെ നില്‍ക്കുന്നുവെന്നും, എവിടെ എത്തിക്കണമെന്നും ചിന്തിക്കണം. അങ്ങനെ ഓരോ ദിവസവും വലിയ തയ്യാറെടുപ്പുകളോടെയാണ്‌ പ്രോഗ്രാം ഷൂട്ട്‌ ചെയ്യുന്നത്‌.
റിയാലിറ്റി ഷോകളെ എങ്ങനെ കാണുന്നു
എന്നെ സംബന്ധിച്ച്‌ എനിക്ക്‌ പൂര്‍ണ്ണമായ ആത്മസംതൃപ്‌തി റിയാലിറ്റി ഷോകള്‍ നല്‍കാറുണ്ട്‌. ഒരു ജോലിയുടെ സന്തോഷം ലഭിക്കുന്ന പണം മാത്രമല്ല എന്നു കരുതുന്ന വ്യക്തിയാണ്‌ ഞാന്‍. തീര്‍ച്ചയായും ജീവിക്കാന്‍ പണം വേണം. എങ്കിലും ചെയ്യുന്ന തൊഴിലില്‍ നിന്നും ലഭിക്കുന്ന സംതൃപ്‌തിയും റിസള്‍ട്ടും അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ്‌. ചില പ്രേക്ഷകരൊക്കെ എന്നോട്‌ പറയാറുണ്ട്‌. ആ മത്സരാര്‍ത്ഥിക്ക്‌ കുറച്ചു കൂടി മാര്‍ക്കു കൊടുക്കാമായിരുന്നു. ഇന്നയാള്‍ക്ക്‌ ഇത്ര വേണ്ടായിരുന്നു. അയാളെ അത്രയും ആശ്വസിപ്പിക്കേണ്ടായിരുന്നു എന്നൊക്കെ. എല്ലാവരുടെയും എല്ലാ അഭിപ്രായങ്ങളും ഞാന്‍ കണക്കിലെടുക്കാറുണ്ട്‌. എന്നാല്‍ പൊതുവേ റിയാലിറ്റി ഷോകള്‍ വളരെ നന്നായിത്തന്നെയാണ്‌ നടക്കുന്നത്‌. മത്സരത്തില്‍ മുന്നിലെത്തുന്നവര്‍ കഴിയുള്ളവര്‍ തന്നെയാണ്‌.
പഴയ കാലത്തെ അപേക്ഷിച്ച്‌ കഴിവുള്ള കുട്ടികള്‍ക്ക്‌ റിയാലിറ്റിഷോകളിലൂടെ ലഭിക്കുന്ന അംഗീകാരം വളരെ വലുതാണ്‌. പണ്ട്‌ യുവജനോത്സവങ്ങളില്‍ ഒന്നാം സ്ഥാനം കിട്ടുന്ന കുട്ടിക്ക്‌ ലഭിക്കുന്ന അംഗീകാരം പേപ്പര്‍ വാര്‍ത്തകളിലെ രണ്ടുവരി പരാമര്‍ശമായിരുന്നു. എന്നാല്‍ ഇന്ന്‌ യുവജനോത്സവങ്ങള്‍ ലൈവായി ലോകം മുഴുവനുമുള്ള മലയാളികള്‍ കാണുന്നു. സമ്മാനപ്രഖ്യാപനം കഴിയുമ്പോള്‍ ഒന്നാമതെത്തിയ പ്രോഗ്രാം വീണ്ടും കാണുന്നു.യുജവനോത്സവങ്ങളെ കാണുന്നപോലെതന്നെയാണ്‌ റിയാലിറ്റിഷോകളേയും കാണേണ്ടത്‌. യുവപ്രതിഭകളുടെ കഴിവുകള്‍ മാറ്റുരക്കുന്ന വേദികളാണിത്‌. യാഥാര്‍ത്ഥാഭിപ്രായമുള്ളവര്‍ തന്നെയാണ്‌ സമ്മാനവും അംഗീകാരവും ലഭിക്കുന്നത്‌.
പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്ന പ്രതികരണങ്ങളെല്ലാം പ്രോഗ്രാം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളായിട്ടാണ്‌ ഞാന്‍ എടുക്കുന്നത്‌.
ജഗദീഷിന്റെ ഷോകള്‍ എല്ലായ്‌പോഴും പ്രേക്ഷകപങ്കാളിത്തത്തിലും റേറ്റിംഗിലും ഉയര്‍ന്ന നിലവാരവും വിജയവും നേടുന്നതായി കാണാറുണ്ട്‌. എന്താണ്‌ അതിനു പിന്നില്‍
വലിയ ഈശ്വരവിശ്വാസിയാണു ഞാന്‍. ഗുരുത്വവും ഈശ്വരവിശ്വാസവുമാണ്‌ എന്നെ എല്ലായിടത്തും വിജയിപ്പിക്കുന്നത്‌ എന്നു ഞാന്‍ ചിന്തിക്കുന്നു. ഇതു വെറും ഭംഗിവാക്കല്ല. ഹൃദയത്തില്‍ തൊട്ടാണ്‌ ഞാന്‍ സംസാരിക്കുന്നത്‌. എന്റെ മാത്രം വ്യക്തിപരമായ കഴിയു വച്ച്‌ എനിക്കിന്നേവരെ ഒരു വലിയ വിജയവും ഉണ്ടായിട്ടില്ല. ഒരു ടീംവര്‍ക്കിന്റെ വിജയമാണ്‌ എല്ലാ വിജയങ്ങളെയും എല്ലാത്തിന്റെയും ഭാഗമായി മാറുനുള്ള ഒരു കഴിവുമാത്രമാണ്‌ എനിക്കുള്ളത്‌. ഏത്‌ ഗ്രൂപ്പിനോടൊപ്പവും എല്ലാ വ്യത്യാസങ്ങളും മറന്ന്‌ ഇഴുകിചേരാന്‍ എനിക്കു കഴിയാറുണ്ട്‌. ജഗദീഷ്‌ എന്ന വ്യക്തി ഒരു ഗ്രൂപ്പിലും മുഴച്ചു നില്‍ക്കാറില്ല. എവിടെയും അഡ്‌ജസ്റ്റ്‌ ചെയ്യാനുള്ള ഒരു കഴിവുമാത്രമാണ്‌ ഓരോ വിജയത്തിലുള്ള എന്റെ പങ്കാളിത്തം.
ജഗദീഷ്‌ എന്ന മികച്ച അധ്യാപകനെ സിമിമാനടനായ ശേഷം കുറേ കാലം കാണാനില്ലായിരുന്നു. പിന്നീട്‌ ജഗദീഷിനെ അധ്യാപകനെ കാണുന്നത്‌ റിയാലിറ്റീ ഷോകളിലാണ്‌. ജഗദീഷ്‌ യഥാര്‍ത്ഥത്തില്‍ ആരാണ്‌ ? നല്ല നടനോ ? നല്ല അധ്യാപകനോ ?
എന്റേത്‌ ഒരു അധ്യാപക കുടുംബമാണ്‌. എന്റെച്ഛന്‍ ഹൈസ്‌കൂള്‍ അധ്യാപകനായിരുന്നു. ആറുമക്കളില്‍ അഞ്ചാമത്തെയാളാണ്‌ ഞാന്‍. ഞങ്ങള്‍ ആറുപേരും നന്നായി പഠിക്കുമായിരുന്നു. അതുകൊണ്ടു തന്നെ വിദ്യാഭ്യാസ ചെലവ്‌ വലിയ തുകയായിരുന്നു. അച്ഛന്‍ വളരെ ബുദ്ധിമുട്ടിയാണ്‌ ഞങ്ങളെ പഠിപ്പിച്ചത്‌. സാമ്പത്തിക ബുദ്ധിമുട്ടുകളും അച്ഛന്റെ ജോലിയുടെ മഹത്വവും അറിഞ്ഞും തിരിഞ്ഞുമാണ്‌ ഞാന്‍ വളര്‍ന്നത്‌. എന്റെ രണ്ടു ചേച്ചിമാരും അധ്യാപകരായി. അധ്യാപനവൃത്തിയോടുള്ള എന്റെ ഇഷ്‌ടം കൊണ്ട്‌ കാനറാബാങ്കിലെ നല്ല ജോലിയുപേക്ഷിച്ച്‌ ഞാന്‍ അധ്യാപകനായി. അഭിനയം എന്ന ഉന്മാദത്തിനൊപ്പമോ ഒരുപിടി മുകളിലോ ഞാന്‍ അധ്യാപനവൃത്തിയേയും സ്‌നേഹിക്കുന്നു.
റിയാലിറ്റി ഷോയില്‍ ജഡ്‌ജായെത്തിയപ്പോള്‍ എനിക്കെന്റെ വിദ്യാര്‍ത്ഥികളെ തിരിച്ചു കിട്ടിയ സന്തോഷം തോന്നി. എന്റെ കുട്ടികളെ പ്രചോദിപ്പിക്കുവാനും അവരുടെ കഴിവുകള്‍ പുറത്തെടുക്കാനുമുള്ള പ്രേരകശക്തിയായി ഞാന്‍ പ്രവര്‍ത്തിച്ചത്‌, എന്റെയുള്ളിലെ അധ്യാപകന്‍ പുറത്തുവന്നതുകൊണ്ടാവും എന്റെ കുട്ടികള്‍ എന്തു കരുതി. ഒരു അധ്യാപകന്റേ ഉത്തരവാദിത്ത ബോധത്തോടു കൂടിതന്നെയാണ്‌ ഞാന്‍ റിയാലിറ്റി ഷോയില്‍ ഇരിക്കുന്നതും അഭിപ്രായം പറയുന്നതും.
നടനെന്ന രീതിയില്‍ ലോകം മുഴുവനുമുള്ള മലയാളികളില്‍ നിന്നും എനിക്ക്‌ സ്‌നേഹവും അംഗീകാരവും ലഭിച്ചിട്ടുണ്ട്‌. എന്നാല്‍ എവിടെവച്ചെങ്കിലും ഒരു കുട്ടി ഓടിവന്ന്‌, സാറെന്നെ പഠിപ്പിച്ചിട്ടുണ്ട്‌. ഞാന്‍ അങ്ങയുടെ ശിഷ്യനാണ്‌ എന്നു പറയുമ്പോള്‍ അയാള്‍ വിദ്യാഭ്യാസം നേടി. ജോലി തേടി സുഖമായിരിക്കുന്നു എന്നറിയുമ്പോള്‍ ലഭിക്കുന്ന ആത്മസംതൃപ്‌തി വളരെ വലുതാണ്‌.
മധുസാര്‍ ആഗ്രഹിക്കുന്ന കാര്യം ചെയ്‌ത്‌ സന്തോഷമായിരിക്കുന്ന വ്യക്തിയാണ്‌. ഒരു സൂപ്പര്‍താരത്തില്‍ പടവും ഒരുപുതിയ ആളുടെ ടെലിഫിലിം ഒപ്പം ലഭിച്ചാല്‍ രണ്ടും ഒരുപോലെ പ്രിയങ്കരമായി. മധുസാര്‍ കാണും. അദ്ദേഹം എല്ലായ്‌പ്പോഴും ആത്മസംതൃപ്‌തിക്കു പ്രാധാന്യം നല്‍കുന്ന വ്യക്തിയാണ്‌. എന്റെ ജീവിത ദര്‍ശവും ഏകദേശം ഇതുപോലെയാണ്‌. പണം മാത്രമല്ല ജീവിതത്തില്‍ ആവശ്യം എന്നു ഞാന്‍ കരുതുന്നു. വളരെ സാമ്പത്തിക ബുദ്ധിമുട്ട്‌ അനുഭവിച്ചു വളര്‍ന്നതുകൊണ്ട്‌ പണത്തിന്റെ വിലയെനിക്ക്‌ നന്നായിട്ടറിയാം. എങ്കിലും പണത്തിനുമപ്പുറത്തുള്ള ചില കാര്യങ്ങള്‍ ജീവിതത്തില്‍ വലിയ സ്ഥാനമുണ്ട്‌. വിദ്യാഭ്യാസവും വിവരവും അനുഭവവുമാണ്‌ ജീവിതത്തിലെ ഏറ്റവും വലിയ ഗുരു എന്നു ഞാന്‍ കരുതുന്നു. ഇതു മൂന്നുമില്ലാത്തയാള്‍ക്ക്‌ എത്രപണമുണ്ടായിട്ടും കാര്യമില്ല. കാശ്‌ നന്നായി വിനിയോഗിക്കാന്‍ അറിയണമെങ്കില്‍ ഇതു മൂന്നും കൂടിയേ തീരൂ.
തിരിഞ്ഞുനോക്കുമ്പോള്‍ ജീവിതത്തിലെ പ്രധാന നേട്ടം എന്താണ്‌
അഭിനയിക്കണം എന്നാഗ്രഹിച്ച്‌ നടക്കുമ്പോഴോന്നും ഇപ്പോഴെത്തിയ അത്രയും ഉയരത്തിലെത്താനും പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടാനും കഴിയുമെന്നു കരുതിയിരുന്നില്ല. അത്യാവശ്യം ചില സിനിമകളിലൊക്കെ അഭിനയിച്ച്‌ അധ്യാപകനായി തുടരാം എന്നാണ്‌ കരുതിയിരുന്നത്‌. അധ്യാപകജോലി ഉപേക്ഷിച്ച്‌ അഭിനയിക്കാവുന്നത്രയും സിനിമകള്‍ കിട്ടുമെെന്നാന്നും ആഗ്രഹിച്ചിട്ടേയില്ല. ഇത്രയധികം സിനിമകളുടെ ഭാഗമാവാന്‍ കഴിഞ്ഞതാണ്‌ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടവും സന്തോഷവും ഭാഗ്യവും എന്നു ഞാന്‍ കരുതുന്നു.
പ്രേക്ഷകര്‍ എന്റെ സിനിമകള്‍ മോശം എന്ന്‌ പറഞ്ഞാലോ കളിയാക്കിയാലോ വിഡ്‌ഢിയെന്ന്‌ വിളിച്ചാലോ എനിക്ക്‌ തെറ്റുപറ്റിയെന്ന്‌ പറഞ്ഞാലോ എനിക്ക്‌ പ്രയാസമുണ്ടാവില്ല. പക്ഷേ അയാള്‍ അഹങ്കാരിയാണെന്നു പറഞ്ഞാല്‍ അതെന്നെ വേദനിപ്പിക്കും. എന്നെക്കുറിച്ച്‌ ഇതുവരെ അഹങ്കാരി എന്നാരും പറഞ്ഞിട്ടില്ല എന്നാണ്‌ എന്റെ വിശ്വാസം. അതും ജീവിതത്തിലെ ഒരു വലിയ നേട്ടമായി കരുതുന്നു.
കഴിഞ്ഞ കാല പ്രവര്‍ത്തികളില്‍ വേണ്ടായിരുന്നു എന്നു തോന്നിയത്‌ എന്താണ്‌.  നിരാശപ്പെടുന്നത്‌ എന്തിനെക്കുറിച്ചോര്‍ത്താണ്‌
ഇല്ല. അങ്ങനെയൊന്നുമില്ല. എന്റെ മോശം സിനിമകളെന്ന്‌ പൊതുവേ വിലയിരുത്തുന്ന സിനിമകളില്‍ അഭിനയിച്ചതുപോലും തെറ്റായെന്ന്‌ ഞാന്‍ കരുതുന്നില്ല. അവക്കൊക്കെ അവയുടേതായ സ്ഥാനം ഉണ്ട്‌. പക്ഷേ വ്യക്തിപരാമയിട്ട്‌ എനിക്ക്‌ വലിയൊരു സങ്കടം ഉണ്ട്‌. എന്റമ്മയുടെ നേരത്തെയുള്ള മരണം അതെന്നെ ഇപ്പോഴും വേദനിപ്പിക്കുന്നുണ്ട്‌. വീട്ടമ്മയായിരുന്നെങ്കിലും എല്ലാ തരത്തിലും നല്ല അറിവും കഴിവുമുള്ള വ്യക്തിയായിരുന്നു എന്റമ്മ. അമ്മ ജീവിച്ചിരുന്നെങ്കില്‍ എന്റെ സിനിമകളുടെ ഏറ്റവും വലിയ വിമര്‍ശകയാകേണ്ടിയിരുന്ന ആളാണ്‌. ഞാനിത്രയും സിനിമകളിലഭിനയിച്ചതും കേരളീയരുടെ മനസ്സില്‍ ഇടം തേടിയതും കാണാന്‍ അമ്മയില്ലാതായി പോയല്ലോ എന്ന ദുഃഖം മാത്രമാണ്‌ ജീവിതത്തില്‍ ആകെയുള്ളത്‌.
ജീവിതത്തെ വളരെ ശുഭാപ്‌തിവിശ്വാസത്തോടെ സമീപിക്കുന്ന വ്യക്തിയാണോ .എല്ലാ കാര്യങ്ങളുടെയും നല്ല വശം മാത്രമാണോ എപ്പോഴും കാണുന്നത്‌
ഒരു വ്യക്തി എന്ന രീതിയില്‍ ധാരാളം പോരായ്‌മകളൊക്കെ എനിക്കുമുണ്ട്‌. ഞാനിടക്ക്‌ വീട്ടില്‍ ഭാര്യരമയോടൊക്കെ ദേഷ്യപ്പെടാറുണ്ട്‌. പക്ഷെ തൊട്ടടുത്ത നിമിഷം വേണ്ടായിരുന്നു എന്ന്‌ തോന്നും. ഉടനെ ഞാന്‍ തന്നെ മുന്‍കയ്യെടുത്ത്‌ പ്രശ്‌നപരിഹാരമുണ്ടാകും. തെറ്റുപറ്റി എന്നു മനസ്സിലായാല്‍ പൂര്‍ണ്ണമായും കീഴടങ്ങാന്‍ എനിക്കു മനസ്സുണ്ട്‌.
രമ വലിയ അടുക്കും ചിട്ടയുമുള്ളയാളാണ്‌. എല്ലാം വൃത്തിയാക്കി മടക്കിയൊതുക്കി വയ്‌ക്കും. ഞാന്‍ ന്യൂസ്‌ പേപ്പറെടുത്ത്‌ വായിച്ച്‌ വലിച്ചുവാരിയിടുകയും സാധനങ്ങള്‍ സ്ഥലം മാറ്റി വയ്‌ക്കുകയും ചെയ്യും. ആഹാരം കഴിക്കുമ്പോള്‍ ടിവിയുടെ മുന്നില്‍ വന്നിരിക്കുന്നത്‌ എനിക്കിഷ്‌ടമാണ്‌. രമക്കതിഷ്‌ടമല്ലെങ്കിലും ആഹാരം കഴിച്ചുകഴിഞ്ഞ്‌ അവിടം സ്വയം വൃത്തിയാക്കണം എന്ന കരാറില്‍ അനുവദിക്കും. ഞാന്‍ മിക്കവാറും വാക്കുപാലിക്കാന്‍ മറന്നുപോവും. ഒരു മാതൃകാ മനുഷ്യനോ അല്ല ഞാന്‍. ധാരാളം പോരായ്‌മകളുണ്ട്‌. ദേഷ്യം, അസൂയ, സ്വാര്‍ത്ഥത ഒക്കെ എനിക്കുമുണ്ട്‌. പക്ഷേ, ഇത്തരം തോന്നലുകള്‍ ഉണ്ടാകുമ്പോള്‍ ഞാനൊരു മിനിറ്റ്‌ കണ്ണടച്ചു പ്രാര്‍ത്ഥിക്കും. അപ്പോള്‍ എനിക്കതിനെ മറികടക്കാന്‍ സാധിക്കും. ഉടനെ തെറ്റുതിരുത്തി ഒരു പോസിറ്റീവ്‌ അപ്രോച്ച്‌ ഞന്‍ സ്വീകരിക്കും. കോമഡി ഷോകള്‍ പോലെ എല്ലാറ്റിനും ഒരു ശുഭപര്യവസായിയായ അന്ത്യം ഉണ്ടാകണം എന്നെനിക്കുണ്ട്‌.
നടന്‍ എന്ന നിലയില്‍ വിവിധ വിഭാഗത്തില്‍പ്പെട്ട ജനങ്ങള്‍ നല്‍കുന്ന അകമഴിഞ്ഞ പിന്തുണയെക്കുറിച്ച്‌ ബോധ്യമുള്ളപ്പോള്‍ തന്നെ, എനിക്ക്‌ രാഷ്‌ട്രീയമുണ്ടെന്നും ഞാനൊരു രാഷ്‌ട്രീയപാര്‍ട്ടിയില്‍ വിശ്വസിക്കുന്നു എന്നും തുറന്നു പറയാന്‍ ജഗദീഷ്‌ ധൈര്യം കാണിച്ചിട്ടുണ്ട്‌. എന്താണതിനു പിന്നില്‍
കോളേജില്‍ പഠിക്കുമ്പോള്‍ ഞാന്‍ കെ.എസ്‌.യു. പ്രവര്‍ത്തകനും യൂണിയന്‍ ഭാരവാഹിയുമായിരുന്നു. ആളുകള്‍ക്കറിയാം എനിക്ക്‌ രാഷ്‌ട്രീയമുണ്ടെന്ന്‌. കോണ്‍ഗ്രസ്സ്‌ എന്ന പാര്‍ട്ടിക്കു മാത്രമേ എല്ലാ ജാതിമതവര്‍ഗ്ഗീയ ഭേദങ്ങള്‍ക്കും വ്യത്യാസങ്ങള്‍ക്കും ഉപരിയായി പ്രവര്‍ത്തിക്കാന്‍ കഴിയൂ എന്നു വിശ്വസിക്കുന്ന വ്യക്തിയാണു ഞാന്‍. സെക്യുലറിസ്‌ കോണ്‍ഗ്രസ്സ്‌ പാര്‍ട്ടിയുടെ പ്രതേ്യകതയാണ്‌. ഇടതുപക്ഷം വീണ്ടും കോണ്‍ഗ്രസ്സിന്‌ പിന്തുണ നല്‍കുന്ന ഒരു കാലം വിദൂരമല്ല. കേന്ദ്രസര്‍ക്കാരിന്‌ ഇടതുപക്ഷം നല്‍കിയ പിന്തുണ ആണവക്കരാറു സംബന്ധിച്ച അഭിപ്രായവ്യത്യാസങ്ങള്‍ക്കൊടുവില്‍ പിന്‍വലിച്ചെങ്കിലും ഇനിയും അത്തരമൊരു ഭരണമുണ്ടാവാനുള്ള സാധ്യത ഞാന്‍ തള്ളിക്കളയുന്നില്ല. ഞാന്‍ കോണ്‍ഗ്രസ്സുകാരനാണ്‌ എന്നത്‌ എനിക്കുമറിയാം. പ്രേക്ഷകര്‍ക്കുമറിയാം.
ഈ ഓണക്കാലത്ത്‌ എന്താണ്‌ മലയാളികളോട്‌ പറയാന്‍ തോന്നുന്നത്‌
മണിയന്‍പിള്ള രാജു ഒരിക്കല്‍ പറഞ്ഞത്‌ ഫോറന്‍സിക്‌ സര്‍ജനായ രമ പകല്‍ ശവങ്ങളുടെ കൂടെയും രാത്രി ഒരു ശവത്തിന്റെ കൂടെയുമാണ്‌ കഴിയുന്നത്‌ എന്നാണ്‌. ആ ചിരി നിലനിര്‍ത്തിക്കൊണ്ടു പറയുന്നു എല്ലാ മലയാളികള്‍ക്കും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഹൃദയം നിറഞ്ഞ ഓണാശംസകള്‍. അമേരിക്കയിലേക്കും സഞ്ചരിക്കുമ്പോള്‍ അവിടുത്തെ അമ്മമാര്‍ എന്റെ തലയില്‍ കൈവച്ച്‌ അനുഗ്രഹിക്കാറുണ്ട്‌. എന്റെമ്മയേപോലുള്ള നിരവധി അമ്മമാരുടെ പ്രാര്‍ത്ഥനയും അനുഗ്രഹവുമാണ്‌ എന്നെ നിലനിര്‍ത്തുന്നത്‌ എന്നു ഞാന്‍ കരുതുന്നു. നിങ്ങളുടെ നിറഞ്ഞ സ്‌നേഹത്തിനും പരിഗണനക്കും കരുതലിനും നന്ദി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.