You are Here : Home / എഴുത്തുപുര

യാത്രയുടെയും കലാപത്തിന്‍റെയും ഫ്രെയിമുകള്‍

Text Size  

Story Dated: Sunday, September 15, 2013 04:45 hrs UTC

പി. സന്ദീപ്‌ 
 
ലോക സിനിമയില്‍ റോഡ്‌മൂവി വിഭാഗത്തില്‍ ഉള്‍പെടുത്താവുന്ന മികച്ചതും വ്യത്യസ്‌തങ്ങലുമായ നിരവധി സിനിമകളുണ്ട്‌. ലക്ഷ്യത്തിനു വേണ്ടിയോ അതുമല്ലെങ്കില്‍ അലക്ഷ്യമായോ നടത്തുന്ന യാത്രയില്‍ കഥാ പാത്രത്തിനു സംഭവിക്കുന്ന മാനസികമായ രൂപാന്തരീകരണവും(Transformation), യാത്രയുടെ അവസാനം ലക്‌ഷ്യം നേടുകയോ നേടാതിരിക്കുകയോ ചെയ്യുന്ന ഫോര്‍മുലയാണ്‌ എല്ലാ റോഡ്‌ മൂവികളിലും പറഞ്ഞു പോകുന്നത്‌. മോട്ടോര്‍ സൈക്കിള്‍ ഡയറീസ്‌, മാഡ്‌ മാക്‌സ്‌, ,തെല്‍മ ആന്‍ഡ്‌ ലൂയിസ്‌, ലെ ഗ്രാന്‍ഡ്‌ വോയേജ്‌ തുടങ്ങിയവ പ്രശസ്‌തമായ റോഡ്‌മൂവികളാണ്‌.
 
ഭാഗികം ആയി റോഡ്‌ മൂവി എന്നു വിളിക്കാവുന്ന സിനിമകള്‍ മലയാളത്തിലും ഉണ്ടായിട്ടുണ്ട്‌. എന്നാല്‍ ഒരു റോഡ്‌മൂവിയുടെ എല്ലാ ആവേശവും ഉള്‍ക്കൊണ്ട്‌ നായകന്റെ രൂപാന്തരീകരണം സാധാരണ പ്രേക്ഷകര്‍ക്ക്‌ കൂടി ഉള്‍ക്കൊള്ളാവുന്ന തരത്തില്‍ ഒരു കച്ചവട സിനിമ ആയി പുറത്തിറക്കുക എന്ന ശ്രമകരമായ ജോലി മറികടക്കുകയാണ്‌ സമീര്‍ സി താഹിര്‍- ഹാഷിര്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന സിനിമ. ശ്രമത്തില്‍ അവര്‍ എത്രത്തോളം വിജയിച്ചിരിക്കുന്നു എന്നതു സിനിമ കാണുന്ന പ്രേക്ഷകനെ ആശ്രയിച്ചിരിക്കുന്നു. ആദ്യമായി റോഡ്‌മൂവി കാണുന്ന സാധാരണ പ്രേക്ഷകനെയും ലോകസിനിമയില്‍ മുമ്പിറങ്ങിയസ നിരവധി റോഡ്‌ മൂവികള്‍ കണ്ടിട്ടുള്ള പ്രേക്ഷകനെയും ഒരുപോലെ തൃപ്‌തിപ്പെടുത്തുക എന്നതു തിരക്കഥാകൃത്തിനെയും സംവിധായകനേയും സംബന്ധിച്ച്‌ വലിയ വെല്ലുവിളി തന്നെയാണ്‌.
 
റോഡ്‌മൂവികളുടെ ഏറ്റവും വലിയ സവിശേഷത ആ സിനിമകളില്‍ കൂടി പറയുന്ന രാഷ്ട്രീയമാണ്‌. കഥാപാത്രം യാത്ര ചെയ്യുന്ന പ്രദേശത്തിന്റെ രാഷ്ട്രീയ-സംസ്‌കാരിക ഘടകങ്ങള്‍ സിനിമയില്‍ കടന്നുവരുന്നു. സംസ്‌കാരം, ജീവിതരീതി , സംഗീതം എന്നിവയെ കഴിയുന്നത്ര ഫ്രെയിമുകളില്‍ ആവാഹിക്കാനും മുഖ്യ കഥാപാത്രത്തിന്‍റെ/കഥാപാത്രങ്ങളുടെ മാനസിക തലത്തിന്റെ മാറ്റങ്ങളെ ആവിഷ്‌കരിക്കുകയാണ്‌ മിക്ക റോഡ്‌മൂവികളും. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിയും അതിന്‌ അപവാദമല്ല. യലോഗുകള്‍ ആവശ്യത്തിനു മാത്രം ഉപയോഗിച്ച്‌ വിശ്വലുകളിലൂടെ കഥ പറയുകയാണ്‌ നീലാകാശം.ദുല്‌കര്‍ സല്‍മാന്‍,സണ്ണി വെയിന്‍, സുര്‍ജ ബാല ഹിജാം എന സാഹ, ജോയ്‌ മാത്വു, ധ്രിധിമാന്‍ ചാറ്റര്‍ജി തുടങ്ങിയവര്‍ ആണ്‌ മുഖ്യ അഭിനേതാക്കള്‍. 
 
തൃശൂര്‍ എന്‌ജിനീയറിംഗ്‌ കോളേജിലെ വിദ്യാര്‍ഥികളും സുഹൃത്തുക്കളും ആയ കാസി (ദുല്‌കര്‍ സല്‍മാന്‍), സുനി (സണ്ണി വെയിന്‍ ) എന്നിവര്‍ ഇന്ത്യയുടെ വടക്ക്‌ കിഴക്കന്‍ പ്രദേശങ്ങളിലേക്ക്‌ ബൈക്കുകളില്‍ നടത്തുന്ന യാത്രയാണ്‌ ചിത്രത്തിന്‍റെ പ്രമേയം. കാസിക്ക്‌ ഇടതു പക്ഷ വിദ്യാര്‍ഥി സംഘടനയോടുള്ള ആഭിമുഖ്യം സിനിമ പറയാന്‍ ശ്രമിക്കുന്ന മൊത്തം പോളിടിക്‌സിനോട്‌ കൂട്ടി വായിക്കേണ്ടതാണ്‌. പ്രസ്ഥാനം, സമൂഹം, സ്റ്റാറ്റസ്‌ എന്നിവ കാസിയുടെ യാഥാസ്ഥിക കുടുംബത്തെ എല്ലായ്‌പ്പോഴും സ്വാധീനിക്കുന്ന ഘടകങ്ങള്‍ ആയി നിലനില്‍ക്കുന്നു. അവക്കിടയില്‍ സ്വന്തം വ്യക്ത്വിത്വം നില നിര്‍ത്താന്‍ വേണ്ടി ഒരു ഘട്ടത്തില്‍ വീട്ടില്‍ ഇറങ്ങുന്നു അവന്‍. എല്ലാം മറക്കാന്‍ വേണ്ടി ആണ്‌ ഇറങ്ങുന്നത്‌ എന്നു സുഹൃത്തിനോട്‌ പറയുന്നുണ്ട്‌ കാസി. എന്നാല്‍ അവരുടെ യാത്രയുടെ ലക്‌ഷ്യം 
ഇടയ്‌ക്കു നാഗാലാണ്ടും അവിടെയുള്ള കാസിയുടെ കാമുകി അസ്സി(സുര്‍ജ ബാല ഹിജാം)യും ആയി മാറുന്നു. 
 
നാഗാലാണ്ടിലേക്ക്‌ ഉള്ള യാത്രയില്‍ കാസിയും സുനിയും കാണുന്ന ഭൂമി പലയിടത്തും ചുവന്നതാണ്‌. പുരിയിലും വഴി തെറ്റി എത്തുന്ന ബംഗാളിലെ ഗ്രാമത്തിലും ആസ്സാം തെരുവിലും അവര്‌ക്കൊപ്പം പ്രേക്ഷകര്‍ കാണുന്നത്‌ ഇന്നത്തെ ഇന്ത്യയിലെ പച്ചയായ ജീവിതങ്ങള്‍ ആണ്‌. ചൂഷണം ചെയ്യപ്പെടുന്ന ഗ്രാമീണരും ആസ്സാം കലാപവും കടന്നു യാത്ര എത്തുന്നത്‌ നാഗാലാണ്ട്‌ തീവ്രവാദത്തിന്റെ ഇടയിലേക്കാണ്‌. അതിനും ഇടയിലൂടെ സുനിയെ പിരിഞ്ഞു കാസി മുന്നോട്ടു പോകുന്നു, തന്റെ പ്രണയവും സ്വത്വവും തിരഞ്ഞ്‌. ഇടക്ക്‌ എപ്പോഴോ ഒരു പൊളിറ്റിക്കല്‍ ക്രയിംത്രില്ലറിന്റെ വഴിയിലേക്ക്‌ കാസിയുടെയും സുനിയുടെയും യാത്ര തിരിയുന്നുണ്ട്‌ എങ്കിലും ആ വഴിയില്‍ അതികം മുന്നോട്ടു പോകാതെ കഥ വീണ്ടും പഴയ ലക്ഷ്യത്തിലേക്ക്‌ മടങ്ങി വരുന്നു. അതു പോലെ തന്നെ വഴിയില്‍ വെച്ച്‌ അവര്‍ കണ്ടു മുട്ടുന്ന മലയാളിയായ വര്‍ക്ക്‌ഷോപ്പ്‌ ഉടമ എല്ലായിടത്തും പരസ്‌പരം പാര വെച്ച്‌ ജീവിക്കുന്ന മലയാളിയുടെ നേരെ പതഞ്ഞു പൊങ്ങുന്ന പരിഹാസമാണ്‌.
 
മോട്ടോര്‍ സൈക്കിള്‍ ഡയറീസില്‍ കാണുന്ന യുവാവായ ചെഗുവേരയുടെ രൂപാന്തരീകരണമോ ലെ ഗ്രാന്‍ഡ്‌ വോയേജില്‍ കാണുന്ന വികാര വിരേജനമോ ആ സിനിമകളുടെ അത്ര ആഴത്തില്‍ നീലാകാശത്തില്‍ കണ്ടെടുക്കാന്‍ ആവില്ല. കാരണം മേല്‍ പറഞ്ഞ രണ്ടു സിനിമകളും സിനിമാ എന്ന വ്യവസായത്തിന്‌ അപ്പുറത്തേക്ക്‌ കടന്നുപോയവ സൃഷ്ട്‌ടികളാണ്‌. എന്നാല്‍ വ്യവസായം എന്ന അടിസ്ഥാന ആവശ്യത്തില്‍ നിന്ന്‌ കൊണ്ട്‌ തന്നെ തന്‍റെ സിനിമക്ക്‌ ഒരു കലാപരമായ നിലവാരം നല്‍കാന്‍ സമീര്‍ താഹിര്‍ ശ്രമിച്ചിട്ടുണ്ട്‌. 
 
മോട്ടോര്‍ സൈക്കിള്‍ ഡയരീസും ആയി പ്രത്യക്ഷത്തില്‍ ഒരുപാട്‌ ബന്തങ്ങള്‍ഒന്നും കാണാനാവില്ല നീലാകാശത്തില്‍. എന്നാല്‍ നായകന്‍റെ രൂപാന്തരീകരണം എന്ന, എല്ലാ റോഡ്‌ മൂവികളുടെയും അടിസ്ഥാന ഘടകം പലപ്പോഴും മോട്ടോര്‍ സൈക്കിള്‍ ഡയരീസ്‌നെ അനുസ്‌മരിപ്പിക്കുന്നുണ്ട്‌. അതുപോലെ തന്നെ ചെഗുവേരയും ആള്‌ബെര്‍ട്ടോ ഗ്രനെടോയും പിരിയുംപോലെയാത്രയുടെ ഒരു ഭാഗത്ത്‌ സുനിയും കാശിയും പിരിയുന്നു. യാത്രക്കിടയില്‍ ഇരുവരും കാണുന്ന ആസ്സാം കാഴചകള്‍ ഏതാനും ഫ്രെയിമുകളില്‍ മാത്രം ഒതുങ്ങി പോകുന്നു. എങ്കിലും അടുത്ത കാലത്തുണ്ടായ കലാപത്തിന്റെ നേര്‍ക്കാഴ്‌ച്ചകളിലേക്ക്‌ തിരിച്ചുവച്ച കാമറ പ്രേക്ഷകരില്‍ ഞെട്ടല്‍ ഉണ്ടാക്കാന്‍ ധാരാളം ആണ്‌. രാത്രി അസം കലാപ ഭൂമിയില്‍ കൂടി സഞ്ചരിക്കുന്ന കാസിയും സുനിയും കാണുന്ന ഒരു കാഴ്‌ച കൊലപാതകമാണ്‌. ഒരു ലോങ്ങ്‌ ഷോട്ടില്‍ ആണെങ്കില്‍ പോലും ഗോര്‍/സ്‌നഫ്‌ സിനിമാ വീഡിയോ ക്ലിപ്പുകളെ അനുസ്‌മരിപ്പിക്കുന്ന രീതിയില്‍ ആണ്‌ കൊലപാതം നടത്തുന്ന രംഗം ചിത്രീകരിച്ചിരിക്കുന്നത്‌. യഥാര്‍ത്ഥത്തില്‍ കാസിയുടെ രൂപാന്തരീകരണം പുറത്തു വരുന്നത്‌ അസം കാഴ്‌ചകളില്‍ നിന്നാണ്‌ എന്നു പറഞ്ഞാലും തെറ്റാകില്ല. പെട്ടന്നുള്ള ഈ അനുഭവങ്ങളുടെ/കാഴ്‌ചകളുടെ ഷോക്കില്‍ വീട്ടുകാരെ ഓര്‍ക്കുകയും അവരെ ഫോണ്‍ ചെയ്യുകയും ചെയ്യുന്നു അവന്‍. അതു വരെ ഒരു ബൈക്ക്‌ യാത്രയുടെ ത്രില്ലില്‍ ആയിരുന്ന കാസി അതിനു ശേഷം ലഹരിയുടെ ആഴങ്ങളില്‍ മുങ്ങി മായക്കാഴ്‌ച്ചകളില്‍ തന്റെ സ്വത്വബോതത്തെയും പ്രണയത്തെയും അന്വേഷിച്‌ അലയുന്നു. അതു അവന്റെ തന്നെ ചിന്താ ഗതികളെ ഒരു ആശയക്കുഴപ്പം നിറഞ്ഞ അബോധ അവസ്ഥയില്‍ എത്തിക്കുന്നു.
 
 
അധികം എവിടെയും പാളിപ്പോകാതെ തന്നെ എല്ലാവരും തങ്ങളുടെ വേഷങ്ങള്‍ ഭംഗി ആയി അവതരിപ്പിച്ചിട്ടുണ്ട്‌. മലയാള സിനിമയിലെ ഹീറോ പരിവേഷം കൂടുതല്‍ റിയലിസ്റ്റിക്‌ ആകുന്നു എന്നതിന്‌ വ്യക്തമായ ഉദാഹരണങ്ങള്‍ ചിത്രത്തില്‍ കാണാം. യാത്രക്കിടയില്‍ തങ്ങളെ ആക്രമിക്കാന്‍ വരുന്ന ആള്‍ക്കാരെ എല്ലാവരെയും ഒരുമിച്ച്‌ തല്ലി തറപറ്റിക്കുന്ന നായകനല്ല, പകരം ഒരുപാട്‌ തല്ലു വാങ്ങുകയും കുറച്ചു മാത്രം തിരിച്ചു കൊടുക്കുകുകയും പിടിച്ചു നില്‌ക്കാന്‍ പറ്റാതെ അടിയേറ്റു വീഴുകയും ചെയ്യുന്ന നായകന്‍ ആണ്‌ കാസി. അവിടെ വെച്ച്‌ കൊലക്കത്തിക്ക്‌ മുന്‍പില്‍ നിന്ന്‌ ഭാഗ്യം കൊണ്ട്‌ മാത്രം ആണ്‌ കാസിയും സുനിയും രക്ഷപ്പെടുന്നത്‌. ചാപ കുരിശിലെ പോലെ തന്നെ റിയലിസ്റ്റിക്‌ ആയ അഭിനയം, സംഘട്ടനം എന്നിവ മികച്ച രീതിയില്‍ സംവിധായകന്‍ ആവിഷ്‌കരിച്ചിട്ടുണ്ട്‌. 
 
മനോഹരമായ ഫ്രെയിമുകളുടെ കാര്യത്തില്‍ ചായഗ്രാഹകന്‍ ഗിരീഷ്‌ ഗംഗാധരന്‍ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്‌. കേരളം മുതല്‍ നാഗാലാണ്ടുവരെ ഉള്ള നാടും നഗരവും വഴിയും ജീവിതവും മികച്ച നിലവാരത്തില്‍ തന്നെ ഒപ്പിയെടുക്കുന്നതില്‍ വിജയിച്ചിരിക്കുന്നു. സമീര്‍ താഹിര്‍ എന്ന ചായഗ്രാഹകാന്‍ കൂടി ആയ സംവിധായകനും ഈ ചിത്രത്തിന്‌ വേണ്ടി കാമറ കൈകാര്യം ചെയ്‌ത ഗിരീഷ്‌ ഗംഗാധരനും കാമറ വര്‍ക്കിന്റെകാര്യത്തില്‍ വിട്ടുവീഴ്‌ച ചെയ്‌തിട്ടില്ല . ഏറ്റവും മികച്ച രീതിയില്‍ ആത്മാര്‍ഥമായി തന്നെ ഓരോ ഫ്രെയിമും കൈകാര്യം ചെയ്‌തിട്ടുണ്ട്‌.
 
സിനിമ മനോഹരമായ രണ്ടു ക്ലാസിക്‌ കൃതികളെ കൂടി പരിചയപ്പെടുത്തുന്നു. the Road down,  hundred days of solitude, കാസി തന്റെ യാത്ര ആരംഭിക്കുന്നത്‌ അവന്‍ വായിക്കുന്ന പുസ്‌തകങ്ങളില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ടാണ്‌. 
 
എടുത്തുപറയാവുന്ന ഒരു പോരായ്‌മ പശ്ചാത്തല സംഗീതം ആണ്‌. ആവിശ്യമില്ലാത്ത ഇടങ്ങളില്‍ പോലും മുഴങ്ങുന്ന ബിജിഎം പലപ്പോഴും കല്ലുകടിയായി അനുഭവപ്പെട്ടേക്കാം. ഫ്ലാഷ്‌ ബാക്കില്‍ കാസിയും അസ്സിയും കണ്ടു മുട്ടുന്ന രംഗങ്ങളിലെ പശ്ചാത്തല സംഗീതം ഒരു തരം പൈങ്കിളി സിനിമകളെ ഓര്‍മിപ്പിക്കുന്നതായിപ്പോയി. സിനിമയുടെ ആദ്യം മുതല്‍ അവസാനം വരെ തുടരുന്ന വിവിധ ആവൃത്തികളില്‍ ഉള്ള ബി ജി എംനു പകരം യാത്രയുടെ / റിയല്‍ ലൈഫിന്‍റെ ഭാഗമായശബ്ദങ്ങളും സംഗീതവും ഉപയോഗിച്ചിരുന്നെങ്കില്‍ സിനിമയുടെ നിലവാരം ഇതിലും ഉയരുമായിരുന്നു. അതുപോലെ തന്നെ ഇരുവരും സഞ്ചരിക്കുന്ന ബുള്ളറ്റ്‌ ബൈക്കുകള്‍ക്കു വെറും യാത്രാ വാഹനം എന്നതിന്‌ അപ്പുറത്തേക്ക്‌ അല്‌പം കൂടി ലൈഫ്‌/പ്രാധാന്യം കൊടുത്തിരുന്നെങ്കില്‍ നന്നാകുമായിരുന്നു. യാത്രയുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമായ / താളമായ ബുള്ളറ്റുകളുടെ മുഴങ്ങുന്ന ശബ്ദത്തിന്റെ ഉപയോഗം ഇതിലും മനോഹരമാക്കാമായിരുന്നു. 
 
ഒരു റോഡ്‌ മൂവി എന്ന നിലയില്‍ കവിഞ്ഞുള്ള പ്രാധാന്യം ഗാനങ്ങല്‍ക്കു നല്‍കപ്പെട്ടിട്ടുണ്ട്‌. മിക്കവാറും ഗാനങ്ങളുടെ തീം യാത്രയോട്‌ ബന്ധപ്പെട്ടാണ്‌ വരുന്നത്‌. എങ്കിലും എണ്ണം/ ദൈര്‍ഘ്യം ഇതിലും കുറവായിരുന്നു എന്നുണ്ടെങ്കിലും സിനിമയുടെ മൊത്തം പെയ്‌സിങ്ങിനോ സ്‌പിരിട്ടിനോ കുറവ്‌ വരില്ലായിരുന്നു. 
 
മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടുകളിലും മറ്റു ചില സൂപ്പര്‍ ഹീറോ മലയാളം ചിത്രങ്ങളിലും സ്ഥിരമായി കാണാറുണ്ടായിരുന്ന ഒന്നായിരുന്നു അപ്പര്‍ കാസ്റ്റ്‌ ആയ ഒരു നായകനും നായകന്‍റെ വാലായി എപ്പോഴും കൂടെ നടക്കുന്ന കീഴ്‌ജാതിക്കാരന്‍ ആയ ഒരു സുഹൃത്തും. കീഴ്‌ജാതിക്കാരനും (വില കുറഞ്ഞ)തമാശകള്‍ പറയുന്നവനും നായകന്‌ ഒരു സുഹൃത്ത്‌ എന്നതിനു അപ്പുറം അയാള്‍ക്ക്‌ വേണ്ട എന്ത്‌ സഹായങ്ങളും ചെയ്യാന്‍ നടക്കുന്നവനും ആയ അത്തരം കഥാപാത്രങ്ങള്‍ കലാഭവന്‍ മണി, ജഗദീഷ്‌, തുടങ്ങിയ താരങ്ങള്‍ ആയിരുന്നു ചെയ്‌തിരുന്നത്‌. ന്യൂ ജനറേഷന്‍ എന്ന്‌! ഓമനപ്പേരിട്ട്‌ വിളിക്കുന്ന, മാറ്റത്തിന്റെ കൊടുങ്കാറ്റു എന്നൊക്കെ സ്വയവും അല്ലാതെയും വിളിക്കപ്പെടുന്ന സിനിമകളില്‍ എത്തുമ്പോഴും ആ തരം കഥാപാത്രങ്ങള്‍ക്ക്‌ സ്വന്തമായി വ്യക്തിത്വം അനുവദിച്ചു കൊടുക്കപ്പെടുന്നില്ല എന്നതു ദുഖകരമായ ഒരു കാര്യമാണ്‌. നായകന്‍ സ്വന്തം വ്യക്ത്‌ത്വം തേടി യാത്ര ചെയ്യുമ്പോഴും സഹയാത്രികനും ഉറ്റ സുഹൃത്തുമായ സുനിയുടെ വ്യക്ത്വിത്വം ഏറെ ആഘോഷിക്കപ്പെടാതെ കടന്നുപോകുന്ന ഒന്നാണ്‌. കണ്ണുര്‍കാരന്‍എന്നതിനപ്പുറം സുനിയുടെ വിവരങ്ങള്‍ ഒന്നും തന്നെ സിനിമയില്‍ പരാമര്‍ശിക്കപ്പെടുന്നില്ല. അതെ സമയം കാസിയുടെ ഉപ്പ, ഉമ്മ, മറ്റു കുടുംബാംഗങ്ങള്‍ എന്നിവരെ ആവശ്യമായ സമയം എടുത്തു തന്നെ അവതരിപ്പിക്കപ്പെടുന്നുണ്ട്‌.
 
സുനിയുടെ ചുമതല എന്നതു നായകന്‍ കാസിയെ പോകുന്ന വഴികളില്‍ അനുഗമിക്കുക എന്നതാണ്‌. അതുപോലെ തന്നെ എത്തുന്ന ഇടങ്ങളില്‍ എല്ലാം സ്‌ത്രീകളും ആയി ബന്ധം സ്ഥാപിക്കുക, സ്‌നേഹം, കാമം എന്നിവ തമ്മിലുള്ള വ്യത്യാസങ്ങള്‍ അന്വേഷിച്ചു കൊണ്ടിരിക്കുക, ഇടനേരങ്ങളില്‍ തമാശ പറഞ്ഞു ചിരിപ്പിക്കുക എന്നുള്ളവയില്‍ ഒതുങ്ങി പോകുന്നു. കഥയുടെ ഒരു ഭാഗത്ത്‌ ഇരുവരും പിരിയുകയും ഗൌരി എന്ന താന്‍ സ്‌നേഹിക്കുന്ന പെണ്ണിന്റെ അടുത്തേക്ക്‌ സുനി പോകുകയും ചെയ്യുന്നു. ഇത്‌ അയാളുടെ സ്വന്തം തീരുമാനം ആണെങ്കില്‍ കൂടി ആ പിരിയല്‍ നായകന്‍റെ ലക്‌ഷ്യം ഏതാണ്ട്‌ പൂര്‍ത്തിയാകാറായി എന്നു സ്വയം ഉറപ്പിച്ച ശേഷം മാത്രമാണ്‌. 
Haapy hours entertainment, e4entertainment സംയുക്ത ബാനറില്‍ സമീര്‍ താഹിര്‍ ആണ്‌ പടം നിര്‍മ്മിച്ചത്‌. കഥ,തിരക്കഥ, സംഭാഷണം എന്നിവ ഹാഷിര്‍ മുഹമ്മദ്‌ ആണ്‌.കാമറ ഗിരീഷ്‌ ഗംഗാധരന്‍. എഡിറ്റിംഗ്‌ ശ്രീകര്‍ പ്രസാദ്‌. റെക്‌സ്‌ വിജയന്‍ മ്യുസിക്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.