You are Here : Home / എഴുത്തുപുര

എനിക്കിപ്പോള്‍ മാറാരോഗമില്ല: കൊല്ലം തുളസി

Text Size  

Story Dated: Wednesday, November 20, 2013 05:55 hrs UTC

രണ്ടുവര്‍ഷം മുമ്പുള്ള കഥയാണ്. ഏതു സിനിമയെടുത്താലും അഭിനയിക്കുന്നവരില്‍ ഒരാള്‍ കൊല്ലം തുളസി ആയിരിക്കും. അത് വില്ലനാണെങ്കില്‍ തുളസിയുടെ കൈയില്‍ ഭദ്രം. എന്നാലിപ്പോള്‍ സ്ഥിതി മാറി. ഒരു കാലത്ത് മലയാള സിനിമ അടക്കിഭരിച്ച വില്ലനെയിപ്പോള്‍ അധികമാരും അഭിനയിക്കാന്‍ വിളിക്കുന്നില്ല. ഒരു വര്‍ഷം മുമ്പ് ശരീരത്തിലൂടെ കടന്നുപോയ കാന്‍സറിന്റെ പേരു പറഞ്ഞ് എല്ലാവരും അവഗണിക്കുന്നു. പലരും പലതും പറഞ്ഞു പ്രചരിപ്പിക്കുന്നു. എന്നിട്ടും കൊല്ലം തുളസി പതറുന്നില്ല. ''പഴയ സംവിധായകര്‍ക്കൊന്നും എന്നെ വേണ്ട. ചില ന്യൂജനറേഷനില്‍ പെട്ടവര്‍ മാത്രമാണ് വിളിക്കുന്നത്. കാന്‍സര്‍ എന്നെ വിട്ടുപോയിട്ട് വര്‍ഷം ഒന്നായി. ഇപ്പോള്‍ പണ്ടത്തേക്കാള്‍ സുന്ദരനാണ് ഞാന്‍. എന്നിട്ടും എന്നോടീക്കാണിക്കുന്നത് ശരിയാണോ?'' കൊല്ലം തുളസി കഴിഞ്ഞ ഒരുവര്‍ഷമായി തനിക്കു നേരിട്ടുകൊണ്ടിരിക്കുന്ന
അവഗണനയെക്കുറിച്ച് അശ്വമേധത്തോടു സംസാരിക്കുകയാണ്.

അസുഖം പൂര്‍ണ്ണമായും മാറിക്കഴിഞ്ഞോ?

കാന്‍സര്‍ മാറിക്കഴിഞ്ഞിട്ട് ഒരു വര്‍ഷം കഴിഞ്ഞെങ്കിലും അതിന്റെ സൈഡ് എഫക്ടുകളുടെ അസ്വസ്ഥതകളുണ്ടിപ്പോഴും. പെരിഫറല്‍ നിറോപ്പതി കാരണം കൈക്കും കാലിനും ചെറിയ പ്രശ്നമുണ്ട്. എന്നാല്‍ അഭിനയത്തിന് അതൊന്നും തടസ്സമല്ല. ഉദാഹരണത്തിന് ഏറ്റവുമൊടുവില്‍ അഭിനയിച്ച 'സൌണ്ട്തോമ' എന്ന സിനിമ നിങ്ങളൊന്നു കണ്ടുനോക്കൂ.

കാന്‍സര്‍ മാറിയ ശേഷം ആരും വിളിച്ചിരുന്നില്ലേ?

കാന്‍സര്‍ മാറിയ ശേഷം ആദ്യം അഭിനയിക്കാന്‍ പോയത് സാജന്‍ സംവിധാനം ചെയ്യുന്ന പ്രോഗ്രസ് റിപ്പോര്‍ട്ടിലായിരുന്നു.  പിന്നീടാരും എന്നെ
വിളിച്ചില്ല. പഴയ തലമുറയില്‍ പെട്ടവര്‍ സിനിമയെടുക്കുമ്പോള്‍ പോലും പരിഗണിച്ചില്ല. കീമോ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ നടന്‍ ദിലീപ്
നേരിട്ടുവിളിച്ചാണ് 'സൌണ്ട്തോമ'യിലെ റോള്‍ തന്നത്. ആ നന്ദി മറക്കുന്നില്ല. ന്യൂജനറേഷനില്‍ പെട്ടവരാണ് ഇപ്പോള്‍ അഭിനയിക്കാന്‍
വിളിക്കുന്നത്. സിനിമാക്കാര്‍ക്ക് എന്നെ പേടിയാണ്. ഞാനിപ്പോഴും മാറാരോഗിയാണെന്ന കാഴ്ചപ്പാടിലാണവര്‍. അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍
എനിക്കെന്തെങ്കിലും സംഭവിച്ചാലോ? പക്ഷേ സത്യം അതൊന്നുമല്ല. നടക്കാന്‍ ചില്ലറ പ്രയാസമുണ്ടെന്നതു ശരിതന്നെ. എങ്കിലും കാന്‍സര്‍ വന്നതോടെ
ഗ്ലാമര്‍ കൂടിയെന്നാണ് സുഹൃത്തുക്കളൊക്കെ പറയുന്നത്. ഒരു സിനിമയുടെ ലൊക്കേഷനില്‍ സഹപ്രവര്‍ത്തനായ ഒരു നടന്‍ അവരുടെ
പ്രൊഡക്ഷന്‍ കണ്‍ട്രോളറോട് ഞാനൊരു മാറാരോഗിയാണെന്ന അര്‍ഥത്തിലാണ് സംസാരിച്ചത്. അതു ശരിയാണെന്ന് കണ്‍ട്രോളറും വിശ്വസിച്ചു. ദിവസങ്ങള്‍ കഴിഞ്ഞാണ് ഇക്കാര്യം ഞാനറിയുന്നത്. ഈ രീതിയിലാണ് എനിക്കെതിരെയുള്ള പ്രചാരണങ്ങള്‍. പക്ഷേ ഇതുകൊണ്ടൊന്നും എന്നെ തകര്‍ക്കാന്‍ കഴിയില്ല.

അസുഖം വന്നപ്പോള്‍ ചില സിനിമകള്‍ ഉപേക്ഷിച്ചതായി കേട്ടല്ലോ?

സുഖമില്ലാത്ത സമയത്ത് പടങ്ങള്‍ ഒഴിവാക്കിയിട്ടുണ്ടെന്നതു സത്യമാണ്. ഷാജി കൈലാസിന്റെ 'സിംഹാസന'ത്തിലും 'മദിരാശി'യിലും ജോഷിയുടെ 'റണ്‍ ബേബി റണ്ണി'ലും അഭിനയിക്കാന്‍ ക്ഷണിച്ചതാണ്. പക്ഷേ ആരോഗ്യം അനുവദിച്ചില്ല. തിരിച്ചെത്തിയതറിഞ്ഞാണ് സാജന്‍ വിളിച്ചത്. കാന്‍സര്‍ ബാധിച്ച സമയത്ത് 'അമ്മ' സംഘടന എനിക്കു രണ്ടു ലക്ഷം രൂപ നല്‍കിയിരുന്നു. പക്ഷേ അതേക്കാളും ആ അവസരത്തില്‍ ഞാന്‍ ആഗ്രഹിച്ചത് കുറച്ചു സാന്ത്വനവാക്കുകളായിരുന്നു. മമ്മൂട്ടി, ദിലീപ്, ദേവന്‍ തുടങ്ങി വിരലിലെണ്ണാവുന്ന സഹപ്രവര്‍ത്തകര്‍ വിളിച്ചു. എന്തിന്, എന്നോടു വര്‍ഷങ്ങളായി മിണ്ടാത്ത ഒരു അമ്മ നടി പോലും വിളിച്ച് ആശ്വാസവാക്കുകള്‍ പറഞ്ഞു.

കാന്‍സര്‍ വന്നപ്പോള്‍ പേടിച്ചുപോയോ?

മരണത്തിന്റെ വാറണ്ടാണ് കാന്‍സര്‍ എന്നാണ് പൊതുവേ പറയുന്നത്. അതുകൊണ്ടുതന്നെ ആദ്യം ഒന്നു പകച്ചു. മരണത്തെ എന്നും മുന്‍കൂട്ടി
കണ്ടിരുന്നു. മരണത്തെക്കുറിച്ച് എഴുതിയിട്ടും പാടിയിട്ടുമുണ്ട്. ശേഷക്രിയ എങ്ങിനെയായിരിക്കണമെന്നു പോലും എഴുതിവച്ചിട്ടുണ്ട്. എന്നാല്‍ അത് ഇത്ര പെട്ടെന്ന് മുമ്പിലെത്തുമെന്ന് അറിയില്ലായിരുന്നു. പക്ഷേ സര്‍വധൈര്യവും സംഭരിച്ച് പൊരുതി. അതിന്റെ ഫലവും കണ്ടു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പതിവു പരിശോധനയ്ക്കു പോയതായിരുന്നു ഞാന്‍. അതിനിടെയാണ് ഇടതുചെവിക്കു താഴെയുള്ള തടിപ്പ് ഡോ.ശ്രീനാഥ് ശ്രദ്ധിച്ചത്. സ്കാന്‍ ചെയ്തതിന്റെ റിസല്‍ട്ട് വന്നപ്പോള്‍ ബയോപ്സി ചെയ്യണമെന്നു നിര്‍ദേശിച്ചു. ബയോപ്സി എന്നു കേട്ടപ്പോള്‍ തന്നെ എന്റെ ഉള്ളൊന്നു പിടഞ്ഞു. പക്ഷേ, ഡോക്ടറോട് തിരിച്ചൊന്നും ചോദിച്ചില്ല. പതിനഞ്ചാം ദിവസം ബയോപ്സിയുടെ ഫലം വന്നു. ഭയപ്പെട്ടതുപോലെ തന്നെ സംഭവിച്ചു. ലസികാഗ്രന്ഥികളെ ബാധിക്കുന്ന ലിംഫോമയെന്ന കാന്‍സര്‍. പതുക്കെപ്പതുക്കെ ധൈര്യം സംഭരിച്ച് മനസിനെ സജ്ജമാക്കി. ആറുമാസം നീണ്ട കീമോ തെറാപ്പിയിലൂടെ കാന്‍സറിനെ പമ്പകടത്തി.

സങ്കടങ്ങളില്‍ മനസലിവുള്ള വില്ലനാണെന്ന് കേട്ടിട്ടുണ്ട്. ശരിയാണോ?

മുന്നില്‍ വന്നു സങ്കടം പറഞ്ഞവര്‍ക്കൊക്കെ സഹായം നല്‍കിയിട്ടുണ്ട്. എന്നാല്‍ അതൊന്നും എഴുതിവയ്ക്കുകയോ കണക്കുകൂട്ടി വയ്ക്കുകയോ
ചെയ്തിട്ടില്ല. ലക്ഷങ്ങളുണ്ടാവും അത്. ഏറ്റവും സഹായിച്ചത് സഹോദരങ്ങളെയായിരുന്നു. അച്ഛന്‍ മരിക്കുമ്പോള്‍ ദാരിദ്യ്രാവസ്ഥയിലായിരുന്നു കുടുംബം. അവരെയെല്ലാം നല്ല നിലയിലെത്തിച്ചത് ഞാനാണ്. വൃദ്ധര്‍ക്കുവേണ്ടി ഒരു അഗതിമന്ദിരം നിര്‍മ്മിക്കാന്‍, അല്ലെങ്കില്‍ നിര്‍മ്മാണത്തില്‍ പങ്കാളിയാവാന്‍ ആലോചനയുണ്ട്. ലക്ഷങ്ങള്‍ അതിനു വേണ്ടിവരും. കഴിഞ്ഞ ഒന്നരവര്‍ഷക്കാലം ബന്ധുക്കളും സുഹൃത്തുക്കളും നല്‍കിയ തിരിച്ചറിവുകള്‍ ഏറെയാണ്. ഒരുപക്ഷേ, ഒാരോരുത്തരുടേയും സ്വഭാവം തിരിച്ചറിയാന്‍ വേണ്ടി മാത്രമായിരിക്കാം ദൈവമെനിക്ക് കാന്‍സര്‍ എന്ന രോഗം തന്നിട്ടുണ്ടാവുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.