You are Here : Home / എഴുത്തുപുര

തെഹല്‍ക്കയും തേജ്‌പാലും - വിഗ്രഹങ്ങള്‍ തകരുമ്പോള്‍

Text Size  

Story Dated: Sunday, December 01, 2013 06:45 hrs UTC

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്ത്യന്‍ മാധ്യമരംഗം തെഹല്‍ക്ക പത്രാധിപരും ഉടമയും ആയ തരുണ്‍ തേജ്‌പാലിന്‍റെ ലൈംഗിക അപവാദ കഥകള്‍ കൊണ്ട്‌ നിറയുകയാണ്‌. ഒരാളെക്കുറിച്ചുള്ള അവസാന വിലയിരുത്തല്‍ അയാളുടെ ശവപ്പെട്ടിയിലെ അവസാന ആണിയടിച്ചതിന്‌ ശേഷമേ നടത്താവൂ എന്ന ചൈനീസ്‌ പഴമൊഴി ഇവിടെ ഉത്തമോദാഹരണമായി മാറുകയാണ്‌.
 
ഒളിക്യാമറ വഴി നടത്തുന്ന പത്രപ്രവര്‍ത്തനം മിക്കവാറും ബ്ലാക്ക്‌മെയിലിങില്‍ കലാശിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണ്‌ അനുദിനം പുറത്ത്‌ നടന്നുകൊണ്ടിരിക്കുന്ന തേജ്‌പാലിന്റെ എണ്ണിയാലൊടുങ്ങാത്ത സ്വത്ത്‌ വിവരങ്ങള്‍. ഇന്ത്യാ ടുഡേ, ഔട്ട്‌ ലുക്ക്‌ തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ ഫീച്ചര്‍ വിഭാഗത്തില്‍ പണിയെടുത്ത തേജ്‌പാല്‍ പണക്കാരനാകുന്നത്‌ ഇന്ത്യാ ഇങ്ക്‌ എന്ന പ്രസിദ്ധീകരണ സ്ഥാപനം തുടങ്ങിയതോടെയാണ്‌. അരുന്ധതി റോയിയുടെ ഗോഡ്‌ ഓഫ്‌ സ്‌മോള്‍ തിങ്‌സിന്റെ പ്രസാധകന്‍ ആയതോടെ മഹാലക്ഷ്‌മി ഭാഗ്യം തേജ്‌പാലിനെ കടാക്ഷിച്ചു.

തേജ്‌പാല്‍ പ്രശസ്‌തനാവുന്നത്‌ 2001 ല്‍ ബിജെപി പ്രസിഡണ്ടായിരുന്ന ബംഗാരു ലക്ഷ്‌മണനെ കുടുക്കിയതോടെയാണ്‌. ഇന്ത്യയില്‍ ആദ്യമായി ഒളിക്യാമറകള്‍ പത്രപ്രവര്‍ത്തനത്തില്‍ ഉപയോഗിച്ചത്‌ ഓപ്പറേഷന്‍ വെസ്റ്റ്‌ എന്‍ഡ്‌ എന്നു പേരിട്ട ഈ പദ്ധതിയിലൂടെയാണ്‌. ബിജെപി സര്‍ക്കാരിന്റെ സര്‍വ്വ പ്രതിച്ഛായയും തകര്‍ന്നത്‌ തേജ്‌പാല്‍ തുടങ്ങിയ തെഹല്‍ക്ക എന്ന ന്യൂസ്‌ വെബ്‌സൈറ്റ്‌ നടത്തിയ ഈ ഓപ്പറേഷനിലൂടെ ആയിരുന്നു. ഇവിടെ രണ്ട്‌ അധാര്‍മികമായ നടപടികള്‍ തേജ്‌പാലിന്റെ ഭാഗത്തു നിന്നുണ്ടായി.

1. ഈ ഓപ്പറേഷനില്‍ വേശ്യകളെ ഉപയോഗിച്ച്‌ മദോന്മത്തരായ പട്ടാള ഉദ്യോഗസ്ഥരെ വശീകരിച്ചു
2. പ്രശതസ്‌തി നേടിയതോടെ ഈ ഓപ്പറേഷന്‌ ചുക്കാന്‍ പിടിച്ച അനിരുദ്ധ ബഹല്‍  എന്ന യുവ പത്രപ്രവര്‍ത്തകനെ പുറത്താക്കി തേജ്‌പാല്‍ ക്രഡിറ്റ്‌ അടിച്ചെടുത്തു-ഇത്തരത്തില്‍ ചെയ്യുന്നത്‌ ഒരു തൊഴിലിലും നിരക്കുന്നതല്ല.

തേജ്‌പാലിനെ ബിജെപി സര്‍ക്കാര്‍ വിവിധ അന്വേഷണങ്ങള്‍ നടത്തി അടിച്ചൊതുക്കി. തേജ്‌പാലിനു പിന്നില്‍ അന്ന്‌ ഉന്നതകോണ്‍ഗ്രസ്‌ നേതാക്കള്‍ ഉണ്ടായിരുന്നു എന്നത്‌ പരസ്യമായ രഹസ്യം ആണ്‌. 2004 ല്‍ കോണ്‍ഗ്രസ്‌ അധികാരത്തില്‍ വന്നതോടെ തേജ്‌പാലിന്റെ ശുക്രദശ തെളിഞ്ഞു. 1995 വരെ സ്‌കൂട്ടറില്‍ ഡല്‍ഹിയില്‍ കറങ്ങി നടന്നിരുന്ന തേജ്‌പാല്‍ റിയല്‍ എസ്റ്റേറ്റ്‌, ഹോട്ടല്‍ രംഗത്തും ഒക്കെ കൈവെച്ചു. നൈനിറ്റാളിലും ഗോവയിലും അദ്ദേഹം ഹോട്ടലുകള്‍ സ്വന്തമാക്കി.
കഴിഞ്ഞ ആഴ്‌ച കഷ്‌ടകാലം ആരംഭിച്ചതോടെ ഇപ്പോള്‍ സ്വത്തുവിവരക്കണക്കുകള്‍ പത്രങ്ങളില്‍ വന്നു തുടങ്ങി. 2006 ല്‍ തെഹല്‍തക്കയില്‍ 40 കോടി രൂപ മുടക്കിയ ആളിനെ ആര്‍ക്കും അറിയില്ല. രേഖകളില്‍ കൊടുത്തിരിക്കുന്ന വിലാസങ്ങള്‍ വ്യാജമാണെന്നും ഇപ്പോള്‍ തെളിഞ്ഞു. ഇന്ന്‌ തേജ്‌പാല്‍ തുടങ്ങിവെച്ച രീതികള്‍ അദ്ദേഹത്തെ തിരിഞ്ഞു കൊത്തുകയാണ്‌. പ്രശതസ്‌തിയുടെയും അധികാരത്തിന്റെയും മയക്കത്തില്‍ മത്തുപിടിച്ച തേജ്‌പാല്‍ എന്തിനും മടിയില്ലാത്ത ആളായി മാറി. പെണ്‍കുട്ടിയുമായി നടത്തിയ കത്തിടപാടുകള്‍ ഞെട്ടിപ്പിക്കുന്നു. വനിതാ പത്രപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ടുകള്‍ വിവരിക്കുമ്പോള്‍ ഓഫീസ്‌ മുറിയില്‍ ലൈററ്‌ ഓഫ്‌ ചെയ്‌തിരിക്കുന്ന പത്രാധിപര്‍ക്ക്‌ എന്തോ കുഴപ്പം ഉണ്ട്‌ എന്ന്‌ ഈ പെണ്‍കുട്ടിയുടെ കത്തുകള്‍ വെളിപ്പെടുത്തുന്നു.

 

 

 

 

 കഴിഞ്ഞ ഒരാഴ്‌ചയില്‍ 10 തവണ അഭിപ്രായം മാറ്റിപ്പറഞ്ഞ തന്റെ കുടില തന്ത്രങ്ങള്‍ ജനം തിരിച്ചറിയുന്നു എന്ന്‌ മനസിലാക്കാനുള്ള സാമാന്യബുദ്ധി പോലും തേജ്‌പാലിന്‌ ഇല്ലാതെ പോയി. എന്തായാലും കൂട്ടത്തിലെ തട്ടിപ്പുകാരനെ തിരിച്ചറിയാന്‍ മറ്റ്‌ മാധ്യമങ്ങള്‍ മടി കാണിച്ചില്ല എന്നത്‌ ശ്ലാഘനീയമാണ്‌. പത്രപ്രവര്‍ത്തനരംഗത്ത്‌ തേജ്‌പാല്‍ ഒരു ആശാറാം ബാപ്പുവായി മാറി. ഇത്രയും കാലം നിയമങ്ങള്‍ അനുസരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ വാതോരാതെ സംസാരിച്ച തേജ്‌പാല്‍ പിടി കൊടുക്കാതിരിക്കാന്‍ കളിച്ച കളികള്‍ ലജ്ജാവഹം ആണ്‌. പത്രപ്രവര്‍ത്തനരംഗത്ത്‌ താരാരാധന വന്നതിന്റെ ദോഷഫലങ്ങളാണ്‌ നാം ഇപ്പോള്‍ കാണുന്നത്‌. തേജ്‌പാല്‍ ആയാലും ബര്‍ക്കാ ദത്ത്‌ ആയാലും വിഗ്രഹങ്ങള്‍ തകരുന്നത്‌ പത്രപ്രവര്‍ത്തനരംഗത്ത്‌ ചെളിക്കെട്ടുകള്‍ മാറാന്‍ ഉതകുന്നു.

തെഹല്‍ക്ക ഉയര്‍ത്തിപ്പിടിച്ച കാഴ്‌ചപ്പാടുകള്‍ മുഴുവന്‍ പൊള്ളയായിരുന്നു എന്ന്‌ തേജ്‌പാലിന്റെ സ്വത്ത്‌ വിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നു. ഉപ്പു തിന്നവന്‍ വെള്ളം കുടിച്ചേ പറ്റൂ. നിങ്ങള്‍ എത്ര ഉയരത്തിലായാലും നിയമം നിങ്ങളേക്കാള്‍ ഉയരത്തിലാണ്‌ എന്ന ലോര്‍ഡ്‌ ഡെന്നിങ്ങ് എന്ന പ്രശസ്‌ത ന്യായാധിപന്റെ വാക്കുകള്‍ വീണ്ടും പ്രസക്തമാവുകയാണ്‌ ഇവിടെ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.