You are Here : Home / എഴുത്തുപുര

കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നവര്‍

Text Size  

Story Dated: Tuesday, November 19, 2013 11:53 hrs UTC

നിലവിലെ സാഹചര്യത്തില്‍ ഭരണം ഇടത്തോട്ട്‌ മറിയണമെങ്കില്‍ മാണിസാര്‍ തന്നെ മനസ്‌ വെക്കണം. വീണ്ടും ധനമന്ത്രിയായി ഇരിക്കാന്‍ മാണിസാര്‍ എന്തായാലും ഇടത്തോട്ട്‌ വരികയും ഇല്ല. അപ്പോള്‍ പിന്നെ മാണിസാറിനെ തന്നെ മുഖ്യമന്ത്രിയാക്കി ഭരണം പിടിച്ചാലോ എന്ന്‌ സിപിഎം ആഗ്രഹിക്കുന്നുണ്ടോ എന്നാണ്‌ സംശയം. സോളാര്‍ കത്തി നില്‍ക്കുമ്പോള്‍ തന്നെയാണ്‌ കെഎം മാണിയെ ഇടത്തോട്ട്‌ ആകര്‍ഷിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്‌.
ഹര്‍ത്താലെന്നത്‌ പ്രതിഷേധിക്കാനുള്ള ആയുധമാണെന്നൊക്കെയാണ്‌ വെപ്പ്‌. സ്ഥാനത്തും അസ്ഥാനത്തും കാര്യത്തിനും കാര്യമില്ലാതെയും ഹര്‍ത്താലുകള്‍ നടത്തി എല്ലാ പാര്‍ട്ടികളും ജനങ്ങളെ ആവുന്ന പോലെ ബുദ്ധിമുട്ടിക്കുന്ന നാടാണ്‌ കേരളം. ബന്ദ്‌ മാറി ഹര്‍ത്താലായിട്ടും പ്രതിഷേധത്തിന്റെ രൂപത്തിനോ തീവ്രതക്കോ ഒരു മാറ്റവും വന്നിട്ടില്ല. കൊലക്കേസ്‌ പ്രതികളെ അറസ്റ്റ്‌ ചെയ്‌തത്‌ പോലും രാഷ്‌ട്രീയ പ്രേരിതമായി ആരോപിച്ച്‌ ഹര്‍ത്താല്‍ നടത്തുന്ന നാടാണ്‌ നമ്മുടേത്‌. എണ്ണ വില കൂടുമ്പോഴൊക്കെ ഹര്‍ത്താലുകള്‍ നടത്തി മടുത്താണോ ആവോ ഇപ്പോള്‍ വില കൂട്ടലിന്റെ പേരില്‍ ഹര്‍ത്താലുകള്‍ കാണാറില്ല. വിവിധ പാര്‍ട്ടികള്‍ ദേശീയ ഹര്‍ത്താലുകള്‍ ആഹ്വാനം ചെയ്യുന്നതു തന്നെ കേരളം പോലുള്ള സംസ്ഥാനങ്ങള്‍ ജയിപ്പിച്ചു കൊടുക്കും എന്ന പ്രതീക്ഷയിലാണ്‌ എന്നു തോന്നുന്നു. അപ്രതീക്ഷിതമായി ഒരു ഹര്‍ത്താല്‍ വന്നു വീണതിന്റെ ഞെട്ടലില്‍ ആയിരുന്നു കഴിഞ്ഞ ദിവസം പാലക്കാട്ടുകാര്‍.
ആര്‍എസ്‌എസിന്റെയും ബിഎം എസിന്റെയും പ്രവര്‍ത്തകരെ അറസ്റ്റു ചെയ്‌തതില്‍ പ്രതിഷേധിച്ചായിരുന്നത്രേ ഹര്‍ത്താല്‍. കല്‍പ്പാത്തിയിലെ പുഴ കയ്യേറി ആര്‍എസ്‌ എസ്‌ ഓഫീസ്‌ കെട്ടി എന്നാരോപിച്ച്‌ എസ്‌ഡിപിഐ സമരം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ്‌ ബിജെപി ആര്‍എസ്‌എസ്‌ പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തിയത്‌. മാര്‍ച്ചില്‍ പ്രവര്‍ത്തകരെ അറസ്‌റ്റ്‌ ചെയ്‌തതാണ്‌ ബിജെപിയെ ചൊടിപ്പിച്ചത്‌. ഉടനെ തന്നെ മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ഒമ്പതു മണിയോടെ മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതോടെ ഓഫീസിലും മറ്റും പോകാനിറങ്ങിയ ആയിരക്കണക്കിന്‌ ആളുകളാണ്‌ പെരുവഴിയിലായത്‌. ഹര്‍ത്താല്‍ പ്രഖ്യാപിച്ചതോടെ ബസുകളും മറ്റും സര്‍വ്വീസ്‌ നിര്‍ത്തിയതും തിരിച്ചടിയായി. പാര്‍ട്ടി പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ച്‌ കടകളും സ്ഥാപനങ്ങളും അടപ്പിച്ചു വിജയിച്ചു.
കുറെ കാലമായി കെ എം മാണിയുടെ കേരള കോണ്‍ഗ്രസ്‌ യുഡിഎഫിനൊപ്പമാണ്‌. വലിയ അല്ലലും അലച്ചിലും ഇല്ലാതെ ഭരണം കിട്ടുമ്പോഴൊക്കെ ധനമന്ത്രിയായി ബഹുമാനപ്പെട്ട പാല എം എല്‍ എ വിലസിക്കൊണ്ടിരിക്കുകയും ആണ്‌. ഇടക്ക്‌ ചില അത്യാവശ്യങ്ങള്‍ വരുമ്പോള്‍ കോണ്‍ഗ്രസിനെ ഒന്ന്‌ കണ്ണുരുട്ടി ക്കാണിക്കാറുണ്ടെങ്കിലും വലിയ പ്രശ്‌നത്തിനൊന്നും മാണിയും കേരള കോണ്‍ഗ്രസും നില്‍ക്കാറില്ല. ഇടതു മുന്നണിയില്‍ ആരു ബജറ്റ്‌ അവതരിപ്പിച്ചാലും അവരെ കരിവാരി തേക്കാറുള്ള മാണിസാറിനെ ഈയിടെയായി കേരളത്തിലെ കമ്യൂണിസ്റ്റ്‌ വിപ്ലവകാരികള്‍ക്ക്‌ നല്ല ഇഷ്‌ടമാണെന്നു തോന്നുന്നു. വാരിക്കോരിയാണ്‌ വിപ്ലവപാര്‍ട്ടിയുടെ നേതാക്കള്‍ മാണി സാറിനെയും മാണി സാറിന്റെ ധനവകുപ്പിനെയും പ്രശംസിക്കുന്നത്‌.
ഒടുവില്‍ ഇതാ പ്രതിപക്ഷ ഉപനേതാവും സിപിഎം പോളിറ്റ്‌ ബ്യൂറോ അംഗവും ആയ കോടിയേരി ബാലകൃഷ്‌ണനും കോടിയേരിയെ പുകഴ്‌ത്തി രംഗത്തിറങ്ങിയിരിക്കുന്നു. ജനസമ്പര്‍ക്കത്തിന്റെ പേരില്‍ കോടികള്‍ ചെലവഴിക്കുന്ന മുക്യന്‍ മാണിയെ കണ്ട്‌ പഠിക്കണം എന്നാണ്‌ കോടിയേരി പറഞ്ഞിരിക്കുന്നത്‌. കാരുണ്യ ലോട്ടറി പദ്ധതി പ്രകാരം 200 കോടി രൂപയാണ്‌ മാണിസാര്‍ കേരളത്തിലെ പാവപ്പെട്ട രോഗികള്‍ക്കായി നല്‍കിയിരിക്കുന്നതെന്നാണ്‌ കോടിയേരി പറയുന്നുണ്ട്‌. ഭരണപക്ഷത്തെ ഒരു മന്ത്രിക്കും ഇക്കാലത്തിനിടയില്‍ പ്രതിപക്ഷത്തിന്റെ കയ്യില്‍ നിന്ന്‌ ഇത്രയേറെ പ്രശംസ കിട്ടിയിട്ടുണ്ടാവില്ല. ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ട സംഭവം തന്നെ. എന്നാലും എന്തായിരിക്കും ഇതിന്റെ ഉള്ളുകള്ളികള്‍ എന്ന്‌ ആര്‍ക്കും സംശയം തോന്നാം. സ്വാഭാവികമായി തോന്നുന്ന ചില സംശയങ്ങള്‍ പങ്കു വെക്കാം. രണ്ട്‌മൂന്ന്‌ കാര്യങ്ങള്‍ കൊണ്ട്‌ ബഹുമാനപ്പെട്ട മാണിസാര്‍ ഇത്തിരി അസ്വസ്ഥനാണ്‌.
യുഡിഎഫില്‍ പഴയതു പോലെ ഒരു സ്ഥാനമില്ല എന്നതാണ്‌ ഒരു പ്രശ്‌നം. മുസ്ലിം ലീഗ്‌ അത്യാവശ്യം സീറ്റ്‌ നേടിക്കഴിഞ്ഞപ്പോള്‍ തങ്ങള്‍ മൂന്നാമന്‍മാരായിപ്പോയോ എന്നതാണ്‌ മാണിസാറിന്റെ സംശയം. പല കാര്യങ്ങിലും സര്‍ക്കാരിന്റെ രീതി കാണുമ്പോള്‍ ആരായാലും അങ്ങനെ സംശയിച്ചു പോകും . ഒരു കേന്ദ്രമന്ത്രി സ്ഥാനമാണ്‌ രണ്ടാമത്തെ പ്രശ്‌നം. പണ്ട്‌ മുസ്ലിം ലീഗിന്‌ ഒരു സീറ്റ്‌ മാത്രം കിട്ടിയ കാലത്തു പോലും അവര്‍ക്ക്‌ കേന്ദ്രത്തില്‍ ഒരു മന്ത്രിയെ കൊടുത്തതാണ്‌. നമുക്ക്‌ ഇത്രകാലമായിട്ടും ഒരു കേന്ദ്രമന്ത്രിയില്ല. സ്വന്തം മകന്‍ തന്നെ എംപിയായിട്ടും പറഞ്ഞ്‌ പറ്റിച്ചതല്ലാതെ കോണ്‍ഗ്രസ്‌ കേന്ദ്രത്തില്‍ ഒരു മന്ത്രിസ്ഥാനം തന്നിട്ടില്ല. മരിക്കുന്നതിന്‌ മുമ്പ്‌ കേരളത്തിന്റെ മുഖ്യമത്രിയാകണമെന്ന്‌ ആഗ്രഹിക്കാത്ത ഏതെങ്കിലും രാഷ്‌ട്രീയക്കാരുണ്ടാകുമോ നമ്മുടെ നാട്ടില്‍. കെഎം മാണിക്കാണെങ്കില്‍ അങ്ങനെ ആഗ്രഹിക്കാനുള്ള രാഷ്‌ട്രീയ യോഗ്യതകള്‍ എല്ലാമുണ്ട്‌. ഒന്നു മുഖ്യമന്ത്രിയായാല്‍ തെറ്റില്ലെന്ന്‌ മാണിസാറും ആഗ്രഹിക്കുന്നുണ്ടാകുമെന്നു ചുരുക്കം. ഇത്രയും കാര്യങ്ങള്‍ മാണിസാറിന്റെ ഭാഗത്തു നിന്നുള്ളതാണ്‌. ഇടതിനും ഉണ്ട്‌ ഇങ്ങനെ ചില കാര്യങ്ങള്‍. എന്തൊക്കെ വന്നാലും വിഎസ്‌ അച്യുതാനന്ദന്റെ നേതൃത്വത്തില്‍ ഒരു മന്ത്രി സഭ വരരുതേ എന്നാണ്‌ സിപിഎമ്മിലെ തന്നെ ചില പ്രധാനികള്‍ ചിന്തിക്കുന്നത്‌. അതിന്‌ വേണ്ടുന്ന പണി അവര്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എടുത്തിട്ടുണ്ടെന്നാണ്‌ സഖാവ്‌ വിഎസ്‌ അച്യുതാനന്ദനും പറയുന്നത്‌. പിണറായി വിജയനാണെങ്കില്‍ പൊല്ലാപ്പ്‌ തീര്‍ന്നിട്ടുമില്ല. അങ്ങനെയെങ്കില്‍ ഭരണം ഒന്നു പിടിച്ചാല്‍ തന്നെ ആരെ മുഖ്യമന്ത്രിയാക്കും എന്നൊരു സംശയം ഇടതിനും ഉണ്ട്‌.
സെക്രട്ടറിയേറ്റ്‌ ഉപരോധ സമയത്ത്‌ മാണിസാര്‍ ഇറങ്ങി എല്‍ഡിഎഫില്‍ ചേര്‍ന്നു കളയുമോ എന്നു പോലും സംശയിച്ചിരുന്നു. ഒരു കാര്യം കൂടി പറയാതെ വയ്യ. സര്‍ പി സി ജോര്‍ജ്‌ എന്ന ബഹുമാന്യനായ ഗ്രാമീണഭാഷകന്‍ ചീഫ്‌ വിപ്പിന്റെ പല പ്രതികരണങ്ങളും കേരള കോണ്‍ഗ്രസ്‌ മാണി ഗ്രൂപ്പിന്റെ ഇടത്‌ പ്രവേശനത്തിന്റെ പെരുമ്പറകളാണെന്ന്‌ ഏതോ പ്രവാചകന്‍ പാടി നടക്കുന്നുണ്ടത്രെ.
കോണ്‍ഗ്രസിനെയും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വിമര്‍ശിച്ച്‌ നാണം കെടുത്തുന്ന ജോര്‍ജ്‌ , വിഎസിനെയും പിണറായി വിജയനെയും പ്രശംസിക്കാനും തുടങ്ങിയിരിക്കുന്നു. ബഹുമാനപ്പെട്ട പാല എം എല്‍ എ മാത്രമായിരുന്ന മാണി സാര്‍ മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കാന്‍ സര്‍വ്വഥാ യോഗ്യമനാണെന്നും പി സി ജോര്‍ജ്‌ മൊഴിഞ്ഞിരുന്നു. അപ്പോള്‍ കാര്യങ്ങളുടെ കിടപ്പ്‌ ഏതാണ്ട്‌ മനസിലായില്ലേ. എന്തായാലും ഒരു കാര്യം ഏതാണ്ട്‌ ഉറപ്പാണ്‌. 2014 ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരിക്കും എല്ലാ വിധ പൊറാട്ട്‌ നാടകങ്ങളും അരങ്ങേറുക. അപ്പോഴല്ലേ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ പറ്റുകയുള്ളൂ. ഹ ഹ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.