You are Here : Home / എഴുത്തുപുര

സമദാനിക്ക് കുത്തേറ്റ സംഭവം ദുരൂഹം

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Saturday, November 09, 2013 03:56 hrs UTC

മുസ്ലിം ലീഗ് എം.എല്‍.എ എം.പി അബ്ദുസമദ് സമദാനിക്ക് കുത്തേറ്റ സംഭവം ഏറെ ഗൌരവമേറിയ വിഷയമാണ്.കോട്ടക്കല്‍ എംഎല്‍എ എന്നതിലുപരി പണ്ഡിതനും സൌമ്യസ്വഭാവക്കാരനുമാണ് സമദാനി. അതുമാത്രമല്ല എന്നും വിവാദങ്ങളില്‍ നിന്ന് അകന്നു നില്‍ക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു.ആഭ്യന്തരമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും സംഭവത്തിലെ ദുരൂഹത നീങ്ങിയിട്ടില്ല.

മദ്ധ്യസ്ഥ ശ്രമത്തിനിടെ മൂക്കിനു കുത്തി

വെള്ളിയാഴ്ച രാവിലെ 9.30 യോടെയാണ് സംഭവം.അഞ്ചു വര്‍ഷമായി തുടരുന്ന പളളിതര്‍ക്കത്തിന് പരിഹാരം കാണാനുളള ശ്രമത്തിനിടെയാണ് സമദാനി ആക്രമിക്കപ്പെടുന്നത്. ചെനക്കല്‍ സര്‍ഹിന്ദ് നഗറിലെ സമദാനിയുടെ വീട്ടില്‍ മധ്യസ്ഥ ചര്‍ച്ചക്കിടയിലാണ് ആക്രമണമുണ്ടായത്.സംഭവത്തില്‍ കക്ഷിയായ യുവാവ്
മാപ്പു പറയണമെന്നാവശ്യപ്പെട്ട് സമദാനിയുടെ ഓഫിസ് മുറിയില്‍ കയറിവാതിലടച്ച ശേഷം സമദാനിക്ക് നേരെ കത്തിവീശുകയായിരുന്നു. മുഖത്തിനു നേരെ
വീശിയ കത്തിയില്‍ നിന്നും രക്ഷപ്പെടാനായി ഒഴിഞ്ഞുമാറുന്നതിനിടെ സമദാനിക്ക് മൂക്കില്‍ കുത്തേല്‍ക്കുകയായിരുന്നു. മൂക്കിന് പരിക്കേറ്റ സമദാനിയെ ഉടനെ കോട്ടക്കല്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുളിക്കല്‍ കുഞ്ഞാവ എന്നയാളാണ്  കുത്തിയത്.  സംഭവത്തിനുശേഷം രക്ഷപെടാന്‍ ശ്രമിച്ച കുഞ്ഞാവയെ നാട്ടുകാര്‍ പിടികൂടി. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സാരമായ പരുക്കേറ്റ കുഞ്ഞാവ ആശുപത്രിയില്‍ ചികില്‍സയിലാണ്.

അക്രമത്തില്‍ കലാശിച്ച സംഭവം

2008 ഒാഗസ്റ്റ് 28ന് ആണ് സംഭവങ്ങളുടെ തുടക്കം.കോട്ടക്കലിലെ പുളിക്കല്‍, അമരിയില്‍ എന്നീ കുടുംബങ്ങള്‍ തമ്മില്‍ പള്ളിത്തര്‍ക്കമുണ്ടായിരുന്നു. ആലിന്‍ചുവട് പള്ളിയില്‍ ഇരുവിഭാഗങ്ങള്‍  ഏറ്റുമുട്ടിയതിനെത്തുടര്‍ന്ന് രണ്ടുപേര്‍ കുത്തേറ്റുമരിച്ചിരുന്നു. ഇവരുടെ സഹോദരനാണ് പുളിക്കല്‍ കുഞ്ഞാവ. 13 വര്‍ഷമായി പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന പുളിക്കല്‍ അഹമ്മദ് ഹാജിയെ മാറ്റാന്‍  മറുഭാഗം നീക്കം നടത്തിയിരുന്നു. പളളിയില്‍ രണ്ടു ചേരികള്‍ രൂപപ്പെട്ടതോടെ സംഘര്‍ഷമായി. പ്രശ്നങ്ങള്‍ക്കിടെ അഹമ്മദ് ഹാജിയുടെ മക്കളായ അബ്ദുവും അഹമ്മദ്കുട്ടിയും കുത്തേറ്റ് മരിച്ചു. പളളിതര്‍ക്കം പരിഹരിക്കാന്‍ സമദാനി അടക്കമുളളവര്‍ പല ഫോര്‍മൂലകളുംമുന്നോട്ടു വച്ചു. ഇരുവിഭാഗവും അംഗീകരിക്കാത്തതുകൊണ്ട് തര്‍ക്കം അഞ്ചു വര്‍ഷത്തിലധികമായി നീണ്ടുപോവുകയാണ്. സമദാനിയുടെ സാന്നിധ്യത്തില്‍ നടന്ന അവസാന അനുരഞ്ജനചര്‍ച്ചയിലും ഫലമുണ്ടായില്ല.

സമദാനി തന്നെ ആക്രമിച്ചെന്ന് പ്രതി

പള്ളിത്തര്‍ക്കം തീര്‍ക്കാനെന്ന പേരില്‍ വിളിച്ചുവരുത്തി സമദാനികത്തികൊണ്ട് കുത്തുകയും മര്‍ദിക്കുകയുമായിരുന്നുവെന്ന് പ്രതിഅഹമ്മദ്കുട്ടി എന്ന കുഞ്ഞാവ പറഞ്ഞു. അമരിയില്‍ കുടുംബത്തോട് ആഭിമുഖ്യമുള്ള സമദാനി എം.എല്‍.എ ഇടനിലക്കാരനായിനിന്ന് പ്രശ്നം പറഞ്ഞുതീര്‍ക്കാനെന്ന് പറഞ്ഞു വിളിക്കുകയായിരുന്നു. സംസാരം പിന്നീട്വാക്കുതര്‍ക്കത്തില്‍ കലാശിച്ചു. അനുജന്മാരോടൊപ്പം നിന്നെയും അന്നുതന്നെ കൊല്ലെണ്ടാതായിരുനു എന്ന് സമദാനി ഭീഷണിപ്പെടുത്തിയാതായും കുഞ്ഞാവ പറയുന്നു. തുടര്‍ന്നുണ്ടായ കൈയാങ്കളിയില്‍ പഴങ്ങള്‍ നുറുക്കാന്‍ വെച്ച കത്തി ഉപയോഗിച്ച് സമദാനി കുത്തി. കുത്തു തടഞ്ഞപ്പോള്‍ കൈക്ക് പരിക്കേറ്റു. അവിടെയുണ്ടായിരുന്ന പേപ്പര്‍ വെയ്റ്റുകൊണ്ട് താന്‍ സമദാനിയുടെ മൂക്കിനിടിച്ചു. തുടര്‍ന്ന് സമദാനി തലങ്ങും വിലങ്ങും കുത്തിയെന്നും കുഞ്ഞാവ പറയുന്നു.

ഗൂഢാലോചനയെന്നു സമദാനി

എന്നാല്‍ തന്നെ ആക്രമിച്ചതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് എംഎല്‍എ അബ്ദുസമദ് സമദാനി പറഞ്ഞു. പുറത്തിറങ്ങിയ അക്രമി വീണ്ടും വന്നു കുത്തിയെന്നും അദ്ദേഹം പറഞ്ഞു

പോലീസ്‌ കാണുന്ന സംഭവം

തിരൂര്‍ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. സംഭവത്തെക്കുറിച്ച് ആഭ്യന്തരമന്ത്രിയുമായി സംസാരിച്ചെന്ന് മലപ്പുറം എസ്.പി.മഞ്ജുനാഥ് പറഞ്ഞു. പ്രതിയുടെ അറസ്ററ് വൈകാതെ രേഖപ്പെടുത്തുമെന്നും മഞ്ജുനാഥ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സമദാനി വാദിയോ പ്രതിയോ?

കുഞാവയുടെ മൊഴിയും സമദാനിയുടെ മൊഴിയും പരസ്പരം വൈരുദ്ധ്യം നിറഞ്ഞതാണ്. അതിനാല്‍ തന്നെ സാക്ഷിമൊഴി നിര്‍ണായകമായിരിക്കും. എംഎല്‍എയെ കുത്താന്‍ ശ്രമിച്ചയാള്‍ എന്തായാലും സാധാരണക്കാരന്‍ ആയിരികില്ല.അതുകൊണ്ട് തന്നെ പിന്നില്‍ വന്‍ ശക്തികള്‍ ഉണ്ടാകും.ഭരണകക്ഷി എന്ന പരിഗണന സമദാനിക്ക്
കിട്ടുകയും ചെയ്യും. മതപരമായ കാര്യമായത്കൊണ്ടും ഭരണസ്വാധീനം ഉള്ളതുകൊണ്ടും നട്ടംതിരിയാന്‍ പോകുന്നത് പോലീസ്‌ തന്നെ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.