You are Here : Home / Editorial

നവവത്സരാശംസകള്‍

Text Size  

Raju Mylapra ( Chief Editor ,Aswamedham)

rajumylapra@msn.com

Story Dated: Friday, December 27, 2013 10:47 hrs UTC

അങ്ങനെ വീണ്ടും ഒരു ക്രിസ്മസ് കൂടി കഴിഞ്ഞ് നമ്മള്‍ നവവത്സരത്തിലേക്കു പ്രവേശിച്ചിരിക്കുകയാണ്. വാനിലുദിച്ചുയര്‍ന്നൊരു ദിവ്യനക്ഷത്രത്തെ കണ്ട് കിഴക്കു നിന്നുള്ള വിദ്വാന്മാര്‍ പുണ്യ ശിശുവിനെ കാണുവാനായി യാത്ര തിരിച്ചു. 'കിഴക്ക് എന്നു പറയുമ്പോള്‍ അതു മിക്കവാറും ഇന്ത്യയാകാനാണു സാധ്യത. കാരണം അവിടെയാണല്ലോ കൂടുതല്‍ 'വിദ്വാന്മാര്‍ ഉള്ളത്. അവര്‍ യാത്രാമദ്ധ്യേ ഹെരോദാ രാജാവിന്റെ കൊട്ടാരത്തില്‍ കയറി. മണിമാളികകള്‍ കണ്ടാല്‍ അവി ടെയൊന്നു കയറിയിറങ്ങിപ്പോകുന്നത് വിദ്വാന്മാരുടെ ഒരു ശീലമാണ്.

 

 

 

 

നമ്മുടെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ കാര്യമൊന്നും തിരക്കാതെ, മോഡി സംഘത്തോടൊപ്പം മസ്കറ്റ് ഹോട്ടലില്‍ പോയി സൂപ്പു കുടിച്ച് ഏമ്പക്കം വിട്ട സംഭവം ഓര്‍ക്കുന്നില്ലേ ? എന്നാല്‍ ഹെരോദാ രാജാവ് അത്ര പൊട്ടനായിരുന്നില്ല. അദ്ദേഹം രഹസ്യമായി വിദ്വാന്മാരോട് ആഗമനോദ്ദേശ്യം അന്വേഷിച്ചു. അവര്‍ നമ്മുടെ രാഷ്ട്രീയക്കാരെപ്പോലെ ഉരുണ്ടു കളിക്കാതെ ഉള്ള കാര്യം തുറന്നു പറഞ്ഞു. രാജാവ് അവരെ യഥാവിധി സല്‍ക്കരിച്ചു. ഊണിനു മോരുമുണ്ടായിരുന്നു. യാത്രയായ അവര്‍ക്ക് കമ്പിളി ഉടുപ്പില്‍ നിന്നും മോരിന്റെ മണം മാറാന്‍ ഒരു പിടി കുന്തിരിക്കവും, പാരിതോഷികമായി കുറച്ചു പൊന്നും നല്‍കി. അങ്ങനെയൊണ് ശിശുവിന്റെ ജനനമറിയിച്ചു കൊണ്ട് വീടുതോറും കയറിയിറങ്ങിയാല്‍ വല്ലതും കിടയ്ക്കുമെന്ന് 'കമന്നു വീണാല്‍ കാല്‍പ്പണം എന്ന കച്ചവടക്കണ്ണുള്ള സത്യക്രിസ്ത്യനികള്‍ മനസിലാക്കിയത്.

 

 

 

 

 

 

 

 

എത്രയോ നാളായി നമ്മുടെ ഇടയന്മാര്‍ ക്രിസ്തുവിനെ വീണ്ടും കാശാക്കിക്കൊണ്ടിരിക്കുന്നു! ആ പാരമ്പര്യം അവര്‍ അമേരിക്കയിലും തുടരുന്നു. ഈയുള്ളവനും  ദൂതറിയിച്ചുകൊണ്ട് ഗായകസംഘത്തോടൊപ്പം വീടുകള്‍ കയറിയിറങ്ങി. വട, പഴം, സുഖിയന്‍, സമോസ, കേക്ക്, പുഴുക്ക് മുതലായ വിശിഷ്ടഭോജ്യങ്ങള്‍ നല്‍കി പലരും ദൂതന്മാരെ സല്‍ക്കരിച്ചു. ക്രിസ്മസ് കാലത്ത് ഇരുപത്തിയഞ്ചു നോമ്പു പ്രഖ്യാപിച്ചിട്ടുള്ളതുകൊണ്ട് മത്സ്യമാംസാഹാരങ്ങള്‍ നിക്ഷിദ്ധമായിരുന്നു. നോമ്പ് എന്നു വെറുതേ പറയുന്നതാ. മിക്കവാറും എല്ലാ വീടുകളിലും മത്സ്യം, മാംസവും മറ്റും പാ ചകം ചെയ്യും. ഇരുപത്തിയഞ്ചു ദിവസം പച്ചില മാത്രം നല്‍കി ഇവിടെയുള്ള കുട്ടികളെ വളര്‍ത്തുവാന്‍ കുറച്ചു ബുദ്ധിമുട്ടാണ്).

 

 

 

കാരോളിംഗ് കഴിഞ്ഞപ്പോള്‍ എനിക്ക് ഏകദേശം പതിഞ്ചു പൌണ്ടോളം ഭാരം കൂടി. ഇപ്പോള്‍ എനിക്ക് ഒരു 'സുമോ'ഗുസ്തിക്കാരന്റെ ലുക്കാണ്. ഞങ്ങളുടെ പള്ളിയിലെ ചാക്കോച്ചും അദ്ദേഹത്തിന്റെ ഭാര്യ മണിയും ഒരുക്കിയ സല്‍ക്കാരത്തിനാണ് ഞാന്‍ എന്റെ മസില്‍ ഫസ്റ് പ്രൈസ് കൊടുത്തത്. നല്ല ഒന്നാന്തരം പാലക്കാടന്‍ മട്ട അരിയുടെ ചോറ്, ഹോം മെയ്ഡ്നൂറുശതമനം വീറ്റ് ചപ്പാത്തി. തെങ്കാശി എന്‍.എസ് പെരുങ്കായവും, മുരിങ്ങക്കാ ഉള്‍പ്പെടെയുള്ള പച്ചക്കറികളുമിട്ട സാമ്പാര്‍, എരിശ്ശേരി, പര്‍പ്പിടകം, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്തു പച്ചമോര്, പച്ചമാങ്ങാ സമ്മന്തി. നല്ല ഒരു  ഊണിനു ഇറച്ചിയും മീനും ഒന്നുമാവശ്യമില്ല എന്ന് ചാക്കോച്ചന്‍ - മണി ദമ്പതികള്‍ തെളിയിച്ചു.

 

 

 

ഹെരോദാരാജാവിന്റെ കൊട്ടാര വിരുന്നില്‍ താറാവുകറി  ഉണ്ടായിരുന്നുവോ എന്നറിയില്ല. എന്നാല്‍ കേരള ക്രിസ്ത്യാനിക്ക് അപ്പവും താറാവുകറിയുമില്ലാത്ത ക്രിസ്മസിനെപ്പെറ്റി ചിന്തിക്കുവാന്‍ പോലും കഴിയുകയില്ല. അമേരിക്കയില്‍ പല സ്ഥലങ്ങളിലും 'ലൈവ് കോഴി, താറാവ്, മുയല്‍, കോലാട്, ചെമ്മരിയാട് തുടങ്ങിയവയുടെ വില്പനയുണ്ട്. ചൂണ്ടിക്കാണിച്ചാല്‍ മതി, നാട്ടിലെ ക്വട്ടേഷന്‍ സംഘം ചെയ്യുന്നതു പോലെ കഴുത്തറുത്ത്, ക്ളീന്‍ ചെയ്ത് കട്ടു ചെയ്ത് കവറിലാക്കിത്തരും. നാട്ടില്‍ പാതിരാകുര്‍ബാന കഴിഞ്ഞ് തിരിച്ചു വീടുകളില്‍ എത്തുമ്പോള്‍ അപ്പവും താറാവു കറിയുമുണ്ട്. അമേരിക്കയിലെ പഴയകാല മലയാള മങ്കമാര്‍ക്ക് ഇതൊക്കെ കാണാപ്പാഠമാണെങ്കിലും 'ന്യൂ ജനറേഷനു വേണ്ടി കുട്നാടന്‍ താറാവുകറിയുടെ  റസീപ്പി താഴെ ചേര്‍ക്കുന്നു. (ഈ റസീപ്പി മറ്റാര്‍ക്കും പറഞ്ഞു കൊടുക്കരുതെന്ന് എന്റെ ഭാര്യ എന്നോടു പ്രത്യേകം പറഞ്ഞിട്ടുണ്ട്. തലമുറ തലമുറ കൈമാറി വന്നതാണു പോല്‍! അതിനാല്‍ നിങ്ങളും ഇതു രഹസ്യമായി സൂക്ഷിക്കുവാന്‍ ശ്രമിക്കുക).

 

 

 

 

 

 

താറാവ് - 1 (കറുത്ത പൂവന്‍ താറാവാണെങ്കില്‍ നല്ലത്) സവാള - 6 (നീളത്തില്‍ അരിഞ്ഞത്) ഉരുളക്കിഴങ്ങ് - 3 (കഷണങ്ങളാക്കിയത്) ഇഞ്ചി, വെളുത്തുള്ളി കാല്‍ കപ്പു വീതം പച്ചമുളക് - 10 വിന്നാഗിരി - 2 ടേബിള്‍ സ്പൂണ്‍ തേങ്ങാപ്പാല്‍ - ഒരു കപ്പ് മല്ലിപ്പൊടി - 5 ടേബിള്‍ സ്പീണ്‍ മഞ്ഞള്‍, ഗരം മസാല - അര ടേബിള്‍ സ്പൂണ്‍ വീതം കറിവേപ്പില, കടുക്, ഉപ്പ്, എണ്ണ താറാവിനെ വൃത്തിയാക്കിയ ശേഷം കഷണങ്ങളാക്കുക (നാട്ടിലെ ഹോട്ടലുകാര്‍ ക്ളീന്‍ ചെയ്യുന്നതുപോലെയല്ല) മല്ലിപ്പൊടി, മഞ്ഞള്‍, ഗരംമസാല എന്നിവ ഒരുമിച്ച് കുഴച്ച് കുഴമ്പു പരുവത്തിലാക്കുക. ഒരു ചീച്ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടാക്കിയിട്ട് കടുകു വറുക്കുക. കൂട്ടത്തില്‍ മുകളില്‍പ്പറഞ്ഞ ചേരുവ കൂടി ചേര്‍ത്ത് ചെറിയ തീയില്‍ ല്ലതുപോലെ ബ്രൌണ്‍ നിറമാകുന്നതുവരെ ഇളക്കുക. മറ്റൊരു ഉരുളിയില്‍ എണ്ണ ചൂടാക്കിയിട്ട്, സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ഉരുളക്കിഴങ്ങ്, കറിവേപ്പില എന്നിവ ബ്രൌണ്‍ നിറമാകുന്നതുവരെ വഴറ്റുക. (സവാള, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ അരിഞ്ഞെടുക്കുമ്പോള്‍ കണ്ണീര്‍ വരുവാന്‍ സാദ്ധ്യതയുണ്ട്. അതു കാര്യമാക്കണ്ട. മലയാളം ടെലിവിഷന്‍ സീരിയലു കാണുകയാണെന്നു വിചാരിച്ചാല്‍ മതി)

 

 

 

ഇതിനു ശേഷം രണ്ടു ചേരുവകളും ഉരുളിയിലിട്ടു മിക്സ് ചെയ്യുക. ഇതിനൊടൊപ്പം ഇറച്ചിക്കഷണങ്ങള്‍ ചേര്‍ക്കുക. ഒപ്പം വിന്നാഗിരിയും, വെള്ളവും ആവശ്യാനുസരണം ഉപ്പു ചേര്‍ക്കുവാന്‍ മറക്കരുത്. നല്ലതുപോലെ തിളയ്ക്കുമ്പോള്‍ തേങ്ങാപ്പാല്‍ ഒഴിക്കുക. ഉരുളി അടച്ചു വെച്ച് ചെറിയ തീയില്‍ നല്ലതുപോലെ വേവിച്ച് എടുക്കുക. അപ്പം, പാലപ്പം, ഇടിയപ്പം, കപ്പ എന്നിവയോടൊപ്പം കഴിക്കുവാന്‍ ഈ കറി അത്യുത്തമം. (സ്മോള്‍ അടിക്കുന്നവര്‍ ഇതു കഴിക്കുന്നതിനു മുന്‍പായി തന്നെ ആ കര്‍മം നിര്‍വഹിച്ചിരിക്കണം. സ്മോള്‍, ലാര്‍ജ് ആയിപ്പോയാല്‍ ആളു പൂസാകുകയും തന്മൂലം താറാവു കറിയുടെ രുചി ആസ്വദിക്കുവാനുള്ള കഴിവു നഷ്ടപ്പെടുകയും ചെയ്യും. (ചെറിയ കുടുംബകലഹത്തിനും സാധ്യതയുണ്ട്.) .

 

 

 

ക്രിസ്മസ് സമയത്ത് വിവിധ സഭകള്‍ ഒരുമിച്ചു ചേര്‍ന്ന് 'എക്യുമിനൊക്കല്‍ ക്രിസ്മസ് ആഘോഷം എന്നൊരു പ്രഹസനം നടത്താറുണ്ട്. തരം കിട്ടിയാല്‍ തമ്മില്‍ത്തമ്മില്‍ കുത്തിക്കീറാന്‍ മടിയില്ലാത്തവരാണ് ഇക്കൂട്ടര്‍ എന്നുള്ളതാണ് രസകരം.നാട്ടില്‍ കോടതി വരാന്തകളില്‍ നിന്നിറങ്ങുവാന്‍ ഇവര്‍ക്കു സമയമില്ല. 'എക്യുമിനെക്കലു കഴിയുമ്പോള്‍ അണിയറയില്‍ ഒരു വഴക്കു നടക്കുന്നത് സ്ഥിരം പതിവാണ്. 'ആ പള്ളിക്കാര്‍ കൂടുതല്‍ സമയമെടുത്തു, ഈ പള്ളിക്കാര്‍ കൂടുതല്‍ സമയമെടുത്തു - ആ അച്ചന്‍ നമ്മളെ കുത്തിയാണു പ്രസംഗിച്ചത് ഇതൊക്കെയാണ് വഴക്കിന്റെ അജണ്ട.

 

 

 

ചിന്താവിഷയം: ക്രിസ്തുവിന്റെ ജനനം  ഒരുമിച്ച്ആഘോഷിക്കുമെങ്കില്‍ എന്തുകൊണ്ട് മരണവും (ദുഖവെള്ളിയാഴ്ച) ഒരുമിച്ച് 'ആഘോഷിച്ചു കൂടാ? യഹൂദന്മാര്‍ ഒരു തവണയെ ക്രിസ്തുവിനെ  ക്രൂശില്‍ തറച്ചുള്ളൂ സത്യക്രിസ്ത്യാനികള്‍ എല്ലാവര്‍ഷവും ക്രിസ്തുവി ക്രൂശിക്കുന്നു. . കേരളത്തില്‍ ക്രിസ്മസ് സമയത്താണ് ഏറ്റവുമധികം മദ്യവില്പന നടക്കുന്നത്. ചാലക്കുടിയാണ് കുടിയില്‍ നിലവിലുള്ള ചാമ്പ്യന്മാര്‍! ഈ എവര്‍റോളിംഗ് ട്രോഫി കരസ്ഥമാക്കുവാന്‍, പത്തനംതിട്ടയുള്‍പ്പെടെ മറ്റുള്ള സ്ഥലങ്ങളിലെ 'കുടിയന്മാരും കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. എല്ലാവര്‍ക്കും എന്റെ വിജയാശംസകള്‍. .നിങ്ങളുടെ മനസില്‍, ഭവനങ്ങളില്‍ ക്രിസ്മസിന്റെ സന്തോഷവും സമാധാവും എന്നുമെന്നും ഉണ്ടായിരിക്കട്ടെ എന്ന്, അല്പം താമസിച്ചാണെങ്കിലും പ്രാര്‍ഥിക്കുന്നു. എല്ലാവര്‍ക്കും ഐശ്വര്യപൂര്‍ണമായ ഒരു പുതുവത്സരം നേര്‍ന്നുകൊള്ളുന്നു!

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.