You are Here : Home / Editorial

മുല്ലപ്പെരിയാര്‍-സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം

Text Size  

Raju Mylapra ( Chief Editor ,Aswamedham)

rajumylapra@msn.com

Story Dated: Saturday, May 10, 2014 01:02 hrs UTC

.

വേളാങ്കണ്ണി തീര്‍ത്ഥാടന കേന്ദ്രത്തില്‍ പോയി പരിശുദ്ധ മാതാവിനോട്
മുട്ടിപ്പായി പ്രാര്‍ഥിക്കണമെന്നത് എന്‍റെ ഭാര്യയുടെ ഒരു ദീര്‍ഘകാല
അഭിലാഷമായിരുന്നു.പല ഒഴിവു കഴിവുകള്‍ പറഞ്ഞ് ഞാനതു
പതിവായി നിരുത്സാഹപ്പെടുത്തിയിരുന്നു.അവിടെപ്പോയി നേര്‍ച്ചയിട്ടു
പ്രാര്‍ത്ഥിച്ചാല്‍ ഉദ്ദിഷ്ട് കാര്യം ഉടനടി സാധിക്കുമെന്നാണ് പലരുടേയും
വിശ്വാസം.ഇപ്പോള്‍ ഭൂരിപക്ഷം ഹിന്ദുക്കള്‍ക്കും,ക്രിസ്ത്യാനികള്‍ക്കുമെല്ലാം
ഫാസ്റ്റ്ഫുഡ് സംസ്കാരത്തിലുള്ള അനുഗ്രഹ പ്രാപ്തിയിലാണ് വിശ്വാസം.
അവരുടെ വിശ്വാസം അവരെ രക്ഷിക്കട്ടെ!ഏതായാലും ഇത്തവണ
ദീര്‍ഘകാല അവധിയായിരുന്നതിനാല്‍,സഹധര്‍മ്മിണിയുടെ ആഗ്രഹത്തിനു
ഞാന്‍ വഴങ്ങി.എന്‍റെ ഗ്രാമത്തില്‍ നിന്നും ഏകദേശം പതിനഞ്ചു മണിക്കൂര്‍
യാത്ര ചെയ്താലേ വേളാങ്കണ്ണിയിലെത്തുകയുള്ളൂ.അതിനാല്‍ വെളുപ്പിനു
രണ്ടു മണിക്കു തന്നെ യാത്ര ആരംഭിച്ചു.കുമിളി ചെക്കു പോസ്റ്റ്‌ കഴിഞ്ഞാല്‍
തമിഴ്നാട്ടിലേക്ക് പ്രവേശിക്കുകയാണ്.ചെക്കു പോസ്റ്റില്‍ കാര്യമായ
ചെക്കിംഗ് ഒന്നുമില്ല.ഓഫീസില്‍ കൊണ്ടു പണം അടച്ചാല്‍ മതി.
"ക്രോസ്സ് ബാര്‍"എപ്പോഴും ഉയര്‍ന്നു തന്നെയാണിരിക്കുന്നത്.തീവ്രവാദികള്‍ക്കും,
ഗുണ്ടകള്‍ക്കും,പീഡനക്കാര്‍ക്കും,രാഷ്ട്രീയക്കാര്‍ക്കും മറ്റും തെക്കുവടക്കു
സഞ്ചരിക്കുവാന്‍ ഒരു തടസ്സവുമില്ല.ഒന്നു രണ്ടു "ഹെയര്‍പിന്‍ "
വളവുകള്‍ കഴിഞ്ഞപ്പോള്‍ ഭയങ്കര വെള്ളച്ചാട്ടം.ഡ്രൈവര്‍ വണ്ടി slow
ചെയ്തു.മുല്ലപ്പെരിയാറില്‍ നിന്നും തമിഴ്നാട്ടിലേക്കു വെള്ളം കൊണ്ടു പോകുന്ന
കനാലാണത്.കണ്ടപ്പോള്‍ ദേഷ്യവും സങ്കടവും തോന്നി.നമ്മുടെ ജലവിഭവം
തമിഴ്നാട്ടുകാരന്‍ നമ്മുടെ നെഞ്ചത്തു കൂടി തന്നെ അവരുടെ നാട്ടിലേക്ക്
ഒഴുക്കുന്നു.
കേരളത്തില്‍ ഒരു സര്‍ക്കാരും,അതിനൊരു ജലസേചന വകുപ്പു മന്ത്രിയും,
കേരളത്തിന്‍റെ അവകാശങ്ങള്‍ കോടതിയില്‍ അവതരിപ്പിക്കുവാന്‍ കോടികള്‍
കൈപറ്റുന്ന അഭിഭാഷകരുമുണ്ട്.ഇടയ്ക്കിടെ മുല്ലപ്പെരിയാറില്‍ പന്തലു
കെട്ടി (രാവിലെ വയറു നിറയെ പുട്ടടിച്ചിട്ട്) ഉച്ചവരെ നിരാഹാരം
കിടക്കുന്ന രാഷ്ട്രീയ നേതാക്കന്മാരും നമ്മള്‍ക്കുണ്ട്.അക്കൂട്ടത്തില്‍,അമേരിക്കയിലെ
ചില മലയാളി സംഘടനാ നേതാക്കന്മാരും ഈ പ്രതിഷേധത്തില്‍
പങ്കെടുത്ത കാര്യം അഭിമാനപൂര്‍വ്വം സ്മരിക്കുന്നു.ഇതിലൊരു വിദ്വാന്‍
നിരാഹാരമിരിക്കുന്നവര്‍ക്ക് ലഡ്ഡു വിതരണം ചെയ്തു ചരിത്രത്തില്‍
ഇടം നേടി.സഹ്യനിരകളില്‍ ഘനീഭവിച്ചു നില്‍ക്കുന്ന മൂടല്‍ മഞ്ഞിനിടയിലൂടെ
സൂര്യന്‍ തല നീട്ടി.പുലര്‍കാറ്റേറ്റപ്പോള്‍ നല്ല സുഖം.വഴിയരികില്‍ നിന്നും
ആവിപറക്കുന്ന ഒരു ചായ കുടിച്ചിട്ട് യാത്ര തുടര്‍ന്നു.റോഡിനിരുവശവും
കണ്ട കാഴ്ച എന്നെ അദ്ഭുതപ്പെടുത്തി.മൈലുകളോളം വിശാലമായി
പരന്നു കിടക്കുന്ന കൃഷിത്തോട്ടങ്ങള്‍,സമൃദ്ധമായി കുലച്ചു നില്‍ക്കുന്ന
വാഴകള്‍,നിറയെ ഫലവുമായി നില്‍ക്കുന്ന തെങ്ങിന്‍ തോപ്പുകള്‍,നെല്‍ക്കതിരിന്‍റെ
ഭാരത്താല്‍ തലകുനിച്ചു നില്‍ക്കുന്ന വയലേലകള്‍,മധുരം കിനിയുന്ന
മാമ്പഴക്കുലകളുടെ ഭാരത്താല്‍ ശിഖരങ്ങള്‍ ചായിച്ചു നില്‍ക്കുന്ന മാന്തോപ്പുകള്‍,
മുന്തിരിത്തോപ്പുകള്‍,കരിമ്പിന്‍ തോട്ടങ്ങള്‍ കൂട്ടത്തില്‍ ധാരാളം പച്ചകറികളും.
അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്‍റെ വിയര്‍പ്പു മണികള്‍ക്ക് പ്രകൃതി നല്‍കുന്ന പ്രതിഫലം.
പെട്ടെന്ന് എന്‍റെ മനസ്സ് കേരളത്തിലേക്ക് പറന്നു.തരിശായി കിടക്കുന്ന
നെല്‍പ്പാടങ്ങള്‍,മണ്ട പോയ തെങ്ങുകള്‍,മാലിന്യം അടിഞ്ഞു കൂടിയിരിക്കുന്ന
ജലാശയങ്ങള്‍.അമേരിക്ക എന്ന സാമ്രാജ്യ ശക്തിയെ കുറ്റം പറഞ്ഞു കൊണ്ടു
ചായകടയിലിരുന്നു ചൊറികുത്തി വൃഥാ സമയം കളയുന്ന അലസന്മാരായ
ആളുകള്‍.മുല്ലപ്പെരിയാറിലെ ജലം കേരളത്തിനു കിട്ടിയിരുന്നെങ്കില്‍ അതു
വെറുതെ  പാഴാക്കിക്കളയുമായിരുന്നു.
   തമിഴ്നാട്ടിലെ കൃഷിയിടങ്ങള്‍ കണ്ടപ്പോള്‍,മുല്ലപ്പെരിയാറില്‍ നിന്നു
മാത്രമല്ല,പറ്റുമെങ്കില്‍ മറ്റുള്ള നദികളില്‍ നിന്നു കൂടി അവര്‍ക്കു ജലം
നല്‍കിയാലും തരക്കേടില്ല എന്ന അഭിപ്രായമാണ് എനിക്കു.
  കേരളത്തിലെ ജനങ്ങള്‍ക്ക്‌ വേണ്ടത് കുടിവെള്ളമാണ്.ബീവറെജെസ് ഔട്ട്‌ലെറ്റിലൂടെ നമ്മുടെ
മാറി മാറി വരുന്ന സര്‍ക്കാര്‍ അതു നിര്‍ലോഭം നല്‍കുന്നുണ്ടല്ലോ!
 അതുകൊണ്ട് തന്നെ മെയ് 7-ന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയെ
സ്വാഗതം ചെയ്യുന്നു.ഒത്തൊരുമയില്ലാത്ത ഒരു സര്‍ക്കാരിനും പ്രതിപക്ഷത്തിനും
അര്‍ഹിക്കുന്ന ഒരു വിധി ന്യായമാണിത്.
കേരളത്തിനു നീതി നിഷേധിച്ചെന്നും,വിധി ദൌര്‍ഭാഗ്യകരമാണെന്നും മറ്റും
സുപ്രീംകോടതിയെ ന്യായം വിധിക്കുവാന്‍ രാഷ്ട്രീയ നേതാക്കള്‍,മത്സരിക്കുന്നുണ്ടെങ്കിലും,
എങ്ങിനെ ഈ പ്രതിസന്ധി തരണം ചെയ്യുമെന്ന് ആര്‍ക്കും ഒരു ധാരണയുമില്ലെന്നതാണ് സത്യം.
തീരെ ഒത്തൊരുമയില്ലായെന്നു പറഞ്ഞു കൂടാ.മെയ് എട്ടിന് കേരളത്തില്‍ ഒരു ഹര്‍ത്താല്‍ നടത്തി,
തങ്ങളുടെ പ്രതിഷേധം അറിയിക്കുവാന്‍ രാഷ്ട്രീയ കക്ഷികള്‍ യോജിപ്പിലെത്തിയിട്ടുണ്ട്.
ആരാണോ ഇവരുടെ പ്രതിഷേധത്തെ വകവെയ്ക്കുന്നത്?കേരളത്തിലെ
ജനജീവിതം ഒന്നുകൂടി ദുരിതപൂര്‍ണമാക്കാമെന്നല്ലാതെ ഈ ഹര്‍ത്താല്‍
കൊണ്ടു എന്തു പ്രയോജനം?

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.