You are Here : Home / Aswamedham 360

ക്രിസ്റ്റ്യാനോയുടെ ഹോട്ടലുകൾ ആശുപത്രികളാക്കിയിട്ടില്ല

Text Size  

Story Dated: Monday, March 30, 2020 05:55 hrs UTC

കൊവിഡ് 10 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പോർച്ചുഗലിൻ്റെ യുവൻ്റസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലുകൾ ആശുപത്രികളാക്കി മാറ്റിയെന്ന വാർത്ത വ്യാജം. പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബണിലുള്ള ക്രിസ്റ്റ്യാനോയുടെ ഹോട്ടൽ അധികൃതർ തന്നെയാണ് ഈ റിപ്പോർട്ടുകൾ തള്ളിയത്. “ഞങ്ങൾ ഹോട്ടലാണ്. ഞങ്ങൾ ആശുപത്രികളാവാൻ പോകുന്നില്ല, ഹോട്ടലായി തുടരും.’- ഹോട്ടൽ വക്താവ് പറഞ്ഞതായി ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ, ഫുട്ബോള്‍ മേഖലയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ ക്രിസ്റ്റോഫ് ടെറിയര്‍ വാർത്ത വ്യാജമാണെന്ന് ട്വീറ്റ് ചെയ്തിരുന്നു. വാർത്ത ആദ്യ റിപ്പോർട്ട് ചെയ്ത മാഴ്സ് ഈ ട്വീറ്റ് നീക്കം ചെയ്തെങ്കിലും തങ്ങളുടെ വെബ്സൈറ്റിൽ നിന്ന് ഈ വാർത്ത നീക്കം ചെയ്തിരുന്നില്ല. എന്നാൽ ഇന്ന് പുലർച്ചെ മാഴ്സ വെബ്സൈറ്റിൽ നിന്ന് വാർത്ത നീക്കം ചെയ്തു. ക്രിസ്റ്റ്യാനോയുടെ ബ്രാൻഡായ ‘സിആർ7’ന്റെ പേരിലുള്ള ഹോട്ടലുകൾ ആശുപത്രികളാക്കി മാറ്റി എന്നായിരുന്നു റിപ്പോർട്ട്. ഈ ആശുപത്രികളിൽ സേവനം ചെയ്യുന്ന ഡോക്ടർമാരും നഴ്സുമാരുമടങ്ങിയ സ്റ്റാഫുകളുടെ ശമ്പളം ഉൾപ്പെടെയുള്ള ചെലവുകൾ ക്രിസ്റ്റ്യാനോ തന്നെ വഹിക്കുമെന്നും ആശുപത്രികളിൽ ചികിത്സ പൂർണമായും സൗജന്യവുമായിരിക്കും എന്നും മാഴ്സ റിപ്പോർട്ട് ചെയ്തിരുന്നു. നിലവിൽ, മെദീരയിലെ തൻ്റെ വീട്ടിൽ സ്വയം ഐസൊലേഷനിൽ കഴിയുകയാണ് ക്രിസ്റ്റ്യാനോ. യുവൻ്റസിൽ ക്രിസ്റ്റ്യാനോയുടെ സഹതാരമായ ഡാനിയേല റുഗാനിക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതിനു പിന്നാലെ ടീമിലെ അംഗങ്ങളെല്ലാം സ്വയം ഐസൊലേഷനിൽ കഴിയുകയാണ്. ക്രിസ്റ്റ്യാനോയുടെ ടെസ്റ്റ് റിസൽട്ട് നെഗറ്റീവ് ആയിരുന്നെങ്കിലും അദ്ദേഹം ഐസൊലേഷനിൽ തന്നെ തുടരുമെന്നാണ് റിപ്പോർട്ട്. ഫുട്ബോൾ ലോകത്ത് ചില താരങ്ങൾക്കും പരിശീലകർക്കും കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. അതിൻ്റെ പശ്ചാത്തലത്തിൽ ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ എല്ലാ ഫുട്ബോൾ ലീഗുകളും നിർത്തിവച്ചിരിക്കുകയാണ്. ക്രിക്കറ്റ് ലോകത്തും പൂർണമായ ഷട്ട് ഡൗണാണ് നിലവിൽ ഉള്ളത്. പരമ്പരകളെല്ലാം നിർത്തിവച്ചു. ആഭ്യന്തര മത്സരങ്ങൾ നിർത്തിവെക്കണം എന്ന് ബിസിസിഐ നിർദ്ദേശം നൽകി. ഇന്ത്യൻ പ്രീമിയർ ലീഗും നീട്ടിവച്ചു. ജനങ്ങൾ ഒരുമിച്ച് കൂടുന്ന ഒരു കായിക മത്സരവും നടത്തരുതെന്നും നടത്തുന്ന മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ ആവണമെന്നും കായിക മന്ത്രാലയം രാജ്യത്തെ സ്പോർട്സ് ഫെഡറേഷനുകൾക്ക് നിർദ്ദേശം നൽകിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.