You are Here : Home / Aswamedham 360

സ്‌നേഹിക്കാന്‍ മാത്രമറിയുന്ന ഹനീഫക്ക

Text Size  

Story Dated: Monday, February 02, 2015 10:30 hrs UTC

നടനും തിരക്കഥാകൃത്തും സംവിധായകനുമായ കൊച്ചിന്‍ ഹനീഫ അന്തരിച്ചിട്ട് ഫെബ്രുവരി രണ്ടിന് അഞ്ചുവര്‍ഷം തികയുകയാണ്. ഹനീഫയ്‌ക്കൊപ്പം ഒരുപാടു സിനിമകളില്‍ ഒന്നിച്ചഭിനയിച്ച ഹരിശ്രീ അശോകന്‍ ഓര്‍ത്തെടുക്കുകയാണ്, ഹനീഫക്കയെന്ന ജ്യേഷ്ഠസഹോദരനെ.

 

 


എറണാകുളം മാര്‍ക്കറ്റിനടുത്താണ് മുനവ്വറുല്‍ ഇസ്ലാം ഹൈസ്‌കൂള്‍. ഞാന്‍ പഠിച്ചത് അവിടെയായിരുന്നു. ഇന്റര്‍വെല്ലിനു വിട്ടാല്‍ അടുത്തുള്ള സര്‍ബത്ത് പീടികയാണ് ഞങ്ങളുടെ താവളം. ഒരു ദിവസം അവിടെനിന്നു സര്‍ബത്ത് കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് കടയ്ക്കുള്ളില്‍ പാന്റും ഷര്‍ട്ടുമിട്ട ഒരാളിരിക്കുന്നതു ശ്രദ്ധിച്ചത്. എവിടെയോ കണ്ടു മറന്ന മുഖം. ഞങ്ങള്‍ സൂക്ഷിച്ചുനോക്കുന്നതു കണ്ടപ്പോള്‍ അയാള്‍ ചിരിച്ചു.
''എടാ അത് ഹനീഫയാ, കൊച്ചിന്‍ ഹനീഫ''
കൂട്ടുകാരിലാരോ പറഞ്ഞു. എനിക്കു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. കാരണം ഹനീഫയെന്ന അറിയപ്പെടുന്ന നടന്‍ ഇത്രയും ചെറിയൊരു സര്‍ബത്ത് കടയ്ക്കുള്ളിലിരിക്കുമോ. ഒടുവില്‍ സര്‍ബത്ത്കടക്കാരനോടു തന്നെ സംശയം ചോദിച്ചു.
''അത് കൊച്ചിന്‍ ഹനീഫ തന്നെയാ. ഹനീഫയുടെ കസിന്‍ ബ്രദറാ ഞാന്‍''
അന്ന് ബെല്ലടിക്കുന്നതു വരെ ഞങ്ങള്‍ ഹനീഫയെത്തന്നെ നോക്കിനിന്നു. ഒരു സിനിമാനടനെ ആദ്യമായി കാണുകയായിരുന്നു ഞാന്‍. പിന്നീടുള്ള എല്ലാ ദിവസവും ഇന്റര്‍വെല്ലിന് ചാടിയിറങ്ങി ആദ്യമെത്തുന്നത് സര്‍ബത്ത് പീടികയിലേക്കാണ്. അവിടെ ഹനീഫയുണ്ടാവുമെന്ന പ്രതീക്ഷയില്‍. പക്ഷേ നിരാശയായിരുന്നു ഫലം.
''ഫനീഫ ഷൂട്ടിംഗിലാണ്. അതു കഴിയുമ്പോള്‍ ഇവിടെ വരും. അപ്പോള്‍ കാണാം''
കടക്കാരന്‍ അങ്ങിനെ പറഞ്ഞതിന്റെ രണ്ടാം ദിവസം കഴിഞ്ഞപ്പോള്‍ ഹനീഫ വീണ്ടും വന്നു. ഞങ്ങളോടു ചിരിച്ചു. അന്നും ഏറെനേരം നോക്കിനിന്നു.
ഹനീഫക്കയുടെ മിമിക്രിയാണ് എന്നെ ആകര്‍ഷിച്ചിരുന്നത്. മിമിക്രി അടുത്തെവിടെയെങ്കിലുമുണ്ടെന്ന് അറിഞ്ഞാല്‍ വീട്ടില്‍ നിന്ന് നേരത്തേ തന്നെ അനുവാദം വാങ്ങിച്ചുപോകും. പിറ്റേദിവസം അതിലെ ഒരോ തമാശകളും കൂട്ടുകാരുടെ മുമ്പില്‍ അവതരിപ്പിക്കും.
ക്രമേണ ഞാനും സിനിമയിലെത്തി. പക്ഷേ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളൊന്നും ആദ്യം കിട്ടിയിരുന്നില്ല. ശരിക്കും പോപ്പുലറാവുന്നത് 'പഞ്ചാബിഹൗസി'ലൂടെയായിരുന്നു. അതിനു കാരണം മറ്റൊന്നുമായിരുന്നില്ല, ഹനീഫക്കായുടെയും ദിലീപിന്റെയൂം കോമ്പിനേഷനായിരുന്നു. 'പഞ്ചാബിഹൗസി'ന്റെ ഉജ്വലവിജയത്തോടെ ഞാനും ഹനീഫക്കായുമുള്ള കോമ്പിനേഷനും ഹിറ്റായി. പിന്നീട് അദ്ദേഹമൊത്ത് ഒരുപാടു സിനിമകള്‍ ഒന്നിച്ചുചെയ്തു. ഹനീഫക്കായുടെ കൂടെ വര്‍ക്കു ചെയ്യുമ്പോള്‍ സമയം പോകുന്നത് അറിഞ്ഞിരുന്നില്ല. ഓരോ നിമിഷവും തമാശകള്‍ പറഞ്ഞുകൊണ്ടേയിരിക്കും. പറയുക മാത്രമല്ല, ഹനീഫക്ക തന്നെ ആദ്യം ഉറക്കെ പൊട്ടിച്ചിരിക്കും. പിന്നെ നമുക്ക് നില്‍ക്കക്കള്ളിയുണ്ടാവില്ല. നമ്മളോടും ചിരിച്ചുപോകും.
ലൊക്കേഷനില്‍ കുറച്ചുസമയം വെറുതെകിട്ടിയാല്‍ ഇരുന്നയിരുപ്പില്‍ത്തന്നെ ഉറങ്ങിക്കളയും. അത് അദ്ദേഹത്തിന്റെ ഒരു ശീലമാണ്. കസേരയിലിരുന്ന് ഹനീഫക്ക ഉറങ്ങുന്നതു കാണുമ്പോള്‍ അസൂയ തോന്നിപ്പോകും. ഇടയ്ക്കിടെയുണ്ടാവുന്ന മറവിയായിരുന്നു മറ്റൊരു പ്രശ്‌നം. മിക്കപ്പോഴും മൊബൈല്‍ വച്ചു മറന്നുപോകും. ഉറക്കമുണര്‍ന്നാല്‍ പലപ്പോഴും ആദ്യം അന്വേഷിക്കുന്നത് സ്വന്തം മൊബൈലിനെയായിരിക്കും.
''അശോകാ, നീയൊരു മിസ്‌കോള്‍ അടിച്ചേ''
ഇങ്ങിനെ പറയുമ്പോഴറിയാം മൊബൈല്‍ മിസ് ആയിരിക്കുന്നു എന്ന്. മിസ്‌കോള്‍ അടിച്ചശേഷം അതു കണ്ടെത്തും. പിന്നീട് കുറേനേരം കഴിഞ്ഞ് സ്വന്തംഫോണില്‍ നിന്ന് വീണ്ടുമെന്നെ വിളിക്കും.
''അശോകാ, നീയെന്തിനാ എന്നെ വിളിച്ചത്''
''അയ്യോ ഹനീഫക്കാ, ഞാന്‍ വിളിച്ചില്ലല്ലോ''
''ഇതിലൊരു മിസ്‌കോള്‍ കണ്ടതുകൊണ്ടു ചോദിച്ചതാ''
''മൊബൈല്‍ കാണാതായപ്പോള്‍ ഞാനടിച്ച മിസ്‌കോളായിരുന്നു അത്''
ഓ, എന്റെയൊരു കാര്യം എന്നു പറഞ്ഞ് സ്വയം ചിരിക്കുമ്പോള്‍ അറിയാതെ നമ്മളോടും ചിരിച്ചുപോവും. അത്രയ്ക്ക് നിഷ്‌കളങ്കമായ മനസായിരുന്നു അദ്ദേഹത്തിന്റേത്. സെറ്റില്‍ ആരോടും ദേഷ്യപ്പെടുന്നതു പോലും ഞാന്‍ കണ്ടിട്ടില്ല. ആരെയും വേദനിപ്പിക്കുന്ന ഒന്നും പറയില്ല. എല്ലാവരോടും സ്‌നേഹത്തോടു കൂടി മാത്രമേ പെരുമാറുകയുള്ളൂ.
ഒരുപക്ഷേ ഹനീഫക്കയ്‌ക്കൊപ്പം ഏറ്റവും കൂടുതല്‍ കോമ്പിനേഷന്‍ സീന്‍ ചെയ്യാന്‍ കഴിഞ്ഞത് എനിക്കാണെന്നു തോന്നുന്നു. അതൊരു ഭാഗ്യമാണ്. അദ്ദേഹം നായകനായി അഭിനയിച്ച 'സി.ഐ.മഹാദേവന്‍ നാലടി അഞ്ച് ഇഞ്ചി'ല്‍ വരെ എനിക്ക് നല്ല കഥാപാത്രമാണു ലഭിച്ചത്.
ലൊക്കേഷനിലെ ഒഴിവുസമയങ്ങളില്‍ സിനിമയ്ക്കു  പറ്റിയ ഒരുപാടു കഥകള്‍ പറയാറുണ്ടായിരുന്നു. മമ്മുക്കയെ വച്ച് ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹം മരിക്കുന്നതിനു മാസങ്ങള്‍ക്കു മുമ്പേ എന്നോടു പറഞ്ഞു. പെട്ടെന്നു ചെയ്തുകൂടെയെന്നു ചോദിച്ചപ്പോള്‍ അതിന് ഷൂട്ടിംഗ് ഒഴിഞ്ഞിട്ടു നേരമില്ലെന്നായിരുന്നു മറുപടി.
''സമയമില്ലാത്തതുകൊണ്ട് ഒരു മീശ പോലും നന്നായി വളര്‍ത്താന്‍ പറ്റുന്നില്ല, അശോകാ, പിന്നല്ലേ സിനിമ.''
ഉപമ കേട്ടപ്പോള്‍ ഞാനും പൊട്ടിച്ചിരിച്ചുപോയി. സെറ്റില്‍ ഉച്ചത്തില്‍ ചിരിച്ചും ചിരിപ്പിച്ചും ഹനീഫക്കയുണ്ടെങ്കില്‍ സമയം പോകുന്നതറിയില്ല. മരിച്ച് അഞ്ചു വര്‍ഷമായിട്ടും മനസില്‍ നിന്ന് ആ ചിരി മായ്ക്കാന്‍ കഴിയില്ല. --------

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.