You are Here : Home / Aswamedham 360

സരിതക്കേസ് മറ്റൊരു ചാരക്കേസ് ആകുമോ?

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Sunday, June 16, 2013 12:57 hrs UTC

മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്റെ സ്ഥാനം തെറിപ്പിച്ച ഐഎസ്ആര്‍.ഒ ചാരക്കേസിന്റെ വഴിയിലേക്കാണ് ഈ ഭരണത്തെ സരിത എസ് നായര്‍ വലിച്ചുകൊണ്ടുപോകുന്നത്. അന്ന് മറിയം റഷീദ എന്നൊരു മാലിക്കാരിയായിരുന്നു പ്രതി എങ്കില്‍ ഇന്ന് മറ്റൊരു സ്ത്രീ. അഴിമതിയും അവിഹിതബന്ധവുമെല്ലാം ചാരക്കേസിലേതുപോലെ സമാസമം ചേര്‍ത്താണ് ഇപ്പോള്‍ വാര്‍ത്തകള്‍ പുറത്തുവരുന്നത്. അന്ന് കെ. കരുണാകരന്‍ കേട്ട അപവാദങ്ങളും അദ്ദേഹം നേരിട്ട അപവാദങ്ങളും കേരള ജനത മറന്നു കാണില്ല. ഒരുപക്ഷേ ഇപ്പോഴത്തെക്കാള്‍ പത്നിന്മടങ്ങ് പ്രാധാന്യമായിരുന്നു മാലിക്കാരി മറിയം റഷീദക്ക് അന്ന്. കരുണാകരനെ പുറത്താക്കാനുള്ള ഗൂഢനീക്കത്തിന് അന്ന് നേതൃത്വം നല്‍കിയ ഉമ്മന്‍ചാണ്ടിയാണ് ഇന്ന് അതേ ആരോപണം നേരിടുന്നതെന്നത് രാഷ്ട്രീയത്തിലെ കൗതുകകരമായ യാദൃശ്ചികതയായിരിക്കാം. ഉമ്മന്‍ചാണ്ടി മന്ത്രിസഭ അധികാരത്തില്‍ വന്നശേഷം ഇത്ര വലിയ പ്രതിസന്ധി നേരിടേണ്ടി വന്നിട്ടില്ല. ത്രാസില്‍ വെച്ച കട്ടകള്‍ പോലെ അങ്ങോട്ടോ ഇങ്ങോട്ടോ എന്ന് ചാഞ്ചാടിക്കൊണ്ടിരിക്കുന്ന ഇപ്പോഴത്തെ സര്‍ക്കാരിന്റെ മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ എ വിഭാഗം മാത്രമാണുള്ളതെന്നതും പ്രതിസന്ധിയുടെ ആഴം വര്‍ധിപ്പിക്കുന്നു. മുന്നണിയിലെ രണ്ടാം കക്ഷിയായ മുസ്ലിം ലീഗ് അടക്കം അഭിപ്രായം പറഞ്ഞിട്ടുമില്ല.

 

മന്ത്രി എം.കെ.മുനീര്‍ പ്രതികരിച്ചുവെങ്കിലും അത് താന്‍ സരിതയെ ഫോണില്‍ വിളിച്ചിട്ടില്ലെന്ന് പറയാന്‍ വേണ്ടി മാത്രമാണ്. ഗണേഷ് കുമാറിന് എതിരെയുള്ള ആരോപണങ്ങള്‍ നിഷേധിക്കാന്‍ വേണ്ടി മാത്രമാണ് പിള്ള വിഭാഗം മുന്നോട്ടുവന്നത്. മന്ത്രിസഭാ പ്രവേശനവുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തല അപമാനിതനായതോടെ ഐ ഗ്രൂപ്പാകെ പ്രതിഷേധം ഉള്ളിലൊതുക്കി കഴിയവെയാണ് മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ ആരോപണം ഉയര്‍ന്നത്. നിയമസഭക്കകത്ത് പ്രതിപക്ഷം മുഖ്യമന്ത്രിയുടെ രാജിക്കായി ആവശ്യം ഉന്നയിക്കുമ്പോഴും എ വിഭാഗം മാത്രമാണ് പ്രതിരോധിക്കാനുള്ളത്. ഐ വിഭാഗം ധനാഭ്യര്‍ഥന ചര്‍ച്ചകളില്‍ പോലും പങ്കെടുക്കാതെ എല്ലാം ആസ്വദിക്കുകയായിരുന്നു. അവസരം ലഭിച്ചാല്‍ നേതൃമാറ്റമെന്ന ആവശ്യമായിരിക്കും ഐ വിഭാഗം ഉയര്‍ത്തുക. ചാരക്കേസിന് സമാനമായ രാഷ്ട്രീയ സാഹചര്യമാണ് സൃഷ്ടിക്കപ്പെടുന്നത്. അന്ന് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലാണ് നേതൃമാറ്റം ആവശ്യപ്പെട്ടത്. വൈകിയാണെങ്കിലും അതിന് ഘടകകക്ഷികളും പിന്തുണ നല്‍കി. സൗരോര്‍ജ തട്ടിപ്പില്‍ മുഖ്യമന്ത്രി പറഞ്ഞതിനപ്പുറമൊന്നും പറയാനില്ലെന്ന നിലപാട് കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല സ്വീകരിച്ചതിലും രാഷ്ട്രീയമുണ്ട്. സര്‍ക്കാറിന്റേയും മുന്നണിയുടെയും ഭാഗമായ മുതിര്‍ന്ന നേതാക്കള്‍ ആരോപണങ്ങള്‍ക്ക് ശക്തിപകരുന്ന പരസ്യനിലപാടെടുക്കുകയും പ്രതിരോധിക്കാന്‍ ബാധ്യതയുള്ള ഐ ഗ്രൂപ്പ് മാറിനില്‍ക്കുകയും ചെയ്യുന്നത് കാരണം സര്‍ക്കാര്‍ പൊതുജനമധ്യത്തില്‍ ദിനംപ്രതി പരിഹാസ്യമാകുകയാണ്.

 

അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നശേഷം പ്രതികരിക്കാമെന്ന ഒഴുക്കന്‍ മറുപടി മാത്രമാണ് കെ.പി. സി.സി പ്രസിഡന്‍റില്‍ നിന്നുണ്ടായിട്ടുള്ളത്. രമേശ് ചെന്നിത്തലയുടെ മന്ത്രിസ്ഥാനത്തിന്റെ പേരില്‍ മുറിവേറ്റ ഐ ഗ്രൂപ്പ് പുതിയ സംഭവവികാസങ്ങളെ ശ്രദ്ധയോടെയാണ് സമീപിക്കുന്നത്. വിവാദം ഉയര്‍ത്തിക്കൊണ്ടുവന്നതിന് പിന്നില്‍ തങ്ങളാണെന്ന പഴികേള്‍ക്കേണ്ടിവരുമെന്നതിനാല്‍ തല്‍ക്കാലം മാറിനിന്ന് വീക്ഷിക്കാനാണ് ഐ ഗ്രൂപ്പിന്റെ നീക്കം. മാത്രമല്ല, തങ്ങള്‍ക്കൊപ്പമുള്ള ചിലരുടെ പേരുകളും തട്ടിപ്പുകാരുമായി ബന്ധപ്പെട്ടുയര്‍ന്നിട്ടുള്ളതും മറുചേരിക്കെതിരെ നീങ്ങുന്നതില്‍ നിന്ന് അവരെ പിന്തിരിപ്പിക്കുന്ന ഘടകമാണ്. സര്‍ക്കാറിനെ രക്ഷപ്പെടുത്താനുള്ള നീക്കങ്ങളിലൊന്നും തല്‍ക്കാലം ഐ വിഭാഗം പങ്കാളികളാവില്ല. ആരോപണങ്ങളെ മുഖ്യമന്ത്രി സ്വയം പ്രതിരോധിക്കട്ടെയെന്ന സമീപനമാണ് അവര്‍ സ്വീകരിച്ചിരിക്കുന്നത്. വിഷയം ബി.ജെ.പി ദേശീയ നേതൃത്വം ഏറ്റെടുത്തതോടെ കോണ്‍ഗ്രസിനും പ്രതികരിക്കേണ്ടി വരും. പൊതു തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഹൈക്കമാന്റ് എന്ത് നിലപാട് സ്വീകരിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും കാര്യങ്ങള്‍ . ഐക്യരാഷ്ട്ര സഭയുടെ അവാര്‍ഡ് ലഭിച്ച് മികച്ച പ്രതിച്ഛായയില്‍ കഴിയവെയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചുഴിയില്‍പ്പെട്ടത്. തന്റെ ഓഫീസ് പരാതിക്കാര്‍ക്കായി 24 മണിക്കൂറും തുറന്നിടാനുള്ള തീരുമാനം വെട്ടിലാക്കിയത് മുഖ്യമന്ത്രിയെതന്നെ. മുഖ്യമന്ത്രിയുടെ ‘തുറന്നിട്ട’ഓഫീസില്‍ കയറിപ്പറ്റിയ ഒരു പരാതിക്കാരിയും പരാതിക്കാരനും ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ മുഖ്യമന്ത്രിസ്ഥാനത്തിനുതന്നെ ഭീഷണിയുയര്‍ത്തുകയാണ്.

 

 

ഭരണമേറ്റതുമുതല്‍ വിവാദത്തില്‍നിന്ന് ഒരുനിമിഷംപോലും ഒഴിഞ്ഞുനില്‍ക്കാന്‍ കഴിയാത്ത ഉമ്മന്‍ചാണ്ടിയുടെ രാജിയിലേക്ക് ഈ വിവാദം നയിക്കുമോ എന്നാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്. കേസില്‍ പ്രതികളുമായി ബന്ധമുണ്ടെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയ മുഖ്യമന്ത്രിയുടെ ഓഫിസിലെ രണ്ടുപേര്‍, കേസിലെ കണ്ണികള്‍ മാത്രമാണെന്നും ഉന്നത രാഷ്ട്രീയ നേതൃത്വം തന്നെ സംഭവത്തിലുള്‍പ്പെട്ടിട്ടുണ്ടെന്നുമാണ് പുറത്തുവരുന്ന വിവരം. സംസ്ഥാന മന്ത്രിസഭയിലെയും ഭരണമുന്നണിയിലെയും ഉന്നതര്‍ക്ക് തട്ടിപ്പുകാരുമായി സാമ്പത്തികവും അവിഹിതവുമായ ബന്ധമുണ്ടെന്നതിന് തെളിവുകള്‍ പുറത്തുവന്നിരിക്കുകയാണ്. ആരോപണങ്ങളെ പ്രതിരോധിക്കാന്‍പോലും സാധിക്കാനാകാതെ ഭരണമുന്നണി വിഷമവൃത്തത്തിലാണ്. മുഖ്യമന്ത്രിയെത്തന്നെ കുടുക്കിലാക്കുന്ന ആരോപണങ്ങള്‍ പുറത്തുവന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കോണ്‍ഗ്രസില്‍ നിന്ന് കാര്യമായ പ്രതിരോധം ഉണ്ടായിട്ടില്ല. ചീഫ് വിപ്പ് പി.സി. ജോര്‍ജ് കേസുമായി ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തല്‍ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കാനുദ്ദേശിച്ചുള്ളതാണെന്ന് സൂചനയുണ്ട്. സരിതയെക്കുറിച്ച് താന്‍ മുഖ്യമന്ത്രിക്ക് മുന്‍കൂട്ടി വിവരം നല്‍കിയിരുന്നുവെന്ന ജോര്‍ജിന്റെ വെളിപ്പെടുത്തല്‍, മുഖ്യമന്ത്രിക്ക് സരിതയുടെ ക്രിമിനല്‍ പാശ്ചാത്തലത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നതിന്റെ തെളിവായി പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.