You are Here : Home / Aswamedham 360

2004 തുടങ്ങിയ പോളിസികൾ കാരണമാണ് കാശ്മീരിൽ തീവ്രവാദത്തിന്റെ നടുവൊടിഞ്ഞത്

Text Size  

മനോജ് പുളിയഴികം

manoj@goldenshades.com

Story Dated: Thursday, March 07, 2019 12:29 hrs UTC


എന്റെ പിതാവ്, പാകിസ്ഥാനുമായുള്ള രണ്ടാമത്തെ യുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട്. ട്രാൻസ്പോർട്ടേഷൻ, യുദ്ധമുഖത്തേക്കുള്ള സപ്ലൈ ട്രക്കിന്റെ ഡ്രൈവർ. പുള്ളി വാറിനെ പറ്റിയൊന്നും കൂടുതൽ പറഞ്ഞിട്ടില്ലെങ്കിലും, യുദ്ധം പ്രഖ്യാപിക്കുന്നതിനോടനുബന്ധിച്ചുള്ള ഇവാക്വേഷൻ, ജനങ്ങളെ ഒഴിപ്പിക്കുന്നതൊക്കെ, സങ്കടമുള്ള ഓർമ്മകളാണെന്നു സൂചിപ്പിച്ചിട്ടുണ്ട്. അനേകായിരം ഗ്രാമവാസികൾ, കൊച്ചു കുട്ടികളും, വയസ്സായവരും, സ്ത്രീകളുമെല്ലാം രായ്ക്കു രാമാനം സ്വന്തം വീട് വിട്ടിറങ്ങി നിര നിരയായി കിലോമീറ്ററകളോളം നടന്നു പോകുന്നത്. പക്ഷെ കാശ്മീരിലെ ശരിക്കുമുള്ള കാര്യങ്ങൾ പറഞ്ഞു തന്നത്, കൊച്ചിലേ മുതലേ ഒരുമിച്ചു കളിച്ചു വളർന്ന കൂട്ടുകാരനാണ്. അവൻ പത്താം ക്ലാസ്സ് കഴിഞ്ഞു നേരെ പൊളി ടെക്നിക്കിനു പോയി, ഇരുപതു വയസ്സാകുന്നതിന് മുൻപേ ആർമിയിൽ ചേർന്നു. പിന്നീട് കാണുന്നത് രണ്ടു മൂന്നു വർഷങ്ങൾക്കു ശേഷമാണ്. വന്നപ്പോഴവന് പോയതിനേക്കാൾ ഒരു ഇരുപതു വയസ്സ് കൂടുതലിന്റെ പക്വതയും. തീവ്രവാദവുമായി ബന്ധപ്പെട്ട കുറേ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. 4

പലതും ഇവിടെ എഴുതാൻ പറ്റാത്തത്. ഒന്നിതാണ്. നാല് ട്രക്ക്, അവരുടെ ബറ്റാലിയൻ കാശ്മീരിൽ ഏതോ ഗ്രാമത്തിലൂടെ പോകുകയാണ്. മൈൻ പൊട്ടി ഒരു ട്രക്കിലുണ്ടായിരുന്ന രണ്ടു ആളുകൾ സ്പോട്ടിൽ തന്നെ മരിക്കുന്നു. ഒരുമിച്ചു ഉണ്ടും ഉറങ്ങിയും, , മണിക്കൂറുകൾക്കു മുൻപ് വരെ കളിച്ചും ചിരിച്ചും, സഹോദരങ്ങളെ പോലെ നടന്നവരാണ്. ഉറപ്പായും അവർക്കറിയാം ആ ഗ്രാമവാസികൾ അറിയാതെ ഇത് സംഭവിക്കില്ലെന്ന്. പിന്നെ അവൻ പറഞ്ഞത്, ഓരോ വീടും കയറി അവിടം അങ്ങ് നിരത്തിയെന്നാണ്. മുതലും പലിശയും എല്ലാം ചേർത്തങ്ങു കൊടുത്തെന്നു. പുറം ലോകം അറിഞ്ഞത് രണ്ടു പട്ടാളക്കാർ മൈൻ പൊട്ടി മരിച്ചെന്നും. പുൽവാമ, തീവ്രവാദി ആക്രമണത്തിൽ നാല്പതു പട്ടാളക്കാർ മരിക്കുന്നതിന് ഒരു മാസം മുൻപ് തന്നെ ലോക ശ്രദ്ധയിൽ വന്നിരുന്നു. ന്യൂയോർക്ക് ടൈംസിലും ഒക്കെ. ഒരു ആറു കാശ്മീരി യുവാക്കൾ ഇന്ത്യൻ ആർമിയുടെ വെടി കൊണ്ട് മരിച്ചത്. കശ്മീരിൽ മുഴുവൻ ദിവസങ്ങളോളം പ്രതിഷേധം ഉണ്ടായിരുന്നു. ഇന്ത്യൻ മാധ്യമങ്ങളിലൊന്നും ഈ വാർത്ത അങ്ങനെ കണ്ടുമില്ല. പാകിസ്ഥാനിൽ, പെഷവാറിൽ ഒന്നും അറിയാത്ത നൂറ്റമ്പതു കൊച്ചു സ്‌കൂൾ കുട്ടികളെ പോയിന്റ് ബ്ലാങ്ക് കൊന്നൊടുക്കുകയും, മാനുഷിക നിയമങ്ങൾക്കു സാധ്യത കൊടുക്കുന്ന ജഡ്‌ജിമാരെ തിരഞ്ഞു പിടിച്ചു കൊല്ലുകയും, രണ്ടു മൂന്നു പേരൊക്കെ തീവ്രവാദികളുടെ ആക്രമണത്തിൽ മരിക്കുകയാണെങ്കിൽ ഒരു വാർത്തയുമല്ലാത്ത രാജ്യത്തിൽ തീവ്രവാദം ഇമ്രാൻഖാന്റെ കൺട്രോളിലാണെന്നു വിശ്വസിക്കുന്നവരുടെ യാഥാർഥ്യ ബോധം സമ്മതിക്കണം.

 

നാട്ടിലിരുന്നു യുദ്ധത്തിന് മുറവിളിക്കുന്നവർ മറ്റൊരു കാര്യവും അറിഞ്ഞാൽ കൊള്ളാം. കേരളം ഒരു സ്ട്രാറ്റജിക് ലൊക്കേഷൻ ആണ്. സതേൺ എയർ കമാൻഡ് തിരുവനന്തപുരത്തു, സതേൺ നേവൽ കമാൻഡ് കൊച്ചിയിൽ, ബ്രഹ്മോസ് മിസ്സൈലുണ്ടാക്കുന്നതു കൊച്ചിയിൽ, കാക്കനാട് നേവി ഡിപ്പോ, പിന്നെ ഷിപ്യാർഡ്, തുമ്പ, ഐ.ടി.ഹബ് എല്ലാം ഇവിടെയാണ്. ഇന്ത്യയുടെ ന്യൂക്ലിയർ മിസൈലുകൾ കേരളത്തിലാണ് സൂക്ഷിച്ചിരിക്കുന്നതെന്നുള്ള കോൺസ്പിറസി തിയറികളും ഉണ്ട്. പാകിസ്ഥാന്റെ ഏറ്റവും പുതിയ 'ഷഹീൻ' മിസൈൽ ഇവിടെ വന്നു വീഴാൻ അഞ്ചു മിനിട്ടു വേണ്ട. പണ്ടത്തെ പോലെ ബോർഡറിലുള്ള പഞ്ചാബികൾക്കും, കാശ്മീരികൾക്കും മാത്രമേയുള്ളു പ്രശ്നം എന്നും വിചാരിച്ചു യുദ്ധം യുദ്ധം എന്ന് കിടന്നു തള്ളുമ്പോൾ, സ്വന്തം തലയ്ക്കു ഒന്ന് വീഴുന്നതും ഒന്ന് സങ്കല്പിച്ചു നോക്കണം. പാകിസ്ഥാനികളെ ഒത്തിരി പേരെ പരിചയമുണ്ട്. സമാധാനം ആഗ്രഹിക്കുന്നവർ, തീവ്രവാദം കാരണം ലോകത്തെവിടെ പോയാലും നാണക്കേടനുഭവിക്കുന്നവർ. ഒരു സായിപ്പു, പാകിസ്ഥാനിയോട് അവൻ എവിടുത്തുകാരനാണെന്നു ചോദിച്ചപ്പോൾ ഇന്ത്യക്കാരനാണെന്നു കള്ളം പറയുന്നത് നേരിട്ട് കണ്ടിട്ടുമുണ്ട്. കഴിഞ്ഞ ആഴ്ചയിലെ സംഭവങ്ങളെ പറ്റി കൊള്ളാവുന്ന ചില പാകിസ്ഥാനികളോടെ സംസാരിച്ചപ്പോൾ അവർക്കു മനസ്സിലായത് ഇതാണ്. ആദ്യം ഇന്ത്യ LOC അതിക്രമിച്ചു കടന്നു. പിന്നെ മുന്നൂറു തീവ്രവാദികൾ മരിച്ചെന്നു തെളിവൊന്നുമില്ലാതെ കള്ളം പറഞ്ഞു. പാകിസ്ഥാൻ പറഞ്ഞു അവർ പ്രതികരിക്കുമെന്ന്. പിന്നെ കണ്ടത് ഒരു ഇന്ത്യൻ പ്ലെയിൻ താഴെ വീഴുന്നതാണ്.

 

പൈലറ്റിനെ നാട്ടുകാർ തല്ലികൊല്ലുന്നതിനു മുൻപ് പാക് പട്ടാളക്കാർ തന്നെ രക്ഷിക്കുന്നു. ഇതിന്റെ വീഡിയോ എടുത്തു ലോകം മുഴുവൻ കാണാൻ വേണ്ടി തെളിവും കൊടുത്തു. പത്തു വോട്ടു പിടിക്കാനുള്ള മോഡിയുടെ നാടകം പൊളിഞ്ഞത് ഇന്ത്യക്കാർക്കു മനസ്സിലാവാത്തതെന്തെന്നു അവർക്കു പിടികിട്ടുന്നില്ലെന്നും. പൈലറ്റിനെ ഉടനെ തന്നെ വിടുവിക്കുമെന്നും ഉറപ്പായിരുന്നു. ചാരന്മാരെ പോലെ ഒരു ഇന്റലിജൻസും ഒരു പൈലറ്റിന്റെ കയ്യിൽ നിന്ന് കിട്ടാൻ സാധ്യത ഇല്ലാത്തതിനാൽ 'മോറൽ ഹൈ ഗ്രൗണ്ട്' എടുക്കുവാനുള്ള അവസരം ആരും പാഴാക്കില്ല. സമയം കഴിയുന്തോറും ഇന്ത്യയുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയെന്നൊക്കെ പേരുമാവും. ഇന്ത്യയെ പറ്റിയും, ഇന്ത്യക്കാരെ പറ്റിയും ഒരു 'ടോളറൻറ്' സമൂഹം ആണെന്ന് ഒരു ഇമേജ് ഉണ്ട്. നമ്മൾ, നമ്മുടെ നേതാക്കൾ 'റീസണബിൽ' ആളുകൾ ആണെന്നുള്ള അവബോധത്തിലാണ് ഒരു രാജ്യത്തിന്റെ 'സോഫ്റ്റ് പവർ' നിൽക്കുന്നത്. ഇതാണ് ഇപ്പോൾ അമ്പത്താറിഞ്ചിനെ കടത്തി വെട്ടി ഇമ്രാൻഖാൻ സ്‌കോർ ചെയ്തിരിക്കുന്നത്. മനുഷ്യരുടെ ഒരു പൊതു സ്വഭാവം ആണ് സ്വയം 'ഓവർ എസ്റ്റിമേറ്റ്' ചെയ്യുന്നത്. ഭരണാധികളും, ഡിക്റ്റേറ്ററുകളും ആകുമ്പോൾ പറയുകയും വേണ്ട. ലോക മഹായുദ്ധങ്ങൾ മുതൽ സദ്ദാം, ഒസാമ വരെ ഉദാഹരണങ്ങൾ ആണ്. കുറച്ചു ആളുകളുടെ ഹാലൂസിനേഷനുകൾ അനേക ലക്ഷം സാധുക്കളുടെ ജീവനെടുക്കുന്ന പ്രതിഭാസം. ഒരു രാജ്യം മറ്റൊരു രാജ്യത്തെ വിരട്ടി കാര്യം സാധിക്കുക എന്നുള്ളത് ഇനിയുള്ള കാലങ്ങളിൽ പ്രതീക്ഷിക്കരുത്. ഒരു ഉദാഹരണം പറയുകയാണെങ്കിൽ സ്വന്തമായി ന്യൂക്ലിയർ മിസൈൽ വരെയുള്ള, കട്ടിങ് എഡ്ജ് ടെക്നോളജിയും, അമ്പതിനായിരം അംഗങ്ങളുമുള്ള ന്യൂയോർക്ക് സിറ്റി പോലീസ് ഡിപ്പാർട്ട്മെന്റിന് നോർത്ത് കൊറിയയെ നേർക്ക് നേരെയുള്ള യുദ്ധത്തിൽ തോൽപിക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല.

 

എട്ടു മൈൽ വിസ്തീർണ്ണത്തിൽ മാത്രം നിൽക്കുന്ന ഒരു പോലീസ് ഡിപ്പാർട്ട്മെന്റിൻറെ കാര്യമാണ്. പക്ഷെ പറഞ്ഞിട്ട് കാര്യമുണ്ടോ? രണ്ടു ദിവസം മുൻപ് ട്രംപ് സംസാരിക്കാൻ വേണ്ടി തന്നെയാണ് കിമ്മിന്റെ അടുത്ത് പോയത്. ഡയലോഗ് അല്ലാതെ ഇനിയുള്ള കാലത്തു വേറെ വഴിയില്ല. പുൽവാമ പോലെയുള്ള മേജർ സംഭവങ്ങൾ ഉണ്ടാകുമ്പോൾ, ഇതിന്റെ കാരണങ്ങൾ അന്വേഷിക്കുമ്പോൾ അതിന്റെ വിത്ത് പാകിയതു വർഷങ്ങൾക്കു മുൻപ് എവിടെയോ ആയിരിക്കും എന്ന് ഊഹിക്കാം. അത് വളർന്നു ഒരു ടിപ്പിംഗ് പോയിന്റിൽ എത്തുമ്പോഴാണ് ട്രാജഡി. കഴിഞ്ഞ വർഷം യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ബെർക്കിലിയിൽ, പലരും പപ്പു മോനെന്നും, കോമാളിയെന്നും വിളിക്കുന്നതിൽ ഒരു പരാതിയുമില്ലാത്ത രാഹുൽ ഗാന്ധി വന്നു കുറച്ചു കാര്യങ്ങൾ പറഞ്ഞിരുന്നു ( ലിങ്ക് കമന്റിൽ ഇട്ടിട്ടുണ്ട്. 56.20 മുതൽ ഒരു ആറു മിനിട്ടുണ്ട് ). അന്ന് കേട്ടപ്പോ തള്ളാണെന്ന് തോന്നിയെങ്കിലും ഇപ്പോൾ അയാൾ പറഞ്ഞതിൽ കാര്യമുണ്ടെന്നു തോന്നുന്നു. പ്രധാനമായിട്ടു.. 2004 മുതൽ കാശ്മീരിൽ തുടങ്ങിയ പല പോളിസികളുടെയും വിജയങ്ങൾ കാരണമാണ് 2013 ആയപ്പോഴേക്കും അവിടെ തീവ്രവാദത്തിന്റെ നടുവൊടിഞ്ഞത്. പഞ്ചായത് രാജ് ഇലെക്ഷനുകൾ, സ്ത്രീകൾക്ക് ബാങ്ക് അക്കൗണ്ട്, സെൽഫ് ഹെല്പ് ഗ്രൂപ്പുകൾ, കോർപറേറ്റുകളെ കൊണ്ടു വരിക, കാശ്മീരി യുവാക്കൾക്ക് ഇന്ത്യക്കകത്തു ജോലിയും വിദ്യാഭാസത്തിനും പ്രേത്യേകം പ്രോഗ്രാമുകൾ. അങ്ങനെ പലതും. ഇതെല്ലം കൊണ്ട് യുവാക്കളിൽ ആത്മവിശ്വാസം ജനിപ്പിക്കാനും പതിയെ കാശ്മീരിലെ ജനങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും പറ്റി.

 

രാഹുൽ രസകരമായി പറഞ്ഞ ചിലതു. കശ്‍മീരിലെ നില മെച്ചപ്പെട്ടോയെന്നു നോക്കാൻ രണ്ടു കാര്യങ്ങൾ ആണ് പുള്ളി നോക്കുന്നതു. ഒന്ന്, എത്ര കൊമേർഷ്യൽ ഫ്ലൈറ്റാണ് കാശ്മീരിലേക്ക് പോകുന്നത്, രണ്ടു, അവിടം സന്ദർശിക്കുമ്പോൾ സ്വന്തം ബോഡി ഗാർഡ് എത്രത്തോളം അകലം പാലിച്ചു നിൽക്കുമെന്ന്. 2004 ൽ പൂജിയം പ്ലെയിനിൽ നിന്ന് 2013 ആയപ്പോഴേക്കും 50 പ്ലെയിൻ വരെ കാശ്മീരിൽ വന്നിരുന്നു. അതിനർത്ഥം കൂടുതൽ ബിസിനസ്സുകൾ, ടൂറിസ്റ്റുകൾ. ചുറ്റി വളഞ്ഞു നിൽക്കുന്ന സെക്യൂരിറ്റി 2013 ആയപ്പോഴേക്കും റിലാക്സ്ഡ് ആവുന്നതും കണ്ടു. പക്ഷെ 2014 സംഭവിച്ച ഓരൊറ്റ കാര്യമാണ് എല്ലാം തകിടം മറിച്ചത്. കാശ്മീരിൽ പി.ഡി.പി.യുമായി മോഡി പോയി അലയൻസ് വച്ചു. അതുണ്ടാവേണ്ട താമസം യുവാക്കൾ കൂട്ടത്തോടെ പി.ഡി.പി. യിൽ നിന്ന് കൊഴിഞ്ഞു പോയി. തീവ്രവാദികൾക്ക് വഴി തുറന്നു കൊടുക്കുകയും ചെയ്തു. പത്തു വർഷം കൊണ്ടുള്ള കഠിനാദ്ധ്വാനം മുപ്പതു ദിവസം കൊണ്ട് ആവിയായി. എല്ലാം ചെറിയ ഒരു രാഷ്ട്രീയ ലാഭത്തിനു വേണ്ടി. രാജ്യ താല്പര്യം രാഷ്ട്രീയ ചൂഷണത്തിന് അടിയറവു വച്ചതു കൊണ്ട്. ആക്രമണം ഉണ്ടായി ഇത്രയും നാളായിട്ടും ഇതൊക്കെ പറഞ്ഞു ഒരു പ്രസ്താവന പോലും രാഹുലിൽ നിന്ന് ഉണ്ടാവാഞ്ഞത് പുള്ളിയോടുള്ള മതിപ്പു വർധിപ്പിച്ചതേയുള്ളു. പിന്നെ, കാശ്മീരിലെ തീവ്രവാദത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും പാകിസ്ഥാന്റെ മണ്ടയിൽ കൊണ്ട് വച്ച് രക്ഷപെടുന്ന കാലവും എന്നേ കഴിഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.