You are Here : Home / Aswamedham 360

കാവ്യ ഭാവനേ, നിനക്കഭിനന്ദനം!!

Text Size  

Story Dated: Monday, February 27, 2017 03:17 hrs UTC

സുധീർ പണിക്കവീട്ടിൽ

 

പെണ്ണ് മോഷണം ഒരു പുതിയ സംഭവമല്ല. യശ്ശശരീരനായ മുൻ മുഖ്യമന്ത്രി നായനാരുടെ ഭാഷയിൽ പറഞ്ഞാൽ പെണ്ണുണ്ടെങ്കിൽ പെണ്ണ് മോഷണവും ഉണ്ടാകും. പുരുഷൻ ഏകനായിരിക്കുന്നത് കണ്ട് അവനു വേണ്ടി അവന്റെ വാരിയെല്ല് അവൻ പോലും അറിയാതെ ഊരിയെടുത്ത് ദൈവം സൃഷ്ടിച്ചവളെ ചിലപ്പോൾ പുരുഷൻ കട്ട് കൊണ്ട് പോകുന്നു, കൂട്ടിക്കൊണ്ട് പോകുന്നു തട്ടികൊണ്ട് പോകുന്നു, കെട്ടിക്കൊണ്ട് പോകുന്നു. ഞങ്ങൾ എന്താ ചരക്കുകളാണോ ഇങ്ങനെ പൊക്കിക്കൊണ്ട് പോകാൻ എന്ന് പെണ്ണുങ്ങൾ ഇടക്കൊക്കെ ശബ്‍ദം വയ്ക്കുമെങ്കിലും അവർക്ക് ഇത് വരെ പുരുഷനെ പൊക്കാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് പൊക്കിക്കൊണ്ട് പോകൽ പുരുഷന്റെ ജന്മാവകാശമായി അവൻ കാണുന്നു. വളർന്നു വരുന്ന പൊടി കൊച്ചന്മാർ വരെ അങ്ങനെ വിശ്വസിക്കുന്നു. സ്ത്രീകൾ പുരുഷന്മാരെ തട്ടികൊണ്ടുപോയ രണ്ട് സംഭവങ്ങൾ ഹിന്ദു പുരാണങ്ങളിലുണ്ട്. പുരുഷ സൗന്ദര്യത്തിൽ ആകൃഷ്ടരായി അവരെ കല്യാണം കഴിക്കാൻ വേണ്ടിയായിരുന്നു അത്.

 

 

വില്ലാളി വീരനായ അർജുനൻ പൂജാകർമ്മാദികൾക്കായി ഗംഗയിൽ കുളിക്കുക പതിവായിരുന്നു. സർപ്പകന്യകയായ ഉലൂച്ചി അർജുനനെ കണ്ട് മോഹിച്ച് വിവശയായി. ഒരു ദിവസം കുളിച്ച്കൊണ്ടിരിന്നപ്പോൾ വളരെ ശക്തമായ ഓളങ്ങൾ അദ്ദ്ദേഹത്തെ നദിയുടെ ആഴത്തിലേക്ക് വലിച്ചിഴച്ചുകൊണ്ട് പോയി.ശ്വാസം കിട്ടാതെ ആ സവ്യസാച്ചി പിടഞ്ഞ്‍കൊണ്ടിരുന്നപ്പോൾ കണ്ടു വളയിട്ട കൈകൾ. മോഹാലസ്യത്തിൽ നിന്നുണർന്നപ്പോൾ തന്റെ മുന്നിൽ ഒരു സുന്ദരി. അവൾ വിവാഹാഭ്യർത്ഥന നടത്തി. അടുത്ത കഥ ബാണാസുരന്റെ മകൾ ഉഷ അവളുടെ സ്വപ്നത്തിൽ ഒരു സുന്ദര പുരുഷനെ കാണുന്നതിനെപ്പറ്റിയാണ്. അയാളുടെ മോഹിപ്പിക്കുന്ന സൗന്ദര്യം അവളുടെ എല്ലാ കടിഞ്ഞാണുകളും പൊട്ടിച്ചു. പക്ഷെ ആൾ എവിടെ? വിവരം കൂട്ടുകാരിയായ ചിത്രലേഖയോട് പറഞ്ഞു. അവൾ രൂപം വർണ്ണിച്ചാൽ അതനുസരിച്ച് പടം വരയ്ക്കാൻ സമർത്ഥയാണ്. കുറേപേരുടെ പടം വരച്ച് കഴിഞ്ഞപ്പോൾ ഉഷയുടെ മാനസമാരനെ കണ്ടെത്തി. അയാൾ മറ്റാരുമായിരുന്നില്ല. ശ്രീകൃഷ്ണന്റെ കൊച്ചുമകൻ അനിരുദ്ധൻ. ദ്വാരകയിൽ നിന്നും അവനെ തട്ടികൊണ്ട് വരുന്ന വിദ്യ നാരദൻ ഉപദേശിച്ചു.

 

 

കൃഷ്ണന്റെ യാദവ വംശവും ഉഷയുടെ അച്ഛന്റെ ദൈത്യ വംശവും തമ്മിൽ അടിപിടി നടക്കുമല്ലോ എന്ന സന്തോഷത്തിലാണ് നാരദൻ ആ ഉപദേശം കൊടുത്തത്. എന്തായാലും ചിത്രലേഖ എന്ന തോഴി പോയി ചെറുക്കനെ ബന്ധിച്ച് കൊണ്ട് വന്നു. കവികൾക്കും ചിത്രകാരന്മാർക്കും ഈ പ്രതിഭാസം വളരെ ഇഷ്ടമായിരുന്നു. ഭാരതത്തിന്റെ ആദി കവി വാത്മീകി എഴുതിയ രാമായണത്തിലും പെണ്ണ് മോഷണം ഉണ്ട്. അതിന്റെ പ്രതികാരമായി നടക്കുന്ന യുദ്ധവും അതുമൂലം പെണ്ണിനെ കട്ടവന്റെയും അദ്ദ്ദേഹത്തിന്റെ കുലത്തിന്റെയും നാശവും വർണ്ണിച്ചിട്ടുണ്ട്. കട്ട്കൊണ്ടുപോയ പെണ്ണിനെ രക്ഷപ്പെടുത്തികൊണ്ട് വന്നാലും ആ നാണക്കേട് പോകില്ലെന്നും ആ പുണ്യഗ്രന്ഥത്തിൽ പറയുന്നുണ്ട്. ഗ്രീക്കുകാരുടെ കവി ഹോമറിന്റെ ഇതിഹാസ കാവ്യത്തിലും സുന്ദരിയായ ഹെലെനെ കട്ടുകൊണ്ട് പോകുന്നതിനെ പറ്റിയാണ് പ്രതിപാദ്യം. ഹെലന് ഇരുപത് വയസ്സ് തികയുന്നതിനു മുമ്പ് അവളെ നാനൂറ് തവണ പലരും തട്ടികൊണ്ട് പോയിട്ടുണ്ടത്രെ. ഇങ്ങനെ പെണ്ണുങ്ങളെ തട്ടികൊണ്ട് പോകൽ ഗ്രീക്കുകാരുടെ വിനോദമായിരുന്നു.

 

 

പുരാതന ഗ്രീസിൽ ഈ തട്ടിക്കൊണ്ടുപോകൽ പെണ്ണുങ്ങളോട് "ഹലോ" പറയുന്നതിന് തുല്യമായിരുന്നു. കന്യകമാരും മനസ്സ് കൊണ്ട് അത്തരം ഒരു സാഹസം ആഗ്രഹിച്ചിരുന്നത്രെ. തന്റെ കപ്പലും കൂടെയുള്ളവരെയും നഷ്ടപ്പെട്ട ഒമ്പത് ദിവസം തിരമാലകളോട് മല്ലടിച്ച് അവസാനം ഒഡിസ്സിസ്സ് ഒരു ദ്വീപിൽ എത്തപെടുന്നു. അവിടെ സുന്ദരിയായ ഒരു ജലദേവത അയാളെ ബന്ധനസ്ഥനാക്കി വയ്ക്കുന്നു. കാമശമനം മുതൽ അമരത്വം വരെ അവർ നൽകാൻ തയ്യാറാണ് എന്നാൽ ഒഡിസിസിനെ വിട്ടുകൊടുക്കില്ല.ഏഴു വർഷം അവരുടെ തടവുകാരനായി അയാൾക്ക് കഴിയേണ്ടി വന്നു. പെണ്ണുങ്ങളും ഇക്കാര്യത്തിൽ മോശക്കാരല്ലെന്നു പുരാണങ്ങൾ അല്ലെങ്കിൽ കവിയുടെ കാവ്യഭാവനകൾ നമ്മോട് പറയുന്നു. മഹാഭാരതത്തിലെ ഭീഷ്മ പിതാമഹനും ചെറുപ്പകാലത്ത് തന്റെ അനിയന്മാർക്ക് വേണ്ടി മൂന്നു സുന്ദരിമാരെ തട്ടിക്കൊണ്ടുപോയി വേളി കഴിപ്പിച്ചു. അതിൽ ഒരാൾ മാത്രം അതിനു വഴങ്ങിയില്ല. കാരണം അവൾ വേറൊരാളെ സ്നേഹിച്ചിരുന്നു. ഭീഷ്മർ അത് മനസ്സിലാക്കി വിട്ടയച്ചെങ്കിലും ഒരിക്കൽ ഒരാൾ തട്ടിക്കൊണ്ടുപോയതുമൂലം അവളുടെ കാമുകൻ അവളെ തിരസ്കരിച്ചു.

 

 

അവൾ സംഹാരരുദ്രയായി ആത്മഹത്യ ചെയ്തു. അടുത്ത ജന്മത്തിൽ പുരുഷനായി ജനിച്ച് പകരം വീട്ടുമെന്ന് പ്രതിജ്ഞ ചെയ്തു. ശിഖണ്ടി എന്ന പേരിൽ അറിയപ്പെട്ട അംബയാണ് ഭീഷ്മരെ കൊന്നതെങ്കിലും അവരുടെ ജീവിതം ആ തട്ടിക്കൊണ്ടുപോകലിൽ ഛിന്നഭിന്നമായി. കഠിന വ്രുതങ്ങളും, തപസ്സുമൊക്കെ ചെയ്തിട്ടും അവൾക്ക് ഭീഷ്മരോട് പ്രതികാരം ചെയ്യാൻ കഴിഞ്ഞില്ല. തട്ടികൊണ്ട് പോയവൻ ശക്തനാണെങ്കിൽ അവനോട് പ്രതികാരത്തിനൊന്നും പോകാതെ വീണു കിട്ടുന്ന ജീവിതം സ്വീകരിച്ച് ജീവിച്ച് മരിക്കുക എന്ന പാഠമാണ് അംബയുടെ കഥയിൽ നിന്നും മനസ്സിലാക്കുക. ഇല ചെന്ന് മുള്ളിൽ വീണാലും മുള്ള് ഇലയിൽ വീണാലും ഇലയ്ക്ക് തന്നെ കേടെന്ന് ഈ പാവം സ്ത്രീയുടെ കഥ പറയുന്നു. ശിഖണ്ഡി ഭീഷ്മർക്ക് നേരെ അമ്പെയതെങ്കിലും അർജുനന്റെ അമ്പ് കൊണ്ടാണ് ഞാൻ വീണത് എന്ന് ഭീഷ്മർ വിളിച്ച് പറഞ്ഞപ്പോൾ അംബ എന്ന ശിഖണ്ടി അമ്പേ പരാജയപ്പെട്ടു. ഇതൊക്കെ എഴുത്തുകാരുടെ കാവ്യഭാവനകൾ ആയിരിക്കാം. എങ്കിലും അതിലും സത്യം മറഞ്ഞിരിക്കുന്നു. ഇന്ന് നമ്മൾ കാണുന്ന എല്ലാ സംഭവങ്ങളും പരിശോധിച്ചാൽ കാണുന്നത് ശക്തിയുള്ളവൻ ശക്തിയില്ലാത്തവനെ ചൂഷണം ചെയ്യുന്നതാണ്. ആ അവസ്ഥക്ക് മാറ്റം വരുന്നില്ലെങ്കിലും സമയമാകുമ്പോൾ ദൈവം രക്ഷിക്കുമെന്ന് മതപ്രവാചകന്മാർ അവരുടെ അരി കാശിനു വേണ്ടി വെറുതെ പറഞ്ഞു മനുഷ്യരെ കബളിപ്പിക്കുന്നു. നിന്നോടൊക്കെ ദൈവം ചോദിക്കുമെന്ന് അശരണന്മാർ മരണം വരെ പറയുന്നത് മാത്രം മിച്ചം. സിംഹം മാൻകുട്ടിയെ പിടിച്ച് തിന്നുന്നു. മാനുകളൊക്കെ നിവേദനങ്ങളുമായി ദൈവത്തിന്റെ അടുത്ത് പോകുന്നില്ല.

 

 

 

മനുഷ്യർ മാത്രമാണ് ദൈവമെന്ന സങ്കല്പം ഉണ്ടാക്കി അവന്റെ ജീവിതം ദുസ്സഹമാക്കുന്നത്. ശക്തിയുള്ളവനേയും ഇല്ലാത്തവനെയും സൃഷ്ടിച്ചത് ദൈവമെന്ന സങ്കലപ്പമാണെങ്കിൽ പിന്നെ എന്തിനു അദ്ദേഹത്തിന്റെ അടുത്ത് പോയി നിലവിളിക്കുന്നു. മൃഗങ്ങൾ ആ പണിക്ക് പോകുന്നില്ല എല്ലാ മതക്കാരും എത്രയോ സമയം പേജ് കണക്കിന് എഴുതിയുണ്ടാക്കിയ പ്രാർത്ഥനകൾ ചൊല്ലി സമയം കളയുന്നു. "നന്മയുള്ളവർക്ക് മാത്രം ബുദ്ധി കൊടുക്കേണമേ" എന്ന ഒറ്റ പ്രാർത്ഥന മതി. ദൈവം അത് കേട്ടാൽ പിന്നെ പ്രശ്നങ്ങൾ ഇല്ല. ഇന്നിപ്പോൾ ബുദ്ധിയുള്ളവർ, ശക്തിയുള്ളവർ അതില്ലാത്തവരെ ചൂഷണം ചെയ്യുന്നു. ഒരു പാവം പ്രൊഫസ്സർ അദ്ദേഹത്തിന്റെ മകൻ മരിച്ചോ ഇല്ലയോ എന്ന് പോലും അറിയാതെ അലഞ്ഞു നടന്നു. അദ്ദേഹത്തിന്റെ ഭാര്യയുടെ മനസ്സിന്റെ സമനില തെറ്റി. ഒടുവി ൽ ആരിൽ നിന്നോ സത്യം അറിഞ്ഞു. അപ്പോഴേക്കും എല്ലാ നഷ്ടപ്പെട്ടു. ആ അവസ്ഥക്ക് കാരണകാരായവർക്ക് ഒന്നും സംഭവിച്ചില്ല. ദൈവം ചോദിച്ചില്ല. അങ്ങേരാണ് അതിനുത്തരവാദി, പിന്നെ എങ്ങനെ പകരം ചോദിക്കും? സദാചാരഗുണ്ടായിസത്തിന്റെ ആദ്യത്തെ ഇര സീതാദേവിയാണ്. ചാരിത്ര്യശുദ്ധിയും അഗ്നിപരീക്ഷയിലെ വമ്പിച്ച വിജയവും മണ്ണാന്റെ പരദൂഷണത്തിൽ മങ്ങിപ്പോയി. അത് ത്രേതായുഗത്തിൽ. പിന്നെ വന്ന ദാപുരയുഗത്തിൽ പാഞ്ചാലിക്ക് അഞ്ചു ഭർത്താക്കന്മാർ ഉണ്ടായി. പക്ഷെ ഗുണമുണ്ടായില്ല. നിറഞ്ഞ സദസ്സിൽ വച്ച് അവളെ വസ്ത്രാക്ഷേപം ചെയ്തു. അവൾ കൃഷ്‌ണനെ വിളിച്ച് കരഞ്ഞു.

 

 

 

 

ചെറുപ്പകാലത്ത് ഗോപികമാർ കുളിക്കുമ്പോൾ അവരുടെ വസ്ത്രങ്ങൾ തട്ടിക്കൊണ്ടുപോയി മരക്കൊമ്പത്ത് വച്ച് രസിച്ചിരുന്ന കൃഷ്ണന് പെൺകുട്ടികൾ നഗ്നരാകേണ്ടിവരുമ്പോഴുള്ള മനോവേദന അറിയാം. അഴിക്കുംതോറും വസ്ത്രങ്ങൾ വന്നു മൂടുന്ന ജാലവിദ്യ കാട്ടി പാഞ്ചാലിയുടെ മാനം കാത്തു. ഇന്നിപ്പോൾ "കൃഷ്ണാ നീ എവിടെ" എന്ന് തൊണ്ടപൊട്ടുമാറ് നിലവിളിക്കാമെന്നു മാത്രം. സ്ത്രീയുടെ സമൂഹത്തിലെ സ്ഥാനം അങ്ങനെ യുഗങ്ങളിലൂടെ മാറിക്കൊണ്ടിരുന്നു. കലിയുഗത്തിൽ അവൾക്ക് വീണ്ടും അരക്ഷിതാവസ്ഥ വന്നു. വാസ്തവത്തിൽ പുരുഷമേധാവിത്വമാണ് പ്രശ്നങ്ങൾക്ക് കാരണം. കന്യകാത്വത്തിനും, ചാരിത്ര്യത്തിനും വലിയ വില കൽപ്പിക്കുന്നത് പുരുഷനാണ്. അവനാൽ നശിപ്പിക്കപ്പെടുന്ന ആ സങ്കല്പം ഒട്ടുമേ പൊട്ടാതെ തട്ടാതെ വേണമെന്ന് അവൻ ശഠിക്കുമ്പോൾ ദൈവത്തിനു പോലും തിരിച്ച് നൽകാൻ കഴിയാത്ത ആ സാധനം സ്ത്രീയെ കണ്ണുരുട്ടി പേടിപ്പിച്ച് അടക്കി ഭരിക്കുന്നു. തട്ടികൊണ്ട് പോയ ഒരു പെണ്ണിനെ ബലാൽസംഗം ചെയ്‌താൽ അവൾ അത് മറച്ച് വയ്ക്കുന്നു. ചില്ലറ പരിക്കോടെ വിട്ടയക്കുമ്പോഴാണ് അവൾ നിയമത്തിന്റെ വഴി തേടുന്നത്. പക്ഷെ അതോടെ അവളുടെ വില ഇടിഞ്ഞു പോകുന്നു. അതെ അവൾക്ക് സമൂഹം വിലയിടുന്നുണ്ട്, വില കെടുത്തുന്നുണ്ട്. ഇപ്പോൾ കേരളത്തിൽ ഒരു നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തെച്ചൊല്ലി വളരെ ഒച്ചപ്പാടുകൾ ഉണ്ടാകുന്നുണ്ട്.

 

ഇവിടെ അമേരിക്കയിലും സമൂഹ നേതാക്കൾ കണ്ണീർ പൊഴിക്കുന്നു. തേങ്ങി കരഞ്ഞു ഞാൻ തേന്മൊഴി നിന്നെ ഓർക്കാത്ത ദിവസങ്ങൾ ഇല്ലിവിടെ എന്നും പൊട്ടിക്കരയിക്കാൻ മാത്രമായി ഞങ്ങൾക്ക് എന്തിനു നീ ദു:ഖം തന്നു എന്നും പാടി പാടി അവർ ചങ്കു പൊട്ടിക്കുന്നു. ജനങ്ങളുടെ വേദന അറിയുമ്പോൾ ഞെട്ടുകയും പൊട്ടിക്കരയുകയും പരിഭ്രമിക്കുകയും ഒക്കെ ഒരു നേതാവ് ചെയ്യണമല്ലോ? പാവപ്പെട്ട രണ്ട് പെൺകുട്ടികളുടെ പ്രേതങ്ങൾ വെളുത്ത സാരി ചുറ്റി ചേട്ടന്മാരെ ഞങ്ങളും ഇവിടെയൊക്കെയുണ്ടെന്നു പറയുന്നെങ്കിലും ആരും കേൾക്കുന്നില്ല. സത്യവും നീതിയും ഒരിക്കലും പുലരാൻ പോകുന്നില്ല. നിയമത്തിന്റെ കറുത്ത കുപ്പായമണിഞ്ഞ ദുർഭൂതങ്ങൾ എല്ലാം മാറ്റി മറിക്കും. കുറ്റകൃത്യങ്ങൾ കുറയാൻ മുഴുവൻ വക്കീലന്മാരെയും കൊല്ലുക എന്ന് പറഞ്ഞ വിശ്വമഹാകവിയെ ഓർക്കുക. അല്ലെങ്കിൽ തന്നെ കോടതിയിൽ നിന്നും എന്ത് നീതി ലഭിക്കാൻ. അവിടെ തെളിവുകൾ അല്ലേ വേണ്ടത്.

 

 

 

സത്യം ആർക്ക് കേൾക്കണം. തലക്ക് ക്ഷതമേറ്റ് രക്തമൊഴുകുമ്പോൾ മലർത്തി കിടത്തി സുരതം നടത്തിയാൽ സ്ത്രീ മരിച്ച് പോകുമെന്ന് പാവം തമിഴൻ ചെക്കനറിയില്ലായിരുന്നു എന്ന് കോടതി നമ്മോട് പറയുന്നു. നമുക്ക് തിരിച്ച് ഒന്നും മിണ്ടാൻ വയ്യ. തിരുവായക്ക് എതിർവായ ഇല്ലല്ലോ? പറഞ്ഞു നോക്കി ഒരു മുൻ ജഡ്ജി. അയാളുടെ നേരെ കോർട്ടലക്ഷ്യം ഉണ്ടാകുമെന്നു അറിയിച്ചു. അദ്ദ്ദേഹം പിൻ മാറി. തെളിവുകൾ മാത്രമാണ് കോടതിയിൽ ആവശ്യമെന്നിരിക്കെ എന്തിനാണ് മനുഷ്യന് കോടതികൾ. ഒരു നല്ല നടിക്ക് ഉണ്ടായ ദുരനുഭവം ഇനിയും ആർക്കും ഉണ്ടാകാതിരിക്കട്ടെ. ഒരു കാര്യം വ്യക്തമാകുന്നു. പ്രശസ്തരെ തൊട്ടു കളിച്ചാൽ കടന്നൽ കൂട്ടം പോലെ അവരുടെ പ്രിയപ്പെട്ടവർ ഇളകും. പുരാണങ്ങളിൽ ഇങ്ങനെ തട്ടിക്കൊണ്ടു പോയവരിൽ രാവണനെ മാത്രമേ ശിക്ഷിച്ചതായി ഈ ലേഖകനറിവുള്ളു. പാവം രാവണൻ. പന്ത്രണ്ട് മാസം സീതാദേവിയെ അദ്ദ്ദേഹം തടങ്കലിൽ വച്ചു. ഒരു പോറൽ പോലും ഏൽപ്പിക്കാതെ. അങ്ങനെ ഒരു ഔദാര്യം രാവണൻ ചെയ്തത് വേദവതിയുടെ ശാപം മൂലം സീതയെ തൊടാൻ കഴിയാത്തത്കൊണ്ടാണെന്നു രാമായണ കർത്താവ് പറയുന്നു. പത്താം മാസത്തിലാണ് ഹനുമാൻ സീതയെ കാണുന്നത്. ഒരു കുഞ്ഞിന് പിറക്കാനുള്ള കാലാവുധി കഴിഞ്ഞ്.

 

 

 

ഒരു പക്ഷെ അങ്ങനെ വല്ലതും സംഭവിച്ചിട്ടുണ്ടോ എന്നന്വേഷിക്കാനാണോ ഹനുമാൻ വന്നത്. രാക്ഷസന്മാർക് പ്രാതൽ ഉണ്ടാക്കാൻ അവരെ കൊടുക്കുമെന്ന് രാവണൻ പറയാറുണ്ടായിരുന്നു. രാവണനിൽ നിന്ന് രക്ഷിച്ച് കൊണ്ട് വന്ന് മാനം കെടുത്തി അവസാനം ഭൂമി പിളർന്ന് അവർ അപ്രത്യക്ഷയായി. ആ രാക്ഷസന്മാർക് പ്രാതൽ ആകുകയായിരുന്നു അതിലും ഭേദം. അംബയെ തട്ടികൊണ്ട് വന്ന ഭീഷ്മർക്ക് ശിക്ഷ കിട്ടിയില്ല. സുന്ദരിമാരുടെ പുറകെ നടക്കുന്ന ദേവേന്ദ്രനും ഒന്നും സംഭവിച്ചില്ല. ഒരു രാവണനെ മാത്രം ഒരു ഉത്തമ പുരുഷോത്തമൻ കൊന്നു. ഇത് തന്നെയാണ് ഇപ്പോഴും നടക്കുന്നത്. ഇങ്ങനെ എഴുതിയത് കൊണ്ടോ ഒന്നോ ഏഴോ പേര് ഇത് വായിച്ചത് കൊണ്ടോ എന്തുണ്ടാകാൻ. ഒന്നും സംഭവിക്കില്ല. സിംഹം മാൻകുട്ടിയെ ഉപദ്രവിക്കും. അത് പ്രകൃതിയുടെ നിയമം. മനുഷ്യനും അങ്ങനെ തന്നെ. അവനെ അവനെക്കാൾ ശക്തിയുള്ളവൻ ഉപദ്രവിക്കും. ഇതൊക്കെ അറിയുന്ന ദൈവം ചിന്തിച്ച് കരയാനും ആലോചിച്ച് വട്ടു പിടിക്കാനും മനുഷ്യന് കഴിവ് കൊടുത്തിട്ടുണ്ടെന്നതിൽ സമാധാനിക്കാം. പാവം മൃഗങ്ങൾക്കതില്ല.

 

ശുഭം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.