You are Here : Home / Aswamedham 360

സാംസ്കാരിക കേരളം എങ്ങോട്ട് ?

Text Size  

Story Dated: Wednesday, July 31, 2013 12:37 hrs UTC

 

 

റവ.ഫാ. ജോണ്‍സണ്‍ പുഞ്ചകോണം, സി.ഇ.ഒ . ഓർത്തഡോൿസ്‌ ടി.വി.

 

 

 

 

സോളാർ വിവാദത്തിന്റെ പേരിൽ രാഷ്ട്രീയകേരളം 40 ദിവസങ്ങൾ പിന്നിടുന്നു. ഇവിടെ സാംസ്കാരിക കേരളം എന്ത് നേടി എന്ന ചോദ്യം മാത്രം അവശേഷിക്കുന്നു. കേരളത്തിലെ മാധ്യമ പടയുടെ മത്സര ഓട്ടത്തിൽ എന്തും പറയാമെന്ന നിലപാട് നമ്മുടെ ധാര്മിക വ്യവസ്ഥിതിയുടെ തകര്‍ച്ചയാണ് വ്യക്തമാക്കുന്നത്. ജീവിച്ചിരിക്കുന്ന സിനിമാനടി മരിച്ചു എന്ന് ഫ്ലാഷ് ന്യൂസ്‌ നല്കിയ മലയാള വാർത്താ മാധ്യമങ്ങളുടെ ചങ്കൂറ്റം അപസർപക കഥയെപ്പോലും വെല്ലുന്നതരത്തിലുള്ള മാധ്യമകിടമത്സരം സമൂഹ മനസാക്ഷിയെ തകർക്കുന്നതാണ്. ചാനൽ ചർച്ചകളുടെ അവതാരകർ തങ്ങളുടെ രാഷ്ട്രീയ ലാഭം മാത്രം നോക്കി ഇത്രയും തരംതാണനിലവാരത്തിലേക്ക് അധംപധിക്കുന്നല്ലോ എന്ന് പരിതപിക്കുവാനെ കഴിയുന്നുള്ളൂ. ബ്രേക്കിങ്ങ്ന്യൂസ്‌ പാപ്പരാസികളുടെ കാമറകൾ കൂടി കടമെടുത്തപ്പോൾ രാഷ്ട്രീയസാമുദായിക അന്തരീക്ഷം ആ പൽകരമായ രൂപമാറ്റത്തിനു വിധേയമായി. ചാനലുകളിലും മറ്റും കയറിയിരുന്ന് ആര്‍ക്കും എന്തും പറയാവുന്ന അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. സ്വപ്നത്തില്‍പ്പോലും കണ്ടിട്ടില്ലാത്തതും കേട്ടിട്ടില്ലാത്തതുമായ കാര്യങ്ങളാണ് മലവെള്ളപ്പാച്ചില്‍പോലെ വരുന്നത്.

 

 

 

റോമിൽ മാർപാപ്പയുടെ ഓഫീസിൽ അഴിമതി ഉണ്ടായപ്പോൾ മാർപാപ്പ രാജി വച്ചു മാതൃക കാട്ടിയതുപോലെ മുഖ്യമന്ത്രിയുടെ ഓഫീസിലും അഴിമതി ഉണ്ടായപ്പോൾ ശ്രീ. ഉമ്മൻ ചാണ്ടി രാജിവക്കണം എന്ന് കത്തോലിക്കാ സഭയുടേതായി വന്ന വാർത്തയും പിന്നീട് സഭയുടെ വിയോചനകുറിപ്പും കണ്ടു. റോമിൽ മാർപാപ്പയുടെ ഓഫീസിലും അഴിമതി ഉണ്ടായി എന്നവർ സമ്മതിക്കുന്നു. മാധ്യമങ്ങൾ അതും ആഘോഷിച്ചു . വ്യാജ ആരോപണങ്ങൾ പാപത്തെക്കൾ മ്ലേച്ചമാണെന്നും അപകീർത്തിപ്പെടുത്തൽ പിശാചിന്റെ തന്ത്രമാണെന്നും മാർ പാപ്പ കഴിഞ്ഞ ദിവസം പറഞ്ഞത് ഇവിടെ സ്മരണീയം. സോളാർ കമ്പനി നാടുനീളെ പരസ്യപ്രചരണം നടത്തി നിരവധിപേരില് നിന്ന് കോടിക്കണക്കിന് രൂപ സമാഹരിച്ചു. വിവിധ തട്ടിപ്പുകേസിലായി ഇതുവരെ നഷ്ടപ്പെട്ടതായി കണക്കാക്കിയിരിക്കുന്നത് പത്തുകോടി രൂപ. എന്നാൽ ഇതിനെ ചൊല്ലി ഉണ്ടായ ബഹളത്തിൽ ജൂണ്‍ 10 മുതല്‍ ജൂലായ് 18 വരെ 28 ദിവസം നടക്കേണ്ടിയിരുന്ന നിയമസഭാ ബജറ്റ്‌സമ്മേളനം ചേര്‍ന്നത് 12 ദിവസം. ഇവിടെ സാധാരണ ജനങ്ങളെ സാരമായി ബാധിച്ചിരിക്കുന്ന പ്രശ്നങ്ങൾ, മഴക്കാലകെടുതികള്‍, വിലക്കയറ്റം, പകര്‍ച്ചവ്യാധികള്‍ തുടങ്ങിയ ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ സഭ ഒരിക്കലും ചര്‍ച്ച ചെയ്തതായി കണ്ടില്ല . സഭയില്‍ ചര്‍ച്ചനടന്നത് വെറും നാലു ദിവസംമാത്രം .13 ദിവസം ചര്‍ച്ചചെയ്യേണ്ടിയിരുന്ന ധനാഭ്യര്‍ഥനകളും അതിന്റെ ധനവിനിയോഗബില്ലും ചര്‍ച്ചചെയ്യാതെ പാസാക്കേണ്ടിവന്നു. എട്ട് അടിയന്തരപ്രമേയങ്ങളും ഒരു സബ്മിഷനും സോളാര്‍ വിഷയത്തെക്കുറിച്ച് മാത്രമായിരുന്നു. നിയമസഭയുടെ ഒരു സമ്മേളനത്തില്‍ ഒരു വിഷയം ഒന്നില്‍ക്കൂടുതല്‍ തവണ അടിയന്തരപ്രമേയമാക്കാന്‍ പാടില്ലെന്ന കീഴ്‌വഴക്കം കാറ്റില്‍പ്പറന്നു. ഈ തട്ടിപ്പില് മുഖ്യമന്ത്രി ഉമ്മന്ചാണ്ടിക്കുള്ള ബന്ധമെന്താണെന്ന് പൊലീസോപ്രതിപക്ഷനേതാക്കളോ പറയുന്നില്ല. എങ്കിലും അദ്ദേഹം രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ മുഖ്യആവശ്യം.

 

 

 

 

 

കേരളത്തിലെ ചില ദൃശ്യമാധ്യമങ്ങള് പ്രകടമാംവിധം വിരുദ്ധ ചേരിയില് പക്ഷം പിടിച്ച് വാര്ത്തകള് അവതരിപ്പിക്കാനും തുടങ്ങി. ഇതിലെല്ലാം വലിയൊരു അനീതിയുടെ രഹസ്യ അജണ്ട ഒളിഞ്ഞിരിപ്പുണ്ട്. അത് നാം കണ്ടില്ലെന്നു നടിക്കുന്നു. കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ കണക്ക് പ്രകാരം ഒരുദിവസത്തെ ഹര്‍ത്താല്‍കൊണ്ട് സംസ്ഥാനത്തിനുണ്ടാകുന്ന സാമ്പത്തികനഷ്ടം 800 മുതല്‍ 1,000 കോടി രൂപവരെ. ഹര്‍ത്താലിനോട് അനുബന്ധിച്ചും മറ്റുദിവസങ്ങളിലും നടത്തിയ വ്യാപകമായ അക്രമങ്ങളിലുണ്ടായ നാശനഷ്ടങ്ങളും ജനങ്ങള്‍ക്കുണ്ടായ കഷ്ടപ്പാടുകളും മറ്റൊരുവശത്ത്. ജനജീവിതം സ്തംഭിപ്പിക്കുന്ന ഹര്‍ത്താല്‍, ഭീതിജനകമായ അക്രമ പ്രവർത്തനങ്ങൾ, പൊതു മുതൽ നശിപ്പിക്കൽ തുടങ്ങി ജനകീയ വിഷയങ്ങള്‍ക്കുപകരം ചില സ്ത്രീകളെ ചുറ്റിപ്പറ്റിയുള്ള വിഷയങ്ങളാണ് ചര്‍ച്ചചെയ്യുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ഗ്രൂപ്പ് രാഷ്ട്രീയവും ചില ജാതി മത ശക്തികളുടെ പ്രലോഭനങ്ങളും കോണ്‍ഗ്രസിലെ തന്നെ സ്വാർദ്ധ മതികളായ ചിലരുടെ അധികാര മോഹങ്ങളും ഇന്നത്തെ പ്രധിസന്ധിക്കു ആക്കം കൂട്ടി എന്നതും വിസ്മരിക്കുന്നില്ല അധികാരത്തിൽ ഇരിക്കുമ്പോള്‍, വിമര്‍ശങ്ങള്‍ സ്വാഭാവികമാണ്. അതിനെ സഹിഷ്ണുതയോടെ സ്വീകരിക്കുകയും വേണം. പക്ഷേ, ആരെക്കുറിച്ചും എന്തും പറയാമെന്ന നിലപാട് നമ്മുടെ വ്യവസ്ഥിതിയുടെ തകര്‍ച്ചയിലെക്കാണ് വിരൽ ചൂണ്ടുന്നത്. രാഷ്ട്രീയപ്രതിയോഗികളെ തകര്‍ക്കാന്‍ ഏതറ്റംവരെ പോകാമെന്നും എന്തും ആയുധമാക്കാമെന്നുമുള്ള നിലപാട് രാഷ്രീയഫാസിസമാണ്. തട്ടിപ്പുപദ്ധതികളുടെ സാധ്യതകള്‍ പഠിക്കാതെയും അതിന് പിന്നിലും മുന്നിലും ഉള്ളവരെക്കുറിച്ച് മനസ്സിലാക്കാതെയുമാണ് പലരും ലക്ഷങ്ങളും കോടികളുമായി എടുത്തുചാടിയത്. മുൻപുണ്ടായ ആട്, തേക്ക്, മാഞ്ചിയം തൊട്ട് ടോട്ടല്‍ ഫോര്‍ യു തട്ടിപ്പുവരെ എത്രയെത്ര അനുഭവങ്ങള്‍. എന്നിട്ടും ആരും ഒന്നും പഠിക്കുന്നില്ല. അതില് ധാരാളം നിക്ഷേപകര് കുടുങ്ങി പണം നഷ്ടപ്പെട്ടു. കള്ളപ്പണം നിക്ഷേപിച്ചവര്ക്ക് പരാതിപ്പെടാന് പറ്റാത്തതിനാല് യഥാര്ത്ഥവെട്ടിപ്പിന്റെ സാമ്പത്തിക വലിപ്പം തിട്ടപ്പെടുത്താന് കഴിയില്ല. അന്നത്തെ ഭരണാധികാരികളാരും സ്ഥാനമൊഴിയേണ്ടി വന്നില്ല.

 

 

 

 

 

സോളാര് തട്ടിപ്പിന് മുഖ്യമന്ത്രി കൂട്ടുനിന്നതായി യാതൊരു തെളിവും പ്രതിപക്ഷം മുന്നോട്ടു വച്ചിട്ടില്ല. തെളിവു വല്ലതുമുണ്ടായിരുന്നെങ്കില് അവര് ഇതിനകം വെളിപ്പെടുത്തുമായിരുന്നു. കള്ളക്കഥകളും വ്യാജ തെളിവുകളും ദുരാരോപണങ്ങളും മാത്രമാണ് ഇതുവരെ ഉന്നയിക്കപ്പെട്ടിട്ടുള്ളത്. വ്യക്തമായ തെളിവുണ്ടെങ്കില് ദുരാരോപണങ്ങളുടെ ആവശ്യമെന്ത്? നിലവിലുള്ള കേസന്വേഷണത്തെക്കുറിച്ച് പ്രതിപക്ഷത്തിനുപോലും ആക്ഷേപമില്ല. രാജ്യത്തെ ഏറ്റവും മികച്ച കുറ്റാന്വേഷണ ഏജന്‍സിയായ സി.ബി.ഐ.ക്ക് കേസ് വിടരുതെന്നാണ് അവരുടെ ആവശ്യം.സോളാര്‍കേസിലെ സത്യം കണ്ടെത്തുകയെന്നതും കുറ്റവാളികളെ ശിക്ഷിക്കുകയെന്നതുമല്ല പ്രതിപക്ഷത്തിന്റെ അജന്‍ഡയിലുള്ളത് എന്ന് വ്യക്തം . പൊതുജനസേവനത്തിനുള്ള യു.എന്‍. പുരസ്‌കാരം നേടിയ മുഖ്യമന്ത്രി അതിന് ഇത്രയും വലിയ വില കൊടുക്കേണ്ടി വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചുകാണില്ല . വാര്‍ത്തവന്ന അന്നുമുതല്‍ സി.പി.എം. നടത്തിയ പ്രചണ്ഡമായ പ്രചാരണങ്ങള്‍ ശ്രദ്ധിച്ചവര്‍ക്ക് ഇത് മനസ്സിലാകും. അവാര്‍ഡ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് യു.എന്‍. ആസ്ഥാനത്തേക്ക് ഇമെയിലുകളുടെ പ്രവാഹമായിരുന്നു. ബഹ്‌റൈനില്‍പ്പോലും പ്രതിഷേധം ആസൂത്രണംചെയ്യാന്‍ ശ്രമിച്ചു.

 

 

അവാര്‍ഡ് ഏറ്റുവാങ്ങി തിരിച്ചെത്തിയപ്പോഴത്തെ പുകില്‍ കേരളം കണ്ടതാണ്. യു.എന്‍. പുരസ്‌കാരം റദ്ദാക്കാനുള്ള ശ്രമം പാഴായപ്പോള്‍, ഇപ്പോള്‍ സി.പി.എം. പറയുന്നത് അവാര്‍ഡ് തിരിച്ചുകൊടുക്കണമെന്നാണ്!ജനസമ്പര്‍ക്കത്തിന് കേരളത്തിനുലഭിച്ച അംഗീകാരമാണിത്. ആ പരിപാടിയില്‍ പങ്കെടുത്ത പതിനായിരക്കണക്കിന് പാവപ്പെട്ടവരുടെ പേരിലാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്. കേരളത്തിന്‍റെ ജനകീയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ രാജി വയ്പ്പിക്കാന്‍ വേണ്ടി കേരളത്തിലെ സകലമാന ജാതി രാഷ്ട്രീയ ഗ്രൂപ്പ് കോമരങ്ങളുടെയും കൂട്ടായ്മ ഉണ്ടാക്കി, പ്രതിപക്ഷവും ചില മാധ്യമങ്ങളും പെടാപ്പാട് പെടുകയാണ്. ജാതിയുടെ പേരിൽ ആരംഭിച്ച് വർഗീയവൽക്കരിച്ച് ,പിന്നീടു ഗ്രൂപ്പുകൾ ഏറ്റെടുത്ത് മുന്നേറുന്ന ഈ പ്രക്ഷോപം ആത്യന്തികമായി കേരളത്തിന്‌ എന്ത് ഗുണം ഉണ്ടാകും എന്ന് ചിന്തിച്ചാൽ നന്ന്. മറ്റു പണി ഇല്ലാതിരിക്കുന്ന പ്രതിപക്ഷത്തിന് രാപ്പകൽ സമരം നല്ലതാണ്. അത് തുടരട്ടെ. അതുകൊണ്ട് സമൂഹത്തിനും സംസ്ഥാനത്തിനും സാമ്പത്തികനഷ്ടം ഒന്നും ഇല്ല. കുറെ കഴിയുമ്പോൾ തനിയെ എണീറ്റ് പൊയ്കൊള്ളും. ജീവിതത്തിൽ ഒരിക്കെലും സ്വന്തം ഇഷ്ടാനിഷ്ടങ്ങളാല്‍ ചഞ്ചലപ്പെടാതെ,കര്‍മ്മധര്‍മ്മങ്ങളോടുംകൂടി ജീവിക്കുമ്പോഴും അകമേ യാതൊരു വിഷമതകളും ബാധിക്കാതെ, ദീര്‍ഘനിദ്രയിലെന്നപോലെ പ്രവര്ത്തന നിരതനാണ്‌ പുതുപള്ളികാരുടെ സ്വന്തം കുഞ്ഞുകുഞ്ഞ്‌.. . . . നിലപാടുകളില്‍ മാത്രമല്ല, അത് പ്രകടിപ്പിക്കുന്നതിലും പാകതയുള്ളയാളാണ് ആധരനീയനായ ശ്രീ. ഉമ്മൻ ചാണ്ടി. മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുമ്പോള്‍, വിമര്‍ശങ്ങള്‍ ഉയരുക സ്വാഭാവികമാണ്. അതിനെ സഹിഷ്ണുതയോടെ നേരിടുവാനുള്ള ദൈവീക കൃപ ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.