You are Here : Home / Aswamedham 360

നിറക്കൂട്ടിലെ ജീവിതം

Text Size  

Geethu Thambi

Aswamedham News Team

Story Dated: Saturday, December 13, 2014 03:55 hrs UTC


സുജിത്തിന് നിറങ്ങളോടുള്ള ഇഷ്ടം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഓര്‍മ വെച്ച നാള്‍ മുതല്‍ നിറങ്ങള്‍ സുജിത്തിനോടൊപ്പമുണ്ട്. വളര്‍ന്നപ്പോള്‍ അത് ജീവിതമാര്‍ഗമായി. ഇന്ന് സുജിത്തിന്റെ ജീവിതത്തെ മുന്നോട്ടു നയിക്കുന്നത് ഈ നിറങ്ങളാണ്. ചാലിച്ച നിറക്കൂട്ടില്‍ നിന്നുള്ള വരുമാനമാണ് ഇന്ന് സുജിത്ത് നായര്‍ എന്ന കലാകാരനായ പ്രൊഫഷണലിന്റെ ജീവിതമാര്‍ഗം.
ഓയില്‍ പെയിന്റിംഗിലൂടെ തന്റെ സര്‍ഗ്ഗാത്മകത വരച്ചിടുന്ന സുജിത്തിന് ഈ വിഷയത്തില്‍ യാതൊരു വിധ അക്കാദമിക് ബിരുദങ്ങളുമില്ല. ആകെയുള്ളത് വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും അകമഴിഞ്ഞ പിന്തുണ മാത്രം. എന്നാല്‍ മറ്റ് കലാകാരന്‍മാര്‍ക്കില്ലാത്ത ഒരു യോഗ്യത സുജിത്തിനുണ്ട്. തിരുവനന്തപുരം സ്വദേശി സുജിത്ത് നായര്‍ ഡബിള്‍ എം.ബി.എ ബിരുദധാരിയാണ്. 
സഹോദരന്‍ സുനില്‍ നായരാണ് വരയുടെ ലോകത്തേക്ക് സുജിത്തിനെ കൈപിടിച്ചുയര്‍ത്തിയത്. ചെറുപ്പം മുതല്‍ തന്നെ ഇരുവരും വരക്കുമായിരുന്നു. സുഹൃത്തുക്കള്‍ക്ക് ചെറിയ ചെറിയ സമ്മാനങ്ങളുടെ രൂപത്തില്‍ ചിത്രം വരച്ച് നല്‍കുമായിരുന്നു. അതായിരുന്നു തുടക്കം. പ്രീഡിഗ്രി പഠനകാലം മുതലാണ് ക്യാന്‍വാസില്‍ വരച്ചു തുടങ്ങിയത്. അമ്മയുടെ വലിയ പിന്തുണയും ഒപ്പമുണ്ടായിരുന്നു. സമയം കിട്ടുമ്പോഴൊക്കെ വരക്കുമായിരുന്നു. പിന്നീട് ജോലിയുടെ തിരക്കില്‍ മുഴുകി. എം.ബി.എ പൂര്‍ത്തിയാക്കിയ ശേഷം ജോലിക്കായി യു.കെ യിലേക്ക് പോയി. അവിടെ വെച്ച് ഒരു എം.ബി.എ കൂടിയെടുത്തു. യു.കെയിലെ ഒരു റെസ്‌റ്റോറന്റില്‍ ജോലി ചെയ്യുന്ന സമയത്ത് റിസപ്ഷനില്‍ വരച്ചു വെച്ച ചിത്രങ്ങള്‍ കണ്ട് ഇഷ്ടപ്പെട്ട വിദേശികള്‍ അത് വാങ്ങിക്കുകയും നാലു ലക്ഷം രൂപ പ്രതിഫലമായി ലഭിക്കുകയും ചെയ്തു. 
'അന്നാണ് ഇതാണ് എന്റെ പ്രൊഫഷന്‍ എന്ന് തിരിച്ചറിയുന്നത്'-  സുജിത്ത് പറയുന്നു. 'എന്റെ ചിത്രങ്ങള്‍ മോശമല്ല എന്ന് മനസിലാക്കിത്തന്നത് അവരാണ്. ഭാവിയില്‍ വാട്ടര്‍മെലണ്‍ എന്ന ആര്‍ട്ട് ഗാലറി തുടങ്ങാന്‍ പ്രചോദനം അന്ന് അവര്‍ തന്ന ആ ആത്മവിശ്വാസമാണ്.' 
യു.കെയിലെ ജോലി അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ സുജിത്തിന്റെ തൊഴില്‍ മേഖലയില്‍ പ്രായം വില്ലനായതിനാല്‍ ജോലി ലഭിച്ചില്ല.  ആ സമയം ചില സുഹൃത്തുക്കളാണ് എന്തുകൊണ്ട് പെയിന്റിംഗ് പ്രൊഫഷനാക്കിക്കൂടാ എന്നു ചോദിച്ചത്. കാരണം വലിയ മാര്‍ക്കറ്റാണ് അതിനുള്ളത്. ആളുകള്‍ ഒരു കോടി മുടക്കി ഒരു വീട് വെച്ചാല്‍ അതില്‍ ഒന്നോ രണ്ടോ ലക്ഷം പെയിന്റിംഗിനായാണ് അവര്‍ നീക്കി വെക്കുന്നത്. അങ്ങനെയൊരു സാഹചര്യത്തില്‍ ഇത് നല്ലൊരു ബിസിനസ് ആണെന്ന് സുജിത്തിനും തോന്നി. അങ്ങനെയാണ് പെയിന്റിംഗ് തൊഴിലാകുന്നത്. 
തിരുവനന്തപുരത്ത് കവടിയാറിനടുത്ത് കുറവങ്കോണം എന്ന സ്ഥലത്ത് സുഹൃത്തിന്റെ തന്നെ കെട്ടിടത്തില്‍ വാട്ടര്‍ മെലണ്‍ എന്ന സ്ഥാപനം ആരംഭിച്ചു. 500 സ്‌ക്വയര്‍ഫീറ്റ് സ്ഥലം ഗാലറിയാക്കി നിലനിര്‍ത്തി.  ഇപ്പോള്‍ ഇന്ത്യക്കകത്തും പുറത്തുമുള്ള ആളുകള്‍ സുജിത്തിന്റെ കസ്റ്റമേഴ്‌സായുണ്ട്. വിദേശത്തുള്ള സഹോദരന്‍ സുനില്‍ ഇടക്ക് വരുമ്പോള്‍ അദ്ദേഹം വരക്കുന്ന പെയിന്റിംഗുകള്‍ കൊണ്ടു വരും. അതും വില്‍പ്പനക്കു വെക്കും. 
        . പൂര്‍ണമായും ബിസിനസ് തന്നെയാണ് തന്റെ ഉദ്ദേശ്യമെന്ന് സുജിത്ത് തുറന്നുപറയുന്നു. അതുകൊണ്ടു തന്നെ മറ്റു കലാകാരന്‍മാരെയും പ്രൊമോട്ട് ചെയ്യാന്‍ സുജിത്ത് തയ്യാറാണ്. പ്രധാനമായും ഓയില്‍ പെയിന്റിംഗ് ചെയ്യുന്ന സുജിത്തിന് വരയില്‍ വിവേചനങ്ങളൊന്നുമില്ല. റിയലിസ്റ്റിക് പെയിന്റിംഗ്‌സ്, ലാന്‍ഡ് സ്‌കേപ്പ് , പോര്‍ട്രയ്റ്റ്‌സ് അങ്ങനെ എന്തും ചെയ്യും. 'പെയിന്റിംഗുകളില്‍ കൂടുതലും വീടുകളിലേക്കാണ് പോകുന്നത്. അതുപോലെ ഓഫീസ്, ഹോട്ടല്‍സ്. വയനാട്ടില്‍ ഒരു ഹോട്ടലിലേക്ക് മുപ്പത് പെയിന്റിംഗ്‌സിന്റെ ഓര്‍ഡര്‍ കിട്ടി. ലീലാ ഹോട്ടലിലേക്കുള്ളത് ഏകദേശം ഉറപ്പായിട്ടുണ്ട്.' ഒരു ലക്ഷത്തിന്റെ പെയിന്റിംഗും അയ്യായിരത്തിന്റെ പെയിന്റിംഗും സുജിത്ത് വില്‍ക്കുന്നുണ്ട്. വാങ്ങാനെത്തുന്നവര്‍ക്ക് തങ്ങളുടെ കൊക്കിലൊതുങ്ങുന്നത് വാങ്ങാം.
'ഇനി ഒരു പെയിന്റിംഗ് എക്‌സിബിഷന്‍ നടത്തണം. വര്‍ക്കില്‍ ക്വാളിറ്റിയുണ്ട് എന്ന് പല സീനിയര്‍ ആര്‍ട്ടിസ്റ്റുകളും അഭിപ്രായപ്പെട്ടിരുന്നു. അതിന്റെ ആത്മവിശ്വാസത്തിലാണ് എല്ലാം. ഗള്‍ഫിലും യൂറോപ്യന്‍ നാടുകളിലും എക്‌സിബിഷന്‍ നടത്തണമെന്ന് ആഗ്രഹമുണ്ട്. അവിടെ അന്ന് 15*20 ന്റെ ഒരു പെയിന്റിംഗിനാണ് 70,000 രൂപ കിട്ടിയത്. അവര്‍ പറയുന്ന വിലക്ക് എടുക്കും. 
'തിരുവന്തപുരം ബഡ്ഡിങ് മാര്‍ക്കറ്റാണ്. പെയിന്റേഴ്‌സ് ധാരാളമുണ്ട്. എന്നാല്‍ ആര്‍ട്ട് ഗാലറികള്‍ കുറവാണ്. കുറച്ചു കൂടി നല്ല മാര്‍ക്കറ്റ് കൊച്ചിയാണ്. ഡല്‍ഹിയിലൊക്കെയായാല്‍ നല്ല ബിസിനസ് നടക്കും. ലണ്ടനിലേക്കൊക്കെ ഒന്ന് വിസിറ്റിങിനായെങ്കിലും കുറച്ചു പെയിന്റിംഗ്‌സുമായി പോകണണമെന്ന് ആഗ്രഹമുണ്ട്.' സുജിത്ത് പറയുന്നു. 
ഇതിനെല്ലാം പുറമെ നല്ലൊരു ഗായകനും ഗിറ്റാറിസ്റ്റും കൂടിയാണ് സുജിത്ത്. ഡ്രംസും വായിക്കും. അത് നാലു വര്‍ഷം പഠിച്ചിട്ടുമുണ്ട്. പഠിക്കുന്ന കാലത്ത് യൂണിവേഴ്‌സിറ്റി ലെവല്‍ ക്രിക്കറ്റ് ടീമിലുണ്ടായിരുന്നു, ബാഡ്മിന്റണ്‍ കളിക്കാരനുമാണ്. അങ്ങനെ സുജിത്ത് കൈവെക്കാത്ത മേഖലകള്‍ ഇല്ലെന്നു തന്നെ പറയാം. ഈ കലാകാരന് ഭാര്യയും മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന മകളുമുണ്ട്. 
ഒരു ആര്‍ട്ടിസ്റ്റ് എന്ന് എല്ലായിടത്തും അറിയപ്പെടണം അതാണ് സുജിത്തിന്റെ ആഗ്രഹം. 'വാട്ടര്‍ മെലണ്‍' എന്ന ആര്‍ട്ട് ഗാലറി ഒരു വലിയ സംഭവമാകണം. പിന്നെ ഒരു കലാകാരന് കിട്ടുന്ന സ്വീകാര്യത. അതു വളരെ വലുതാണ്. അങ്ങനെ ഒരുപാട് ആഗ്രഹങ്ങള്‍. എല്ലാത്തിനും പിന്തുണയുമായി ഒരുപാട് നല്ല സുഹൃത്തുക്കളും സുജിത്തിനുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും സുജിത്തിനൊരു വലിയ സ്വപ്നമുണ്ട്. പെയിന്റിംഗ്‌സുകള്‍ വിറ്റ് ധാരാളം  പണമുണ്ടാക്കി ലോകം മുഴുവനൊന്ന് ചുറ്റിക്കാണുക. അതും രണ്ട് എം.ബി.എ ഉണ്ടായിട്ടും എന്തിന് കലാകാരനായി എന്നു ചോദിക്കുന്ന കുടുംബത്തോടൊരുമിച്ച്………
സുജിത്തിന്റെ മൊബൈല്‍ നമ്പര്‍ - 9037296488

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.