You are Here : Home / Aswamedham 360

മ്യാൻമാർ, ആങ് സാൻ സൂ കീ, ജനാധിപത്യം

Text Size  

സുനിൽ എം എസ്, മൂത്തകുന്നം

sunilmssunilms@gmail.com

Story Dated: Friday, February 17, 2017 12:20 hrs UTC

സമ്പന്നരാജ്യമായ അമേരിക്കയിലെ പൗരത്വം കിട്ടാൻ അവിടെ തുടർച്ചയായി എട്ടു വർഷം ജീവിച്ചാൽ മതി. ചിലരുടെ കാര്യത്തിൽ ഏതാനും വർഷം കൂടി വേണ്ടി വന്നേക്കാം. അസ്വസ്ഥമായ പശ്ചിമേഷ്യയിൽ നിന്നുള്ള അഭയാർത്ഥികളെ യൂറോപ്പിലെ പല രാജ്യങ്ങളും സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്, തുടർന്നും സ്വീകരിക്കുന്നുമുണ്ട്. ഇങ്ങനെ സ്വീകരിക്കപ്പെട്ട അഭയാർത്ഥികൾക്ക് അതതു രാജ്യങ്ങളിലെ പൗരത്വം കിട്ടാൻ എത്ര വർഷം വേണ്ടിവരുമെന്നു നോക്കാം: ജർമ്മനി - എട്ടു വർഷം. ഹംഗറി - മൂന്നു വർഷം. സ്വീഡൻ - അഞ്ചു വർഷം, അഭയാർത്ഥികൾക്കു നാലു വർഷം മതി. ഇറ്റലി - പത്തു വർഷം, അഭയാർത്ഥികൾക്ക് അഞ്ചു വർഷം. ഫ്രാൻസ് - അഞ്ചു വർഷം.

 

പശ്ചിമേഷ്യയിൽ നിന്നുള്ള അഭയാർത്ഥികൾ ഇന്ത്യയിലെത്തുന്നതായി കേട്ടിട്ടില്ല. ഇന്ത്യയിലെത്തുന്ന ഒരു വിദേശിയ്ക്ക് ഇന്ത്യൻ പൗരത്വം കിട്ടാൻ പന്ത്രണ്ടു വർഷം മതി. ഇടയ്ക്കൊരു സൂചന: നാലായിരത്തിലേറെ പദങ്ങളുള്ള, നീണ്ട ലേഖനമാണിത്. സമയമുണ്ടെങ്കിൽ മാത്രം തുടർന്നു വായിക്കുക. എന്നാൽ ഏഷ്യയിലെ ദരിദ്രരാജ്യങ്ങളിലൊന്നായ മ്യാൻമാറിലെ പൗരത്വം കിട്ടണമെങ്കിൽ ഇപ്പറഞ്ഞ കാലയളവൊന്നും മതിയാവില്ല; 194 കൊല്ലം തുടർച്ചയായി മ്യാൻമാറിൽ ജീവിക്കുന്ന കുടുംബങ്ങളിലെ അംഗങ്ങൾക്കു മാത്രമേ സമ്പൂർണപൗരത്വം കിട്ടുകയുള്ളൂ! പണ്ടു നമ്മുടെ തീവണ്ടികളിലുണ്ടായിരുന്നതു പോലുള്ള ഉച്ചനീചത്വങ്ങൾ മ്യാൻമാറിലെ പൗരത്വത്തിനുമുണ്ട്. തീവണ്ടിയിൽ പണ്ട് ഒന്നാം ക്ളാസ്സ്, രണ്ടാം ക്ളാസ്സ്, മൂന്നാം ക്ളാസ്സ് എന്നിങ്ങനെ മൂന്നു ക്ളാസ്സുകളുണ്ടായിരുന്നു. മ്യാൻമാറിലെ പൗരത്വവും മൂന്നു ക്ളാസ്സുകളിലായി വേർതിരിച്ചിട്ടുണ്ട്: പൗരത്വം, അസോസിയേറ്റ് പൗരത്വം, നാച്ച്വറലൈസ്ഡ് പൗരത്വം.

 

 

 

ഇവയിൽ സമ്പൂർണമായതു പൗരത്വമാണ്. പൗരത്വമുള്ളവർക്കു മാത്രമേ അവിടത്തെ ഭരണത്തിൽ പങ്കു വഹിക്കാനുള്ള അവകാശമുള്ളൂ. അസോസിയേറ്റ് പൗരത്വം, നാച്ച്വറലൈസ്ഡ് പൗരത്വം എന്നിവ മാത്രമുള്ളവർക്കു തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശമില്ല; അതുകൊണ്ടവർക്കു ഭരണാധികാരികളുമാകാനാവില്ല. നൂറ്റാണ്ടുകളായി മ്യാൻമാറിൽ ജീവിച്ചുപോരുന്ന ഭൂരിപക്ഷസമുദായങ്ങൾക്കു മാത്രമായി ഭരണാധികാരം പരിമിതപ്പെടുത്തുകയാണ് ഈ നിയന്ത്രണങ്ങളുടെ ഉദ്ദേശ്യലക്ഷ്യമെന്നു വ്യക്തം. വംശാധിപത്യേച്ഛയുടെ പല രൂപങ്ങളിലൊന്ന്. നമ്മുടെ നാട്ടിലെ കാര്യമെത്ര എളുപ്പം! ഇരുപത്തഞ്ചു വയസ്സു തികഞ്ഞ ഏതു പൗരനുമിവിടെ പ്രധാനമന്ത്രിയാകാം, മുപ്പത്തഞ്ചു വയസ്സു തികഞ്ഞ ഏതു പൗരനുമിവിടെ രാഷ്ട്രപതിയുമാകാം. മ്യാൻമാറിലാകട്ടെ, എഴുപതു വയസ്സു കഴിഞ്ഞ ആങ് സാൻ സൂ കീ എന്ന ആഗോളപ്രശസ്തയായ വനിതയ്ക്കു രാഷ്ട്രപതിയാകാൻ മറ്റാർക്കുമില്ലാത്ത യോഗ്യതകളെല്ലാമുണ്ടായിട്ടും അതു സാദ്ധ്യമാകുന്നില്ല. സൂ കീയ്ക്കു സമാധാനത്തിനുള്ള നോബൽ സമ്മാനം കിട്ടിയിട്ടുണ്ട്, ഒന്നിലേറെ ബിരുദങ്ങളുണ്ട്, ബിരുദാനന്തരബിരുദമുണ്ട്. അഹിംസയിലും ജനാധിപത്യത്തിലും സൂ കീയ്ക്ക് അടിയുറച്ച വിശ്വാസമുണ്ട്. മുകളിൽപ്പറഞ്ഞ, 194 കൊല്ലം തുടർച്ചയായി മ്യാൻമാറിൽ ജീവിച്ചുപോരുന്നൊരു കുടുംബത്തിലെ അംഗവുമാണു സൂ കീ. മ്യാൻമാറിന്റെ രാഷ്ട്രപിതാവായി കണക്കാക്കപ്പെടുന്ന, പരേതനായ ആങ് സാൻ എന്ന മഹദ്‌വ്യക്തിയുടെ മകളുമാണു സൂ കീ.

 

 

 

ഇതിനെല്ലാമുപരിയായി, സൂ കീയുടെ നേതൃത്വത്തിലുള്ള പാർട്ടി ഏറ്റവുമൊടുവിൽ നടന്ന പാർലമെന്റു തെരഞ്ഞെടുപ്പിൽ എൺപതു ശതമാനത്തിലേറെ സീറ്റുകളും നേടിയിട്ടുണ്ട്. ഇതൊക്കെയായിട്ടും, സൂ കീയ്ക്കു മ്യാൻമാറിലെ രാഷ്ട്രപതിയാകാനാകുന്നില്ല! ഈ 194 കൊല്ലമെന്ന ഉപാധിയെപ്പറ്റി അല്പം ചരിത്രം: 194 വർഷം മുമ്പ്, 1823ൽ, ബ്രിട്ടൻ മ്യാൻമാറിന്റെ ചില ഭാഗങ്ങൾ കൈയടക്കി. തുടർന്ന്, അല്പാല്പമായി, മ്യാൻമാറിന്റെ ഭൂരിഭാഗവും ബ്രിട്ടൻ കൈവശപ്പെടുത്തി. അധികം താമസിയാതെ മ്യാൻമാർ ബ്രിട്ടന്റെ കോളനിയായി മാറി. അന്ന് ഇന്ത്യയും ബ്രിട്ടന്റെ കോളനി തന്നെ. ഇന്ത്യയും മ്യാൻമാറും അടുത്തടുത്തു കിടക്കുന്ന സ്വന്തം കോളനികളായതുകൊണ്ട്, ബ്രിട്ടൻ ഭരണസൗകര്യാർത്ഥം മ്യാൻമാറിനെ ബ്രിട്ടീഷ് ഇന്ത്യയുടെ പ്രോവിൻസുകളിലൊന്നാക്കി. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ബ്രിട്ടീഷ് ഇന്ത്യയിൽ മദ്രാസ്, ബോംബേ, ബംഗാൾ, മുതലായ എട്ടു പ്രോവിൻസുകളുണ്ടായിരുന്നു. അവയിലൊന്നായിരുന്നു ബർമ്മാ പ്രോവിൻസും. 1937ൽ ബ്രിട്ടൻ മ്യാൻമാറിനെ ബ്രിട്ടീഷിന്ത്യയിൽ നിന്നടർത്തി, ബർമ്മാ ഓഫീസിന്റെ കീഴിലാക്കി; സ്വന്തം കോളനി തന്നെ, വേറിട്ട ഒന്ന് എന്നു മാത്രം. മ്യാൻമാറിനെ ബ്രിട്ടന്റെ കൈപ്പിടിയിൽ നിന്നു വിടുവിക്കാൻ കഠിനാദ്ധ്വാനം നടത്തിയ വ്യക്തിയായിരുന്നു, ആങ് സാൻ സൂ കീയുടെ പിതാവായിരുന്ന ആങ് സാൻ. ‘ആങ് സാൻ’, ‘ആങ് സാൻ സൂ കീ’: ഈ പേരുകൾ ആശയക്കുഴപ്പമുണ്ടാക്കാനിടയുണ്ട്.

 

 

 

അതൊഴിവാക്കാൻ ചെറിയൊരു വിശദീകരണം സഹായിക്കും. മാതാപിതാക്കളുടേയും, മാതാപിതാക്കളുടെ മാതാപിതാക്കളുടേയും പേരുകളിൽ നിന്നാണു മ്യാൻമാറിലെ പലർക്കും പേരുകൾ കിട്ടുന്നത്. ആങ് സാൻ സൂ കീയുടെ പേരിന്റെ തുടക്കത്തിലുള്ള ‘ആങ് സാൻ’ പിതാവായ ആങ് സാനിൽ നിന്നാണു കിട്ടിയത്. ആങ് സാനിന്റെ മാതാവിന്റെ (സൂ കീയുടെ പിതൃമാതാവ്) പേരിൽ നിന്നു സൂ എന്ന പേരു കിട്ടി. ആങ് സാനിന്റെ പത്നിയും ആങ് സാൻ സൂ കീയുടെ മാതാവുമായിരുന്ന ഖിൻ കീയിൽ നിന്നു കീ എന്ന പേരും കിട്ടി. അങ്ങനെ, ആങ് സാനിന്റേയും ഖിൻ കീയുടേയും മകൾക്ക് ആങ് സാൻ സൂ കീ എന്ന പേരു കിട്ടി. ബ്രിട്ടനെതിരെ പോരാടാൻ ഇന്ത്യയിൽ സുഭാഷ് ചന്ദ്രബോസ് ഇന്ത്യൻ നാഷണൽ ആർമി രൂപീകരിച്ചു. അതേ പോലെ, മ്യാൻമാറിൽ ബ്രിട്ടീഷ് മേൽക്കോയ്മയ്ക്കെതിരേ പോരാടാൻ ആങ് സാൻ ബർമ്മാ ഇൻഡിപെന്റൻസ് ആർമിക്കു രൂപം കൊടുത്തു. ബോസിനെപ്പോലെ ആങ് സാനും ബ്രിട്ടന്റെ ശത്രുവായിരുന്ന ജപ്പാന്റെ സഹായം തേടി. ശത്രുവിന്റെ ശത്രു മിത്രം. ഇമ്പീരിയൽ ജാപ്പനീസ് ആർമിയോടൊത്ത് ബർമ്മാ ഇൻഡിപ്പെന്റൻസ് ആർമി ബ്രിട്ടീഷ് സൈന്യത്തിനെതിരെ പോരാടി. ഇരുകൂട്ടരും ചേർന്ന് 1942ൽ ബ്രിട്ടനെ പരാജയപ്പെടുത്തി. ആങ് സാൻ ബർമ്മാ ഡിഫൻസ് ആർമി രൂപീകരിച്ചു. 1943ൽ ജപ്പാൻ തങ്ങളുടെ ആധിപത്യം കൈവിടാതെ തന്നെ മ്യാൻമാറിനു നേരിയ ആഭ്യന്തര ഭരണസ്വാതന്ത്ര്യം അനുവദിച്ചു. ഭാഗികമായ സ്വയംഭരണമുള്ള ബർമ്മീസ് സർക്കാർ രൂപം കൊണ്ടു. ആങ് സാനായിരുന്നു, അതിന്റെ നേതൃസ്ഥാനത്ത്. ബർമ്മാ ഡിഫൻസ് ആർമി ബർമ്മാ നാഷണൽ ആർമിയായിത്തീർന്നു. ജപ്പാൻ അധികം താമസിയാതെ മ്യാൻമാറിനു പൂർണസ്വാതന്ത്ര്യം നൽകുമെന്ന പ്രതീക്ഷ അസ്ഥാനത്തായി. “വിരുന്നു വന്നവർ ഭരണം പറ്റി” എന്ന കവിവാക്യം അന്വർത്ഥമായി. മ്യാൻമാർ വിട്ടൊഴിഞ്ഞു പോകാൻ ജപ്പാൻ വരുത്തിയ വിളംബം മ്യാൻമാറിനു പൂർണസ്വാതന്ത്ര്യം നൽകാനുള്ള യാതൊരുദ്ദേശവും ജപ്പാന് ഇല്ലെന്നു വ്യക്തമാക്കി. ജപ്പാൻ ബ്രിട്ടനേക്കാൾ വെറുക്കപ്പെട്ടവരായി. ആങ് സാൻ ജപ്പാനെതിരെ പ്രതിഷേധിച്ചു, പട നയിച്ചു. ജപ്പാന്റെ ആധിപത്യം അവസാനിപ്പിക്കാൻ വേണ്ടി, ആങ് സാൻ ബ്രിട്ടീഷുകാരുമായി സഖ്യത്തിലെത്തി: വീണ്ടും ശത്രുവിന്റെ ശത്രു മിത്രം. 1945ൽ ബർമ്മാ നാഷണൽ ആർമിയുടെ സഹായത്തോടെ ബ്രിട്ടീഷ് സഖ്യസേന ജപ്പാനെ മ്യാൻമാറിൽ നിന്നു തുരത്തി. മ്യാൻമാർ വീണ്ടും ബ്രിട്ടന്റെ അധീനതയിലായി. ഇത്തവണ വലിയ പ്രശ്നമുണ്ടായില്ല: മ്യാൻമാറിന്റെ ആധിപത്യം വീണ്ടും ബ്രിട്ടനു കൈവന്നെങ്കിലും, അധികം താമസിയാതെ തന്നെ മ്യാൻമാറിനു സ്വാതന്ത്ര്യം ലഭിക്കുന്നതിനുള്ള ചർച്ചകൾക്ക് ആങ് സാനിന്റെ നേതൃത്വത്തിൽ തുടക്കമായി. 1947 ജനുവരിയിൽ ലണ്ടനിൽ വെച്ച് ആങ് സാൻ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ക്ളെമന്റ് അറ്റ്ലിയുമായി കരാറൊപ്പു വെച്ചപ്പോൾ മ്യാൻമാറിന്റെ സ്വാതന്ത്ര്യം ഉറപ്പായി.

 

 

 

 

 

അധികാരക്കൈമാറ്റം സംബന്ധിച്ച നടപടികളുടെ ഭാഗമായി 1947 ഏപ്രിലിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ ആങ് സാന്റെ നേതൃത്വത്തിലുള്ള ആന്റി ഫാഷിസ്റ്റ് പീപ്പിൾസ് ഫ്രീഡം പാർട്ടി കോൺസ്റ്റിറ്റ്യുവന്റ് അസംബ്ളിയിൽ 83% സീറ്റുകൾ നേടി; ആങ് സാൻ പ്രധാനമന്ത്രിയായി. പൂർണസ്വാതന്ത്ര്യലബ്ധിയ്ക്കു മാസങ്ങൾ മാത്രം ശേഷിച്ചിരിക്കെ, 1947 ജുലായ് പത്തൊമ്പതിന് ആങ് സാനിന്റെ രാഷ്ട്രീയപ്രതിയോഗിയായ യു സോ അയച്ച ആയുധധാരികൾ ആങ് സാനിനേയും അദ്ദേഹത്തിന്റെ ആറു മന്ത്രിമാരേയും വെടിവെച്ചു കൊലപ്പെടുത്തി. ആങ് സാൻ ചരിത്രാവശേഷനായെങ്കിലും, അദ്ദേഹം ആശിച്ചിരുന്നതു പോലെ തന്നെ അടുത്ത വർഷം, 1948ൽ, മ്യാൻമാറിനു സ്വാതന്ത്ര്യം കിട്ടി. ആങ് സാൻ സ്വതന്ത്രമ്യാൻമാറിന്റെ രാഷ്ട്രപിതാവായി ആരാധിക്കപ്പെടുന്നു. ഇത്രയും ചരിത്രം. മ്യാൻമാർ ബ്രിട്ടീഷ് കോളനി ആയിത്തീരുന്നതിനു മുമ്പു മ്യാൻമാറിൽ ജീവിച്ചിരുന്നവരുടെ പരമ്പരകൾക്കു മാത്രമേ പൗരത്വമുള്ളൂ എന്നൊരു നിയമം 1982ൽ മ്യാൻമാറിൽ പ്രാബല്യത്തിൽ വന്നതോടെയാണു പൗരത്വപ്രശ്നം തലപൊക്കിയത്.

 

 

 

 

1823നു മുമ്പ് മ്യാൻമാറിൽ ആരൊക്കെ സ്ഥിരതാമസമാക്കിയിരുന്നു എന്നുള്ളതിന് ആധികാരികമായ തെളിവുകൾ ലഭ്യമായിരുന്നു കാണാനിടയില്ല. അവയന്വേഷിച്ചു കണ്ടെത്തുകയെന്ന പാഴ്‌വേലയ്ക്ക് അന്നത്തെ സർക്കാർ തുനിഞ്ഞുമില്ല; ഉർവശീശാപം ഉപകാരം. ബാമർ, കച്ചിൻ, കയാഹ്, കയിൻ, ചിൻ, മോൻ, രഹൈൻ, ഷാൻ മുതലായ ചില ഭൂരിപക്ഷ സമുദായങ്ങൾക്കു മാത്രമായി പൗരത്വം പരിമിതപ്പെടുത്തണമെന്നതായിരുന്നു സാൻ യൂ എന്ന ജനറൽ നേതൃത്വം വഹിച്ചിരുന്ന അന്നത്തെ പട്ടാളസർക്കാരിന്റെ ഉദ്ദേശ്യം. പൗരത്വനിയമം നിലവിൽ വന്നപ്പോൾ ആ ഭൂരിപക്ഷ സമുദായങ്ങൾക്കു പൂർണപൗരത്വം ലഭിച്ചു. ബാമർ എന്ന സമുദായം ജനസംഖ്യയുടെ അറുപത്തെട്ടു ശതമാനത്തോളം വരും. ബാമറും അതോടൊപ്പം മുകളിൽപ്പറഞ്ഞ സമുദായങ്ങളും ആകെ ജനസംഖ്യയുടെ തൊണ്ണൂറ്റൊന്നു ശതമാനത്തോളം വരും. സമ്പൂർണപൗരത്വം ലഭിച്ചിരിക്കുന്ന ഈ സമുദായങ്ങളെല്ലാം ബുദ്ധമതവിശ്വാസികളുമാണ്. ആകെ ജനസംഖ്യയുടെ തൊണ്ണൂറ്റൊന്നു ശതമാനം ബുദ്ധമതാനുയായികളുള്ള മ്യാൻമാർ മതേതരരാഷ്ട്രമല്ല, പ്രത്യുത, ബുദ്ധമതരാഷ്ട്രമാണ്; ബുദ്ധമതം ദേശീയമതവും. വാസ്തവത്തിൽ ഇന്ത്യയെപ്പോലുള്ള മതേതരരാഷ്ട്രങ്ങൾ ഏഷ്യയിൽ കുറവാണ്. മ്യാൻമാറുൾപ്പെടെ പത്തു രാഷ്ട്രങ്ങളുണ്ടു ദക്ഷിണപൂർവേഷ്യയിൽ. അവയിൽ, ഒരു കോടിയിലേറെ ജനസംഖ്യയുള്ള രാഷ്ട്രങ്ങളിൽ മതേതരമെന്നു പറയാവുന്നതായി ആകെ രണ്ടു രാഷ്ട്രങ്ങളേയുള്ളൂ: ഫിലിപ്പൈൻസും വിയറ്റ്നാമും. അഞ്ചു കോടിയിലേറെ ജനങ്ങളുള്ള മ്യാൻമാർ മതേതരരാഷ്ട്രമല്ല.

 

 

 

1982ലെ പൗരത്വനിയമം നിലവിൽ വന്നതോടെ ഭരണാധികാരം ജനസംഖ്യയുടെ അറുപത്തെട്ടു ശതമാനത്തോളം വരുന്ന ബാമർ എന്ന വിഭാഗത്തിന്റെ കൈപ്പിടിയിലായെന്നു പറയാം. ബാമർ എന്ന പദത്തിൽ നിന്നാണു ബ്രിട്ടീഷുകാർ നൽകിയ ബർമ്മ എന്ന പഴയ പേരുണ്ടായത്. ബർമ്മ ബാമർമാരുടേത് എന്നൊരു പൊതുധാരണയുണ്ട്. മ്യാൻമാർ എന്ന പദവും ബാമറിൽ നിന്നുണ്ടായതാണ്. 1989ൽ നിലവിലുണ്ടായിരുന്ന ബർമ്മീസ് സർക്കാർ സ്ഥലനാമങ്ങൾക്കു മാറ്റം വരുത്തിയപ്പോൾ ബർമ്മ മ്യാൻമാർ ആയിത്തീർന്നു, നമ്മുടെ കൽക്കട്ട കൊൽക്കത്തയും കാലിക്കറ്റ് കോഴിക്കോടും ആയതുപോലെ. യൂറോപ്പുകാർ വിരളമായി മാത്രമേ മ്യാൻമാർ എന്ന പേരുപയോഗിക്കാറുള്ളൂ. അവർക്കിപ്പോഴും മ്യാൻമാർ ബർമ്മ തന്നെയാണ്. ബർമ്മ എന്ന പേരു കേൾക്കുമ്പോൾ ചിലർക്കെങ്കിലും ഇന്ത്യയിലുണ്ടായിരുന്ന ബർമ്മാ ഓയിൽ കമ്പനി (ബി ഓ സി), ബർമ്മാ ഷെൽ എന്നീ പേരുകൾ ഓർമ്മ വന്നേക്കാം. ഇവയ്ക്കു ബർമ്മയുമായി എന്തെങ്കിലും ബന്ധമുണ്ടായിരുന്നോ എന്ന ചോദ്യവുമുയർന്നേക്കാം. നാലു പതിറ്റാണ്ടു മുമ്പാണിവിടെ, ഇന്ത്യയിൽ, ബർമ്മാ ഷെൽ എന്ന പെട്രോളിയം കമ്പനിയുണ്ടായിരുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ, അതു ബർമ്മാ ഓയിൽ കമ്പനിയായിരുന്നു. ബർമ്മാ ഓയിൽ കമ്പനിയുടെ തുടക്കമാകട്ടെ, റംഗൂൺ ഓയിൽ കമ്പനിയെന്ന പേരിലും. എല്ലാം ബ്രിട്ടീഷ് കമ്പനികൾ. മ്യാൻമാറിന്റെ തലസ്ഥാനമായ യാംഗോണിന്റെ പഴയ പേരാണു റംഗൂൺ. ബർമ്മാ ഓയിൽ കമ്പനി മ്യാൻമാറിലും പ്രവർത്തിച്ചിരുന്നെന്നു പറയേണ്ടതില്ലല്ലോ. 1962ൽ ജനറൽ നെവിന്റെ നേതൃത്വത്തിലുള്ള ബർമ്മീസ് പട്ടാളം ഭരണം പിടിച്ചെടുത്തിരുന്നു. അതായിരുന്നു, നാല്പത്തെട്ടുകൊല്ലം നീണ്ടുനിന്ന പട്ടാളഭരണത്തിന്റെ തുടക്കം. ജനറൽ നെവിൻ കുറേയേറെ വ്യവസായങ്ങളെ കൂട്ടത്തോടെ ദേശസാൽക്കരിച്ചു. അക്കൂട്ടത്തിൽ, 1963ൽ, ബർമ്മാ ഓയിൽ കമ്പനിയുടെ മ്യാൻമാറിലെ വിഭാഗവും പെട്ടു. അങ്ങനെയുണ്ടായതാണ് ഇപ്പോഴത്തെ മ്യാൻമാ (കമ്പനിയുടെ പേരിൽ ‘മ്യാൻമാ’ എന്നേയുള്ളൂ, മ്യാൻമാർ എന്നില്ല) ഓയിൽ ആന്റ് ഗാസ് എന്റർപ്രൈസ് എന്ന സർക്കാർ കമ്പനി. പതിമൂന്നു വർഷത്തിനു ശേഷം, 1976ൽ, ബർമ്മാ ഷെല്ലിന്റെ ഇന്ത്യയിലെ വിഭാഗവും ദേശസാൽക്കരിക്കപ്പെട്ടു. അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണതു ദേശസാൽക്കരിച്ചത്; അടിയന്തരാവസ്ഥക്കാലത്ത്. ആദ്യമതു ഭാരത് റിഫൈനറീസ് ലിമിറ്റഡ് ആയി, അടുത്ത വർഷം ഭാരത് പെട്രോളിയം കോർപ്പറേഷനുമായി: ഇന്നത്തെ ബീ പീ സി എൽ. സോഷ്യലിസത്തിലേക്കുള്ള ചുവടുവെപ്പായാണു മ്യാൻമാറിലെ പട്ടാളഭരണകൂടം വൻതോതിലുള്ള ദേശസാൽക്കരണം നടത്തിയതെങ്കിലും, അത് ഒരിക്കൽ സമ്പന്നരാജ്യമായിരുന്ന മ്യാൻമാറിനെ ലോകത്തിലെ ഏറ്റവും ദരിദ്രമായ രാഷ്ട്രങ്ങളിലൊന്നാക്കി മാറ്റി എന്നാണു പൊതു വിമർശം.

 

 

 

മ്യാൻമാറിൽ അനേകം ന്യൂനപക്ഷങ്ങളുണ്ട്. അവയിൽ മിയ്ക്കതിനും രണ്ടാം ക്ളാസ്സ്-മൂന്നാം ക്ളാസ്സ് പൗരത്വങ്ങളേ കിട്ടിയിട്ടുള്ളൂ. എന്നാൽ മൂന്നാം ക്ളാസ്സ് പൗരത്വം പോലും നിഷേധിക്കപ്പെട്ടൊരു ന്യൂനപക്ഷം മ്യാൻമാറിലുണ്ട്: രൊഹിംഗ്യകൾ. (രൊഹിഞ്ചായ, രൊഹിഞ്ച്യ എന്നും ഈ പദം ഉച്ചരിക്കപ്പെടുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.) ഇവർ പന്ത്രണ്ടു ലക്ഷത്തിലേറെയുണ്ട്. ഭൂപടത്തിൽ, ബംഗ്ളാദേശിൽപ്പെട്ട കോക്സ് ബസാറിനു താഴെ, മ്യാൻമാറിൽ പെട്ട, കടലരികത്തുള്ളൊരു സംസ്ഥാനമാണു രഹൈൻ. (Rakhine എന്ന് ഇംഗ്ലീഷിൽ. ശരിയുച്ചാരണം രഹൈൻ ആണെന്നാണു മനസ്സിലായത്. ചിലർ രഖൈൻ എന്നും പറയുന്നുണ്ടാവാം.) രഹൈനിലെ ജനസംഖ്യ മുപ്പത്തൊന്നു ലക്ഷം. അതിൽ അമ്പത്തേഴു ശതമാനം ബുദ്ധമതക്കാരാണ്. ഇവർ സ്വയം രഹൈനുകൾ എന്നു വിളിക്കുന്നു. തങ്ങൾ നൂറ്റാണ്ടുകളായി ഇവിടെത്തന്നെ താമസിക്കുന്നവരാണെന്നാണു രഹൈനുകൾ അവകാശപ്പെടുന്നത്. രഹൈനിലെ നാല്പത്തിമൂന്നു ശതമാനം വരുന്ന രൊഹിംഗ്യകൾ വിദേശങ്ങളിൽ നിന്ന് അനധികൃതമായി കുടിയേറിയവരാണെന്നും രഹൈനുകൾ ആരോപിക്കുന്നു. രഹൈനിൽ പെട്ട മ്യാൻമാർ-ബംഗ്ലാദേശ് അതിർത്തിയിലാണു രൊഹിംഗ്യകളേറെയും താമസിക്കുന്നത്. ആ ഭാഗങ്ങളിൽ അവരാണധികവും: എൺപതു മുതൽ തൊണ്ണൂറു ശതമാനത്തോളം. മ്യാൻമാർ ബ്രിട്ടീഷ് കോളനിയായിരുന്നപ്പോൾ, തൊഴിലാവശ്യങ്ങൾക്കായി ബ്രിട്ടൻ ബംഗ്ലാദേശിൽ നിന്ന് (അന്നു ബംഗ്ലാദേശല്ല, ബ്രിട്ടീഷിന്ത്യയിൽ തന്നെയുൾപ്പെട്ട ബംഗാൾ പ്രോവിൻസ്) വിളിച്ചുവരുത്തിയവരാണു രൊഹിംഗ്യകളിൽ കുറേപ്പേർ; 1971ൽ ഇന്ത്യാ-പാക്ക് യുദ്ധത്തിനിടയിൽ അന്നു പൂർവപാക്കിസ്താനായിരുന്ന ബംഗ്ളാദേശിൽ നിന്ന് ഓടിപ്പോന്ന അഭയാർത്ഥികളാണു മറ്റു കുറേപ്പേർ. ഇതു മ്യാൻമാർ സർക്കാരിന്റെ ഭാഷ്യമാണ്. രൊഹിംഗ്യകളെല്ലാം മുസ്ലീങ്ങളാണെന്നത് ഇവിടെ ശ്രദ്ധേയമാണ്. മ്യാൻമാറിൽ തൊണ്ണൂറ്റൊന്നു ശതമാനത്തോളം വരുന്ന ബുദ്ധമതവിശ്വാസികൾക്ക് ന്യൂനപക്ഷങ്ങളിലൊന്നായ, നാലു ശതമാനം മാത്രം വരുന്ന മുസ്ലീങ്ങളുമായി പൊതുവിൽ വലിയ ചങ്ങാത്തമില്ല. മുസ്ലീങ്ങളിൽപ്പെടുന്ന രൊഹിംഗ്യകളോടാണെങ്കിൽ ബുദ്ധമതവിശ്വാസികൾക്കു തികഞ്ഞ ശത്രുതയാണു താനും. രഹൈനുകൾക്കു പ്രത്യേകിച്ചും. രൊഹിംഗ്യകളെ കാണുമ്പോൾ മ്യാൻമാറിലെ ബുദ്ധമതവിശ്വാസികൾ ശ്രീബുദ്ധന്റെ അഹിംസാസിദ്ധാന്തമെല്ലാം പാടെ വിസ്മരിച്ചുകളയുന്നു! തങ്ങളാരാധിക്കുന്ന ദൈവങ്ങളുടെ ഉപദേശങ്ങൾ അനുസരിച്ചു ജീവിതം നയിക്കുന്ന മതവിശ്വാസികൾ ലോകത്തു വിരളമായിത്തീർന്നിരിക്കുന്നു എന്ന ദുഃഖസത്യം മ്യാൻമാർ നമ്മെ പരോക്ഷമായി ഓർമ്മപ്പെടുത്തുന്നു.

 

 

 

 

മതങ്ങൾ മനുഷ്യരെ ഭിന്നിപ്പിക്കുന്നു എന്നതിന്റെ ദൃഷ്ടാന്തങ്ങളിലൊന്ന്. ബ്രിട്ടീഷുകാർ മ്യാൻമാറിൽ ഭരണം നടത്തിയിരുന്നത് 1823 മുതൽ 1948 വരെയായിരുന്നു. രൊഹിംഗ്യകളെ രഹൈനിൽ തൊഴിൽ ചെയ്യാനായി ബ്രിട്ടീഷുകാർ ബംഗാൾ പ്രോവിൻസിൽ നിന്നു വിളിച്ചു വരുത്തിയതാണെങ്കിൽത്തന്നെയും, അങ്ങനെ വന്നെത്തിയ ശേഷം കാലമെത്ര കഴിഞ്ഞുപോയി! ബ്രിട്ടീഷുകാർ സ്ഥലം വിട്ടിട്ടു തന്നെ ഏഴു പതിറ്റാണ്ടാകാറായി. രൊഹിംഗ്യാകുടുംബങ്ങളിലെ ഭൂരിപക്ഷവും അതിനൊക്കെ വളരെ മുമ്പു വന്നവരായിരിക്കണം. 1971ലെ അഭയാർത്ഥിപ്രവാഹത്തിന്റെ ബഹുഭൂരിഭാഗവും ഇന്ത്യയിലേക്കായിരുന്നു. ഇന്ത്യയായിരുന്നല്ലോ ബംഗ്ളാദേശികളുടെ സ്വാതന്ത്ര്യത്തിന്നായി പാക്കിസ്താനോട് എതിരിട്ടത്. ഇന്ത്യയിലേക്കു വന്ന അഭയാർത്ഥികളുടെ എണ്ണം യുദ്ധം കൊടുമ്പിരിക്കൊണ്ട നാളുകളിൽ കോടി കവിഞ്ഞിരുന്നു. കുറച്ചുപേർ മ്യാൻമാറിലേക്കും കടന്നിരിക്കാം. അന്നു മ്യാൻമാറിലേക്ക് ഓടിപ്പോന്നവരാണെങ്കിൽ പോലും, അവരങ്ങനെ വന്നിട്ടിപ്പോൾ അര നൂറ്റാണ്ടു തികയാറായി. രൊഹിംഗ്യകൾ ഇത്ര നീണ്ട കാലമായി രഹൈനിൽ താമസിക്കുന്നവരാണെന്ന കാര്യം പരിഗണിക്കാൻ മ്യാൻമാർ സർക്കാർ തയ്യാറായിട്ടില്ല. തങ്ങളുടെ പൂർവികർ 194 കൊല്ലത്തിനു മുമ്പ് മ്യാൻമാറിൽ സ്ഥിരതാമസമാക്കിയിരുന്നവരാണെന്നു രൊഹിംഗ്യകൾ തെളിയിക്കാത്തതിനാൽ, അവരെ അനധികൃത കുടിയേറ്റക്കാരായി കണക്കാക്കാതെ നിവൃത്തിയില്ല, അവർക്ക് ഒരു തരത്തിലുള്ള പൗരത്വവും നൽകാനുമാവില്ല എന്ന യുക്തിരഹിതമായ, കർക്കശനിലപാടാണു മ്യാൻമാർ സർക്കാർ സ്വീകരിച്ചുപോന്നിട്ടുള്ളത്. 194 കൊല്ലത്തിനു മുമ്പ് മ്യാൻമാറിൽ താമസിച്ചിരുന്നവരാണെന്നു തെളിയിക്കുന്നതു രൊഹിംഗ്യകൾക്ക് തികച്ചും അസാദ്ധ്യമാണെന്നു സർക്കാരിനു ബോദ്ധ്യവുമുണ്ട്. രൊഹിംഗ്യകൾക്കു പൗരത്വം കൊടുക്കരുത് എന്നതാണു സർക്കാരിന്റെ ഗൂഢലക്ഷ്യമെന്നു വ്യക്തം.

 

 

 

 

മ്യാൻമാറിനു വിസ്തീർണത്തിൽ ഇന്ത്യയുടെ അഞ്ചിലൊന്നിലേറെ വലിപ്പമുണ്ടെങ്കിലും, അവിടത്തെ ജനസംഖ്യ (5.1 കോടി) ഇന്ത്യയുടേതിന്റെ ഇരുപത്തഞ്ചിലൊന്നു മാത്രം. ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും താഴ്ന്ന ജനസാന്ദ്രതയുള്ള രാജ്യങ്ങളിലൊന്നാണു മ്യാൻമാർ: ഒരു ചത്രുരശ്ര കിലോമീറ്ററിൽ നാം ചുറ്റി നടന്നാൽ കണ്ടുമുട്ടാൻ പോകുന്നത് വെറും 76 പേരെ മാത്രം. ഇതു ദേശീയശരാശരി. മ്യാൻമാറിന്റെ ഭൂരിഭാഗം വരുന്ന നാട്ടിൻപുറങ്ങളിലെ ജനസാന്ദ്രത ദേശീയശരാശരിയേക്കാൾ വളരെക്കുറവായിരിക്കണം. ഇന്ത്യയിലെ ശരാശരി ജനസാന്ദ്രത ഒരു ചതുരശ്ര കിലോമീറ്ററിൽ 390 ആണ്. കേരളത്തിലേത് 859. ബംഗ്ലാദേശിലേതാണു ഭീകരം: 1319. ബംഗ്ളാദേശിൽ നിന്ന് മ്യാൻമാറിലേക്കും ഇന്ത്യയിലേക്കും ജനം കുടിയേറിപ്പാർക്കുന്നതിൽ അതിശയമില്ല. ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ ഇന്നുള്ള അനധികൃത ബംഗ്ളാദേശി കുടിയേറ്റക്കാരുടെ എണ്ണം ഒരുകോടിയിലേറെ വരുമെന്നു വിക്കിപ്പീഡിയയിൽ കാണുന്നു. ഇതിന് ആധികാരികതയില്ല, ശരിയാകാം, തെറ്റുമാകാം. മ്യാൻമാറിലെ രൊഹിംഗ്യകളാകെ പന്ത്രണ്ടു ലക്ഷമേ ഉള്ളൂ. വാസ്തവത്തിൽ, ജനസാന്ദ്രത വളരെക്കുറഞ്ഞ മ്യാൻമാർ ബംഗ്ളാദേശിൽ നിന്ന് ഇനിയുമേറെപ്പേരെ സ്വമേധയാ സ്വീകരിക്കേണ്ടതാണ്. നിസ്സഹായരായ അഭയാർത്ഥികളെ സ്വീകരിക്കുന്ന മഹാമനസ്കരായ യൂറോപ്യൻ രാജ്യങ്ങളിലേക്ക് മ്യാൻമാറൊന്നു ശിരസ്സുയർത്തി നോക്കിയിരുന്നെങ്കിൽ! രൊഹിംഗ്യകൾ ബംഗ്ളാദേശിൽ നിന്നു വന്നവരാണെന്ന പൊതുധാരണ നിലവിലുണ്ടെങ്കിലും, അവരെ തിരിച്ചെടുക്കാൻ ബംഗ്ളാദേശും ഒരുക്കമല്ല. മ്യാൻമാർ സർക്കാരാണെങ്കിൽ രൊഹിംഗ്യകളെ പലവിധത്തിൽ ഞെക്കിഞെരുക്കുകയും. രൊഹിംഗ്യകളെ അനധികൃതകുടിയേറ്റക്കാരായി കണക്കാക്കി, അവർക്കു യാതൊരുവിധ പൗരത്വവും മ്യാൻമാർ സർക്കാർ നൽകുന്നില്ലെന്നതിനു പുറമെ, ബുദ്ധമതക്കാരായ രഹൈനുകൾ രൊഹിംഗ്യകൾക്കെതിരേ ലഹള നടത്തിയപ്പോഴൊക്കെ സർക്കാർ സേന കണ്ണടച്ചുകളയുകയോ, ക്രൂരതകളിൽ രഹൈനുകളോടൊപ്പം പങ്കുചേരുകയോ ചെയ്തിട്ടുമുണ്ട്.

 

 

 

 

രഹൈനുകളും സൈന്യവും ചേർന്ന് എല്ലാത്തരം ക്രൂരതകളും രൊഹിംഗ്യകളുടെ മേൽ അഴിച്ചു വിട്ടിട്ടുണ്ട്. പല തവണ. ഉപദ്രവം അസഹനീയമായാൽ ഏതു കടിക്കാത്ത നായ് പോലും കടിച്ചെന്നു വരും. രൊഹിംഗ്യകളും സഹികെട്ട് ചില്ലറ അക്രമങ്ങൾ നടത്തിയിട്ടുണ്ട്. ‘സൈന്യത്തിന്റെ ബോർഡർ പോസ്റ്റുകൾ രൊഹിംഗ്യകൾ കത്തിച്ചു’: സൈന്യത്തിന്റെ ഭാഷ്യമാണ്. സൈന്യത്തിന്റെ ഭാഷ്യങ്ങൾ ശരിയും തെറ്റുമാകാം. ആഭ്യന്തരവകുപ്പു സൈന്യത്തിന്റെ പിടിയിലാണ്. ഒന്നിനു പത്ത് എന്ന സൈന്യത്തിന്റെ പ്രതികാരനയത്തിനുള്ള ന്യായീകരണമാകാം സൈന്യത്തിന്റെ പ്രത്യാരോപണങ്ങൾ. ജനാധിപത്യത്തിനു ഭരണത്തിൽ പങ്കാളിത്തം ലഭിച്ച സമീപവർഷങ്ങളിൽ പോലും (2012, 2013, 2014, 2016) രൊഹിംഗ്യകളുടെ മേലുള്ള കൂട്ടക്കൊലകൾ നടന്നിട്ടുണ്ട്: കുറഞ്ഞ തോതിലും കൂടിയ തോതിലും. നിരവധി ലോകരാഷ്ട്രങ്ങളും മനുഷ്യാവകാശ സംഘടനകളും ഇതിനെതിരേ പതിവായി ശബ്ദമുയർത്താറുണ്ട്.

 

 

 

 

എങ്കിലും, കാര്യമായ ഫലമുണ്ടായിട്ടില്ല. ശ്രീബുദ്ധന്റെ ഉപദേശങ്ങളാണു ബുദ്ധമതത്തിന്റെ അടിസ്ഥാനം. അന്യരെ ദ്രോഹിക്കാതിരിക്കുകയും, അവരെ പൂർണമായി സ്നേഹിക്കുകയും, അവരുടെ സുഖത്തിനായി പ്രവർത്തിക്കുകയും ചെയ്യുകയെന്നതാണു ശ്രീബുദ്ധന്റെ ഉപദേശങ്ങളിലൊന്ന്. ഈ ഉപദേശം തൊണ്ണൂറ്റൊന്നു ശതമാനത്തോളം ബുദ്ധമതവിശ്വാസികളുള്ള മ്യാൻമാറിൽ പതിവായി അവഗണിക്കപ്പെടുകയാണു ചെയ്തിട്ടുള്ളത്. രൊഹിംഗ്യകളോടുള്ള സമീപനത്തിൽ പ്രത്യേകിച്ചും. രൊഹിംഗ്യകളെ ഉപദ്രവിക്കാറുള്ള രഹൈനുകളും മ്യാൻമാർ സേനയും ബുദ്ധമതാനുയായികളാണ്. ഉറുമ്പുകളെപ്പോലും ദ്രോഹിക്കരുതെന്ന് ഉപദേശിച്ച ശ്രീബുദ്ധനെ ഈശ്വരനായി ആരാധിക്കുന്നവർ തന്നെ സഹജീവികളെ നിഷ്‌കരുണം ഉപദ്രവിക്കുന്നുവെന്നതു വൈരുദ്ധ്യവും കാപട്യവും ദുഃഖകരവുമാണ്. രൊഹിംഗ്യകളുടെ മേൽ മ്യാൻമാർ സൈന്യം നടത്തിയ കൂട്ടക്കൊലകൾ അന്താരാഷ്ട്രനിയമങ്ങളനുസരിച്ച് ശിക്ഷാർഹമായ കുറ്റകൃത്യങ്ങളാണെന്ന ലോകാഭിപ്രായം ബലപ്പെട്ടിട്ടുണ്ട്. കൂട്ടക്കൊലകൾ വിചാരണ ചെയ്യുന്ന അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ മ്യാൻമാർ ഇതുവരെ അംഗീകരിച്ചിട്ടില്ലാത്തതും മനപ്പൂർവമായിരിക്കണം.

 

 

 

 

സൈന്യം കുറ്റവാളികളെന്ന നിലയിൽ വിചാരണ ചെയ്യപ്പെടുന്നതും ശിക്ഷിക്കപ്പെടുന്നതും കാണാൻ ഏതു സർക്കാരാണിഷ്ടപ്പെടുക! കഴിഞ്ഞ അര നൂറ്റാണ്ടു കാലം മ്യാൻമാറിൽ പട്ടാളഭരണമാണു നടന്നിരുന്നത്. ജനാധിപത്യവിരുദ്ധമായ പട്ടാളഭരണകൂടത്തിനു സങ്കുചിതമായ സാമുദായിക പക്ഷപാതിത്വം കൂടിയായപ്പോൾ മ്യാൻമാർ സർക്കാർ ഒരു ഫാഷിസ്റ്റ് ഭരണകൂടമായി, ജനവിരുദ്ധവുമായി. യഥാർത്ഥ ജനാധിപത്യമാണു മ്യാൻമാറിൽ നിലവിലിരുന്നതെങ്കിൽ ഒരു ജനവിഭാഗവും, അതെത്ര ന്യൂനപക്ഷമായാലും, കൂട്ടക്കൊലയ്ക്കു വിധേയമാകുമായിരുന്നില്ല. വ്യക്തിജീവിതത്തിൽ മാത്രമല്ല, രാഷ്ട്രീയത്തിലും അഹിംസാസിദ്ധാന്തം പാലിക്കേണ്ടതുണ്ടെന്ന് അടിയുറച്ചു വിശ്വസിക്കുന്ന ആങ് സാൻ സൂ കീ രാഷ്ട്രപതിയാകുകയും, സൂ കീയുടെ കീഴിൽ, സൈന്യത്തിന്റെ ഇടപെടലില്ലാത്ത, യഥാർത്ഥ ജനാധിപത്യസർക്കാർ അധികാരത്തിൽ വരികയും ചെയ്യുന്നെങ്കിൽ രൊഹിംഗ്യകളുടെ ഇന്നത്തെ പരിതാപാവസ്ഥയിൽ ആശാവഹമായ പുരോഗതിയുണ്ടാകുമെന്നു തീർച്ച. ഇന്നു നിലവിലിരിക്കുന്ന, പട്ടാളത്തിനു മേൽക്കൈയുള്ള സർക്കാരിൽ സൂ കീയ്ക്കു പങ്കാളിത്തമുണ്ടെങ്കിലും അതു യഥാർത്ഥ ജനാധിപത്യസമ്പ്രദായം അനുസരിച്ചുള്ളൊരു സർക്കാരല്ല. 2015 നവമ്പർ എട്ടാം തീയതി നടന്ന പൊതുതെരഞ്ഞെടുപ്പിൽ ആങ് സാൻ സൂ കീയുടെ നാഷണൽ ലീഗ് ഫോർ ഡിമോക്രസി (എൻ എൽ ഡി) തെരഞ്ഞെടുപ്പു നടന്ന സീറ്റുകളുടെ എൺപതു ശതമാനത്തിലേറെ നേടിയെന്നും, രാഷ്ട്രപതിയാകാൻ ആവശ്യമുള്ളതിനേക്കാൾ വളരെയധികം സീറ്റുകൾ നേടിയിട്ടും സൂ കീയ്ക്കു രാഷ്ട്രപതിയാകാനായിട്ടില്ലെന്നും മുകളിൽ സൂചിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്.

 

 

 

സ്വയം രാഷ്ട്രപതിയാകാൻ സൂ കീയ്ക്കു സാധിച്ചില്ലെങ്കിലും, എൻ എൽ ഡിയിലെ ഒരംഗം (ഹിതിൻ ക്യാവ്) തന്നെയാണു രാഷ്ട്രപതിയായി 2016 മാർച്ച് മുപ്പതാം തീയതി സത്യപ്രതിജ്ഞ ചെയ്ത് രാജ്യഭാരമേറ്റത്. രണ്ടു മാറ്റങ്ങൾ ആവശ്യമാണ്: ഒന്ന്, സൂ കീ തന്നെ രാഷ്ട്രപതിയാകണം; രണ്ട്, പട്ടാളത്തിനു സർക്കാരിന്റെ മേൽ ഇപ്പോഴുമുള്ള പിടി വിടുവിക്കണം. ജനാധിപത്യ ഭരണവ്യവസ്ഥയിൽ സർക്കാരിനു സൈന്യത്തിന്റെ മേലാണു പിടി വേണ്ടത്; സർക്കാരിന്റെ മേൽ ജനത്തിനും. പക്ഷേ, മ്യാൻമാറിൽ നിലവിലിരിക്കുന്ന നിയമങ്ങൾ ഇത് അസാദ്ധ്യമാക്കുന്നു; അവയിലേക്കൊന്നു കണ്ണോടിക്കാം. 2008ൽ അന്ന് അധികാരത്തിലിരുന്ന പട്ടാളസർക്കാർ ഭരണഘടനയിൽ വരുത്തിയ ഭേദഗതികൾ മൂലമാണു 2015ലെ പൊതുതെരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷം കിട്ടിയിട്ടും, സൂ കീയ്ക്കു രാഷ്ട്രപതിയാകാൻ ആകാത്തത്. രാഷ്ട്രപതിയാകുന്നയാൾക്കു രാഷ്ട്രത്തിന്റെ രാഷ്ട്രീയ, ഭരണ, സാമ്പത്തികവിഷയങ്ങളോടൊപ്പം സൈനികവിഷയവും സുപരിചിതമായിരിക്കണം എന്നു 2008ൽ പരിഷ്കരിച്ച ഭരണഘടനയുടെ അദ്ധ്യായം മൂന്ന്, വകുപ്പ് 57ഡി നിർദ്ദേശിക്കുന്നു. സൂ കീയ്ക്കു മറ്റു മൂന്നു വിഷയങ്ങളിലും തഴക്കമുണ്ടെങ്കിലും, സൈനികവിഷയത്തിൽ പരിചയമില്ല. ഈ നിബന്ധന ജനാധിപത്യത്തിനു നിരക്കുന്നതല്ലെങ്കിലും, ഈ നിബന്ധനയുടെ പാലനം അത്ര കർക്കശമല്ലെന്ന് ഇപ്പോൾ രാഷ്ട്രപതിയായ ഹിതിൻ ക്യാവോയുടെ നിയമനം സൂചിപ്പിക്കുന്നു; ക്യാവോയ്ക്കു സൈനികവിഷയത്തിൽ പരിചയമില്ല. കൂടുതൽ കർക്കശമായത് ഇനിയുദ്ധരിക്കുന്ന നിബന്ധനയാണ്: രാഷ്ട്രപതിയുടെ മാതാപിതാക്കൾ, പതി അഥവാ പത്നി, സന്താനങ്ങൾ എന്നിവരിൽ ആരും തന്നെ ഒരു വിദേശരാജ്യത്തെ പൗരന്മാരായിരിക്കരുത് എന്നാണു ഭരണഘടനയുടെ അദ്ധ്യായം മൂന്ന്, വകുപ്പ് 59 എഫ് നിഷ്കർഷിക്കുന്നത്.

 

 

 

 

 

സൂ കീയുടെ ഭർത്താവ്, പരേതനായ മൈക്കിൽ ആരിസ് ഒരു ബ്രിട്ടീഷ് പൗരനായിരുന്നു. സൂ കീയുടെ മക്കളായ അലക്സാണ്ടർ ആരിസും കിം ആരിസും ബ്രിട്ടീഷ് പൗരന്മാരാണ്. അതുകൊണ്ട്, അലക്സാണ്ടറും കിമ്മും വിദേശപൗരന്മാരായിരിക്കുന്നിടത്തോളം സൂ കീയ്ക്കു രാഷ്ട്രപതിയാകാനാവില്ല. ഭരണഘടനയിൽ ഭേദഗതി വരുത്തിയാൽ മുകളിൽ വിവരിച്ച പ്രതിബന്ധങ്ങളകറ്റി സൂ കീയ്ക്കു രാഷ്ട്രപതിയാകാം. ഭരണഘടനയിൽ ഭേദഗതി വരുത്താനുമുണ്ട് വലിയൊരു കടമ്പ. അതു ചുരുക്കി വിവരിക്കാം. ഇന്ത്യയിൽ പാർലമെന്റും പാർലമെന്റിൽ ലോക്‌സഭയും രാജ്യസഭയും ഉള്ളതു പോലെ, കേന്ദ്രത്തിൽ ഒരു പാർലമെന്റും അതിൽ രണ്ടു സഭകളും മ്യാൻമാറിലുമുണ്ട്. പിഡാങ്സു ഹ്‌ലുട്ടോ എന്നാണ് ഇരുസഭകളുമുൾപ്പെടുന്ന മ്യാൻമാർ പാർലമെന്റ് അറിയപ്പെടുന്നത്. പയിതു ഹ്‌ലുട്ടോ നമ്മുടെ ലോക്‌സഭയ്ക്കും അമ്യോതാ ഹ്‌ലുട്ടോ രാജ്യസഭയ്ക്കും സമാനമാണ്. പയിതു ഹ്‌ലുട്ടോയിൽ ആകെയുള്ള 440 സീറ്റിൽ 323 എണ്ണത്തിലേക്കാണു 2015 നവമ്പറിൽ തെരഞ്ഞെടുപ്പു നടന്നത്. അതിൽ 255 എണ്ണം സൂ കീയുടെ നാഷണൽ ലീഗ് ഫോർ ഡിമോക്രസി (എൻ എൽ ഡി) നേടി. തീവ്രവാദപ്രവർത്തനം മൂലം ഷാൻ എന്ന സംസ്ഥാനത്തിൽ തെരഞ്ഞെടുപ്പിനനുകൂലമായ സമാധാനാന്തരീക്ഷം നിലവിലുണ്ടായിരുന്നില്ല.

 

 

 

 

 

അതുകൊണ്ട് ഷാനിൽ നിന്നുള്ള ഏഴു സീറ്റുകളിൽ തെരഞ്ഞെടുപ്പു നടന്നില്ല. ഷാനിലെ ഏഴു സീറ്റുകൾ കൂടി കണക്കിലെടുത്താൽ തന്നെയും 330 സീറ്റുകളേ ആകുന്നുള്ളൂ. പയിതു ഹ്‌ലുട്ടോയിൽ ആകെയുള്ളത് 440 സീറ്റുകളാണു താനും. ശേഷിക്കുന്ന 110 സീറ്റുകളിൽ എന്തുകൊണ്ടു തെരഞ്ഞെടുപ്പു നടന്നില്ല? ന്യായമായ ചോദ്യം. ഉത്തരം വിചിത്രമാണ്. ആ 110 സീറ്റുകൾ സൈന്യത്തിനുള്ളതാണ്. അവയിൽ തെരഞ്ഞെടുപ്പില്ല. ആ സീറ്റുകളിലേക്ക് സൈന്യം സൈനികരെ നാമനിർദ്ദേശം ചെയ്യും. അവരെ രാഷ്ട്രപതി കണ്ണുമടച്ചു സ്വീകരിച്ചുകൊള്ളണം. ഭരണഘടന ഭേദഗതി ചെയ്യാൻ പയിതു ഹ്‌ലുട്ടോവിൽ 75 ശതമാനം അനുകൂലവോട്ടു കിട്ടണം. 440ന്റെ 75 ശതമാനമെന്നാൽ 330. സൂ കീയുടെ എൻ എൽ ഡീയ്ക്ക് 255 സീറ്റുകളാണു കിട്ടിയത്. ഇതു തെരഞ്ഞെടുപ്പു നടന്ന 323 സീറ്റിന്റെ എൺപതു ശതമാനത്തോളം വരുന്നുണ്ടെങ്കിലും, ആകെയുള്ള 440 സീറ്റിന്റെ 58 ശതമാനമേ ആകുന്നുള്ളൂ. ഭേദഗതി പാസ്സാകണമെങ്കിൽ എൻ എൽ ഡിയുടെ 255 വോട്ടുകൾക്കു പുറമെ, 75 വോട്ടു കൂടി കിട്ടണം. മറ്റു പതിനൊന്നു രാഷ്ട്രീയപ്പാർട്ടികൾക്കായി ഇപ്പോൾ 68 സീറ്റുണ്ട്, അത്രയും തന്നെ വോട്ടുകളുമുണ്ട്. അവരൊന്നടങ്കം എൻ എൽ ഡിയോടൊപ്പം ഭേദഗതിയെ അനുകൂലിച്ചു വോട്ടു ചെയ്യണം. ഷാനിലെ ഏഴു സീറ്റുകളിൽ തെരഞ്ഞെടുപ്പു നടക്കുകയും, അവയിൽ ജയം നേടുന്നവരും ഭേദഗതിയെ അനുകൂലിക്കുകയും വേണം.

 

 

 

 

 

എങ്കിൽ മാത്രമേ, ഭേദഗതി പയിതു ഹ്‌ലുട്ടോയിൽ പാസ്സാകാനാവശ്യമുള്ള 330 വോട്ടുകൾ - ആകെ വോട്ടിന്റെ 75% - തികയുകയുള്ളൂ. ഇതു നടക്കില്ല. കാരണം, എൻ എൽ ഡി കൂടാതെയുള്ള പതിനൊന്നു പാർട്ടികളിൽ പ്രമുഖമായതു യൂണിയൻ സോളിഡാരിറ്റി ആന്റ് ഡെവലപ്പ്മെന്റ് പാർട്ടി (യു എസ് ഡി പി) എന്ന കക്ഷിയാണ്. ഇതു സൈന്യം രൂപം കൊടുത്ത, സൈന്യത്തെ അനുകൂലിക്കുന്ന പാർട്ടിയുമാണ്. 2015ലെ തെരഞ്ഞെടുപ്പിൽ പയിതു ഹ്‌ലുട്ടോയിലെ 255 സീറ്റു നേടിയ എൻ എൽ ഡി ഭരണപക്ഷത്തായപ്പോൾ, സൈന്യത്തിന്റെ അനുഗ്രഹാശിസ്സുകളുള്ള യു എസ് ഡി പി 30 സീറ്റു മാത്രം നേടി പ്രതിപക്ഷത്താണ്. തെരഞ്ഞെടുപ്പിൽ തങ്ങളെ തോല്പിച്ച എൻ എൽ ഡിയെ ബദ്ധശത്രുവായാണു യു എസ് ഡി പി കണക്കാക്കുന്നത്. എൻ എൽ ഡി നിർദ്ദേശിക്കുന്ന ഭരണഘടനാഭേദഗതി എത്ര തന്നെ മഹത്തായിരുന്നാലും യു എസ് ഡി പി അതിനെ പിന്തുണയ്ക്കില്ല. അമ്മയെത്തല്ലിയാലും പക്ഷം രണ്ട് എന്നാണല്ലോ ചൊല്ല്! യു എസ് ഡി പി ഭേദഗതിയെ തുണയ്ക്കാതിരുന്നാൽ, മറ്റെല്ലാ കക്ഷികളും എൻ എൽ ഡി നിർദ്ദേശിക്കുന്ന ഭേദഗതിയെ തുണച്ചാൽപ്പോലും, അത് ആകെ വോട്ടിന്റെ 68% മാത്രമേ ആകുകയുള്ളൂ. ഭേദഗതി പയിതു ഹ്‌ലുട്ടോയിൽ പാസ്സാകാനാവശ്യമുള്ള 75% എൻ എൽ ഡിയുടെ കൈയെത്തും ദൂരത്തിനുമകലെയാണ്.

 

 

 

സമാനമാണ് അമ്യോതാ ഹ്‌ലുട്ടോയിലേയും സ്ഥിതി. ആകെയുള്ള 224 സീറ്റിൽ 168 എണ്ണത്തിൽ തെരഞ്ഞെടുപ്പു നടന്നു. സൂ കീയുടെ എൻ എൽ ഡി 135 സീറ്റുകൾ നേടി: തെരഞ്ഞെടുപ്പു നടന്ന സീറ്റുകളുടെ 80 ശതമാനം. പക്ഷേ, ഇത് ആകെയുള്ള 224 സീറ്റുകളുടെ 60% മാത്രമേ ആകുന്നുള്ളൂ. 56 സീറ്റുകളിൽ തെരഞ്ഞെടുപ്പില്ല; അവ സൈന്യത്തിനുള്ളതാണ്; അവയിലേക്കായി സൈന്യം നാമനിർദ്ദേശം ചെയ്യുന്ന സൈനികരെ കണ്ണുമടച്ചു സ്വീകരിക്കാനേ രാഷ്ട്രപതിക്കാവൂ. ഭരണഘടനാഭേദഗതി അമ്യോതാ ഹ്‌ലുട്ടോയിൽ പാസ്സാകണമെങ്കിൽ 75% വോട്ടു നേടണം. അമ്യോതാ ഹ്‌ലുട്ടോയിൽ യു എസ് ഡി പിയ്ക്ക് 11 സീറ്റുണ്ട്. അവർ എൻ എൽ ഡി കൊണ്ടുവരുന്ന ഭരണഘടനാഭേദഗതിയെ എതിർക്കും. മറ്റെല്ലാ പാർട്ടികളുടേയും പിന്തുണ ഭേദഗതിക്കു കിട്ടിയാൽത്തന്നെയും അത് 70 ശതമാനമേ ആകൂ. അതുകൊണ്ടു ഭരണഘടനാഭേദഗതി അമ്യോതാ ഹ്‌ലുട്ടോയിലും പരാജയപ്പെടുക തന്നെ ചെയ്യും. ഭരണഘടനാഭേദഗതി പാസ്സാകാൻ പയിതു ഹ്‌ലുട്ടോയിലും അമ്യോതാ ഹ്‌ലുട്ടോയിലും 75% വോട്ടുവീതമെങ്കിലും

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.