You are Here : Home / Aswamedham 360

മാലാഖമാര്‍ വീണ്ടും തെരുവിലേക്ക്; കഷ്ടം തന്നെ സര്‍ക്കാരേ...

Text Size  

Story Dated: Friday, March 02, 2018 04:09 hrs UTC


സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ ആറാം തീയതി മുതല്‍ അനിശ്ചിതകാല സമരത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ശമ്പളക്കാര്യത്തില്‍ സുപ്രിംകോടതി വിധി നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം.

തികച്ചും ന്യായമായ ആവശ്യങ്ങളാണ് നഴ്‌സുമാര്‍ ഉന്നയിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാറും അവര്‍ക്കൊപ്പമില്ലെന്നാണ് നഴ്‌സസ് സംഘടനയായ യുഎന്‍എ പറയുന്നത്.

ജൂലൈയിലെ സമരം കഴിഞ്ഞ ശേഷം പല ആശുപത്രികളും നഴ്‌സുമാരോട് പ്രതികാരസമീപനമാണ് സ്വീകരിച്ചത്. പലയിടത്തും പ്രത്യേകിച്ച് കാരണമില്ലാതെ നഴ്‌സുമാരെ പിരിച്ചു വിട്ടു. ഇതെല്ലാമാണ് വീണ്ടും സമരരംഗത്തേക്ക് ഇറങ്ങാന്‍ പ്രേരിപ്പിച്ചതെന്ന് യുഎന്‍എ അധ്യക്ഷന്‍ ജാസ്മിന്‍ ഷാ പറയുന്നു.

കഴിഞ്ഞ ജൂണ്‍ 20ന് നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 20,000 രൂപയായി സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍ വെറും 72 ആശുപത്രികള്‍ മാത്രമാണ് ഇതുവരെയായി ഇടക്കാല ആശ്വാസം അനുവദിച്ചതെന്ന് യുഎന്‍എ ചൂണ്ടിക്കാട്ടുന്നു.

ഈ മാസം മുതല്‍ 20,000 രൂപ അടിസ്ഥാന ശമ്പളം തരുന്ന ആശുപത്രികളുമായി മാത്രമേ നഴ്‌സുമാര്‍ സഹകരിക്കൂവെന്ന് നഴ്‌സുമാരുടെ സംഘടനയായ യുഎന്‍എ
അറിയിച്ചിട്ടുണ്ട്.

കോടതി ഉത്തരവിനെ തുടര്‍ന്ന് അഞ്ചാം തീയതി മുതലുള്ള സമരം പിന്‍വലിച്ചു കൊണ്ടാണ് സംസ്ഥാനത്തെ 62,000ത്തോളം വരുന്ന നഴ്‌സുമാര്‍ ആറാം തീയതി മുതല്‍
സമരത്തിലേക്ക് കടക്കുന്നത്.

നഴ്‌സുമാര്‍ മാര്‍ച്ച് അഞ്ച് മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം ഹൈക്കോടതി തടഞ്ഞിരുന്നു. സ്വകാര്യ ആശുപത്രികളും നഴ്‌സിങ് സ്ഥാപനങ്ങളും
ഉള്‍പ്പെട്ട അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്‌സ് നല്‍കിയ ഹരജിയിലാണ് ഇടക്കാല ഉത്തരവ്. സംസ്ഥാന വ്യാപകമായി സമരം
ആരംഭിക്കുന്നതിനെതിരേയാണ് ഹരജിക്കാര്‍ കോടതിയിലെത്തിയത്.

ഹരജി പരിഗണിച്ച കോടതി യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള എതിര്‍ കക്ഷികള്‍ക്ക് അടിയന്തര നോട്ടിസ് നല്‍കാനും നിര്‍ദേശിച്ചു.
നഴ്‌സുമാരുടെ സേവനത്തെ അവശ്യ സര്‍വിസായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇവര്‍ കൂട്ടത്തോടെ സമരം ചെയ്യുന്നത് ആശുപത്രികളുടെ പ്രവര്‍ത്തനത്തെ
ബാധിക്കുമെന്നായിരുന്നു ഹരജിക്കാരുടെ വാദം. ഇത് അംഗീകരിച്ചാണ് ഇടക്കാല ഉത്തരവ് നല്‍കിയത്.

ശമ്പള പരിഷ്‌കരണമടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ മാര്‍ച്ച് അഞ്ചു മുതല്‍ സമരം നടത്തുമെന്ന്
പ്രഖ്യാപിച്ചിട്ടുള്ളത്.

3,79,000 നഴ്‌സുമാര്‍ തങ്ങളുടെ സംഘടനയില്‍ ഉണ്ടെന്നാണ് അസോസിയേഷന്‍ അവകാശപ്പെടുന്നത്. ഇവര്‍ കൂട്ടത്തോടെ സമരത്തിലേര്‍പ്പെട്ടാല്‍ സ്വകാര്യ
ആശുപത്രികളുടെ പ്രവര്‍ത്തനം നിലയ്ക്കും.

നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണ വിഷയം സര്‍ക്കാരിന്റെ സജീവ പരിഗണനയില്‍ ഉണ്ട്. ഇതു സംബന്ധിച്ച് വിവിധ തലങ്ങളില്‍ ചര്‍ച്ച നടക്കുന്നുണ്ട്.
ഇതിനിടെയാണ് നഴ്‌സുമാര്‍ സമരത്തിനിറങ്ങുന്നതെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.



 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.