You are Here : Home / Aswamedham 360

ദേശീയ അവാര്‍ഡ് നടന്റെ വീട് ജപ്തി ഭീഷണിയില്‍

Text Size  

Story Dated: Saturday, February 28, 2015 02:09 hrs UTC

സിനിമ എപ്പോഴും കൂടെയുണ്ടാവുമെന്ന് കരുതുന്നത് മണ്ടത്തരമാണ്. അങ്ങനെ ചിന്തിച്ചപ്പോഴാണ് ദേശീയ അവാര്‍ഡ് നേടിയ പറവൂരുകാരനായ നടന്‍ കെണിയില്‍ പെട്ടുപോയത്. കിട്ടുന്ന വേഷങ്ങളിലെല്ലാം വാരിവലിച്ച് അഭിനയിച്ചപ്പോള്‍ കൈയില്‍ ഇഷ്ടം പോലെ പണം വന്നുചേര്‍ന്നു. കാശ് കൈയിലെത്തുമ്പോള്‍ ഒരു വീടുണ്ടാക്കണമെന്ന ആഗ്രഹം എല്ലാവര്‍ക്കുമുണ്ടാകുന്നത് സ്വാഭാവികം. പക്ഷേ താരത്തിന് അതിമോഹമായിരുന്നു. വീട് പോരാ. കൊട്ടാരം വേണമെന്നായിരുന്നു ചിന്ത. മുറ്റത്ത് ഗാര്‍ഡനും പിന്നില്‍ പശുത്തൊഴുത്തും അക്വേറിയവും ശില്‍പ്പവും. ഇരുനില വീട്ടിലെ മുറികള്‍ കൊട്ടാരസദൃശം. വീടുപണി കഴിയുമ്പോഴേക്കും മുക്കാല്‍കോടിക്കടുത്തായി. വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കഥയാണിത്. അന്നത്തെ മുക്കാല്‍കോടി ഇന്നത്തെ ഒന്നരക്കോടിക്ക് സമമാണ്. കൈയിലുള്ള പണം തികയാതെ വന്നപ്പോള്‍ ബാങ്കില്‍ നിന്ന് ലോണെടുത്തു. വീടുപണി കഴിഞ്ഞപ്പോള്‍ കുറച്ചു സ്ഥലം വാങ്ങിക്കണമെന്ന ആഗ്രഹം തോന്നി, ആശാന്. പറവൂരില്‍ ചെമ്മീന്‍പാടങ്ങള്‍ വാങ്ങി കൃഷിയിറക്കി. എല്ലാം നഷ്ടം. എന്നാലും കുഴപ്പമില്ല വീടുണ്ടായല്ലേ എന്ന ആശ്വാസമായിരുന്നു നടന്.
നാട്ടുകാര്‍ക്കെല്ലാം അദ്ഭുതമായിരുന്നു. കോടികള്‍ പ്രതിഫലം വാങ്ങുന്ന മമ്മൂട്ടിക്കും മോഹന്‍ലാലിനുപോലും ഇത്രയുംവലിയ വീടില്ല. എന്നിട്ടും താഴെക്കിടയില്‍ നിന്ന് വളര്‍ന്നുവന്ന താരത്തിന് ഇത്രയും പണം എവിടെനിന്നു കിട്ടി? അവരുടെ സംശയം കൂടിക്കൂടിവന്നു.  ബാങ്കില്‍ നിന്ന് ലോണെടുത്താണ് ഈ 'അഭ്യാസ'മെന്ന് ആരും കരുതിയില്ല. ദേശീയ അവാര്‍ഡ് കിട്ടിയപ്പോള്‍ ദേശീയ ചാനലുകള്‍ വരെ താരത്തിന്റെ വീട്ടിലെത്തി. വീടിന്റെ ദൃശ്യം ഇന്ത്യ മുഴുവന്‍ കണ്ടു.
പതുക്കെപ്പതുക്കെ താരത്തിന് ആരോഗ്യപ്രശ്‌നങ്ങള്‍ തുടങ്ങി. ശരീരം മെലിഞ്ഞു.  സിനിമകള്‍ കുറഞ്ഞു. അതിനിടയ്ക്ക് സിനിമ നിര്‍മ്മിക്കാനുമിറങ്ങി. അതിലും കുറച്ച് കാശ് വെള്ളത്തിലായി. കഴിഞ്ഞ വര്‍ഷം രണ്ട് തമിഴ് സിനിമകളില്‍ മാത്രമാണ് താരം അഭിനയിച്ചത്. കൈയിലുള്ള പണം കുറഞ്ഞതോടെ ബാങ്കിലെ അടവു തെറ്റി. ഒരു ദിവസം ബാങ്കില്‍ നിന്ന് ആളു വന്നു. പണം അടച്ചില്ലെങ്കില്‍ വീട് ജപ്തി ചെയ്യേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കിയതോടെ താരം പെടാപ്പാടിലായി. എവിടെന്നൊക്കെയോ കാശ് വാങ്ങിച്ച് പണമടച്ചു.
ഏറെക്കാലത്തിനുശേഷമാണ് ഈ വര്‍ഷം മെഗാസ്റ്റാറിനൊപ്പം പുതിയ സിനിമയില്‍ ചാന്‍സ് കിട്ടിയത്. അഭിനയിക്കാന്‍ അവസരം കുറഞ്ഞപ്പോള്‍ താരം മറ്റൊരു കൃത്യത്തിന് ഇറങ്ങിയിരിക്കുകയാണിപ്പോള്‍-സംവിധാനം. അതില്‍നിന്നു കിട്ടുന്ന വരുമാനം കൊണ്ട് ലോണെങ്കിലും അടച്ചുതീര്‍ക്കാമല്ലോ.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.