You are Here : Home / Aswamedham 360

എനിക്കും കിട്ടണം പീഡനം...അഥവാ ഈ പീഡനങ്ങള്‍ വെറും പീഡനങ്ങളല്ല

Text Size  

Story Dated: Monday, June 24, 2013 11:44 hrs UTC

എങ്ങോട്ടാണ് കേരളം നീങ്ങുന്നത്. ദിവസം ചെല്ലും തോറും കൂടുതല്‍ വഷളായി മാറിക്കൊണ്ടിരിക്കുക്കയാണ് കേരളത്തിലെ രാഷ്ട്രീയ സാമൂഹിക കലാ കായിക രംഗങ്ങള്‍. മുറുക്കിത്തുപ്പുന്ന ലാഘവത്തോടെയാണ് ഓരോ ദിനവും പുതിയ അഴിമതിക്കഥകളും, പീഡനക്കഥകളും വരുന്നത്. ഇത്രയ്ക്ക് അധപതിച്ചു പോയോ കേരളത്തിലെ ജനങ്ങളും അവരെ ഭരിക്കുന്ന രാഷ്ട്രീയക്കാരും ഉന്നത ഉദ്യോഗസ്ഥരും? രാഷ്ട്രീയ നേതാവിനെ പൊതുവഴിയില്‍ വെട്ടികൊല്ലുന്ന ഗുണ്ടകള്‍, ആ കേസില്‍ കൂറുമാറുന്ന പോലീസുകാരന്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തല്ലുന്ന സിനിമാ നടന്‍, അരയില്‍ ഒരു തോര്‍ത്ത് കെട്ടാന്‍ നാല്‍പ്പതു ലക്ഷം മേടിച്ച ക്രിക്കറ്റ് കളിക്കാരന്‍, സൂര്യനെ കാണിച്ച് നാട്ടുകാരെ പറ്റിച്ച സരിത, റിപ്പര്‍ ജയചന്ദ്രന്‍ ജയില്‍ ചാടിയതിന് ജയില്‍ വളപ്പില്‍ നിന്ന വാഴയെല്ലാം വെട്ടിക്കളഞ്ഞ അധികൃതര്‍, വാര്‍ത്തയ്ക്ക് ഇടയില്‍ ജനപ്രതിനിധിയുടെ കിടപ്പറ കാഴ്ച്ചകള്‍ ഇതെല്ലാം കണ്ടും കേട്ടും, ഒരു ഷാജി കൈലാസ് സിനിമാ കാണുന്ന പ്രതീതിയോടെ കേരളത്തിലെ സംസ്‌കാര സമ്പന്നരായ പാവം പൊതുജനം ആകെ ത്രില്ലടിച്ച് ഇരിക്കുന്‌പോള്‍ വരുന്നു അടുത്ത ട്വിസ്റ്റ്. കോണ്ഗ്രസ്സിന്റെ ഒരു നിയമസഭാംഗം തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് പറഞ്ഞുകൊണ്ട് അടുത്ത മഹിള. അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ, ഇത്രയേറെ ബുദ്ധിമുട്ട് സഹിച്ചു വര്ഷങ്ങളോളം പീഡനം സഹിച്ചിട്ടു ഇപ്പൊ ഇതും പൊക്കികൊണ്ട് വരുന്നതിലെ ഗുട്ടന്‌സ് എന്താണാവോ ആവോ? അതോ ഇപ്പോഴാണോ പീഡിപ്പിക്കുക ആയിരുന്നു എന്ന് മനസ്സിലായത്? ഒരു വശത്ത്, വിവാഹ വാഗ്ദാനം നല്കി വാക്ക് തെറ്റിച്ചതിന്, സ്വന്തം മകളുടെ കിടപ്പറ ദൃശ്യങ്ങള്‍ പൊതുജനങ്ങളുടെ മുന്പില്‍ പ്രദര്‍ശിപ്പിക്കാന്‍ മകള്‍ക്ക് അനുമതി കൊടുക്കുന്ന മാതാപിതാക്കന്മാര്‍.

 

 

എന്നിട്ട്, ജോസ് തെറ്റയില്‍ വാക്ക് തെറ്റിച്ചതിനാലാണ് പരാതി നല്‍കിയതെന്ന് ഒരു പ്രസ്താവന കൂടി. സ്വന്തം മകളെ നാട്ടുകാരുടെ മുന്പില്‍ ഇങ്ങനെ അവതരിപ്പിച്ച് നാറ്റിച്ചിട്ടു വേണമായിരുന്നോ ഒരു പകപോക്കല്‍? എന്ത് പറയാനാ, 'എന്നെ ആരെങ്കിലും പീഡിപ്പിച്ചു..' എന്ന് പറയുന്നത് തന്നെ എന്തോ ഒരു വലിയ നേട്ടം ആയിട്ടാണ് ഇപ്പോള്‍ പലരും കരുതുന്നത്. പ്രതിപക്ഷത്തിന്റെ നിയമസഭാംഗം ഇങ്ങനെ ഒരു കുരുക്കില്‍ പെട്ട് മണിക്കൂറുകള്‍ പോലും ആയില്ല, ദേ വരുന്നു അടുത്ത പീഡന എക്‌സ്പ്രസ്സ്. കോണ്ഗ്രസ്സിന്റെ എം. എല്‍. എ. തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് അടുത്ത ആള്‍. ഇതെല്ലാം കാണാന്‍ പാവം പൊതുജനം. മന്നവും, ഇ. എം. എസ്സും, നായനാരും ഒക്കെ ഭരിച്ച നമ്മുടെ കേരളമെന്ന സുന്ദരഭൂമിയില്‍ ഇപ്പൊഴത്തെ രാഷ്ട്രീയ സദാചാര നേതാക്കന്മാര്‍ ചെയ്യുന്നത് മൃഗങ്ങള്‍ പോലും കാണിക്കാത്ത നാണം കെട്ട വ്യക്തിഹത്യകളും, തൊഴുത്തില്‍ക്കുത്തും അതിനൊത്ത ചരടുവലികളും. മുന്‍പില്ലാത്ത വിധം നാള്‍ക്കുനാള്‍ മലീമസമായിക്കൊണ്ടിരിക്കുകയാണ് കേരളം. ഓരോ ദിവസവും ജനങ്ങള് ഉണരുന്നത് അന്പലങ്ങളില്‍ നിന്നുയരുന്ന പ്രഭാത വന്ദനങ്ങള്‍ കേട്ടോ, പള്ളികളില്‍ നിന്നുയരുന്ന മണിയടി കേട്ടോ, മോസ്‌കുകളിലെ നിസ്‌കാര വിളി കേട്ടോ അല്ല. മറിച്ച് പുതിയ പുതിയ പീഡന കഥകള കേട്ടാണ്.

 

അവിടെ അഛന്‍, ഇവിടെ അയല്‍ക്കാരന്‍, മാറ്റൊരിടത്ത് സുഹൃത്ത്, ഇനി ഒരിടത്ത് ഭര്‍ത്താവ് തന്നെ ഭാര്യയെ ഒരു പറ്റം ആള്‍ക്കാര്‍ക്ക് കാഴ്ച്ച വെച്ചു, അതുമല്ലെങ്കില്‍ പ്രേമം നടിച്ചു കാമുകിയെ കേരളത്തിലുടനീളം കൊണ്ട് നടന്നു പീഡിപ്പിച്ച് കാശ് പിരിച്ചു. ഒരു ജയില്‍പ്പുള്ളി തടവ് ചാടിയതിന്, അതിനു ഒത്താശ ചെയ്തു കൊടുത്തത് ജയില്‍ വളപ്പിലെ വാഴകള്‍ എന്ന് കണ്ടെത്തി അവയെല്ലാം വെട്ടി നശിപ്പിച്ച പോലീസുകാര്‍ ഉള്ള നമ്മുടെ നാട്ടില്‍ ഇതല്ല ഇതിലപ്പുറവും ഉണ്ടാകും. സരിത സൗരോര്‍ജം കാണിച്ചു അഴിമതി നടത്തിയതിനു കാരണക്കാരന്‍ സൂര്യന്‍ ആണെന്ന് പറഞ്ഞു നാളെ സൂര്യനെയും നിരോധിക്കാന്‍ മടിക്കില്ല സ്‌കോട്ട് ലാന്‍ഡ് യാര്‍ഡിനെ തോല്‍പ്പിക്കുന്ന നമ്മുടെ പോലീസുകാര്‍. ഒരു പാവം മനുഷ്യനെ പോതുനിരത്തിലിട്ടു വെട്ടിക്കൊന്ന കേസ്സില്‍ ഇപ്പോള്‍ തന്നെ കൂറുമാറിയവരുടെ എണ്ണം നാല്പ്പതായി. അതിന്റെകൂടെ ഈ സര്‍ക്കാര് തന്നെ ശംബളം കൊടുക്കുന്ന ഒരു പോലീസുകാരനും.

എന്ത് ധാര്‍മ്മിക അടിസ്ഥാനമാണ് ഈ സര്‍ക്കാരിനുള്ളത്? ആ മനുഷ്യനെ വെട്ടി കൊല്ലാന്‍ ഗൂഡാലോചന ചെയ്തു എന്നാരോപിക്കപ്പെടുന്ന നേതാക്കന്മാരെ ഇപ്പോഴും സംരക്ഷിക്കുന്ന പ്രതിപക്ഷത്തിനും എന്ത് യോഗ്യത ആണ് ഉള്ളത് പൊതുജനത്തിനു വേണ്ടി സംസാരിക്കുവാന്‍? എങ്ങോട്ടാണീ പോക്ക്? പഠിപ്പും വിദ്യാഭ്യാസവും പിന്നെ അല്പമെങ്കിലും വിവരവും ഉള്ള ആരെങ്കിലും ഇപ്പോള്‍ കേരളത്തില്‍ നില്‍ക്കുന്നുണ്ടോ? നാടിന്റെ നന്മക്കുള്ളത് ആണെങ്കില്‍ എന്തെങ്കിലും ആരെങ്കിലും ചെയ്യട്ടെ എന്ന് കരുതുന്നതിനു പകരം അത് നടന്നാല്‍ എതിരാളിക്ക് ഗുണമായി ഭവിക്കുമല്ലൊ എന്ന് കരുതുന്ന ഈ കപട രാഷ്ട്രീയക്കാരെ എന്ന് കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയും? തങ്ങളെ തമ്മിലടിപ്പിച്ച് തങ്ങളുടെ ചോര കുടിച്ച് ഈ നേതാക്കന്മാര്‍ കൊഴുത്തു വീര്‍ക്കുകയാണ് എന്ന നഗ്‌ന സത്യം നമ്മുടെ കേരളജനതയ്ക്ക് ഇനിയും മനസ്സിലായില്ല എന്നോ അതോ, 'ആരെന്തു ചെയ്താല്‍ എനിക്കെന്ത്? എനിക്ക് സുഖമായിട്ടു ജീവിച്ചാല്‍ മതി..' എന്ന ചിന്താഗതിയാണോ മലയാളികളുടെ ഉള്ളില്‍?

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.